ഡോ. കഫീല്‍ഖാനെതിരെയുള്ള  ദേശ സുരക്ഷാ നിയമം മൂന്ന് മാസത്തേക്ക് കൂടി നീട്ടി
ലഖ്‌നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ ഉത്തര്‍പ്രദേശ്​ പൊലീസ്​ മുംബൈയില്‍നിന്ന്​ അറസ്​റ്റ്​ ചെയ്​ത ഡോ. കഫീല്‍ഖാനെതിരെ ചുമത്തിയ ദേശ സുരക്ഷാ നിയമം ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഉത്തര്‍പ്രദേശിലെ മഥുര ജയിലിലുള്ള കഫീല്‍ഖാനുമേല്‍ ദേശ സുരക്ഷാ നിമയം ചുമത്തിയതിന്റെ കാലാവധി ഇന്നലെ കഴിയാനിരിക്കെയാണ് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. ഇത് വഴി ആഗസ്റ്റ് 13 വരെ കുറ്റപത്രം സമര്‍പ്പിക്കാതെ കഫീല്‍ഖാനെ ജയിലിലിടാനാകും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് വീണ്ടും മൂന്ന് മാസത്തേക്ക് നീട്ടിയതെന്നാണ് അലീഗഢ് ജില്ല മജിസ്ട്രേറ്റ് ചന്ദ്രഭൂഷന്‍ സിങ് നല്‍കിയ വിശദീകരണം. അലീഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ പൗരത്വ സമരത്തില്‍ പങ്കെടുത്ത് സംസാരിച്ചതിന് ഫെബ്രുവരി 13ന് മുംബൈയിൽ വെച്ച് ഉത്തർ പ്രദേശ് പോലീസ് കഫീല്‍ഖാനെ അറസ്റ്റ് ചെയ്യുന്നത്.

ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ 60 ഓളം കുഞ്ഞുങ്ങള്‍ മരണപ്പെട്ട സംഭവത്തില്‍ യോഗി ആദിത്യനാഥ് നേതൃത്വം നൽകുന്ന ബിജെപി സർക്കാർ ബലിയാടാക്കിയ വ്യക്തിയാണ് ഡോ കഫീൽ ഖാൻ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter