ജാമിഉത്തുര്‍മുദി

ഇമാം അബൂ ഈസാ മുഹമ്മദ് ബിന്‍ ഈസാ തുര്‍മുദി ക്രോഡീകരിച്ച ഹദീസ് ഗ്രന്ഥമാണ് ജാമിഉത്തുര്‍മുദി. മുസ്‌ലിം ലോകം അംഗീകരിച്ച പ്രമാണിക ഹദീസ് ഗ്രന്ഥങ്ങളായ സിഹാഹുസ്സിത്തയില്‍ അഞ്ചാമതാണ്  തുര്‍മുദിയുടെ സ്ഥാനം.

തുര്‍മുദി ഇമാം

ക്രിസ്തബ്ദം 824 ല്‍ ഉസ്ബക്കിസ്താനിലെ ജൈഹൂന്‍ നദീതീരത്തെ തുര്‍മുദ് ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ഹദീസ് പഠനാര്‍ഥം ഖുറാസാന്‍, ഹിജാസ്, ഇറാഖ് തുടങ്ങിയ പ്രദേശങ്ങളില് യാത്ര ചെയ്തിട്ടുണ്ട്. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഇമാം അബൂദാവൂദുമെല്ലാം തുര്‍മുദി ഇമാമിന്‍റെ ഗുരുനാഥന്മാരാണ്. ബുഖാരി ഇമാം അദ്ദേഹത്തില്‍ നിന്ന് രണ്ടു ഹദീസുകള്‍ പഠിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. ക്രിസ്തബ്ദം 893 ലായിരുന്നു ഇമാം വഫാത്തായത്. തന്‍റെ അവസാന കാലത്ത് ഇമാം തുര്‍മുദിക്ക് കണ്ണിന് അന്ധത ബാധിച്ചിരുന്നു.

 

തുര്‍മുദി: ഉള്ളടക്കവും ക്രോഡീകരണവും

‘ഇമാമുല്‍ മുഹദ്ദിസീന്‍’ എന്ന പേരിലാണ് ഹദീസ് ലോകത്ത് തുര്‍മുദി ഇമാം അറിയപ്പെട്ടത്. ഹദീസ് ലോകത്തെ അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ സംഭാവനയാണ് ജാമിഉത്തുര്‍മുദി. ഈ ഗ്രന്ഥം ജാമിഅ് എന്നും സുനന് എന്നും വിളിക്കപ്പെടുന്നുണ്ട്. പൊതുവെ എട്ടു പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥങ്ങളെയാണ് ജാമിഅ് എന്ന് വിളിക്കാറ്. കര്‍മശാസ്ത്ര വിഷയങ്ങള്‍ ക്രമമനുസരിച്ച് ക്രോഡീകരിച്ച കിതാബുകളെ സുനന് ‍എന്നാണ് വിളിക്കുന്നത്. തുര്‍മുദി ഇമാമിന്‍റെ ഈ ഗ്രന്ഥത്തില്‍ ഇപ്പറഞ്ഞ രണ്ടു സവിശേഷതകളും യോജിച്ചതു കാരണം രണ്ടു പേരിലും ഇത് വിളിക്കപ്പെടുന്നു.

കര്‍മശാസ്ത്ര വിഷയങ്ങളുടെ മുന്‍ഗണനാക്രമം അനുസരിച്ചാണ് ഇതില്‍ ഹദീസുകള്‍ ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്. ശുചീകരണത്തെ കുറുച്ച് പരാമര്‍ശിക്കുന്ന അധ്യായത്തില് തുടങ്ങുന്ന ഗ്രന്ഥം അവസാനിക്കുന്നത് പ്രാര്‍ഥനകളെ കുറിച്ച് വിശദീകരിക്കുന്ന അധ്യയത്തിലാണ്.

ഇമാം തുര്‍മുദിയുടെ ഈ ഗ്രന്ഥത്തിന് വിവിധ പ്രത്യേകതകളുള്ളതായി പണ്ഡിതര്‍ വിശദീകരിച്ചതായി കാണാം. ഹദീസുകളുടെ പദവിയും സ്ഥാനവും കൃത്യമായി വിശദീകരിക്കുന്നുണ്ട് തുര്‍മുദിയില്‍. അതുസംബന്ധമായ വിശദീകരണവും ഈ കിതാബില്‍ ഏറെ കാണാം. ഹദീസുകളില്‍ ഹസന് ‍എന്നൊരു വിഭാഗത്തെ പരിചയപ്പെടുത്തിയത് ഇമാം തുര്‍മുദിയാണെന്ന് പോലും ചില പരാമര്‍ശങ്ങള്‍ കാണുന്നുണ്ട്.

റിപ്പോര്‍ട്ടര്‍മാരുടെ പ്രത്യേകതകളും വിവരിക്കുന്നതോടൊപ്പം മുന്‍ഗാമികളുടെയും പ്രമുഖ പണ്ഡിതരുടെ വീക്ഷണങ്ങള്‍ എന്നിവയും ഹദീസിനോടൊപ്പം വിവരിക്കുന്നു എന്ന പ്രത്യേകതയും തുര്‍മുദിക്കുണ്ട്. കര്‍‌മശാസ്ത്ര സംബന്ധിയായ വിഷയങ്ങളില് ‍ഇത് ഏറെ പ്രകടവുമാണ്. പലപ്പോഴും ഭിന്ന അഭിപ്രായക്കാരുടെ തെളിവുകളെ കുറിച്ച് വരെ ഇമാം പരാമര്‍ശം നടത്തുന്നുണ്ട്. റിപ്പോര്‍ട്ടര്‍മാരില്‍ ഒരേപോലുള്ള ഒന്നിലധികം പേരു വരുമ്പോള്‍ അവരുടെ സ്ഥാനപ്പേരും മറ്റും വിശദീകരിച്ച് കൂടുതല്‍ വ്യക്തത നല്‍കാനും തുര്‍മുദി ഇമാം ശ്രദ്ധിച്ചിട്ടുണ്ട്. പ്രമാണിക ഹദീസ് ഗ്രന്ഥങ്ങളിലൊന്നില്‍ പോലും ഇത്തരം വിശദീകരണങ്ങളില്ലെന്നും ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.


Also Read: സുനനു നസാഈ


ഓരോ അധ്യായവും തുടങ്ങുന്നത് സിഹാഹുസ്സിത്തയിലെ മറ്റു ഇമാമുകള്‍ നിവേദനം ചെയ്ത ഏതെങ്കിലും ഒരു ഹദീസ് ഉദ്ധരിച്ചായിരിക്കും. നബിയുടെയും ഇമാം തുര്‍മുദിയുടെയും ഇടയ്ക്ക് രണ്ടു നിവേദകര്‍ മാത്രമുള്ള ഒരു ഹദീസ് വരെ തുര്‍മുദിയിലുണ്ട്. ജനങ്ങള്‍ക്ക് ഒരു കാലഘട്ടം വരാനുണ്ട്. അന്ന് സ്വന്തം മതത്തില്‍ ക്ഷമിച്ചു നില്ക്കുന്നവന്‍ തീകട്ടയുടെ മേല്‍ പിടിച്ചു നില്‍ക്കുന്നവനെ പോലെയാണ് എന്നുള്ള ഹദീസില്‍ ആകെ രണ്ടു വ്യക്തികള്‍ മാത്രമാണ് ഇടയ്ക്കു വരുന്നത്. മുസ്‌ലിമിലും ബുഖാരിയിലും അബുദാവൂദിലുമെല്ലാം നബിക്കും ഇമാമിനും ഇടയില്‍ മൂന്ന് പേര്‍ മാത്രമുള്ള ഹദീസ് പരമ്പരകള്‍ കാണാം. എന്നാല്‍ രണ്ടു പേര്‍ മാത്രമുള്ള ഹദീസ് പരമ്പര തുര്‍മുദിയുടെ മാത്രം പ്രത്യേകതയാണ്.

ശറഹുകള്‍

നിരവധി ശര്‍ഹുകളും ഹാശിയകളും ജാമിഉത്തുര്‍മുദിക്ക് വിരചിതമായിട്ടുണ്ട്. ഇമാം സ്വുയൂഥിയും ഇബ്നുല്‍ അറബിയുമെല്ലാം ഇതിന് വിശദീകരണം തയ്യാറാക്കിയവരില്‍ പെടും. ഇന്ത്യയില്‍ നിന്ന് അബ്ദുറഹ്മാന്‍ മുബാറക്പൂരിയുടെ രചനയായി തുഹ്ഫതുല് ‍അഹവദി എന്ന പേരില്‍ ഒരു ശറഹും തുര്‍മുദിക്ക് ഉണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter