ഈ യാത്ര എത്ര ഹ്രസ്വമാണ്... സ്നേഹിക്കാന്‍ തന്നെ നേരമില്ല.. എന്നിട്ടല്ലേ വഴക്കടിക്കാന്‍...

ഒരാള്‍ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു. അടുത്ത സ്റ്റോപ്പിലെത്തിയപ്പോള്‍ മറ്റൊരാള്‍ കയറി, നേരെ വന്ന് അയാളുടെ അടുത്തിരുന്നു. അയാളുടെ കൈയ്യിലുണ്ടായിരുന്ന വലിയ ബാഗ് തൊട്ടടുത്തിരുന്ന തന്റെ ശരീരത്തില്‍ തട്ടുകയും മുട്ടുകയുമെല്ലാം ചെയ്യുന്നുണ്ടായിരുന്നെങ്കിലും അയാള്‍ അത് ഗൌനിച്ചതേ ഇല്ല, പുറത്തേക്ക് നോക്കി കാഴ്ചകള്‍ ആസ്വദിച്ച് അങ്ങനെ യാത്ര തുടര്‍ന്നു. ഇത് കണ്ട തൊട്ട് പിറകിലെ സീറ്റിലുള്ള ഒരാള്‍ അദ്ദേഹത്തോട് ചോദിച്ചു, അയാളുടെ ബാഗ് നിങ്ങള്‍ക്ക് ശല്യമാവുന്നില്ലേ. എന്നിട്ടുമെന്താ നിങ്ങള്‍ അയാളോട് മറുത്തൊന്നും പറയാത്തത്. 

ഇത് കേട്ട ആ യാത്രക്കാരന്‍ സൌമ്യമായ ഒരു പുഞ്ചിരിയോടെ ഇങ്ങനെ പ്രതിവചിച്ചു, സുഹൃത്തേ, രണ്ടോ മൂന്നോ സ്റ്റോപ്പ് കൂടി കഴിഞ്ഞാല്‍ ഞാനിറങ്ങും, അഥവാ, ഒരു പത്തോ പതിനഞ്ചോ മിനുട്ട് മാത്രമേ  എനിക്കിനി ഈ യാത്ര ബാക്കിയുള്ളൂ. ഈ ചുരുങ്ങിയ സമയത്തെ ചെറിയ ബുദ്ധിമുട്ട് സഹിക്കാവുന്നതേയുള്ളൂ. ഞാനാ മനുഷ്യനോട്, നിങ്ങളുടെ ബാഗ് എനിക്ക് പ്രയാസമുവുന്നുണ്ടെന്ന് പറഞ്ഞാല്‍ ഒരു പക്ഷേ, അത് ഞങ്ങള്‍ തമ്മിലൊരു വാക്കേറ്റത്തിന് വരെ കാരണമായേക്കാം, ഏറ്റവും ചുരുങ്ങിയത് അയാള്‍ക്ക് അതൊരു പ്രയാസമായേക്കാം. അതോടെ, എന്റെ ശേഷിക്കുന്ന യാത്ര കൂടി അസ്വസ്ഥമാവും. വെറുതെ എന്തിനാണ് അതിനൊക്കെ നില്‍ക്കുന്നത്. ഉള്ള സമയം പുറത്തെ സുന്ദരമായ കാഴ്ചകള്‍ കണ്ട് ഈ യാത്ര പരമാവധി ആസ്വദിച്ചുകൂടേ.

ഓര്‍ത്തുനോക്കിയാല്‍ നമ്മുടെ ജീവിതത്തിന്റെ കാര്യവും ഇങ്ങനത്തന്നെയല്ലേ. ജീവിതത്തില്‍ അല്‍പസമയത്തേക്ക് മാത്രമാണ് അധികപേരെയും നാം കണ്ടുമുട്ടുന്നത്. സഹപാഠികള്‍, കൂടെ ജോലി ചെയ്യുന്നവര്‍, റൂമിലും ഹോസ്റ്റലിലും ഒന്നിച്ച് താമസിക്കുന്നവര്‍ ഇങ്ങനെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അധികപേരും ഏതാനും മാസങ്ങളോ ചുരുങ്ങിയ വര്‍ഷങ്ങളോ മാത്രമാണ് നമ്മുടെ കൂടെയുണ്ടാവുന്നത്. ശേഷം, ജീവിതത്തിലൊരിക്കല്‍ പോലും അവരില്‍ ചിലരെയൊന്നും കാണണമെന്നുപോലുമില്ല. 

ഒരുമ്മയുടെ ഉദരത്തില്‍നിന്ന് വന്ന സഹോദരങ്ങള്‍ പോലും അല്‍പം വലുതാവുന്നതോടെ മക്കളും പേരമക്കളുമായി തങ്ങളുടേതായ ലോകത്തേക്ക് ചുരുങ്ങുന്നതും നാം കാണുന്നതാണ്. ഇങ്ങനെ നോക്കുമ്പോള്‍, ഇവരോടൊന്നും വഴക്കടിച്ചും കലഹിച്ചും തീര്‍ക്കേണ്ടതല്ല ജീവിതം എന്ന് സ്വയം ബോധ്യമാവും. 

എല്ലാത്തിലുമുപരി, ഈ ജീവിതം എപ്പോള്‍ എവിടെ വെച്ച് എങ്ങനെ അവസാനിക്കുമെന്ന് യാതൊരു വിധ മുന്‍ധാരണയും നമുക്കില്ല എന്നത് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍, നാം നേരത്തെ പറഞ്ഞ ബസ് യാത്രക്കാരനേക്കാളും ഹ്രസ്വമാണ് നമ്മുടെ ജീവിതം എന്ന് പറയേണ്ടിയിരിക്കുന്നു. ആ ബോധം സദാ കൂടെയുണ്ടാവുകയും തദനുസാരമുള്ള പ്രവര്‍ത്തനങ്ങളും നല്ല സമീപനങ്ങളുമുണ്ടാവുമ്പോഴാണ് നാം തിരിച്ചറിവുള്ള മനുഷ്യരാവുന്നത്, അല്ലാത്തവരെ വിഢികളെന്നല്ലാതെ മറ്റെന്ത് വിളിക്കാനാണ്. മനുഷ്യജീവിതത്തിന്റെ ക്ഷണികത കൃത്യമായി വരച്ചുകാണിക്കുന്ന ആ പ്രവാചകവചനം നമുക്ക് ഒരിക്കല്‍ കൂടി ഓര്‍ക്കാം,

ഐഹിക ജീവിതത്തില്‍ നീ ഒരു പരദേശിയെ പോലെ കഴിയുക, അല്ലെങ്കില്‍ ഒരു വഴിയാത്രക്കാരനെ പോലെ. (ഏത് സമയത്തും കണ്ണടഞ്ഞ്) ഖബ്റിലേക്ക് പോവേണ്ടവനാണ് നീയെന്ന തിരിച്ചറിവ് കൂടെയുണ്ടാവുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter