പൗരത്വ ഭേദഗതി ബില്ലിനെതിരെ ബിജെപി സഖ്യ കക്ഷി എ.ഐ.ഡി.എം.കെ മന്ത്രി രംഗത്ത്
ചെന്നൈ: പൗരത്വ ഭേദഗതി ബില്ലിനെതിരെ ബിജെപി സഖ്യ കക്ഷികളായ ജെഡിയുവും ശിരോമണി അകാലിദളും നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിലെ സഖ്യ കക്ഷിയായ എ.ഐ.ഡി.എം.കെ മന്ത്രി ബില്ലിനെതിരെ നിലപാടുമായി രംഗത്തെത്തി. തമിഴ്നാട് നഗര വികസന വകുപ്പ് മന്ത്രി എസ്.പി വേലുമണിയാണ് ബില്ലിനെതിരെ നിലപാട് വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമം നടപ്പിലാക്കിയതിനാല്‍ ന്യൂനപക്ഷ സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി മന്ത്രിസ്ഥാനം രാജിവെക്കാന്‍ താൻ തയ്യാറാണെന്ന് മന്ത്രി വ്യക്തമാക്കി. ന്യൂനപക്ഷങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല, എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ അവരോടൊപ്പം നില്‍ക്കും. മന്ത്രി സ്ഥാനം എനിക്ക് പ്രധാനമല്ല, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഞാന്‍ രാജിവെക്കാനും തയ്യാറാണ്, വേലുമണി പറഞ്ഞു. പൊങ്കല്‍ വിളവെടുപ്പ് ഉത്സവ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതിനിടെയാണ് വേലുമണി ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട മൂവായിരത്തോളം പേര്‍ തന്റെ വീടിന് ചുറ്റും താമസിക്കുന്നുണ്ടെന്ന് പറഞ്ഞ വേലുമണി, എല്ലാവരും സഹോദരങ്ങളെപ്പോലെയാണ് ജീവിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. സി.എ.എയില്‍ സഭയില്‍ അവതരിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി കെ പളനിസ്വാമി ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ തന്റെ സര്‍ക്കാര്‍ പൂര്‍ണമായും സംരക്ഷിക്കുമെന്നായിരുന്നു പളനിസ്വാമി വ്യാഴാഴ്ച നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നത്. പാര്‍ലമെന്റില്‍ വിവാദമായ പൗരത്വ ബില്ലിനെ ഇരു സഭകളിലും പിന്തുണച്ച പാര്‍ട്ടിയാണ് എ.ഐ.എ.ഡി.എം.കെ. ഇതിന് പിന്നാലെ പൗരത്വ നിയമം പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് 20 ഓളം മുസ്‌ലിം സംഘടനകള്‍ വ്യാഴാഴ്ച സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter