ഹിന്ദുവും ഹിന്ദുത്വയും രണ്ടും രണ്ട് തന്നെ
ഹിന്ദുവും ഹിന്ദുത്വയും തമ്മിൽ തമ്മിൽ പ്രധാനമായും ആറ് വ്യത്യാസങ്ങളാണുള്ളത്. ഹിന്ദൂയിസത്തിന്റെ വിപരീതപദം ഇസ്‌ലാമോ, ക്രൈസ്തവതയോ സോഷ്യലിസമോ അല്ല, അത് ഹിന്ദുത്വയാണ് 1. വിഭിന്നങ്ങളായ വേരുകളുള്ള നാനാ തരത്തിലുള്ള ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മഹത്തായ ചേര്‍ച്ചയാണ് ഹിന്ദൂയിസം. അതിനൊരു സ്ഥാപകനില്ല. എന്നാല്‍, വിനായക ദാമോദര്‍ സവര്‍ക്കര്‍ പ്രചരിപ്പിച്ച സജാതീയമായ വംശീയ-പ്രാദേശിക ഇനമാണ് ഹിന്ദുത്വ. 2. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഹിന്ദൂയിസം. ലോകത്തെ ഏറ്റവും പഴക്കമേറിയ മത, ആത്മീയ, ജീവിതരീതികളിലൊന്നാണത്. എന്നാല്‍, 1923-ല്‍ ആദ്യമായി സവര്‍ക്കര്‍ നിര്‍ദേശിച്ച ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വ. 3. ഹിന്ദൂയിസത്തിന് ഒന്നല്ല, ഒരു പാട് പാഠങ്ങളുണ്ട്. വേദം, പുരാണം, ഇതിഹാസം, ന്യായം, സാംഖ്യം, മീമാംസ, യോഗ തുടങ്ങി നിരവധി പാഠങ്ങള്‍. എന്നാല്‍ ഹിന്ദുത്വയ്ക്ക് കേന്ദ്രീകൃതമായ ഒരൊറ്റ ഗ്രന്ഥമേയുള്ളൂ. 1928-ല്‍ പ്രസിദ്ധീകരിച്ച ഹിന്ദുത്വ:ആരാണ് ഹിന്ദു? എന്ന രാഷ്ട്രീയ ലഘുലേഖ. 4. വൈവിധ്യമാര്‍ന്നതാണ് ഹിന്ദൂയിസം. ഒരു പാട് ജീവിതധാരകളുടെ സംഗമം. എന്നാല്‍ ഏകശിലാസ്തംഭമാണ് ഹിന്ദുത്വ. ഹിന്ദൂയിസത്തേക്കാൾ ഇസ്‌ലാമിനെയും ക്രൈസ്തവതയെയും പോലെ. 5. എല്ലാം ഉള്‍ച്ചേരുന്ന ഹിന്ദൂയിസം അനന്യമാണ്. വിവിധങ്ങളായ ചിന്താധാരകളെ ഒരു കുടക്കീഴില്‍ അത് ഒരുമിപ്പിക്കുന്നു. മുഴുവന്‍ ലോകത്തെയും അത് സ്വന്തം കുടുംബംത്തെപ്പോലെ വീക്ഷിക്കുന്നു. എന്നാല്‍, നിഷേധമാണ് ഹിന്ദുത്വയുടെ മുഖമുദ്ര. മറ്റു മതങ്ങളെ- പ്രത്യേകിച്ച്‌ ഇസ്‌ലാമിനെയും ക്രൈസ്തവതയെയും- വെറുക്കാനും ഭയപ്പെടാനുമാണ് അതിന്റെ പ്രചാരകര്‍ ശീലിക്കുന്നത്. 6. മതനിരപേക്ഷതയാണ് ഹിന്ദൂയിസത്തിന്റെ പര്യായം. ശുഭചിന്തകള്‍ വിശ്വത്തിലെ എല്ലാ ദിക്കുകളില്‍നിന്നും വന്നു ചേരട്ടെ. "ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ" - ഋഗ്വേദം. എന്നാല്‍, ഹിന്ദൂയിസത്തെ അതിവിശിഷ്ടമാക്കുന്ന ആധാരശിലയായ പരമ്പരാഗത മതനിരപേക്ഷ ഹിന്ദു ജീവിതരീതിയെ ഹിന്ദുത്വയുടെ പ്രചാരകര്‍ എതിര്‍ക്കുകയാണ് ചെയ്യുന്നത്. ഇനി പറയൂ, നിങ്ങള്‍ ഒരു ഹിന്ദുവാണോ അതോ ഹിന്ദുത്വവാദിയാണോ? (ഹിന്ദു മതവും ഹിന്ദുത്വവും തമ്മിലെ വ്യത്യാസങ്ങൾ വ്യക്തമാക്കി തന്റെ ട്വിറ്റർ അക്കൗണ്ടിൽ ശശി തരൂർ കുറിച്ച പ്രതികരണത്തിന്റെ മലയാള പരിഭാഷയാണിത്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter