സ്ഫോടനത്തിൽ തകർന്ന ലബനാന് സഹായവുമായി സൗദി അറേബ്യ
ബൈറൂത്ത്: ​ തലസ്ഥാനമായ ബൈറൂത്തിനെ നടുക്കി ദിവസങ്ങൾക്ക് മുമ്പുണ്ടായ ഉഗ്ര സ്ഫോടനത്തിന് പിന്നാലെ ലബനീസ് ജനതക്ക് ആശ്വാസം പകര്‍ന്ന് സഊദി അറേബ്യ. സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ ഉത്തരവിനെ തുടര്‍ന്ന് അവശ്യ വസ്തുക്കളുമായി നാല് വിമാനങ്ങള്‍ ബൈറൂത്തിലെത്തി. നേരത്തെ സ്ഫോടനത്തില്‍ എല്ലാം തകര്‍ന്നടിഞ്ഞ ജനതക്ക് ആവശ്യമായ വൈദ്യ സഹായങ്ങളുമായി സഊദി റെഡ് ക്രസന്റിന്റെ പ്രഥമ സംഘം ചൊവ്വാഴ്ച തന്നെ ബൈറൂത്തിലെത്തിയിരുന്നു.

ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അടിയന്തര സഹായ വസ്തുക്കള്‍ അടങ്ങിയ നാല് വിമാനങ്ങളാണ് വെള്ളിയാഴ്ച റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നത്. കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ നേതൃത്വത്തില്‍ 120 ടണ്ണിലധികം മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഷെല്‍ട്ടര്‍ ബാഗുകള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവ വഹിച്ച വിമാനങ്ങള്‍ ബൈറൂത്തിലെ റഫീഖ് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയതായി ലബനാനിലെ സഊദി അംബാസഡര്‍ വലിദ് അല്‍ ബുഖാരി പറഞ്ഞു. സ്ഫോടനത്തെ തുടർന്ന് രാജ്യത്ത് ശക്തിപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ മന്ത്രിസഭ മുഴുവൻ രാജി സമർപ്പിച്ചിരുന്നു. സ്ഫോടനത്തിന് പിന്നാലെ നടന്ന ദാതാക്കളുടെ സമ്മേളനത്തിൽ 3000 മില്യൺ യൂറോ സഹായമായി ലബനാന് ലഭിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter