വരൂ സുഹൃത്തെ, തിരുനബിയുടെ ഈ ജന്മ മാസത്തില്‍ നമുക്കൊരുമിച്ച് 'മാ നിഷാദ' പാടാം...
ഇത് പുണ്യ നബിയുടെ ജന്മദിനംകൊണ്ട് അനുഗ്രഹീതമായ വിശുദ്ധ റബീഅ്. മത-ജാതി-കക്ഷി-രാഷ്ട്രീയ ഭേദമന്യേ ലോകത്തെ എല്ലാവരുടെയും വഴികാട്ടിയായി വന്ന പുണ്യനബിയുടെ ജന്മ മാസം. ഇതുപോലെ വര്‍ഗീയതയും ജാതി വിധ്വേഷവും നിറഞ്ഞ ഒരു കലിയുഗത്തിലായിരുന്നു പ്രവാചകന്‍ കടന്നുവന്നത്. കൊലയും അക്രമവും അരുതെന്നും ഒരു മാലയില്‍ കോര്‍ത്ത മുത്തുകള്‍ പോലെ സ്‌നേഹത്തോടും സൗഹാര്‍ദത്തോടും മനുഷ്യര്‍ ഒത്തൊരുമയോടെ കഴിയണമെന്നും പ്രവാചകന്‍ പഠിപ്പിച്ചു. ഒരു വിവേചനത്തിന്റെ പ്രത്യയശാസ്ത്രമായിട്ടായിരുന്നില്ല പ്രവാചകന്‍ ഇസ്‌ലാമിനെ അവതരിപ്പിച്ചത്. മറിച്ച്, ലോക ജനതയെ ഒന്നടങ്കം സത്യത്തിലേക്ക് വഴിനടത്താനുള്ള ഏകചക്രാധിപതിയായ പരമ ദൈവത്തിന്റെ മാര്‍ഗദര്‍ശനമായിട്ടായിരുന്നു.
ഇവിടെ പ്രമുഖ ചിന്തകനും പിന്നീട് ഇസ്‌ലം സ്വീകരിച്ച് മുഹമ്മദ് അസദ് എന്ന് പേര് സ്വീകരിക്കുകയുംചെയ്ത യൂറോപ്യന്‍ എഴുത്തുകാരന്‍ ലിയോപോള്‍ഡ് വെയിസിന്റെ ഒരു പ്രസ്താവം ഏറെ ശ്രദ്ധേയമാണ്:
'നിങ്ങള്‍ ലോകത്ത് ഇന്ന് കാണുന്ന മതങ്ങളെയെല്ലാം 'മതം' എന്നു വിളിക്കുകയാണെങ്കില്‍ ഇസ്‌ലാം ഒരു മതമല്ല. അത് സത്യസന്ധമായ ഒരേയൊരു ജീവിത വഴിയാണ്. ഇനി, ഇസ്‌ലാമിനെ നിങ്ങള്‍ മതമെന്ന് വിളിക്കുകയാണെങ്കില്‍ ലോകത്ത് ഇന്ന് കാണുന്ന മതങ്ങളൊന്നും 'മത'മല്ല. യഥാര്‍ത്ഥ സത്യം അന്വേഷിച്ചുള്ള യാത്രയില്‍ വ്യതിചലിച്ചുപോയ ചില വഴികള്‍ മാത്രമാണ്' (Islam at the Crossroads).
ഇവിടെനിന്നുവേണം നാം നമ്മുടെ സത്യാന്വേഷണ യാത്രകള്‍ ആരംഭിക്കാന്‍. മുഹമ്മദ് നബി ലോകത്തെ എല്ലാവരുടെയും പ്രവാചകനാണെന്നും അല്ലാഹു എല്ലാവരുടെയും ദൈവമാണെന്നും അപ്പോള്‍ നമുക്ക് ബോധ്യമാകും. അതുകൊണ്ടാണ് ഹൈന്ദവ വേദഗ്രന്ഥങ്ങളിലും ഉപനിഷത്തുകളിലുംവരെ പ്രവാചക നിയോഗത്തെക്കുറിച്ചും അരൂപനും ഏകനുമായ ദൈവത്തെക്കുറിച്ചും സൂചനകള്‍ കടന്നുവന്നത്. ഹൈന്ദവ ദര്‍ശനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട അവസാനത്തെ കല്‍ക്കി മുഹമ്മദ് നബിയാണെന്ന് പലരും അഭിപ്രായപ്പെട്ടതും.
ജാതി-മത-കക്ഷി-രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം മനുഷ്യരെല്ലാം സ്‌നേഹ-സാഹോദര്യത്തോടെ ഒരുമയില്‍ കഴിയാനാണ് പുണ്യ നബി ലോകത്തെ പഠിപ്പിച്ചത്. ലോകത്ത് കഴിഞ്ഞുപോയ മത ദാര്‍ശനികരും മുനി-മഹര്‍ഷിമാരും നിരന്തരം പറഞ്ഞുകൊണ്ടിരുന്നതും ഇതുതന്നെയായിരുന്നു. ജൂതരുടെ തൗറാത്തും ക്രൈസ്തവരുടെ ബൈബിളും അതുതന്നെ ഉല്‍ഘോഷിച്ചു. ഭാരതീയ ദര്‍ശനത്തില്‍ പ്രോജ്വലിച്ചുനിന്ന ഹൈന്ദവ സന്യാസിമാരും ഇതുതന്നെയാണ് ഉപദേശിച്ചിരുന്നത്. തന്നെ നിരന്തരം വേതനിപ്പിച്ച ഒരു അമുസ്‌ലിം സഹോദരി രോഗിയായപ്പോള്‍ സന്ദര്‍ശിക്കാന്‍ ചെന്ന പ്രവാചകന്‍ ഇവിടെ മാതൃകയാണ്. തന്റെ അമുസ്‌ലിമായ അയല്‍ക്കാരന്‍ വിശന്നുവലയുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ യഥാര്‍ത്ഥ മുസ്‌ലിമല്ല എന്നുപോലും അവര്‍ തുറന്നുപ്രഖ്യാപിച്ചു. ഇസ്‌ലാമിന്റെ മാനവിക വീക്ഷണം ഇതില്‍നിന്നും ഗ്രഹിച്ചെടുക്കാനാകും.
ശോഭനമായ ഇന്നലെകളില്‍ ഇന്ത്യയില്‍, വിശിഷ്യാ കേരളത്തില്‍ നമ്മുടെ പ്രപിതാക്കള്‍ സ്വീകരിച്ച ഐക്യവും ഒരുമയും തന്നെയാണ് നമുക്കുമുമ്പിലെ ഏറ്റവും വലിയ കരുത്ത്. ഗാന്ധിജിയോടൊപ്പം ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ അബുല്‍ കലാം ആസാദിനെയും അലി സഹോദരന്മാരെയും ചരിത്രത്തിനു മറക്കാന്‍ കഴിയുമോ? ആത്മീയ മോക്ഷം തേടി ശബരിമലക്കു പോകുന്ന ഹൈന്ദവ സഹോദന്മാര്‍ വാവര്‍ പള്ളിയില്‍ ചെന്ന് മഹാനായ വാവര്‍ സൂഫിയെ ഓര്‍ക്കുന്നത് എന്താണ് നമുക്കു നല്‍കുന്ന സന്ദേശം? ഇതൊന്നും ഇന്നും ഇന്നലെയും പൊട്ടിമുളച്ച കെട്ടുകഥകളല്ല. നമ്മുടെ ഇന്നലെകളുടെ ചരിത്രം മതസൗഹാര്‍ദ ചിന്തയാല്‍ സമ്പന്നമായിരുന്നുവെന്നതിലേക്കുള്ള വ്യക്തമായ തെളിവുകളാണ്.
കുഞ്ഞാലി മരക്കാന്മാരെ സൂചിപ്പിക്കാതെ കോഴിക്കോട്ടെ സാമൂതിരിമാരുടെ ചരിത്രം പൂര്‍ത്തിയാകുമോ? മങ്ങാട്ടച്ഛനെ പരാമര്‍ശിക്കാതെ ഫലിത സാമ്രാട്ടും സൂഫിവര്യനുമായ കുഞ്ഞായിന്‍ മുസ്‌ലിയാരെ ഓര്‍ത്തെടുക്കാനാവുമോ? കോന്തു നായരില്ലാത്ത മമ്പുറം തങ്ങളുടെ ചരിത്രം എത്രമാത്രം അപൂര്‍ണമാണ്? മലപ്പുറം മൂന്നിയൂരിലെ ഹൈന്ദവ സുഹൃത്തുകള്‍ വര്‍ഷംതോറും നടത്തിവരുന്ന കോഴിക്കളിയാട്ട മഹോത്സവം ഇന്നും സമാരംഭം കുറിക്കുന്നത് തിരൂരങ്ങാടി മമ്പുറം പള്ളിയുടെ മുന്നില്‍നിന്നാണെന്ന് നമ്മില്‍ എത്രപേര്‍ക്ക് അറിയാം? ഇത് ചില ഉദാഹരണങ്ങള്‍ മാത്രം. ചുരുക്കത്തില്‍, ഹിന്ദു-മുസ്‌ലിം സൗഹൃദം പൂത്തുലഞ്ഞ ഇന്നലെകളുടെ സമ്പന്ന മുഹൂര്‍ത്തങ്ങളിലേക്കാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. എഴുതിത്തീര്‍ക്കാന്‍ സാധിക്കാത്തവിധം സമ്പന്നവും സമഗ്രവുമാണ് ഇത്തരം സംഭവങ്ങള്‍. ഒരു കാലത്തെ കളങ്കമില്ലാത്ത സ്‌നേഹോഷ്മളതയുടെ മുഖങ്ങളാണ് ഇവ തുറന്നുകാട്ടുന്നത്.
പക്ഷെ, ഈയൊരു പാരമ്പര്യത്തെ ചോദ്യം ചെയ്യുകയാണോ ഇന്നത്തെ പല സംഭവങ്ങളും? ഫാസിസം മതത്തിന്റെ മുഖംമൂടിവെച്ച് എഴുന്നള്ളിക്കപ്പെടുമ്പോള്‍ നമുക്കെങ്ങനെ നോക്കിനില്‍ക്കാനാകും? രാജ്യസ്‌നേഹ ത്തിന്റെ സര്‍ട്ടിഫിക്കറ്റ് നെറ്റിയിലൊട്ടിക്കണമെന്ന തിട്ടൂരം ഉയരുമ്പോള്‍ അത് മനസ്സില്‍ സൂക്ഷിച്ച നമ്മളെന്തു ചെയ്യും? സ്‌നേഹവും സാഹോദര്യവും ഇയര്‍ത്തിപ്പിടിച്ച് ഇത്തരം ശ്രമങ്ങളെ തിരിച്ചറിയാനും ചെറുത്തുതോല്‍പിക്കാനും നമുക്ക് കഴിയണം. മതേതരത്വം ഉല്‍ഘോഷിക്കുന്ന ഈ മണ്ണും ഭരണഘടനയും നമുക്ക് നല്‍കുന്ന അവകാശങ്ങള്‍ എന്നും സംരക്ഷിക്കപ്പെടണം. അതിന് തുരംങ്കം സൃഷ്ടിക്കുന്ന വിധ്വംസക വര്‍ഗീയ കക്ഷികള്‍ എന്തു വിലകൊടുത്തും പരാചയപ്പെടുത്തപ്പെടുകതന്നെ വേണം. രാഷ്ട്രീയ കക്ഷിത്വത്തിനും മത വരമ്പുകള്‍ക്കുമപ്പുറം സ്‌നേഹത്തിന്റെ കൈതാങ്ങാണ് ഇതിനാവശ്യം. സ്‌നേഹഷ്മളതയുടെ ഇന്ത്യന്‍ ബഹുസ്വരതയെ കാത്തുസംരക്ഷിക്കാന്‍ അതേ നമുക്കു വഴിയുള്ളൂ. ഇവിടെ നമുക്ക് ഉച്ചത്തില്‍ ഒന്നായി പറയാം; ഇന്ത്യന്‍ ബഹുസ്വരത എന്നെന്നും നിലനില്‍ക്കണം; അത് ഇല്ലായ്മ ചെയ്യാനുള്ള വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്തുവില കൊടുത്തും ചെറുക്കപ്പെടണം.
വൃക്ഷ ശിഖരങ്ങളില്‍ സ്‌നേഹഗീതം ആലപിച്ച ക്രൗഞ്ചപ്പക്ഷിയെ വെടിവെക്കാന്‍ വന്ന വേട്ടക്കാരനോട് 'അരുത്, കാട്ടാളാ... അരുത്; അതും ഒരു ജീവിയാണ്' എന്നു പറഞ്ഞ വാല്‍മീകി മഹാ മുനി മഹര്‍ഷിയുടെ ഹിംസക്കെതിരെയുള്ള വിഖ്യാതമായ സ്‌നേഹ ഗീതം നമുക്കിവിടെ ഒരുമിച്ച് ആലപിക്കാം. ലോക ജനതയ്ക്കുമുമ്പില്‍ ഔദ്യോഗികമായി മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയ വിശ്വഗുരു പുണ്യനബിയുടെ ഈ ജന്മ സുദിനത്തില്‍ 'മാ നിഷാദ...!' നമുക്ക് ആവര്‍ത്തിച്ച് പാടാം. ഇനിയൊരിക്കലും ഒരു ഫൈസലും ഇവിടെ വധിക്കപ്പെടരുത്... ഒരു ദാദ്രിയും ആവര്‍ത്തിക്കരുത്... ഒരു ഗുജറാത്തും സംഭവിക്കരുത്... പുണ്യനബിയുടെ സ്‌നേഹ പാഠങ്ങള്‍ നമുക്കുമുമ്പില്‍ സൗഹൃദത്തിന്റെ വലയങ്ങള്‍ തീര്‍ക്കട്ടെ... മുനി-മഹര്‍ഷിമാര്‍ തന്ന സൗഹാര്‍ദ സന്ദേശം നമ്മളില്‍ വഴിഞ്ഞൊഴുകട്ടെ... മതസൗഹാര്‍ദത്തിന്റെ ആ വിശുദ്ധ തിരി നമ്മുടെ നാട്ടില്‍ അണയാതിരിക്കട്ടെ... അതെന്നെന്നും മുനിഞ്ഞുകത്താന്‍ നമുക്കെന്നെന്നും ഒരുമിച്ചു പ്രവര്‍ത്തിക്കാം...തീര്‍ച്ചയായും!



Leave A Comment