കടം കൊടുക്കല്‍ പുണ്യമാണ്; വീട്ടല്‍ അനിവാര്യതയും
reസമൂഹജീവിയായ മനുഷ്യനു പരാശ്രയം കൂടാതെ ഒറ്റപ്പെട്ടു ജീവിക്കുക സാധ്യമല്ല. എന്തെങ്കിലും ഒരാവശ്യത്തിനു മറ്റൊരാളെ സമീപിക്കാത്ത ഒരു വ്യക്തിയുമുണ്ടാവില്ല. ഈ പരാശ്രയ സ്വഭാവത്തില്‍ പെട്ടതാണ് കടമിടപാട്. കടം കൊടുക്കുക, വാങ്ങുക, അത് തിരിച്ചുനല്‍കുക. ഇതൊക്കെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ്. ഇസ്‌ലാം അനുവദിച്ചതും പ്രത്യേക വ്യവസ്ഥകളും നിബന്ധനകളും നിശ്ചയിച്ച ഇടപാടുകളുമാണത്. കടം നല്‍കുന്നത് സുന്നത്തായ പുണ്യകര്‍മമായിട്ടാണ് ഇസ്‌ലാം നിശ്ചയിച്ചിട്ടുള്ളത്. കാരണം, അത് ജീവിതവിഷമം അനുഭവിക്കുന്ന വ്യക്തിയെ സഹായിക്കലാണ്. ഒരു മുസ്‌ലിമായ മനുഷ്യന്റെ ബുദ്ധിമുട്ട് പരിഹരിച്ചു കൊടുക്കുന്നത് പാരത്രിക ലോകത്തെ വിഷമത്തില്‍ നിന്ന് രക്ഷപ്രാപിക്കാന്‍ കാരണമാകുമെന്ന് നബിതിരുമേനി പ്രസ്താവിച്ചിട്ടുണ്ട്. 'അബുഹുറയ്‌റ(റ) പറയുന്നു- നബി(സ) ഇപ്രകാരം പറഞ്ഞു: ''ഒരു സത്യവിശ്വാസിയുടെ ഐഹിക വിഷമങ്ങളെ ഒരാള്‍ നിറവേറ്റിക്കൊടുത്താല്‍ അവന്റെ പരലോക ബുദ്ധി മുട്ടിനെ അല്ലാഹു പരിഹരിക്കും.....'' (മുസ്‌ലിം) ഒരു വ്യക്തി കടം ചോദിക്കുന്നത് അവന്റെ താല്‍ക്കാലിക ബദ്ധിമുട്ട് പരിഹരിക്കാനാണ്. നിശ്ചിത അവധിക്ക് തിരിച്ചുകൊടുക്കണമെന്നാണ് അവന്റെ ഉദ്ദേശ്യം. വിഷമാവസ്ഥയില്‍ ലഭിക്കുനത് വെറുതെ കിട്ടുന്ന പ്രതീതിയാണ് വ്യക്തിയില്‍ ഉളവാക്കുന്നത്. എന്നാല്‍, നല്‍കുന്ന വ്യക്തി സദുദ്ദേശ്യത്തോടെ -വിഷമിച്ച വ്യക്തിയെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ- അതു നല്‍കിയാല്‍ പ്രതിഫലാര്‍ഹമായ പുണ്യകര്‍മമായി അതു രേഖപ്പെടുന്നു. നബിതിരുമേനി(സ) പറയുന്നു: ''ഏതൊരു മുസ്‌ലിമും മറ്റൊരു മുസ്‌ലിമിനു രണ്ടുപ്രാവശ്യം കടം നല്‍കിയാല്‍ ആ വസ്തു ഒരു പ്രാവശ്യം സ്വദഖ (ദാനം) ചെയ്തതു പോലെയായി.'' (ഇബ്‌നുമാജ, ഇബ്‌നു ഹിബ്ബാന്‍) സ്വദഖ നല്‍കിയതിനു പത്തിരട്ടി പ്രതിഫലമാണെന്നു ലഭിക്കുമെങ്കില്‍ കടം നല്‍കിയതിനു 18 മടങ്ങ് പ്രതിഫലമാണെന്നു ഹദീസില്‍ വന്നിട്ടുണ്ട്. നബി(സ) പറയുന്നു: ''എനിക്ക് ഇസ്‌റാഅ് ഉണ്ടായ രാത്രിയില്‍ സ്വര്‍ഗത്തിന്റെ വാതിലില്‍ ഇങ്ങനെ എഴുതപ്പെട്ടതായി ഞാന്‍ കണ്ടു. സ്വദഖ അതിന്റെ പത്തിരട്ടിയിലും കടം പതിനെട്ട് ഇരട്ടിയിലുമാകുന്നു'' (ഇബ്‌നു മാജ, ബൈഹഖി). കടം വാങ്ങുന്നത് തിരിച്ചുനല്‍കണം എന്ന ഉദ്ദേശ്യത്തോടെയായിരിക്കണം. അവധിയെത്തിയാല്‍ തിരിച്ചുനല്‍കുകയും വേണം. തിരിച്ചുനല്‍കണം എന്ന ഉദ്ദേശ്യത്തോടെ വാങ്ങിയതാണെങ്കില്‍ ആ ധനത്തില്‍ ബറക്കത്തുണ്ടായിരിക്കും. തിരിച്ചുനല്‍കാന്‍ അല്ലാഹുവിന്റെ സഹായമുണ്ടായിരിക്കുകയും ചെയ്യും. നബി(സ) പറയുന്നത് ഇപ്രകാരമാണ്: ''ആളുകളില്‍നിന്ന് ഒരാള്‍ ധനം കൈപ്പറ്റിയത് അതു വീട്ടിക്കൊടുക്കണമെന്ന ഉദ്ദേശ്യത്തോടെയാണെങ്കില്‍ അവനെത്തൊട്ട് അല്ലാഹു അത് വീട്ടിക്കൊടുക്കും. ഒരാള്‍ ആളുകളില്‍നിന്ന് ധനം കൈപ്പറ്റിയത് നശിപ്പിച്ചുകളയണമെന്ന ഉദ്ദേശ്യത്തോടെയാണെങ്കില്‍ അല്ലാഹു അതിനെ നശിപ്പിച്ചുകളയുന്നതാണ്'' (ബുഖാരി). വാങ്ങിയ ധനത്തില്‍ ബറക്കത്തുണ്ടാവുകയില്ലെന്നും അതു വീട്ടിക്കൊടുക്കാന്‍ അല്ലാഹുവിന്റെ പ്രത്യേക സഹായമുണ്ടാകില്ലെന്നുമാണ് നശിപ്പിച്ചുകളയും എന്നതിന്റെ താല്‍പ്പര്യം. വാങ്ങിയ കടം വീട്ടണമെന്ന് വാങ്ങുമ്പോള്‍തന്നെ അവന് ഉദ്ദേശ്യമില്ലല്ലോ. സദുദ്ദേശ്യത്തോടെ കടം വാങ്ങിയാല്‍ അല്ലാഹുവിന്റെ പ്രത്യേക സഹായമുണ്ടാവുമെന്ന കാരണത്താല്‍ കടമിടപാടു നടത്താന്‍ ചിലര്‍ പ്രത്യേകം താല്‍പ്പര്യപ്പെട്ടിരുന്നതായി ഹദീസില്‍ കാണാം. ആഇശ(റ) കടം വാങ്ങുമായിരുന്നു. 'എന്തിനാണ് ഇങ്ങനെ കടം വാങ്ങുന്നത്, ഇതൊന്ന് ഒഴിവാക്കിക്കൂടേ?' എന്ന് മഹതിയോട് ചോദിക്കപ്പെട്ടപ്പോള്‍ അവരുടെ പ്രതികരണം ഇപ്രകാരമായിരുന്നു: ''അല്ലാഹുവിന്റെ റസൂല്‍ പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. തന്റെ കടം കൊടുത്തുവീട്ടണം എന്ന നിയ്യത്തുള്ള ഏതൊരടിമയ്ക്കും അല്ലാഹുവിന്റെ സഹായം ലഭിക്കാതിരുന്നിട്ടില്ല. അതിനാല്‍, പ്രസ്തുത സഹായത്തെ ഞാനും തേടിക്കൊണ്ടിരിക്കുന്നു''(അഹ്മദ്). അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍(റ) പറയുന്നു- അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരിക്കുന്നു: ''കടക്കാരന്റെ കടം വീട്ടപ്പെടുന്നതുവരെ അല്ലാഹു കടക്കാരനോടുകൂടെയായിരിക്കും- ആ കടം അല്ലാഹുവിന് ഇഷ്ടപ്പെടാത്ത കാര്യത്തിലാവാതിരിക്കുമ്പോള്‍.'' അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍(റ) തന്റെ സൂക്ഷിപ്പുകാരനോട് തനിക്കു വേണ്ടി കടം വാങ്ങിക്കൊണ്ടുവരാന്‍ കല്‍പ്പിക്കുമായിരുന്നു. അല്ലാഹു കടക്കാരനോടുകൂടെയാണെന്നു നബി തിരുമേനി(സ) പറയുന്നത് കേട്ട ശേഷമാണ് അദ്ദേഹം അങ്ങനെ ചെയ്തിരുന്നത്'' (ഇബ്‌നു മാജ, ഹാക്കിം). കടം വലിയ ബാധ്യതയാണ്. മരണപ്പെട്ട ഒരാള്‍ക്ക് കടബാധ്യതയുണ്ടെങ്കില്‍ അത് കൊടുത്തുവീട്ടിയ ശേഷമേ അയാളുടെ സ്വത്ത് അവകാശികള്‍ വീതിച്ചെടുക്കാന്‍ പാടുള്ളൂ. ഉപേക്ഷിതസ്വത്തില്‍ (തരികത്തില്‍) കടം വീട്ടാനുള്ള വകയില്‍ അവകാശികള്‍ക്ക് അവകാശമേയില്ല. കടത്തിന്റെ കാര്യം അത്രയും ഗൗരവതരമാണ്. ഒരാള്‍ തിരിച്ചുനല്‍കണമെന്ന ഉദ്ദേശ്യമില്ലാതെ കടം വാങ്ങുകയും അങ്ങനെ കടക്കാരനായി മരണപ്പെടുകയും ചെയ്താല്‍ പരലോകത്ത് അവന്റെ നന്‍മകളെടുത്ത് കടം നല്‍കിയ വ്യക്തിക്കു നല്‍കുന്നതാണ്. അവനു നന്മകള്‍ തീരെയില്ലെങ്കില്‍ കടം നല്‍കിയവന്റെ തിന്മകള്‍ ഇവന്റെ കണക്കില്‍ ചേര്‍ക്കപ്പെടുന്നതാണെന്നും ഹദീസില്‍ വന്നിട്ടുണ്ട്. ''ഒരാള്‍ കടം വീട്ടുകയില്ലെന്ന ഉദ്ദേശ്യത്തോടെ കടം വാങ്ങി. അങ്ങനെ അതു വീട്ടിക്കൊടുക്കാതെ അവന്‍ മരണപ്പെട്ടു. എന്നാല്‍, (പരലോകത്ത്) അവനോട് ചോദിക്കപ്പെടും- ''ഇന്നാലിന്ന വ്യക്തിക്ക് അവന്റെ ഹഖ് നിന്നില്‍നിന്നു കൊടുക്കുകയില്ലെന്ന് നീ വിചാരിച്ചുവോ?'' അങ്ങനെ അവന്റെ സല്‍കര്‍മങ്ങളില്‍ നിന്ന് എടുത്ത് കടം നല്‍കിയവന്റെ സല്‍കര്‍മങ്ങളിലേക്ക് വര്‍ധിപ്പിച്ച് നല്‍കും. അവനു സല്‍കര്‍മങ്ങളില്ലെങ്കില്‍ കടം നല്‍കിയവന്റെ ദുഷ്‌കര്‍മങ്ങളെടുത്ത് ഇവന്റെ ദുഷ്‌കര്‍മങ്ങളിലേക്കു ചേര്‍ക്കപ്പെടുകയും ചെയ്യും'' (ബൈഹഖി). അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു- അല്ലാഹുവിന്റെ റസൂല്‍ (സ) ഇങ്ങനെ പറഞ്ഞിരിക്കുന്നു: ''ദീനാറോ ദിര്‍ഹമോ കടമുണ്ടായിക്കൊണ്ട് ഒരാള്‍ മരണപ്പെട്ടാല്‍ അവന്റെ നന്‍മകളില്‍ നിന്ന് എടുത്ത് ആ കടം വീട്ടപ്പെടുന്നതാണ്. കാരണം, പരലോകത്ത് ദീനാറോ ദിര്‍ഹമോ ഉണ്ടായിരിക്കയില്ല.'' (ഇബ്‌നുമാജ). കടം ഒരു അമാനത്താണ്. വാങ്ങുന്നവനെ വിശ്വസിച്ചുകൊണ്ടാണ് നല്‍കുന്നവന്‍ കൊടുക്കുന്നത്. അതിനാല്‍, നിശ്ചിത അവധിക്കുതന്നെ കടം കൊടുത്തുവീട്ടണം. ഇല്ലെങ്കില്‍ വിശ്വാസവഞ്ചനയായിരിക്കും കാണിക്കുന്നത്. എന്നാല്‍, കടം വാങ്ങിയ വ്യക്തി കരുതിക്കൂട്ടിയല്ലാത്ത നിലയില്‍ ചിലപ്പോള്‍ നിശ്ചിത അവധിക്ക് കടം തിരിച്ചുനല്‍കാന്‍ കഴിയാത്തവനായിത്തീര്‍ന്നേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ അവനു വീട്ടാന്‍ കഴിയുന്നതുവരെ സമയം അനുവദിച്ചുകൊടുക്കുകയാണു വേണ്ടത്. സാധിക്കുമെങ്കില്‍ ആ കടം അവന് ഒഴിവാക്കിക്കൊടുക്കുന്നതും പുണ്യമുള്ള കാര്യമാണ്. അല്ലാഹു പറയുന്നു: ''ഇതില്‍ (കടം വാങ്ങിയവരില്‍) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ (അവന്) കഴിവുണ്ടാകുന്നതു വരെ ഇടകൊടുക്കേണ്ടതാണ്. എന്നാല്‍, ദാനമായി വിട്ടുകൊടുക്കുന്നതാണ് കൂടുതല്‍ ഉത്തമം. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍'' (അല്‍ ബഖറ: 280). അബൂഹുറയ്‌റ(റ) പറയുന്നു- അല്ലാഹുവിന്റെ റസൂല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ''ഒരു ഞെരുക്കക്കാരന് ഒരാള്‍ ഇടകൊടുത്തു,അല്ലെങ്കില്‍ കടത്തില്‍നിന്ന് അവനെ ഒഴിവാക്കിക്കൊടുത്തു. എന്നാല്‍, അല്ലാഹുവിന്റെ നിഴലല്ലാതെ മറ്റൊരു നിഴലും ഇല്ലാതിരിക്കുന്ന ദിവസത്തില്‍ അല്ലാഹു അവനെ അര്‍ശിന്റെ നിഴലിന്റെ ചുവട്ടില്‍ നിറുത്തുന്നതാണ്'' (തുര്‍മുദി). ഞെരുക്കക്കാരനായ കടക്കാരന് ഇട നല്‍കിയാല്‍ ഇട നല്‍കിയ ഓരോ ദിവസവും ആ കടത്തിന്റെ രണ്ടിരട്ടി സ്വദഖ ചെയ്ത പ്രതിഫലം ലഭിക്കുമെന്നും ഹദീസില്‍ വന്നിട്ടുണ്ട്. പൂര്‍വകാല സമുദായമായ ബനൂഇസ്‌റാഈല്യരില്‍ നടന്ന ഒരു കടംവീട്ടലിന്റെ അത്ഭുതകരമായ സംഭവം നബിതിരുമേനി(സ) വിവരിച്ചത് അബൂഹുറയ്‌റ(റ) റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. കഥയുടെ സംഗ്രഹം ഇപ്രകാരമാണ്: ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് ആയിരം ദീനാര്‍ വായ്പ ചോദിച്ചു. ''ദിനാര്‍ തരാം, സാക്ഷി വേണ''മെന്ന് ചോദിക്കപ്പെട്ട വ്യക്തി മറുപടി പറഞ്ഞു. ''അല്ലാഹു സാക്ഷി''-ആവശ്യക്കാരന്‍ പറഞ്ഞു. ''എന്നാല്‍ ജാമ്യക്കാരനെ കൊണ്ടുവാ.'' ''എനിക്കു ജാമ്യക്കാരനായി അല്ലാഹുതന്നെയാണ് ഉള്ളത്''. ''എന്നാല്‍ അങ്ങനെ മതി''. ഇതും പറഞ്ഞ് ചോദിക്കപ്പെട്ട വ്യക്തി ഒരു നിശ്ചിത അവധിവച്ച് ആയിരം ദീനാര്‍ കടമായി നല്‍കി . ആവശ്യക്കാരന്‍ പ്രസ്തുത ധനവുമായി തന്റെ ഏതോ കാര്യത്തിനു കടലില്‍ക്കൂടി ഒരു ദീപിലേക്ക് യാത്ര പോയി. ഏതാനും ദിവസങ്ങള്‍ കടന്നുപോയി. തന്റെ ആവശ്യം പൂര്‍ത്തിയായി . കടക്കാരന്റെ അവധിയും അടുത്തുവന്നു. തിരിച്ചുപോരണം. പക്ഷേ, അദ്ദേഹത്തിനു കടല്‍യാത്ര നടത്താന്‍ വാഹനമൊന്നും ലഭിച്ചില്ല. കടല്‍ക്കരയില്‍ ഒരു മരക്കഷ്ണം കിടക്കുന്നത് അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ പെട്ടു. അദ്ദേഹം അതെടുത്ത് അതിനൊരു തുളയുണ്ടാക്കി. ആയിരം ദീനാറും ഒരു എഴുത്തും ആ തുളയിലിട്ട് ഭദ്രമായി അടച്ചു. അതുംകൊണ്ട് കടല്‍ക്കരയില്‍ വന്നു. അദ്ദേഹം പറഞ്ഞു: ''അല്ലാഹുവേ! ഞാന്‍ ഇന്നാലിന്ന വ്യക്തിയില്‍നിന്ന് ആയിരം ദീനാര്‍ കടം വാങ്ങിയതു നീ അറിയുമല്ലോ. അദ്ദേഹം സാക്ഷിയെ ആവശ്യപ്പെട്ടപ്പോള്‍ നിന്നെഞാന്‍ സാക്ഷിയാക്കി. ജാമ്യക്കാരനെ ചോദിച്ചപ്പോള്‍ നിന്നെ ഞാന്‍ ജാമ്യക്കാരനാക്കി. അദ്ദേഹം അതു സമ്മതിച്ചു. ഇപ്പോള്‍ പ്രസ്തുത കടം വീട്ടാനുളള സമയമായി. പക്ഷേ, എനിക്ക് തിരിച്ചുപോകാന്‍ വാഹനമില്ല. അതിനാല്‍, ഇത് അദ്ദേഹത്തിന് എത്തിച്ചുകൊടുക്കാന്‍ നിന്നെഞാന്‍ ഭരമേല്‍പ്പിക്കുന്നു''. ഇതും പറഞ്ഞ് ആ മരക്കഷ്ണം അദ്ദേഹം കടലിലേക്ക് എറിഞ്ഞു. തിരിച്ചുപോന്ന് വാഹനമന്വേഷിച്ചു കൊണ്ടിരുന്നു. കടം നല്‍കിയ വ്യക്തി അവധിയടുത്തപ്പോള്‍ തനിക്ക് തരാനുള്ള സംഖ്യയുമായി കടക്കാരന്‍ വരുന്നുണ്ടോ എന്നറിയാന്‍ കടല്‍ക്കരയില്‍ വന്നതായിരുന്നു. കപ്പലുകളൊന്നും കാണുന്നില്ല. അങ്ങനെ യിരിക്കെ, ഒരു മരക്കഷ്ണം തിരമാലകള്‍ക്കിടയിലൂടെ കരയില്‍ വന്നടിഞ്ഞു. വീട്ടുകാര്‍ക്ക് വിറക് കത്തിക്കാമല്ലോ എന്നു കരുതി അദ്ദേഹം അതെടുത്തുകൊണ്ട് വീട്ടില്‍ പോയി. കത്തിക്കാനായി ആ മരക്കഷ്ണം പൊളിച്ച് ചെറുതാക്കുകയായിരുന്നു. അന്നേരം ആയിരം ദീനാറും ഒരെഴുത്തും അതിനുള്ളില്‍ നിന്ന് അദ്ദേഹത്തിനു ലഭിച്ചു. അത് അദ്ദേഹത്തിനു കിട്ടാനുള്ള കടമായിരുന്നു. ഏറെ താമസിച്ചില്ല. ആയിരം ദീനാറുമായി കടം വാങ്ങിയ ആള്‍ തിരിച്ചെത്തി. അദ്ദേഹം അത് കൊടുത്തപ്പോള്‍ കടം നല്‍കിയ വ്യക്തി പറഞ്ഞു: ''താങ്കള്‍ മരക്കഷ്ണത്തിനുള്ളില്‍ അയച്ച താങ്കളുടെ ധനവും എഴുത്തും ഞാന്‍ കൈപ്പറ്റിയിരിക്കുന്നു; എന്റെ കടം താങ്കള്‍ വീട്ടിയിരിക്കുന്നു.'' അങ്ങനെ കൊണ്ടുവന്ന ആയിരം ദീനാറുമായി ആഗതന്‍ തിരിച്ചു പോയി. കടം വീട്ടാനുള്ള ഈ ഉദ്ക്കടമായ താല്‍പ്പര്യത്തിന് അല്ലാഹുവിന്റെ അത്ഭുതകരമായ സഹായം ലഭിച്ചതാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter