ജുമുഅ നമസ്‌കാരം ജുമുഅത്ത് പള്ളികളിലും നിസ്‌കാരപള്ളികളിലുമായി പരിമിതപ്പെടുത്തണം: സമസ്ത
കോഴിക്കോട്: ജുമുഅ നമസ്കാര വിഷയത്തിൽ സമൂഹത്തിൽ വ്യത്യസ്ത ശബ്ദങ്ങൾ ഉയർന്നു വരുന്നതിനിടെ കൂടുതൽ വിശദീകരണവുമായി സമസ്ത രംഗത്ത്. ജുമുഅ നമസ്‌കാരം ജുമുഅത്ത് പള്ളികളിലും നിസ്‌കാരപള്ളികളിലുമായി പരിമിതപ്പെടുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. മദ്‌റസകളും മറ്റു പൊതു സ്ഥലങ്ങളും ആരാധനാലയങ്ങളുടെ പരിധിയില്‍ പെടില്ലെന്നും അവിടങ്ങളില്‍ വച്ചുള്ള ജുമുഅ: നിസ്‌കാരം പാടില്ലെന്നും അധികൃതര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം.

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ലോക്ക്ഡൗണുകളില്‍ ഇളവുകള്‍ അനുവദിച്ച പശ്ചാത്തലത്തില്‍ ജുമുഅ: നിസ്‌കാരം ഇരുസര്‍ക്കാറുകളുടെ നിയന്ത്രണങ്ങള്‍ പാലിച്ച്‌ കൊണ്ട് നിര്‍വ്വഹിക്കണം. ഒരോ പള്ളിയിലും ആളുകളുടെ എണ്ണം 100 ല്‍ പരിമിതപ്പെടുത്തിയത് കൊണ്ട് നൂറിന് പുറത്തുള്ളവര്‍ അതേ മഹല്ലിലെ മറ്റു നിസ്‌കാരപള്ളികളില്‍ ജുമഅ നിസ്‌കരിക്കണം. ഇതിനും സൗകര്യമില്ലാത്ത അവസ്ഥയില്‍ അവര്‍ക്ക് ജുമുഅ: നിര്‍ബന്ധമില്ലാത്തതിനാല്‍ ളുഹ്‌റ് നിസ്‌കാരം നിര്‍വ്വഹിക്കേണ്ടതാണ്. സര്‍ക്കാറുകളുടെ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ആവശ്യമായ ക്രമീകരണങ്ങള്‍ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ ചെയ്യണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter