ഖത്തറിനെതിരെയുള്ള ഉപരോധം ഉടൻ പരിഹരിക്കാനാവുമെന്ന് പ്രതീക്ഷ-യുഎസ്
ദോഹ: തീവ്രവാദത്തിന് സഹായം നൽകുന്നുവെന്ന് ആരോപിച്ച് സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ അറബ് രാജ്യങ്ങൾ ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം ആഴ്ച്ചകള്‍ക്കുള്ളില്‍ അവസാനിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥൻ. മിഡില്‍ ഈസ്റ്റിന്റെ ചുമതലയുള്ള ഡേവിഡ് ഷെന്‍കറാണ് വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നത്. 'നയതന്ത്ര നീക്കങ്ങളുടെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. എന്നാല്‍, ചില പുരോഗതികളുണ്ടായിട്ടുണ്ട്. ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ ഒരു ഫലം പ്രതീക്ഷിക്കാം'വാഷിങ്ടണ്‍ ഡിസിയിലെ ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയില്‍ ഷെന്‍കര്‍ പറഞ്ഞു. 2017 ൽ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട ഭിന്നത പരിഹരിക്കുന്നതിന് തുടക്കം മുതല്‍ തന്നെ അമേരിക്കയും മറ്റൊരു അറബ് രാജ്യമായ കുവൈത്തും ശ്രമം നടത്തിവരികയാണ്. 'ഇപ്പോള്‍ തന്നെ വാതില്‍ തുറക്കാവുന്ന രീതിയില്‍ ചര്‍ച്ചയില്‍ വലിയ പുരോഗതി ഉണ്ടായെന്ന് പറയാനാവില്ല. എന്നാല്‍, കാര്യങ്ങളില്‍ കൂടുതല്‍ അയവ് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇരു ഭാഗത്തെയും അടുപ്പിച്ച്‌ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനാവുമെന്നാണു പ്രതീക്ഷ'ഷെന്‍കര്‍ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter