രാജ്യത്ത് വീണ്ടും ശരീഅത്ത് വിഷയങ്ങള്‍ ചര്‍ച്ചയാക്കുന്നതാരാണ്?

ഇസ്ലാമിക ശരീഅത്ത് വീണ്ടും ഇന്ത്യയിൽ ചൂടുപിടിച്ച ചർച്ചയാവുകയാണ്. 1985ലാണ് ഇതിന് മുമ്പ് ഈ വിഷയം വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടത്. ഷാ ബാനു കേസിൽ വിവാഹ മോചിതയായ മുസ് ലിം സ്ത്രീയുടെ ജീവനാംശം സംബന്ധിച്ച വിധിക്കിടയിൽ ശരീഅത്ത് നിയമത്തിൽ കൈകടത്തും വിധം സുപ്രിം കോടതിയുടെ

പരാമർശം ഉണ്ടായതും ഏക സിവിൽ കോഡിന് വേണ്ടി കോടതി ജഡ്ജി തന്നെ 'വക്കാലത്' പിടിച്ചതുമെല്ലാം അന്ന് വൻ വിവാദം ഉയർത്തിവിട്ടു. മുസ്ലിം നേതാക്കളും സംഘടനകളും അന്ന് തിനെതിരെ സജീവമായി രംഗത്ത് വന്നു.

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ 1937ൽ നിലവിൽ വന്ന മുസ്ലിം പെഴ്സനൽ ലോ യിലൂടെ ശരീഅത്ത് നിയമങ്ങളിൽ നിന്ന് വ്യക്തി/ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട പരിമിതമായ ചില ഭാഗങ്ങൾക്ക് നിയമപരമായ പരിരക്ഷ ലഭിച്ചിരുന്നു. അതിൽ കൈകടത്തുന്ന ചില നീക്കങ്ങൾ സുപ്രിം കോടതിയിൽ നിന്നുണ്ടായപ്പോഴാണ് അന്ന് ആൾ ഇന്ത്യാ മുസ് ലിം പേഴ്സനൽ ലോ ബോർഡിന്റെ നേതൃത്വത്തിൽ നിയമപരവും ജനകീയവുമായ പോരാട്ടങ്ങൾ നടന്നത്.

സ്വതന്ത്ര ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലത്ത് മുസ് ലിംകൾക്ക് അനുവവദിച്ചു കിട്ടിയ വ്യക്തിനിയമങ്ങൾക്കെതിരെ ഭീഷണി ഉയരുന്ന സാഹചര്യമുണ്ടായപ്പോഴാണ് 1972 ൽ ദയൂബന്ത് ദാറുൽ ഉലൂം റെക്ടറായിരുന്ന ഖാരി മുഹമ്മദ് ത്വയ്യിബ് സാഹിബിന്റെ നേതൃത്വത്തിൽ ആൾ ഇന്ത്യാ മുസ്ലിം പേഴ്സനൽ ലോ ബോർഡ് നിലവിൽ വരുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്നു ചെയർമാൻ സ്ഥാനത്ത് വന്ന ലഖ്നോ ദാറുൽ ഉലൂം നദ് വതുൽ ഉലമായുടെ റെക്ടർ സയ്യിദ് അബുൽ ഹസൻ അലി നദ് വിയുടെ നേതൃത്വത്തിലാണ് 1985ലെ ശരീഅത്ത് പോരാട്ടങ്ങൾ ചൂടുപിടിച്ചത്.

അന്ന് ലോ ബോർഡ് നേതാക്കൾ വിവിധ സംസ്ഥാനങ്ങളിൽ പര്യടനം നടത്തി വിഷയത്തിൽ ജനങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിച്ചു. 

അതിന്റെ ഭാഗമായി അന്ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന ശരീഅത്ത് സമ്മേളനം ചരിത്രത്തിൽ പുതിയൊരധ്യായം തുന്നിച്ചേർത്തു. സമസ്ത യുടെ പങ്കാളിത്തം ആ സമ്മേളനത്തിന് വലിയ പ്രാധാന്യവും അംഗീകാരവും നേടിക്കൊടുത്തു. മതവീക്ഷണ പരമായി വ്യത്യസ്ത ധ്രുവങ്ങളിൽ കഴിയുന്നവരാണെങ്കിലും പൊതു വിഷയങ്ങളിൽ ഒന്നിച്ചു നിൽക്കാനും പോരാടാനും കഴിയുമെന്ന് ആ സമ്മേളനം തെളിയിച്ചു. നദ് വിസാഹിബും ശംസുൽ ഉലമായും സേട്ടു സാഹിബും ശിഹാബ് തങ്ങളും കോഴിക്കോട് വലിയ ഖാസിയും മറ്റു മുസ്ലിം സംഘടനാ നേതാക്കളും അണിനിരന്ന ആ വേദിയുടെ താക്കീത് ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലങ്ങളിലും അലയടിച്ചു. അത് വിവാഹമോചിതരായ മുസ് ലിം സ്ത്രീകളുടെ സംരക്ഷണത്തിന് ശരീഅത്തിന്റെ ചട്ടക്കൂടിൽ നിന്ന് കൊണ്ടു പുതിയ നിയമം ഉറപ്പു വരുത്തുന്ന ബിൽ പാർലമെന്റിൽ പാസാക്കിയെടുക്കുന്നിടത്തേക്ക് വരെ എത്തിച്ചു.

അതിനു ശേഷവും ചില കേന്ദ്രങ്ങളിൽ നിന്ന് ശരീഅത്ത് നിയമങ്ങൾക്കെതിരിലും ഏക സിവിൽകോഡിന് അനുകൂലമായും തകൃതിയായ നീക്കങ്ങൾ നടന്നു വന്നു. ഇതിന്റെ പേരിൽ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾക്കിടയിൽ ധ്രുവീകരണമുണ്ടാക്കി അവരിൽ ഭൂരിഭാഗത്തെ തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാനും അതിലുടെ രാഷ്ട്രിയ ലാഭം കൊയ്യാനും ഉദ്ദേശിച്ചു ചില വർഗീയ ശക്തികൾ നടത്തിയ ആസൂത്രിതമായ നീക്കങ്ങൾ വിജയം കണ്ടു തുടങ്ങിയിരിക്കയാണ്. ഇത്തരം വൈകാരിക പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചു അവർ നടത്തിയ പ്രചാരണങ്ങൾ താൽക്കാലികമായെങ്കിലും ഇന്ത്യയുടെ ഭരണം അവരുടെ കയ്യിലെത്തിച്ചു.

അത് നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് മുത്വലാഖിന്റെ പേരിലും മറ്റും ഇവർ നടത്തുന്ന നീക്കങ്ങൾ. 

മുത്വലാഖ് എന്തെന്നോ അതിന്റെ നേട്ടവും കോട്ടവും ആർക്കെന്നോ കൃത്യമായി പരിശോധിക്കാതെ കാടടച്ചു വെടി വെക്കുന്ന നടപടിയാണ് കോടതിയുടെ ഭാഗത്ത് നിന്നും ഒടുവിൽ കേന്ദ്ര മന്ത്രിസഭയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

അത് പോലെ വ്യക്തിസ്വാതന്ത്ര്യത്തിനും സ്ത്രീ സമത്വവാദത്തിനും അമിതമായ പ്രാധാന്യം നൽകുന്ന വർത്തമാനകാല ട്രെൻറിന്റെ ഭാഗമായി സ്വവർഗ രതി, വിവാഹേതര ബന്ധങ്ങൾ തുടങ്ങിയവ സംബന്ധിച്ച ഈയിടെ സുപ്രിം കോടതി നൽകിയ വിധികളും വഖ്ഫ് സ്വത്തിന്റെ കാര്യത്തിലുള്ള സർക്കാർ നിലപാടും മസ്ജിദുകൾക്ക് ഇസ്ലാമിലുള്ള പ്രാധാന്യത്തിൽ സംശയം പ്രകടിപ്പിച്ചുള്ള കോടതി നീക്കവുമെല്ലാം സമൂഹത്തിൽ വലിയ ആധിയും ഉൽകണ്ഠയും സൃഷ്ടിച്ചിട്ടുണ്ട്.

ഇതെല്ലാം മുന്നിൽ കണ്ടു അനിവാര്യമായ ഘട്ടത്തിൽ ഗൗരവപൂർണമായ ഒരു നീക്കമാണ് ഈ 13 ന് അതേ മുതലക്കുളത്ത് മറ്റൊരു ശരീഅത്ത് സമ്മേളനം സംഘടിപ്പിക്കുന്നതിലൂടെ സമസ്ത നടത്തിയിരിക്കുന്നത്. സമസ്തയുടെ അജയ്യത വിളിച്ചോതാനും സമൂഹത്തിനും സർക്കാറുകൾക്കും വിഷയത്തിൽ ശക്തമായ സന്ദേശം നൽകാനും ഈ സംഗമം ഉപകരിക്കുമെന്ന് പ്രതീക്ഷിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter