അസമിൽ സിഎഎക്കെതിരെ വീണ്ടും സമര മുഖം ശക്തി പ്രാപിക്കുന്നു
ദിസ്പൂർ: അഫ്ഗാനിസ്‌താന്‍ പാകിസ്ഥാന്‍ ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിമേതര ന്യുനപക്ഷങ്ങള്‍ക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വഭേദഗതി ഭേദഗതി നിയമത്തിനെതിരെ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം അസമില്‍ പ്രക്ഷോഭങ്ങള്‍ വീണ്ടും ശക്തിയാര്‍ജിക്കുന്നു. പൗരത്വ പട്ടിക നടപ്പിൽ വരുത്തിയ അസമിൽ കഴിഞ്ഞ വര്‍ഷം നടന്ന പ്രതിഷേധം രൂക്ഷമാവുകയും, പോലീസ് വെടിവെപ്പില്‍ അഞ്ചോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പുതിയ നിയമം ബംഗ്ലാദേശില്‍ നിന്ന് അസമിലേക്കുള്ള നിയമവിരുദ്ധ കുടിയേറ്റത്തിന് സാധുത ഒരുക്കുമെന്നും, ഇത് അസമിലെ തദ്ദേശീയ വിഭാഗങ്ങള്‍ക്ക് മുറിവേല്‍പ്പിക്കുമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം.

കോവിഡിന്റെ സാഹചര്യത്തില്‍ താത്കാലിക വിരാമം വീണ പ്രതിഷേധങ്ങളാണ് അസമില്‍ പുനരാരംഭിക്കുന്നത്. പതിനെട്ടോളം സംഘടനകളാണ് രണ്ടാം ഘട്ട പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുള്ളത്. ഇതിനോടുള്ള പ്രതിഷേധ സൂചകമായി ഇന്നലെ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റസ് ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘടനകളുടെ കൂടി പങ്കാളിത്വത്തോടെ കരിദിനം ആചരിച്ചു. ഓള്‍ അസം സ്റ്റുഡന്റസ് യൂണിയനു കീഴില്‍ ബഹുജനറാലിയോടെയാണ് വെള്ളിയാഴ്ച പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അടുത്ത വര്‍ഷം മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളിലായി അസമില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമരത്തിന് ശക്തമായ രാഷ്ട്രീയ മാനവുമുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter