കർഷക പ്രക്ഷോഭകരും  പൗരത്വ സമരക്കാരും തീവ്രവാദികൾ: നടി കങ്കണ റണൗത്തിനെതിരെ കര്‍ണാടക പൊലീസ് എഫ്.ഐ.ആര്‍
ബംഗളൂരു: കാര്‍ഷിക ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവരെയും തീവ്രവാദികളെന്ന് വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരെ കര്‍ണാടക പൊലീസ് എഫ്.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്തു. കര്‍ണാടകയിലെ തുമകുരു ജില്ലയിലെ ഫസ്​റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതുടര്‍ന്നാണ് തുമകുരുവിലെ കൈതസാന്ദ്ര പൊലീസ് കങ്കണക്കെതിരെ കേസെടുത്തത്. കലാപം ഉദ്ദേശിച്ചുള്ള പ്രകോപനം (153), പ്രത്യേക സംഘത്തെ അപകീര്‍ത്തിപെടുത്തല്‍ (153എ), സമാധാനം തകര്‍ക്കുന്നതരത്തില്‍ മനപൂര്‍വം പ്രകോപിപ്പിക്കല്‍ (504) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെറ്റിദ്ധാരണയും അഭ്യൂഹവും പരത്തി കലാപത്തിന് വഴിവെച്ചവര്‍, കര്‍ഷക ബില്ലുമായി ബന്ധപ്പെട്ടും തെറ്റിദ്ധാരണ പരത്തി രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനത്തിന് കാരണക്കാരാവുകയാണെന്നും അവര്‍ തീവ്രവാദികളാണെന്നുമായിരുന്നു സെപ്റ്റംബര്‍ 21ന് കങ്കണയുടെ ട്വീറ്റ്. വിദ്വേഷപരമായ ട്വീറ്റിനെതിരെ അഭിഭാഷകനായ എന്‍. രമേശ് നായിക് നല്‍കിയ ഹരജിയെതുടര്‍ന്നാണ് പൊലീസിനോട് എഫ്.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. കര്‍ഷക ബില്ലിനെ എതിര്‍ക്കുന്നവരെ വേദനിപ്പിക്കുന്നതാണ് നടിയുടെ വിവാദ ട്വീറ്റെന്നും ജനങ്ങള്‍ക്കിടയില്‍ മന:പൂര്‍വം പ്രശ്നം സൃഷ്​​ടിക്കാനാണ് ട്വീറ്റിലൂടെ ശ്രമിക്കുന്നതെന്നുമാണ് രമേശ് ഹരജിയില്‍ ചൂണ്ടികാട്ടിയത്. സംഘപരിവാറുമായി അടുത്ത ബന്ധം പുലർത്തുന്ന കങ്കണ സമീപകാലത്ത് മഹാരാഷ്ട്രയിൽ ഭരണം നടത്തുന്ന ശിവസേനയുമായി ഉടക്കിയിരുന്നു. ഭീഷണി നേരിടുന്നെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം അവർക്ക് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter