ജല സംരക്ഷണത്തിന്റെ ഇസ്‍ലാമിക പാഠങ്ങള്‍
മാര്‍ച്ച് 22 ലോക ജലദിനം
“ഇനിയൊരു യുദ്ധം ജലത്തിന് വേണ്ടി","ജലം അമൂല്യമാണ് അത് പാഴാക്കരുത്”. തുടങ്ങിയ അനേകായിരം പ്ലക്കാര്‍ഡുകളും അനുബന്ധമായ സെമിനാറുകളും മാത്രമായി നമ്മുടെ ജല ദിനം മാറുന്ന പുതിയ സാഹചര്യത്തില്‍ ജല സംരക്ഷണത്തിന് വേണ്ടി വാദിക്കുന്ന പ്രകൃതി സ്നേഹികളുടെ സ്നേഹം കേവല പ്രകടന പരതയില്‍ ഒതുങ്ങുമ്പോള്‍ ജല സംരക്ഷണത്തിന് പ്രായോഗികവും ശാസ്ത്രീയവുമായ മാര്‍ഗങ്ങള്‍ ഇനിയും ആവിഷ്കരിക്കപ്പെടേണ്ടിയിരിക്കുന്നു. ഈ വിഷയത്തില്‍ പ്രവാചക പാഠങ്ങള്‍ സമകാലിക സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്.
ജനനം മുതല്‍ അന്ത്യശ്വാസം വരെ മനുഷ്യന് ആവശ്യമുള്ള ഒന്നാണ് ജലം. ജീവ കണിക ജലത്തില്‍ നിന്നാണ് ഉത്ഭവിച്ചെതെന്ന് ഖുര്‍ആനും ശാസ്ത്രവും വ്യക്തമാക്കുന്നു. ഭൂമിയില്‍ നാലില്‍ മൂന്ന് ഭാഗവും ജലമാണെന്ന പോലെ മനുഷ്യ ശരീരത്തിലെ 70% ജലമാണ്. ഈ ജലത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരിക്കാനാണ് ഐക്യരാഷ്ട്ര സംഘടന മാര്‍ച്ച് 22 ജലദിനമായി ആചരിക്കുന്നത്.
ലോകത്ത് മുപ്പതിലേറെ രാജ്യങ്ങള്‍ കടുത്ത കുടിവെള്ള ക്ഷാമത്തിലാണ്. 110 കോടി ജനങ്ങള്‍ക്ക് ജലം വേണ്ടത്ര ലഭിക്കുന്നില്ല. ഒരു പതിറ്റാണ്ടു കഴിഞ്ഞാല്‍ മൂന്നിലൊരാള്‍ക്ക് ജലം അന്യമാവുമെന്ന് യു.എന്‍. മുന്നറിപ്പ് നല്‍കുന്നു. ഭൂമിയുടെ 70% ജലമാണെങ്കിലും അതിന്റെ 0.6% മാത്രമേമനുഷ്യയോഗ്യമായകുടിവെള്ളമുള്ളൂ. ഇതിന്റെ 70% ജലസേചനത്തനായി ഉപയോഗിക്കുന്നു(ഇന്ത്യയില് ഇത് 80%)..
വൈയക്തികമായ സകല ആവശ്യങ്ങള്ക്കും വേണ്ടി പ്രതിദിനം ആവശ്യമായി വരുന്നത് 50 ലിറ്റര്‍ വെള്ളമാണ്. എന്നാല്‍ ഉപയോഗ കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ വലിയ അജഗജാന്തരമുണ്ട്. 10 ലിറ്റര്‍ മുതല്‍ 600 ലിറ്റര്‍ വരെ ഉപയോഗിക്കുന്ന രാജ്യങ്ങളുണ്ട്. ധൂര്‍ത്തിനെതിരെ വിശുദ്ധ ഖുര്‍ആന്‍ പലവുരു താക്കീത് ചെയ്യുന്നുണ്ട്. ദുര്‍വ്യയം ചെയ്യുന്നവര്‍ പിശോചിന്റെ സഹോദരന്മാരാണെന്ന് ഖുര്‍ആന്‍ വിവരിക്കുന്നു. ആരാധന കര്‍മങ്ങളില്‍ പോലും അമിതോപയോഗം അരുതെന്നാണ് പ്രവാചകാധ്യാപനം. ഒരിക്കല്‍ ഒരനറബിയെ എല്ലാ അവയവങ്ങളും മൂന്നു പ്രാവശ്യം കഴുകി വുളൂഅ് ചെയ്യാന്‍ പഠിപ്പിച്ചു കൊടുത്ത ശേഷം നബി(സ) പറഞ്ഞു. ഇതാണ് വുളൂഅ്. ആരെങ്കിലും ഇതിനെക്കാള്‍ അധികരിപ്പിച്ചാല്‍ അവന്‍ തെറ്റ് ചെയ്യുകയും തിന്മ പ്രവര്‍ത്തിക്കുകയും അക്രമം കാണിക്കുകയും ചെയ്തിരിക്കുന്നു.
ജലം ഒരു പ്രകൃതി വിഭവവും സാമൂഹിക സ്വത്തുമാണ് അത് കൊണ്ടു തന്നെ അത് സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്, വിശിഷ്യാ സത്യവിശ്വാസികളുടെ. കാരണം ഇസ്‍ലാം മിതത്വത്തിന്റെ മതമാണ്. ശുദ്ധജല ക്ഷാമത്തിന്റെ ഒരു പ്രധാന കാരണം അനിയന്ത്രിതമായ മലിനീകരണമാണ്. പ്രതിദിനം 13000 ലിറ്റര്‍ മലിന ജലം വ്യവസായ ശാലകള്‍ പുറന്തള്ളുന്നു. ഇതിലധികവും ഒഴുക്കി വിടുന്നതോ ഒഴുകിയെത്തുന്നതോ നദികളുള്‍പ്പടെയുള്ള ജലസ്രോതസ്സുകളിലേക്കാണ്. ഇതിന്റെ പരിണിതിയായി പല നദികളുമിന്ന് മലിനജലമൊഴുകുന്ന നദികളായി മാറി. ഒട്ടനവധി നദികള്‍ നാമാവശേഷവുമായി. പത്തില്‍ പരം മഹാനദികള്‍ അകാലചരമത്തെ കാത്തു കഴിയുകയാണ്. ജല മലിനീകരണത്തിന്റെ നവീന രീതികളായ ‘വാട്ടര്‍ തീം പാര്‍ക്കുകള്‍’ അടക്കമുള്ള വാട്ടര്‍ ടൂറിസം കൂടുതല്‍ ജനകീയമായിക്കൊണ്ടിരിക്കുന്നത് ശുദ്ധ ജലലഭ്യതക്ക് പുതിയ ഭീഷണിയുയര്‍ത്തുകയാണ്. “കരയിലും കടലിലും മനുഷ്യ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് പ്രശ്നങ്ങളുണ്ടായത്.”(റൂം.41) നാം നേരിടുന്ന ജല ക്ലേശത്തിന് കാരണം ആഡംബരവും മലിനീകരണവുമാണെന്ന നിഗമനത്തെ അന്വര്‍ഥമാക്കുകയാണ് ഈ ആയത്ത്
ശുദ്ധി ഈമാനിന്റെ ഭാഗമാണെന്ന പ്രവാചകപാഠം ഉള്‍കൊണ്ട് ജീവിക്കുന്ന സത്യവിശ്വാസി കാരണം മലിനീകരണം സംഭവിക്കുകയില്ല. ഒരിക്കല്‍ നബി(സ) പറഞ്ഞു. നിങ്ങളില്‍ ആരെങ്കിലും ഉറക്കില്‍ നിന്നുണര്‍ന്നാല്‍ കൈ കഴുകുന്നതിന് മുമ്പ് പാത്രത്തില്‍ മുക്കരുത്. കാരണം രാത്രിയില്‍ അവന്റെ കൈ എവിടെയായിരുന്നു എന്ന് അവന് അറിയുന്നില്ല. അത് ജലമലിനീകരണത്തിന് കാരണമാവും. കുടിക്കാനുള്ള പാനീയത്തിലേക്ക് നിശ്വസിക്കുന്നത് വരെ പ്രവാചകര്‍(സ്വ) നിരോധിച്ചിരിക്കുന്നു. കാരണം നിശ്വാസവായുവിലെ അണുക്കള്‍ വെള്ളത്തില്‍ കലരുകയും ജലത്തിന് ദോഷം വരുത്തുകയും ചെയ്യുമെന്ന് ശാസ്ത്രം വ്യക്തമാക്കുന്നു.
ചുരുക്കത്തില്‍ ജല ദൗര്‍ലഭ്യതയുടെയും ക്ഷാമത്തിന്റെയും നിരന്തര ഓര്‍മപ്പെടുത്തലായി കുപ്പിവെള്ളവും, ജലസംഘര്‍ഷ മേഖലകളും മാറുകയാണ്. ഈയൊരു സാഹചര്യത്തില്‍ ഒരു ‘മുദ്ദ്’ ജലം കൊണ്ട് കുളിക്കാമെന്ന് പഠിപ്പിച്ച പ്രവാചകരുടെ അനുയായികളായ നമുക്ക് മിതോപയോഗത്തിന്റെ പ്രായോഗികത കര്‍മപഥത്തില്‍ വരച്ചു കാണിക്കാന് സാധിക്കണം. നാഥന് തുണക്കട്ടെ – ആമീന്‍



Leave A Comment