കള്ളനും സൂഫിയും 

ഇബ്നുസ്സബ്ബാത് ബാഗ്ദാദിലെ പേരുകേട്ട കള്ളനായിരുന്നു.ദീർഘ കാലത്തെ ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ അദ്ദേഹം അന്ന് രാത്രിയും മോഷ്ടിക്കാനിറങ്ങി. എത്തിപ്പെട്ടത് കമ്പിളിപ്പുതപ്പുകൾ കൂട്ടിയിട്ടിരുന്ന കടയിലായിരുന്നു. ഇരുളിൻ്റെ മറയത്ത് പുതപ്പുകൾ വാരിക്കൂട്ടവേ അരോഗദൃഡഗാത്രനായ ഒരാൾ വന്ന് വിളക്ക് കത്തിച്ചു. ഭയന്ന് സ്തബ്ധനായി നിൽക്കുന്ന കള്ളനോട് ആഗതൻ സൗമ്യമായി പറഞ്ഞു: "നിങ്ങൾ ഉദ്ദേശിക്കുന്നത് ഇരുട്ടിൽ ചെയ്യാൻ പ്രയാസമല്ലേ... ഈ വെളിച്ചത്തിൽ എടുത്തു കൂട്ടിക്കോളൂ. വേണമെങ്കിൽ ഞാനും സഹായിക്കാം."  ക്ഷീണിതനായ ഇബ്നുസ്സബ്ബാത്തിന് പാൽ കൊണ്ടുവന്നു കൊടുക്കുകയും അദ്ദേഹത്തിൻ്റെ വളരെ അകലെയുള്ള വീട്ടിലേക്ക് കെട്ടിവച്ച ഭാണ്ഡം ചുമന്നുകൊണ്ട് പോയിക്കൊടുക്കുകയും ചെയ്‌തു. തിരിച്ചുപോരുന്ന വേളയിൽ അദ്ദേഹം ഇബ്നുസ്സബ്ബാത്തിനോട് പറഞ്ഞു: "നിങ്ങൾ ഇന്ന് മോഷ്ടിക്കാൻ കയറിയ കടയുടെ ഉടമയാണ് ഞാൻ. അതിനടുത്ത് തന്നെയാണ് വീട്. പാതിരാ പ്രാർത്ഥനയ്ക്ക് വേണ്ടി എഴുന്നേറ്റപ്പോഴാണ് താങ്കളെ കണ്ടത്. അതിനാൽ താങ്കൾ എൻ്റെ 'അതിഥി'യായി. സ്വീകരണത്തിൽ വല്ല കുറവുകളും വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. ഇനി വല്ല ആവശ്യവുമുണ്ടെങ്കിൽ എന്നെ സമീപിക്കണേ." അടുത്ത പ്രഭാത നിസ്‌കാരത്തിന് ആദ്യം എത്തിയത് ഇബ്നുസ്സബ്ബാത് ആയിരുന്നു. ഈ അനുഭവം അദ്ദേഹത്തെ മാറ്റി എടുക്കുകയും പിൽക്കാലത്ത് പേര് കേട്ട പണ്ഡിതനായിത്തീരുകയും ചെയ്തു. 

Also Read:മാസ്കിനുളളിൽ ഒളിക്കാനാവുമോ?


മാലിക് ബിനു ദീനാറിന്റെ വീട്ടിൽ കള്ളൻ കയറി. എത്ര പരതിയിട്ടും ഒന്നും കിട്ടിയില്ല. നിസ്‌കാരത്തിലായിരുന്ന മാലിക് ബിനു ദീനാർ വിരമിച്ചപ്പോൾ കള്ളന്റെ സാന്നിധ്യമറിഞ്ഞു. സലാം ചൊല്ലി കള്ളനെ സ്വീകരിച്ചു. അംഗശുദ്ധി വരുത്താൻ വെള്ളം നൽകി. രണ്ട് റക്അത് നിസ്‌കരിക്കാൻ പറഞ്ഞു. നിസ്കാരത്തിൽ വലിയ ആശ്വാസവും സമാധാനവും തോന്നിയ കള്ളന് നിസ്‌കാരം നിറുത്താനായില്ല. പ്രഭാതം വരെ നിസ്‌കാരം തുടർന്നു. പിന്നീട് മാലിക്ബിന് ദീനാറിന്റെ സഹചാരിയായിത്തീർന്നു. പിന്നീട് വഴിയിൽ കണ്ടുമുട്ടിയ പഴയ കൂട്ടുകാരൻ  വിശേഷം തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞു: ഞാൻ മാലിക് ബിന് ദീനാറിന്റെ വീട്ടിൽ മോഷ്‌ടിക്കാൻ കയറി. ഒന്നും കിട്ടാതെ നിരാശനായിരുന്ന എന്നെ അദ്ദേഹം മോഷ്ടിച്ചു. ഇന്ന് ഞാൻ അദ്ദേഹത്തിൻ്റെ വഴിയിലാണ്. 
ഉപദേശങ്ങളെക്കാൾ ഫലം ചെയ്യുക മനസ്സിൽ സ്പർശിക്കുന്ന അനുഭവങ്ങളാകുമെന്ന് ഈ സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നു. ഒരാളെ നന്നാക്കാൻ ആയിരം പേർ പണിയെടുക്കുന്നതിലും പ്രയോജനപ്രദം ആയിരം പേരെ സ്വാധീനിക്കുന്ന ഒരാളുടെ സ്വഭാവഗുണമാണെന്നാണ് ആപ്‌തവാക്യം. 

"നിങ്ങൾ സുഗമമാക്കുക. പ്രയാസമാക്കരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്." - നബി വചനം(ബുഖാരി, മുസ്‌ലിം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter