കത്തെഴുത്ത് പാപമാകുമ്പോള്‍
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, ലോകത്ത് ഏകാധിപതികളായി വന്നവരൊക്കെ എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യയുടെ നിലവിലെ പശ്ചാത്തലം തീര്‍ത്തും എതിര്‍ ശബ്ദങ്ങള്‍ക്കും ആവിഷ്‌കാരസ്വാതന്ത്ര്യങ്ങള്‍ക്കും കൂച്ചുവിലങ്ങിടുന്നതാണ്.
രാജ്യത്തെ മുസ്‌ലിംകള്‍ക്കെതിരെയും ദളിതര്‍ക്കെതിരെയും ജയ്ശ്രീരാമിന്റെ പേരിലും മറ്റും നടന്ന് കൊണ്ടിരുന്ന ആള്‍ക്കൂട്ടകൊലകള്‍ക്കെതിരെ അമ്പതോളം സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കത്തെഴുതിയ അടൂര്‍ ഗോപാലകൃഷ്ണന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ തുടങ്ങിയ 50 ഓളം സാംസ്‌കാരിക നായകരുടെ പേരിലാണ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്. സംഘപരിവാര്‍ അഭിഭാഷകന്‍ സുധീര്‍കുമാര്‍ ഓജ ഹര്‍ജി നല്‍കുകയും ബീഹാര്‍ ജുഡിഷ്യല്‍ മജിസട്രേറ്റ് സൂര്യകാന്ത് തിവാരി കത്തെഴുതിയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാന്‍ ഉത്തരവിടുകയും ചെയ്തു.
രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ ബീഹാര്‍ പോലീസ് കേസ് പിന്‍വലിച്ചുവെന്ന് പറയുമ്പോഴും അതിന്‍റെ പിന്നിലെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
ഇന്ത്യന്‍ പീനല്‍ കോഡില്‍ 124 എ വകുപ്പിലാണ് രാജ്യദ്രോഹത്തെ നിര്‍വചിക്കുന്നത്. ഒരു രാജ്യത്തിന് വിരുദ്ധമായി ചെയ്യുന്ന പ്രവര്‍ത്തികളെയാണ് രാജ്യദ്രോഹമായി കണക്കാക്കുന്നത്. എന്നാല്‍ സര്‍ക്കാറിനോടോ ഭരണസംവിധാനങ്ങളോടോ ഉള്ള ആശയപരമായ വിയോജിപ്പുകളെ ഭരണഘടന സ്വാഗതം ചെയ്യുകയും ചെയ്യുന്നുണ്ട്. നിലവില്‍ ഈ നിയമത്തെയാണ് ദുരുപയോഗം ചെയ്തു കൊണ്ടിരിക്കുന്നത്.
2007 ല്‍ ആക്ടിവിസ്ടായ ഡോ.ബിനായക് സെന്നിനെതിരെയും 2010ല്‍ അരുന്ധതിറോയിക്കെതിരെയും രാജ്യദ്രോഹത്തിന് മുമ്പ് കേസെടുത്തിരുന്നു. കാശ്മീര്‍,മാവോയിസ്റ്റ് വിഷയങ്ങളില്‍ അഭിപ്രായപ്രകടനം നടത്തിയതായിരുന്നു കാരണം.
മെക്കാളെ പ്രഭുവാണ് 1837 ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ കരടുരൂപം സമർപ്പിച്ചപ്പോള്‍ രാജ്യദ്രോഹനിയമവും ഉള്‍പെടുത്തിയിരുന്നു. എന്നാല്‍ 1860 ല്‍ ശിക്ഷാ നിയമം നിലവില്‍ വന്നപ്പോള്‍ ഈ വകുപ്പ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വിട്ടുപോയ വകുപ്പ് 1870 ലെ ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 1898 ല്‍ ഈ നിയമം വീണ്ടും ഭേദഗതി ചെയ്തു. ബ്രിട്ടീഷ് സര്‍ക്കാറിനെതിരെ വിദ്വേഷം കൊണ്ടുവരാന്‍ ശ്രമിക്കുന്നതെല്ലാം രാജ്യദ്രോഹകുറ്റമാക്കി മാറ്റി, 1907 ല്‍ ഇതിന്റെ പേരില്‍ രാജ്യദ്രോഹത്തിലേക്ക നയിക്കാന്‍ സാധ്യതയുള്ള യോഗങ്ങളെല്ലാം വിലക്കുകയും ചെയ്തു.1911-ല്‍ ഈ നിയമം വീണ്ടും പരിഷ്‌കരിച്ചു. സര്‍ക്കാറിനെതിരെ ജനങ്ങളെ പ്രകോപിപ്പിക്കുകയോ ക്രമസമാധാനത്തെ തകര്‍ക്കുകയോ ചെയ്യുന്ന എല്ലാ യോഗങ്ങളും നിരോധിക്കുകയും ചെയ്തുവെന്നാണ് രാജ്യദ്രോഹ നിയമം വന്നവഴിയുടെ ചരിത്രം.
കത്തിന്റെ ഉള്ളടക്കം പരിശോധിക്കുമ്പോള്‍ വ്യക്തമാവുന്നത് ഇത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ മാത്രമാണ് പെടുക എന്നതാണ്.
രാജ്യത്തെ മുസ്‌ലിംകള്‍ക്കും ദളിതര്‍ക്കുമെതിരെ വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ടകൊലകളില്‍ ആശങ്കയുണ്ടെന്നും ജയ്ശ്രീരമാമിന്റെ പേരിലുള്ള ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നായിരുന്നു സാംസ്‌കാരിക പ്രവര്‍ത്തകര്‍ അയച്ച കത്തിന്റെ ഉള്ളടക്കം. ഇക്കഴിഞ്ഞ ജൂലൈയിലാണ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നത്.
ബ്രിട്ടീഷുകാര്‍ തങ്ങള്‍ക്കെതിരെ വരുന്ന ശബ്ദങ്ങളെയും അസംതൃപ്ത സ്വരങ്ങളെയും അടിച്ചമര്‍ത്തനാണ് ഈ നിയമം പൂര്‍ണമായും ദുരുപയോഗം ചെയ്തിരുന്നത്. സ്വാതന്ത്ര്യ സമര കാലത്ത് മഹാത്മാഗാന്ധിയും ബാലഗംഗാധര തിലകനും ആനിബസന്റുമെല്ലാം ഈ നിയമത്തിന്റെ ഇരകളായിരുന്നു.
ഒരു വ്യക്തി തന്റെ എഴുത്തിലൂടെയോ വാക്കിലൂടെയോ മറ്റു പ്രതിനിധാനങ്ങളിലൂടെയോ ഇന്ത്യയില്‍ നിയമപരമായി സ്ഥാപിതമായ സര്‍ക്കാറിനെതിരെ നിന്ദയും വെറുപ്പും സ്‌നേഹമില്ലായ്മയും നീരസവും വളര്‍ത്തിയെടുക്കയോ അതിനായി ശ്രമിക്കുകയോ ചെയ്താല്‍ അതാണ് രാജ്യദ്രോഹ്യമായി കണക്കാക്കുന്നതെന്ന് ചുരുക്കം.
എന്നാല്‍ നിയമ വിധേയമായി സര്‍ക്കാര്‍ ഭരണവ്യവസ്ഥയോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനെ ഭരണഘടന അംഗീകരിക്കുകയും ചെയ്യുന്നു. ഈ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കാണാത്ത രാജ്യദ്രോഹത്തെ മാത്രം കാണുന്ന ഫാഷിസത്തിന്റെയും ഹിന്ദുത്വത്തിന്റെയും രീതികളാണ് രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.എന്നാല്‍ കത്തിന്റെ പേരില്‍ രാജ്യദ്രോഹം,മതവികാരം വ്രണപ്പെടുത്തല്‍ ,പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചാര്‍ത്തിയാണ് കേസ്.
ശബ്ദമുള്ളവരെല്ലാം ജയിലിലാണെന്നും സംസാരിക്കാന്‍ ധൈര്യപ്പെടുന്നവരെയും തെരുവിലിറങ്ങുന്നവരെയും ഭരണകൂടം പിടികൂടുന്നുവെന്നും ഇന്ത്യയിലെ നിലവിലെ അവസ്ഥ അന്താരാഷ്ട്ര സമൂഹവും മനസ്സിലാക്കിയിട്ടുണ്ട് എന്നും പ്രശസ്ത എഴുത്തുകാരിയും ചിന്തകയുമായ അരുന്ധതി റോയ് കാശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ചത്. യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ ഏതൊരു വിഷയത്തിലും സമാന സ്ഥിതി തന്നെയാണ് നിലവിലുള്ളത് അതിന്റെ യഥാര്‍ത്ഥ ഉദാഹരണം കൂടിയായിരുന്നു മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട്. 2002 ലെ ഗുജ്‌റാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്ര മോദി സര്‍ക്കാര്‍ കലാപത്തിന് ഒത്താശ ചെയ്തിട്ടുണ്ടെന്ന് വെളിച്ചത്ത് കൊണ്ടുവന്നതിന്റെ പേരില്‍ ഇപ്പോഴും ഇരയാക്കപ്പെടുകയാണ് അദ്ദേഹം.
കത്തെഴുതിയവര്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ കത്തെഴുതി തന്നെ പ്രതിഷേധിക്കാനാണ് കേരളത്തിലെ വിദ്യാര്‍ത്ഥി- യുവജന പ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വന്നത്.
കത്തിലെ ഓരോ വരികളോടും യോജിക്കുന്നുവെന്നാണ് 180 ലേറെ സാസ്‌കാരിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ട്.ചരിത്രകാരി റൊമിലാ ഥാപ്പര്‍,ആക്ടിവിസ്റ്റ് ഹര്‍ഷ് മന്ദിര്‍, എഴുത്തുകാരായ അശോക് വാജ് പേയ്, ജെറിപിന്റോ ,അക്കാദിമീഷ്യന്‍ ഇറാ ഭാസ്‌കര്‍, കവി ജീത് തയില്‍, എഴുത്തുകാരന്‍ ശംസുല്‍ ഇസ്‌ലാം, സംഗീതജ്ഞന്‍ ടി .എം കൃഷ്ണ തുടങ്ങിയവരാണ് 50 ഓളം വരുന്ന സാംസ്‌കാരിക നായകര്‍ക്ക് പിന്തുണയുമായെത്തിയ 180 പേരില്‍പെടുന്ന പ്രമുഖര്‍.
ശശിതരൂരും രാഹുല്‍ ഗാന്ധിയുമെല്ലാം ശക്തമായ പ്രതികരണങ്ങളുമായി മുന്നോട്ട് വന്നു.
ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്ള്‍ 19 ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഉറപ്പ് നല്‍കുന്നതാണ്. വ്യക്തിയുടെ മൗലികാവകാശങ്ങളെ ഭരണഘടന പരിഗണിക്കുകയും ചെയ്യുന്നു. ഈ അവകാശത്തെയാണ് രാജ്യദ്രോഹ നിയമത്തിന്റെ മറവില്‍ ബ്രിട്ടീഷ്‌കാരെപോലെ എതിര്‍ശബ്ദങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.രാജ്യവ്യാപകമായ പ്രതിഷേധംശക്തമാക്കുകയും ലക്ഷക്കണക്കിന് കത്തുകള്‍ വീണ്ടും പ്രധാനമന്ത്രിയിലേക്ക എത്തുകയും ചെയ്യുമ്പോഴാണ് കത്ത് പിന്‍വലിക്കുന്നത്.ഭരണഘടന ഉറപ്പ് നല്‍കുന്ന പൌരന്‍റെ മൌലികാവകാശങ്ങള്‍ക്കായി ഇനിയും പ്രതിഷേധങ്ങളുയരട്ടെ,
Leave A Comment