കശ്മീരിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കേന്ദ്ര സർക്കാർ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനമടക്കമുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പുന: പരിശോധിക്കണമെന്ന് സുപ്രീംകോടതി. നിരോധനാജ്ഞയും നിയന്ത്രണ തീരുമാനങ്ങളും ഓരോ ഏഴു ദിവസം കൂടുമ്പോഴും തീരുമാനം പുന: പരിശോധിക്കണം ഇതിനായി പ്രത്യേക കമ്മറ്റി രൂപീകരിക്കണമെന്നും രേഖാമൂലം വിവരം അറിയിക്കണമെന്നും പറഞ്ഞു. ജസ്റ്റീസ് എന്‍ ടി രമണ അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കശ്മീരിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തു കൊണ്ടുള്ള ഒരുകൂട്ടം ഹര്‍ജികൾ പരിഗണിക്കവേയാണ് സുപ്രീംകോടതി ഇപ്രകാരം വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് നിയന്ത്രിക്കുന്നത് ജനങ്ങളുടെ അവകാശ ലംഘനമാണെന്ന് സൂചിപ്പിച്ചെങ്കിലും കേന്ദ്ര സര്‍ക്കാർ ഏർപ്പെടുത്തിയ വിലക്ക് കോടതി റദ്ദാക്കിയില്ല. ജനങ്ങളുടെ സുരക്ഷയ്ക്കും ഒപ്പം തന്നെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും തുല്യ പ്രാധാന്യം നല്‍കുന്നുവെന്ന് പറഞ്ഞ കോടതി നിരോധനാജ്ഞയ്ക്കുള്ള കാരണം രേഖാമൂലം അറിയിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇന്റര്‍നെറ്റ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. നിയന്ത്രണങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടാനാകില്ല. ഇന്റര്‍നെറ്റ് വിലക്ക് ടെലികോം നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ക്കുള്ള നിയന്ത്രണവും ബാങ്ക് ഇടപാടുകള്‍ക്കുളള തടസ്സങ്ങളും നീക്കണം. കോടതി വ്യക്തമാക്കി. പുന: പരിശോധനക്ക് വേണ്ടി അവലോകന സമിതി രൂപം നല്‍കണമെന്ന് ആവശ്യപ്പെട്ട കോടതി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും പൗരന്മാരുടെ അവകാശം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടി. എതിരഭിപ്രായം അടിച്ചമര്‍ത്താനുള്ള ഉപകരണമല്ല 144 പ്രഖ്യാപിക്കലെന്ന് പറഞ്ഞ കോടതി അതേസമയം തന്നെ ഇതിനൊപ്പം ജനങ്ങളുടെ സുരക്ഷയും പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണെന്ന് വിലയിരുത്തി. ഓഗസ്റ്റ് 5 ന് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വകുപ്പ് എടുത്തുമാറ്റിയതിന് മുമ്പായി കേന്ദ്രം ഇന്റര്‍നെറ്റും ഫോണ്‍ബന്ധങ്ങളും അടക്കമുള്ള കാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ ഫോണ്‍ബന്ധങ്ങള്‍ പുന:സ്ഥാപിച്ചെങ്കിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും മറ്റുമുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter