സോഷ്യല്‍മീഡിയ ഒരുക്കുന്ന നരകങ്ങള്‍
അന്ത്യനാളിന്റെ അടയാളങ്ങള്‍ എണ്ണിപ്പറയുന്ന ഒരു ഹദീസില്‍ ഇന്ന് വ്യാപകമായ ചില തിന്മകള് പരാമര്‍ശിക്കുന്നത് കാണാം. ഇബ്നു മസ്ഊദ്(റ) റിപ്പോര്‍ട്ട് ചെയ്ത ഈ ഹദീസില്‍ ഒട്ടേറെ കാര്യങ്ങള്‍ വിവരിക്കുന്നുണ്ട്. മക്കള്‍ മാതാപിതാക്കളോട് ദേഷ്യപ്പെടലും മഴയില്‍ ബറകത്ത് നഷ്ടപ്പെടലുമാണ് ഒന്നും രണ്ടും കാര്യങ്ങള്‍. തുടര്‍ന്ന് പറയുന്ന കാര്യങ്ങളാണ് ആശ്ചര്യകരം.
വ അന് തവാസ്വലല് അത്വ്ബാഖ് എന്ന വാക്യത്തിന്റെ വ്യാഖ്യാനത്തെ കുറിച്ച് മുന്‍കാല പണ്ഡിതരില്‍ പലരും കൃത്യമായ വിശദീകരണം പറയാതെ മൗനം പാലിക്കുകയാണ് ചെയ്തത്. ത്വബഖ് എന്നതിന്റെ ബഹുവചനമായ അത്വ്ബാഖ് എന്ന പദത്തിന് തളികകള്‍ അതായത് ഡിഷുകള്‍ എന്നാണ് അര്‍ഥം. തവാസല എന്ന പദം ആധുനിക അറബിയില്‍ വിവരസാങ്കേതിക വിദ്യകളുപയോഗിച്ച് ആശയവിനിമയം നടത്തുന്നതിന് പ്രയോഗിക്കുന്ന പദമാണ്.
പുതിയ കാലഘട്ടത്തിലെ സാഹചര്യങ്ങള്‍ വെച്ച് ഈ തിരുവാക്യത്തെ പുനര്‍വായന നടത്തിയാല്‍ ഡിഷുകള്‍ മുഖേന ആശയവിനിമയം നടത്തുന്ന സമ്പ്രദായം അന്ത്യനാളിന്റെ അടയാളങ്ങളിലൊന്നാണെന്ന് മനസ്സിലാക്കാനാവും. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ലോകത്താകമാനം സാറ്റലൈറ്റ് ഡിഷുകള്‍ വ്യാപകമാവുകയും ഇന്ന് അവ മുഖാന്തിരമുള്ള ആശയവിനിമയം ഒരു അദ്ഭുതമേ അല്ലാതാവുകയും ചെയ്തിരിക്കുന്നു.
തുടര്‍ന്ന് നബി(സ്വ) പറയുന്നു:
വ തതഖാറബുല് അസ്മാനി വല്‍ അസ്വാഖ്
കാലങ്ങളും അങ്ങാടികളും അടുക്കുക എന്ന് അര്‍ത്ഥം. പുതിയ കാലത്ത് സമയദൈര്‍ഘ്യം വളരെ കുറഞ്ഞു വരികയും വളരെ വേഗം സഞ്ചരിക്കാന്‍ മനുഷ്യന് സാധിക്കുകയും ചെയ്യുന്നു. മുവ്വായിരം മൈലുകള്‍ നാല്പതു ദിവസം കൊണ്ട് താണ്ടിയിരുന്നത് മൂന്നു മണിക്കൂറിനകം സഞ്ചരിച്ചുതീര്‍ക്കാന്‍ പുതുലോകത്തെ മനുഷ്യന് സാധിക്കുന്നു. പഴയ കാലത്തില്‍ നിന്ന് വ്യത്യസ്തമായി എത്ര അങ്ങാടികളാണ് ഓരോ ചെറിയ ദൂരത്തിനിടയിലും നമ്മെ കാത്തുനില്‍ക്കുന്നത്! സൂപ്പര്‍മാര്‍ക്കറ്റുകളും അങ്ങാടികളും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു.
വീട്ടിനകത്തെ സ്വാ#ൃകാര്യമുറിയിലിരുന്ന് ഏതു സാധനങ്ങളും ഇ-മാര്‍ക്കറ്റിങ് സൈറ്റുകള്‍ മുഖേന നിമിഷനേരം കൊണ്ട് വാങ്ങിക്കുവാന്‍ കഴിയുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. സമയവും അങ്ങാടിയും അടുത്തുവരിക എന്ന തിരുവാക്യത്തിന് ഇതില്പരം എന്ത് വ്യാഖ്യാനമാണ് നമുക്കിന്ന് നല്‍കാനാവുക?
ഹദീസിലെ അടുത്ത വചനം ഇങ്ങനെയാണ്:
വ തക്സുറല് ഖൈനാതു വല്‍ മആസിഫു വ തശ്റുബല് ഖുമൂര്‍
പാട്ടുപാടുന്ന പെണ്‍കുട്ടികളും സംഗീതോപകരണങ്ങളും വര്‍ധിക്കുന്നതും മദ്യപാനം വ്യാപകമാവുന്നതും അന്ത്യനാളിന്റെ അടയാളങ്ങളാണെന്ന് തിരുനബി(സ്വ) പറയുന്നു. ഇന്ന് ചാനലുകളിലെ റിയാലിറ്റിഷോകളില്‍ പെണ്‍കുട്ടികള്‍ നിറഞ്ഞാടുകയും അവരുടെ ശബ്ദം മൊബൈലിലൂടെയും മറ്റും ആളുകളുടെ ചെവിയിലെത്തുകയും ചെയ്യുന്നു. മദ്യപാനം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പാശ്ചാത്യന്‍ രാജ്യങ്ങളില്‍ മദ്യപാനിയല്ലാത്ത വ്യക്തി പിന്തിരിപ്പനായി മുദ്രകുത്തപ്പെടുന്നു. നമ്മുടെ നാട്ടില്‍ വരെ ഈ അവസ്ഥ കടന്നുവന്നുകൊണ്ടിരിക്കുകയാണ്.
തുടര്‍ന്ന് നബി (സ്വ) പറഞ്ഞു:
വ തഅ്റുളല് ഫിതനു അലല്‍ ഖുലൂബി ഔദന്‍ ഔദന്‍
നിരന്തരം പ്രശ്നങ്ങളും കൊലപാതകങ്ങളും വൈരാഗ്യവും ഉണ്ടായിക്കൊണ്ടിരിക്കുക എന്നാണ് പഴയകാല പണ്ഡിതമഹത്തുക്കള്‍ ഈ വാക്യത്തിന് വിശദീകരണം നല്‍കിയത്. പുതിയ കാലത്തെ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി നമുക്കിത് ഒന്നുകൂടി കൃത്യമായി വിശദീകരിക്കാന്‍ കഴിയും. നീളത്തില്‍ വെച്ച കമ്പിന് മേല്‍ വീതിയില്‍ ഒരു കമ്പ് വെച്ചാലുണ്ടാകുന്ന ചതുരാകൃതി ഉള്ള വസ്തു എന്ന വ്യാഖ്യാനവും ‘ഊദന് ഊദാ’ എന്നതിന് ശൈഖ് ഹംസാ യൂസുഫ് നല്‍കുന്നുണ്ട്. നമ്മുടെ വീട്ടകങ്ങളിലെല്ലാം നിത്യസാന്നിധ്യമായ ടെലിവിഷന്‍ ആണ് ഉദ്ദേശ്യം. വീട്ടിനുള്ളില്‍ ടി.വിയെക്കാള്‍ വലിയ ഫിത്ന വേറെയില്ല. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടെയും വീട്ടില്‍ ഈ ഫിത്ന വ്യാപകമായിരിക്കുന്നു. പരസ്പരവിരുദ്ധമാവാത്ത വിധം മറ്റനേകം വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും ഈ ഹദീസിനാകാമെങ്കിലും മേല്പറഞ്ഞ വിശദീകരണം നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.
പണ്ട് നമ്മുടെ വീടുകളില്‍ ഇബാദതുകളാല് ധന്യമായിരുന്നതാണ് ഇശാ-മഗ്രിബിന് ഇടയിലുള്ള സമയം. ഇശാ-മഗ്രിബിനിടയില് മുഅവ്വിദതൈനി (സൂറത്തുന്നാസും സൂറത്തുല്‍ ഫലഖും) വര്‍ധിപ്പിക്കണമെന്ന് ഹദീസ്. ഖബ്റിലെ ഏകാന്തതയെ കുറിച്ചും ഇരുട്ടിന്റെ ഭീകരതയെ കുറിച്ചും മനുഷ്യനെ ഓര്‍മപ്പെടുത്തുന്ന സമയമാണ് സന്ധ്യാസമയം.
നബി(സ്വ) പറയുന്നു:
(നാവിന് ഭാരം കുറഞ്ഞതും മീസാനില്‍ ഭാരമേറുന്നതും റഹ്മാനായ അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടതുമായ രണ്ട് വാക്കുകളാണ് ‘സുബ്ഹാനല്ലാഹി വബി ഹംദിഹി സുബ്ഹാനല്ലാഹില്‍ അളീം’ എന്നത് – ബുഖാരി.) ‘വബിഹംദിഹി അസ്തഗ്ഫിറുല്ലാഹ്’ എന്നുകൂടി മറ്റൊരിടത്ത് കാണാം. ഈ തസ്ബീഹ് ചൊല്ലിയാണ് പഴയകാല തലമുറ മഗ്രിബിനെ വരവേറ്റിരുന്നത്. ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുകയാണ്. മഗ്രിബിന്റെയും ഇശാഇന്റെയും ഇടയിലുള്ള സമയത്തിന് ഉമ്മത്ത് കല്പിച്ചുനല്കിയിരുന്ന പവിത്രത മുഴുവന്‍ തകര്‍ത്തുകളഞ്ഞത് ചാനലുകളിലെ സീരിയലുകളും റിയാലിറ്റിഷോകളുമാണ്.
ഭക്തിനിര്‍ഭരമായ സീരിയലുകളാണത്രെ ചാനലുകാര് ഈ സമയത്തേക്ക് തെരെഞ്ഞെടുക്കുന്നത്. അങ്ങനെ, മുമ്പ് രാത്രികാലങ്ങളില്‍ യാസീനും തബാറകയും വാഖിഅയും അര്റഹ്മാനുമൊക്കെ സ്ഥിരമായി പാരായണം ചെയ്യപ്പെട്ടിരുന്ന വീട്ടിനകത്ത് ഭക്തിയുടെ സീരിയലുകള്‍ അഴിഞ്ഞാടുന്നു. രാമായണവും മഹാഭാരതവും മുഴങ്ങുന്നു.
അല്ലാഹുവിന്റെ വിശുദ്ധിയെ പ്രകീര്‍ത്തിച്ച് മനസ്സ് കുളിരണിയേണ്ട സമയത്ത് ശിര്കിന്റെ വചനങ്ങളാണ് നമ്മുടെ വീടുകളില്‍ ഉയരുന്നത്. സ്രഷ്ടാവായ അല്ലാഹുവിലേക്ക് കൈയുയര്‍ത്തി നിറയേണ്ട കണ്ണുകള്‍ ടി.വി. സ്ക്രീനില്‍ തെളിയുന്ന സീരിയല്‍ താരങ്ങള്‍ക്ക് വേണ്ടി നിറയുകയും ഒഴുകുകയും ചെയ്യുന്നു. അങ്ങനെ ഏറ്റവും മഹത്തായ ഒരു സമയം മലീമസമായിപ്പോവുന്നു.
മക്കളെ മദ്റസയില്‍ പറഞ്ഞയക്കുകയും ദീനീ വിദ്യാഭ്യാസം അവര്‍ക്ക് നല്‍കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് രക്ഷിതാക്കള്‍. വെള്ളത്തൊപ്പിയും മുഖമക്കനയും ധരിച്ച് മദ്റസയിലേക്ക് പോവുന്ന കൊച്ചുകുട്ടികള്‍ ഏതു മാതാപിതാക്കളെയും കോരിത്തരിപ്പിക്കുന്ന കാഴ്ചയാണ്. പക്ഷേ, മദ്റസ വിട്ടുവന്നാല്‍ തൊപ്പിയും മക്കനയും ഊരിയെറിഞ്ഞ് നമ്മുടെ മക്കള്‍ ടെലിവിഷനു മുന്നിലേക്ക് ചാടിവീഴുന്നു. ഖുര്‍ആന്‍ പിടിച്ചിരുന്ന അവരുടെ കൈകള്‍ റിമോട്ടിന്റെ ബട്ടണില്‍ അമരുന്നു. മക്കള്‍ നന്നാവാത്തതിന് മദ്റസയെ പഴിച്ചിട്ട് യാതൊരു കാര്യവുമില്ല. മദ്റസയിലെ ഒരു മണിക്കൂര്‍ കൊണ്ട് മക്കള്‍ നന്നാവുമെന്നാണോ നാം ധരിച്ചുവെച്ചിരിക്കുന്നത്?
മൊബൈല്‍ ഫോണുകള്‍ മക്കളുടെ കൈവശമിരിക്കുന്നതില് പ്രശ്നം കാണാത്തവരാണ് നമ്മള്. എന്നാല്‍ പഴയ തലമുറക്ക് അറിയുന്നതിലുമപ്പുറം വിദഗ്ധമായി മൊബൈല്‍ കൈകാര്യം ചെയ്യാന്‍ പുതുതലമുറക്ക് അറിയാമെന്ന വസ്തുത നാം മറന്നുപോകരുത്. ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ കാരണമായേക്കാവുന്ന കാര്യമാണ് കുട്ടികളുടെ മൊബൈല്‍ ഉപയോഗം.
അനാവശ്യങ്ങള്‍ അതിവേഗം കൈമാറ്റം ചെയ്യാനുള്ള ഏറ്റവും നല്ല വഴിയായി ഈ ഉപകരണം ഇന്ന് മാറിയിരിക്കുന്നു. പിശാച് കൂടുകൂട്ടിയിരിക്കുന്ന ഉപകരണമാണത്. ഇസ്ലാമിക വിരുദ്ധമല്ലാത്ത വിധം ഫലപ്രദമായി ഉപയോഗിക്കാന്‍ അറിയാത്തവന്റെ കൈവശമുള്ള മൊബൈല്‍ നാശങ്ങളുടെ കൂടാരമാണ്. ചിലരൊക്കെ ആ നാശത്തില്‍ നിന്ന് രക്ഷപ്പെടുകയും പലരും അകപ്പെടുകയും ചെയ്യുന്നു.
റബ്ബി അഊദു ബി്ക മിന് ഹമസാത്തി ശ്ശയാത്വീന്. വ അഊദു ബിക റബ്ബി അന് യഹ്ളുറൂന്‍
എന്ന പ്രാര്‍ത്ഥന നിരന്തരം ചൊല്ലിയാല്‍ ഇത്തരം പൈശാചികമായ ചതികളില്‍ നിന്നും നാശത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയും. കഴിവിന്റെ പരമാവധി ഈ പ്രാര്‍ത്ഥന ചൊല്ലുകയും പതിവാക്കുകയും ചെയ്യുക. ദിക്റുകള്‍ നമ്മുടെ ജീവിതത്തില്‍ പതിവാക്കണം. വീട്ടില്‍ നിന്നിറങ്ങുമ്പോഴും തിരിച്ച്കയറുമ്പോഴും ദിക്റ് ചൊല്ലണം. വീട്ടില്‍ നിന്നിറങ്ങി സ്കൂളിലേക്ക് പോവുന്ന കുട്ടി വായിക്കുന്നതും കേള്‍ക്കുന്നതും കാണുന്നതും എന്താണെന്ന് നമുക്കറിയില്ലല്ലോ. അവനെ യാത്രയാക്കുമ്പോഴും നമ്മുടെ ചുണ്ടുകളില്‍ ദിക്റുകളുണ്ടായിരിക്കണം.
പഴയ കാലത്തേതില്‍ നിന്ന് വ്യത്യസ്തമായി വീടുകള്‍ വിശാലമാവുകയും സൗകര്യങ്ങള്‍ വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. ഓരോരുത്തര്‍ക്കും ഓരോ മുറിയാണ് പുതിയ വീടുകളില്‍. വാതില്‍ അടച്ചു കഴിഞ്ഞാല്‍ വീട്ടിലെ ചെറിയ അംഗം വരെ സ്വന്തമായ ലോകത്തെത്തുന്നു. കൈയിലുള്ള മൊബൈല്‍ ഫോണുകളിലൂടെ അവര്‍ക്ക് ലോകത്തിന്റെ ഏതറ്റം വരെയും പോകാനും അറിയാനും കാണാനുമുള്ള സൗകര്യങ്ങളാണുള്ളത്.
കൈയിലെ മൊബൈലില്‍ സിനിമയും തോന്നിവാസങ്ങളും കണ്ടിരുന്നാലും വീട്ടിലുള്ള മറ്റാരും അറിയാത്ത അവസ്ഥ. ഒരേ വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ വരെ സൗഹൃദപൂര്‍ണമായ സംഭാഷണങ്ങള്‍ കുറഞ്ഞുവരികയാണ്. പകരം ദൂരദേശങ്ങളിലുള്ള വാട്സാപ്പ് സുഹൃത്തുക്കളും ഫേസ്ബുക്ക് ഫ്രണ്ട്സുമാണ് പലര്‍ക്കും കൂട്ട്. മാതാപിതാക്കള്‍ മുന്‍കൈയെടുത്ത് ഈ അവസ്ഥക്ക് മാറ്റം വരുത്തിയില്ലെങ്കില്‍ മക്കള്‍ നമ്മളറിയാതെ ഒരുപാട് സഞ്ചരിക്കുകയും അവര്‍ക്കും നമുക്കുമിടയില്‍ എത്തിപ്പിടിക്കാനാവാത്ത അകലം ഉണ്ടാവുകയും ചെയ്യും.
ഫാത്വിമ(റ) പറയുന്നു: ”ഞാന്‍ എപ്പോള്‍ വീട്ടിലേക്ക് കയറിവന്നാലും നബി(സ്വ) എനിക്ക് വേണ്ടി എഴുന്നേറ്റ് നില്‍ക്കുകയും നെറ്റിത്തടത്തില്‍ ചുംബിക്കുകയും ചെയ്തിരുന്നു.” മാതാപിതാക്കളോട് സലാം പറയാനും കൈപിടിച്ച് ചുംബിക്കാനും നിര്‍ദേശിച്ച ദീനാണ് നമ്മുടേത്.
കാഴ്ചയില്‍ വരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മതമാണ് ഇസ്ലാം. അന്യസ്ത്രീക്ക് അന്യപുരുഷനെയോ തിരിച്ചോ കാണാന്‍ പാടില്ലെന്നാണ് ഇസ്ലാമിക നിയമം.
കുട്ടികള്‍ അന്യസ്ത്രീകളെ കാണുന്നതില്‍ കുഴപ്പമില്ലെന്ന് പറയുന്നിടത്ത് ‘അല്ലദീന ലം യള്ഹറൂ അലാ ഔറാതിന്നിസാഅ്’ (സ്ത്രീകളുടെ ഔറതുകളെ കുറിച്ച് ബോധവാന്മാരല്ലാത്തവര്) എന്നാണ് ഖുര്‍ആന്‍ നിബന്ധന വെക്കുന്നത്. പുതിയ കാലത്തെ കുട്ടികള്‍ ഈ കൂട്ടത്തില്‍ പെടുമോ എന്നത് രണ്ടുവട്ടം ആലോചിക്കേണ്ട കാര്യമാണ്. കൊച്ചുന്നാളിലേ, മൊബൈലിലൂടെയും ടി.വി. സ്ക്രീനിലൂടെയും അവരുടെ കാഴ്ചകളില്‍ ഹറാം കലര്‍ന്നിരിക്കുന്നു.
ടൈപ്പ് ചെയ്തും മെസേജുകളായും പരസ്ത്രീകളോട് ബന്ധം പുലര്‍ത്തുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. അല്ലാഹുവിനും റസൂലിനും ഉമ്മാക്കും ഉപ്പാക്കും അവകാശപ്പെട്ട സ്നേഹം ഹറാമായ രീതിയില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്ന സ്ഥിതി. ‘ദുര്‍ബലനായാണ് മനുഷ്യന് സൃഷ്ടിക്കപ്പെട്ടതെ’ന്ന് സ്രഷ്ടാവായ അല്ലാഹു തന്നെ സാക്ഷ്യപ്പെടുത്തുന്നു. നമ്മുടെ ശരീരത്തില്‍ വിവിധ തരത്തിലുള്ള ഹോര്‍മോണുകളും മനസ്സിലെ വികാര വിചാരങ്ങളും സൃഷ്ടിച്ചുവെച്ചത് അല്ലാഹുവാണ്.
സ്ത്രീയും പുരുഷനും പരസ്പരം കാണുമ്പോള്‍ തങ്ങളുടെ വികാരവിചാരങ്ങളെ നിയന്ത്രിക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്ന് സ്രഷ്ടാവായ അല്ലാഹുവിന് നന്നായി അറിയാം. അതുകൊണ്ടാണ് തിന്മയിലേക്ക് വാതില്‍ തുറക്കുന്ന കാഴ്ചയെ നിയന്ത്രിക്കാന്‍ അല്ലാഹു കല്പിച്ചത്.
ഫേസ്ബുക്കില്‍ എതിര്‍ലിംഗത്തില്‍ പെട്ട, വിവാഹബന്ധം അനുവദനീയമായ, അന്യര്‍, സുഹൃത്തുക്കളായി വേണ്ടെന്ന തീരുമാനമെടുക്കണം. അവരുമായി ബന്ധം നിലനിര്‍ത്തുന്നത് ഹറാമാണ്. കണ്ണിനും കാതിനും കൈക്കും വ്യഭിചാരമുണ്ട്. വലിയ തിന്മയിലേക്ക് വഴിതുറക്കുന്ന ഈ വ്യഭിചാരങ്ങള്‍ ഉപേക്ഷിക്കണം. നമ്മുടെ ഓരോ നീക്കവും ചിന്തയും വസ്തുനിഷ്ഠമായി രേഖപ്പെടുത്താന്‍ ചുമതലപ്പെട്ട മലക്കുകളുണ്ടല്ലോ.
അവര്‍ എല്ലാം കൃത്യമായിത്തന്നെ രേഖപ്പെടുത്തിവെക്കുന്നുണ്ട്. അവര്‍ രേഖപ്പെടുത്തിയ ഗ്രന്ഥങ്ങള്‍ പുനരുത്ഥാന നാളില്‍ വിതരണം ചെയ്യപ്പെടുന്ന സമയത്ത് മനുഷ്യന് വിളിച്ചുപറയുമത്രെ: ”ഇതെന്തൊരു ഗ്രന്ഥമാണ്! ചെറുതും വലുതുമായ ഒന്നും കൃത്യമായി രേഖപ്പെടുത്താതെ ഇത് വിട്ടുകളഞ്ഞിട്ടില്ലല്ലോ..!!” (വി.ഖു).
നമ്മുടെ കാര്യത്തിലും ഇത്തരം സന്ദര്‍ഭങ്ങള്‍ സംജാതമാകുമെന്ന കാര്യം നാം വിസ്മരിക്കരുത്.
ലോകം അന്ത്യത്തോടടുക്കുകയാണെന്ന് ചുറ്റുപാടുമുള്ള ദൃഷ്ടാന്തങ്ങളില്‍ നിന്ന് മനസ്സിലാക്കാനാവും. ഓരോ ദിവസവും നൂറുകണക്കിന് അശ്ലീല സൈറ്റുകളാണ് പുതുതായി പ്രത്യക്ഷപ്പെടുന്നതത്രെ. ഇതിനിടയില്‍ ദൃഢമായ ഈമാനോടെ ജീവിക്കാന്‍ കഴിയണം. വിശുദ്ധമായ ഉംറയുടെയും ഹജ്ജിന്റെയും പവിത്രത പോലും നഷ്ടപ്പെടുത്തുന്ന രീതിയില്‍ പുതിയ കാലത്തെ സാങ്കേതിക വിദ്യകള്‍ വികസിച്ചിരിക്കുന്നു. ത്വവാഫ് മുഴുവന്‍ പലരും ‘സ്കൈപ്പി’ലാണ്. വിശുദ്ധ ഹബീബ് അന്ത്യവിശ്രമം കൊള്ളുന്ന പുണ്യമദീനയിലെ മസ്ജിദുന്നബവിയിലും റൗളാശരീഫിലും ചെന്നിട്ട് ഫോട്ടോക്ക് പോസ് ചെയ്യുകയും സെല്‍ഫിയെടുക്കുകയും ചെയ്യുന്ന സൈബര്‍ സിയാറത്താണ് പലരുടേതും.
നൂതന സാങ്കേതികവിദ്യകളോട് പിന്തിരിഞ്ഞ് നില്ക്കണമെന്നല്ല പറഞ്ഞുവരുന്നത്. ഫലപ്രദമായ രീതിയില്‍ ഇസ്ലാമികമായി അവ ഉപയോഗപ്പെടുത്താന്‍ കഴിയണം. ഖുര്‍ആന്റെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇസ്ലാമിക വിവരങ്ങള്‍ പഠിക്കാനും കൈമാറാനുമാണ് അവ ഉപയോഗപ്പെടുത്തേണ്ടത്. സദാസമയവും അവ ഉപയോഗപ്പെടുത്തി ഖുര്‍ആന്‍ പാരായണം നടത്തണം; ഏറ്റവും മഹത്വമേറിയ ആയതുല്‍ കുര്‍സിയ്യ് പതിവാക്കണം. അശ്ലീല മോഹിനിയായ സംഗീതം ഉപയോഗിക്കലും ആസ്വദിക്കലും ഇസ്ലാമിക ദൃഷ്ട്യാ ഹറാമാണ്. മ്യൂസികിന് പകരം വെക്കാന്‍ ഖുര്‍ആന്‍ ഓത്തിന് പറ്റും. മ്യൂസിക് കേള്‍ക്കാനുള്ള ത്വര മനുഷ്യന് ജന്മസിദ്ധമാണെങ്കില് ആ താല്പര്യം നല്ല വഴിയിലേക്ക് തിരിച്ചുവിട്ടാണ് പരിഹാരം കാണേണ്ടത്.
മക്കം ഫത്ഹിന്റെ ദിവസം ബിലാല്ബ്നു റബാഹ്(റ) കഅ്ബാലയത്തിന് മുകളില്‍ കയറി ബാങ്ക് വിളിച്ച സമയം. അബൂമഹ്ദൂറ എന്ന ചെറുപ്പക്കാരനായ സ്വഹാബി ഇതിനെക്കാള്‍ മനോഹരമായി തനിക്ക് ബാങ്ക് കൊടുക്കാന്‍ കഴിയുമെന്ന് പരിഹാസരൂപേണ പറഞ്ഞു. ഇതുകേട്ട നബി(സ്വ) ആ സ്വഹാബിയെ വിളിച്ച് ബാങ്ക് കൊടുക്കാന്‍ പറയുകയും മക്കക്കാരുടെ മുഅദ്ദിനായി നിയമിക്കുകയും ചെയ്തു. നബി തങ്ങള്‍(സ്വ) അന്ന് മറ്റൊരു രൂപത്തില്‍ പെരുമാറിയിരുന്നുവെങ്കില്‍ താന്‍ ഈ രൂപത്തിലാകുമായിരുന്നില്ലെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സ്വഹാബി പറയുകയുണ്ടായി. മക്കളെയും ചെറുപ്പക്കാരെയും ഇവ്വിധം നന്മയുടെ വഴിയിലേക്ക് സൗഹാര്‍ദ്ദത്തോടെ കൈപിടിക്കാന്‍ നമുക്ക് കഴിയണം. അതിന് ആദ്യം നാം ശരിയാവണം. പുതുതലമുറക്ക് മാതൃക കാണിക്കാന്‍ സാധിക്കാത്ത വീടുകളായി നമ്മുടെ വീടുകള്‍ മാറരുത്.
എത്ര ശ്രമിച്ചിട്ടും മനസ്സ് ശുദ്ധമാക്കാന്‍ കഴിയുന്നില്ലെന്ന് പരാതി പറയുന്നവരാണ് അധികപേരും. കഠിനമായി പ്രയത്നിച്ചിട്ടും സാഹചര്യങ്ങളില്‍ വശംവദനായി തിന്മയുടെ മാര്‍ഗത്തില്‍ അകപ്പെട്ടുപോവുന്നു. ഇത്തരക്കാര്‍ക്ക് മനസ്സിനെ ശുദ്ധീകരിക്കാനുള്ള അഞ്ച് കാര്യങ്ങള്‍ ഇബ്റാഹീമുല്‍ ഖവ്വാസ്(റ) എണ്ണിപ്പറഞ്ഞിട്ടുണ്ട്. ആ അഞ്ചു കാര്യങ്ങള്‍ പതിവാക്കിയാല്‍ മനസ്സിനെ എളുപ്പം നിയന്ത്രണവിധേയമാക്കാന്‍ പറ്റും. അദ്ദേഹം പറയുന്ന ആദ്യത്തെ കാര്യം മനസ്സറിഞ്ഞ് ഖുര്‍ആന്‍ പാരായണം നടത്തുകയെന്നതാണ്.
നിരന്തരം ഖുര്‍ആനുമായി ബന്ധപ്പെടുക. ഒഴിവു സമയങ്ങള്‍ ഖുര്‍ആന്‍ ഓത്തിന് മാറ്റിവെക്കുക. റമളാന്‍ കഴിഞ്ഞാല്‍ അടുത്ത റമളാന്‍ വരെ അല്പം പോലും ഖുര്‍ആന്‍ പാരായണം ചെയ്യാത്ത എത്രയോ പേരുണ്ടാകാം. അനാവശ്യ കാര്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ ഏതുവിധേനയും സമയം കണ്ടെത്തുന്നവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ സമയം കണ്ടെത്താത്തത് എന്തുകൊണ്ടാണ്? ദിവസവും നിശ്ചിത സമയം ഖുര്‍ആന്‍ പാരായണത്തിന് വേണ്ടി നീക്കിവെച്ചാല്‍ മനസ്സിനെ ഒരു പരിധിവരെ നിയന്ത്രിക്കാനാവുമെന്നാണ് മഹാന്മാര് പറയുന്നത്.
ഇബ്റാഹീമുല്‍ ഖവ്വാസ്(റ) നിര്‍ദേശിക്കുന്ന രണ്ടാമത്തെ പരിഹാരം ഭക്ഷണനിയന്ത്രണമാണ്. കാണുന്നതെല്ലാം ആര്‍ത്തിയോടെ വാരിവലിച്ചുതിന്നുകയല്ല വിശ്വാസിയുടെ സ്വഭാവം. ഭക്ഷണം നിയന്ത്രിച്ചതുകൊണ്ട് ആരോഗ്യം നഷ്ടപ്പെടുമെന്ന ആശങ്കയും വേണ്ട. അല്പം മാത്രം കഴിക്കുന്ന ശീലമുണ്ടായിരുന്ന തിരുനബി(സ്വ) നാല്പതാം വയസ്സിന് ശേഷമാണ് നാല്പതോളം യുദ്ധങ്ങളില്‍ പങ്കെടുത്തത്. പതിനാല് കിലോ വരുന്ന പടയങ്കി ധരിച്ചുവേണം അക്കാലത്ത് യുദ്ധത്തിന് പോകാന്‍. പക്ഷേ, തങ്ങള്‍ക്കോ സ്വഹാബാക്കള്‍ക്കോ അതൊരു ബുദ്ധിമുട്ടായിരുന്നില്ല. കുടവയറില്ലാത്ത ശരീരമായിരുന്നു തങ്ങളുടേത്. ഹുജ്ജതുല്‍ ഇസ്ലാം അബൂഹാമിദില്‍ ഗസ്സാലി(റ) പറയുന്നു:
” മനുഷ്യന്റെ വയറ് നിറഞ്ഞാല്‍ ശരീരാവയവങ്ങള്‍ക്ക് വിശപ്പ് തുടങ്ങും. വയറിന് വിശന്നാല്‍ അവയവങ്ങള്‍ക്ക് വിശപ്പടങ്ങും.”
മൂന്നാമത്തെ പരിഹാരം രാത്രി സമയത്തുള്ള നിസ്കാരമാണ്. ലോകം മുഴുവന്‍ സുഖമായ നിദ്രയിലാണ്ടു കഴിയുമ്പോള്‍ എഴുന്നേറ്റ് തഹജ്ജുദ് നിസ്കരിക്കാന്‍ സാധിക്കണം. കാലില്‍ നീര് കെട്ടിയിട്ടും നിര്‍ത്താതെ രാത്രി സമയങ്ങളില്‍ നബി(സ്വ) നിസ്കരിക്കാറുണ്ടായിരുന്നുവെന്ന് മഹതി ആഇശാ(റ) സാക്ഷ്യപ്പെടുത്തുന്നു. എന്തിനാണ് നബിയേ, ഇത്ര കഷ്ടപ്പെട്ട് നിസ്കരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ”ഞാന്‍ നന്ദി കാണിക്കുന്ന അടിമയാവണ്ടേ” എന്നായിരുന്നു ആഇശാ ബീവിക്ക് നബി(സ്വ) തങ്ങള്‍ നല്കിയ മറുപടി.
ഹൃദയത്തിന്റെ മരുന്നായി ഇബ്റാഹീമുല്‍ ഖവ്വാസ്(റ) പറയുന്ന നാലാമത്തെ കാര്യം പുലര്‍ച്ചക്ക് അല്ലാഹുവിനോട് താണുകേണ് പ്രാര്‍ഥിക്കുക എന്നതാണ്. സുബ്ഹിക്ക് അര മണിക്കൂറോ ഒരു മണിക്കൂറോ മുമ്പ് എഴുന്നേറ്റ് വുളൂ ചെയ്ത് തഹജ്ജുദ് നിസ്കരിച്ച് സുബ്ഹി ബാങ്ക് കൊടുക്കുന്നതു വരെ ദിക്റിലും ദുആയിലുമായി കഴിഞ്ഞുകൂടുക. അതിന് രാത്രി നേരത്തെ ഉറങ്ങണം. ഇശാ നമസ്കാരം കഴിഞ്ഞാല്‍ പിന്നെ ഉറക്കമിളച്ച് വെറുതെ സംസാരിച്ചിരിക്കുന്ന ശീലം നല്ലതല്ല. ഇശാഇന്ന് ശേഷം മൂന്ന് കാര്യങ്ങള്‍ക്കു വേണ്ടി മാത്രമേ ഉറക്കമൊഴിക്കാന്‍ പാടുള്ളൂവെന്ന് മഹാന്മാര് രേഖപ്പെടുത്തുന്നു. അറിവ് പഠിക്കാനും ഭാര്യയുമായി വര്‍ത്തമാനം പറഞ്ഞിരിക്കാനും മസ്ലഹത് ചര്‍ച്ചക്കും. ഉറങ്ങുമ്പോള്‍ ദിക്റ് ചൊല്ലി നല്ല നിലയില്‍ കിടന്നുറങ്ങണം. ടി.വി. കണ്ടുകൊണ്ടോ പാട്ട് കേട്ടുകൊണ്ടോ ഉറക്കത്തിലേക്ക് പ്രവേശിക്കരുത്.
അഞ്ചാമത്തെ മരുന്ന് നല്ല മനുഷ്യരുമായുള്ള സഹവാസമാണ്. അവരുമായുള്ള സ്നേഹബന്ധവും സഹവാസവും ഹൃദയത്തെ ശുദ്ധീകരിക്കാനും അവരില്‍ നിന്ന് നല്ല ശീലങ്ങള്‍ പകര്‍ത്താനും ഉപകരിക്കും. നബി(സ്വ) പറയുന്നു: ”ഓരോ വ്യക്തിയും അവന്റെ സുഹൃത്തിന്റെ നയനിലപാടുകള്ക്കനുസരിച്ചായിരിക്കും ഉണ്ടാവുക. അതിനാല്‍ ആരെ സുഹൃത്താക്കണമെന്നത് നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.”
ഇങ്ങനെ മനസ്സിനെ ശുദ്ധീകരിക്കാനും നമ്മുടെ മക്കളെയും ചെറുപ്പക്കാരെയും നന്മയുടെ വഴിക്ക് നടത്താനും സാധിക്കണം. മക്കളെ വളര്‍ത്തുന്ന രീതിയെ കുറിച്ച് മഹാന്മാര് രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്: ‘ആദ്യത്തെ ഏഴുവര്‍ഷം മക്കളെ കളിപ്പിക്കണം, പിന്നീടുള്ള ഏഴുവര്‍ഷം അവരെ സംസ്കാരം പഠിപ്പിക്കണം, പിന്നീടുള്ള ഏഴുവര്‍ഷം അവരോട് സഹവസിക്കണം, പിന്നെ അവരെ അവരുടെ വഴിക്ക് വിടണം.’
വളരെ ശ്രദ്ധയോടെ വേണം മക്കളെ വളര്‍ത്താന്‍. ഒരുപാട് കാലം പഠിപ്പിച്ചെടുത്ത സംസ്കാരത്തില്‍ നിന്നും അദബില് നിന്നും അവനെ വഴിതിരിച്ചുവിടാന്‍ കേവലം ഒരു വീഡിയോ ക്ലിപ്പോ ഒരു ലിങ്കോ മതിയാവും. സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും മനുഷ്യനെ വഴിപിഴപ്പിക്കുന്ന കാലമാണല്ലോ ഇത്. ആയതിനാല്‍, മക്കളെ അദബ് പഠിപ്പിക്കുന്നതോടൊപ്പം ഇപ്രകാരം എപ്പോഴും പ്രാര്‍ത്ഥിക്കുകയും വേണം.
റബ്ബനാ ഹബ് ലനാ മിന് അസ് വാജിനാ വ ദുര്രിയാത്തിനാ ഖുര്‍റത്ത അഅയുനിന് വജ്അല്‍നാ ലില്‍ മുത്തഖീന ഇമാമാ…
(അല്ലാഹുവേ, ഇണകളിലും സന്താനങ്ങളിലും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ഞങ്ങളെ മുത്തഖീങ്ങള്‍ക്ക് ഇമാമാക്കുകയും ചെയ്യേണമേ.)
വളരെ പ്രതീക്ഷയോടെ പോറ്റിവലുതാക്കിയ മക്കള്‍, തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ഓരോ രക്ഷിതാവും ഉത്കടമായി ആഗ്രഹിക്കുന്നു. മക്കള്‍ തങ്ങളോട് വിധേയത്വം കാണിച്ചില്ലെങ്കില്‍ മാതാപിതാക്കള്‍ വളരെയധികം വിഷമിക്കുന്നു. അപ്പോള്‍ നമുക്ക് എല്ലാ വിധ സൗകര്യങ്ങളും ചെയ്തുതന്ന സ്രഷ്ടാവായ തമ്പുരാന് നന്ദികാണിക്കാതിരിക്കുന്നത് എത്ര വലിയ പാപമാണ്? അതിനാല്‍ അല്ലാഹുവിന് വിധേയപ്പെടാന്‍ ഓരോരുത്തരും തയ്യാറാവുക. മക്കളെ ആ വഴിക്ക് നടത്താനുള്ള തന്റേടം കാണിക്കുക.
പുതിയ സാങ്കേതിക വിദ്യകളെ നന്മക്കു വേണ്ടി മാത്രം ഉപയോഗിക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ സമയം കൊല്ലുന്നതിനെ കരുതലോടെ കാണുകയും ചെയ്യുക. ആഭാസങ്ങളുടെ അനിയന്ത്രിത കുത്തൊഴുക്കിനിടയിലും ഒരു പൂര്‍ണമുസ്ലിമായി ജീവിക്കാന്‍ തയ്യാറാവുക. യുവത്വകാലത്ത് നാം നമ്മെ ശരിക്കും നിയന്ത്രിച്ചേ മതിയാവൂ. അനാവശ്യങ്ങളില്നിന്നു സ്വന്തത്തെ തടയുകയും നന്മയില് പരസ്പരം സഹായിക്കുകയും സദാ പള്ളിയുമായി ഹൃദയബന്ധം നിലനിര്‍ത്തുകയും ചെയ്യുന്നവര്‍ക്ക് നാളെ അര്ശിന്റെ തണലുണ്ടെന്ന് പ്രവാചകന് വ്യക്തമാക്കിയിട്ടുണ്ട്. ഹറാമുകളിലേക്ക് വഴുതി വീഴാന്‍ ഏറെ സാധ്യതയുള്ള വര്‍ത്തമാന സാഹചര്യത്തില്‍ പ്രവാചകരുടെ ആ ഓഫര്‍ കളഞ്ഞുകുളിക്കാതെ നോക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. അതിനായിരിക്കട്ടെ ഇനി നമ്മുടെ പരിശ്രമങ്ങളോരോന്നും.
Leave A Comment