ബന്ധം മുറിക്കാനുള്ളതല്ല
''ഒരാള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അയാള്‍ കുടുംബബന്ധം ചേര്‍ക്കട്ടെ''(ബുഖാരി, മുസ്‌ലിം) മാനുഷിക ബന്ധങ്ങള്‍ പവിത്രമായി കാണുകയും അത് നിലനിര്‍ത്താന്‍ ആവശ്യമായ അധ്യാപനങ്ങള്‍ നല്‍കുകയും ചെയ്ത മതമാണ് പരിശുദ്ധ ഇസ്‌ലാം. ഭദ്രമായ കുടുംബസംവിധാനം സാമൂഹിക ജീവിതത്തിന്റെ അസ്ഥിവാരമാണ്. അടിത്തറ ബലഹീനമാകുകയോ ഇളകുകയോ ചെയ്താല്‍ സാമൂഹ്യശൈഥില്യം സംഭവിക്കുകയും സുരക്ഷിതത്വം നഷ്ടപ്പെടുകയും ചെയ്യും.
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ കുടുംബബന്ധം നിലനിര്‍ത്തണമെന്ന പ്രവാചകാധ്യാപനം, വിശ്വാസ പൂര്‍ത്തീകരണത്തിന്റെ ഉപാധിയാണ് ബന്ധം സ്ഥാപിക്കലെന്ന തിരിച്ചറിവ് നല്‍കുന്നുണ്ട്. സത്യവിശ്വാസമാണല്ലോ മനുഷ്യന്റെ മുഖമുദ്ര. കുടുംബബന്ധത്തെ വിശ്വാസവുമായി ബന്ധപ്പെടുത്തുകവഴി കുടുംബബന്ധസ്ഥാപനത്തിന് ഇസ്‌ലാം നല്‍കിയ പ്രാമുഖ്യം എത്രമാത്രമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ബന്ധങ്ങളെ ബന്ധനങ്ങളായി കണ്ട് കുടുംബബന്ധത്തോട് പോലും രാജിയായി അകന്ന് നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന മാനസികാവസ്ഥയിലെത്തി നില്‍ക്കുകയാണ് വര്‍ത്തമാന കാലത്ത് ആധുനിക മനുഷ്യന്‍. മാതൃപിതൃബന്ധങ്ങള്‍ പോലും അന്യം നിന്നുപോകുന്ന ദുരവസ്ഥ. അണുകുടുംബത്തിലും ബന്ധങ്ങളേതുമില്ലാത്ത ഫ്‌ളാറ്റ് ജീവിതത്തിലും ആനന്ദം കണ്ടെത്തുന്ന സ്വാര്‍ത്ഥത. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും സാധ്യമല്ലാത്തവിധം മനസ്സുകള്‍ക്ക് ചുറ്റും വലിയ മതിലുകള്‍ പണിതിരിക്കുന്നു. യാചകന്‍മാര്‍ക്കു പോലും കടന്നുവരാന്‍ കഴിയാത്ത കൂറ്റന്‍ ഭിത്തികള്‍ വളപ്പിന് ചുറ്റും പണിത് വേറിട്ട് നില്‍ക്കുന്നു നാം. രക്തബന്ധമുള്ളവര്‍ക്കുപോലും പരസ്പരം പരിചയമില്ലാ. ജ്യേഷ്ടാനുജന്മാരുടെ സന്തതികള്‍ തമ്മിലറിയില്ല. കൃപയോ വാത്സല്യമോ ഇല്ലാത്ത മരവിച്ച മനസ്സുകള്‍. പുതിയകാല മനുഷ്യന്റെ പുതുമകളാണിതൊക്കെ.
ഇസ്‌ലാം വിഭാവനം ചെയ്യുന്നത് മരവിച്ച മസ്തിഷ്‌കമുള്ള മനുഷ്യയന്ത്രത്തെയല്ല, വിശാലമനസ്‌കത, മനുഷ്യസ്‌നേഹം, ദയ, ആര്‍ദ്രത, കാരുണ്യം, സാഹോദര്യബോധം തുടങ്ങിയ ഉദാത്തസ്വഭാവങ്ങളുള്ള ഉത്തമമനുഷ്യനെയാണ്. ഇവയെല്ലാം ഇതര ജീവികളില്‍നിന്ന് മാനവനെ വ്യതിരിക്തനാക്കുന്ന ഗുണങ്ങളാണ്. ഇത്തരം ഗുണങ്ങള്‍ ഉള്‍കൊള്ളാത്തവര്‍ മനുഷ്യപ്പറ്റില്ലാത്ത നിര്‍വികാരജീവികളായിരിക്കും. കുടുംബബന്ധങ്ങളോ മറ്റു മാനുഷിക സമീപനങ്ങളോ അത്തരക്കാരില്‍ അന്യംനിന്നുപോകുന്നതില്‍ അതിശയോക്തിയില്ല.
കുടുംബബന്ധം നിലനിര്‍ത്തുന്നതില്‍ ഒട്ടധികം നന്മകളുണ്ടെന്ന് നബി തിരുമേനി(സ) പറഞ്ഞിട്ടുണ്ട്. ദീര്‍ഘായുസ്, ഭക്ഷണത്തില്‍ വിശാലത, ദുര്‍മരണത്തില്‍ നിന്നുള്ള കാവല്‍ തുടങ്ങിയവ അവയില്‍പെട്ടതാണ്. നബി(സ) പറഞ്ഞു: ''ദീര്‍ഘായുസ് ലഭിക്കാനും ഭക്ഷണസുഭിക്ഷതയുണ്ടാവാനും ദുര്‍മരണമുണ്ടാകാതിരിക്കാനും ഒരാള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുകയും കുടുംബബന്ധം പുലര്‍ത്തുകയും ചെയ്യുക.''(ബസ്സാര്‍, ഹാക്കിം)
കുടുംബബന്ധം നിലനിര്‍ത്തുന്നവരോട് അല്ലാഹു ബന്ധം സ്ഥാപിക്കുമെന്നും വിഛേദിക്കുന്നവരോട് അല്ലാഹു ബന്ധം വിഛേദിക്കുമെന്നും തിരുവചനത്തില്‍ കാണാം. അബൂഹുറയ്‌റ(റ) ഉദ്ധരിച്ച ഹദീസ് ഇപ്രകാരമാണ്: ''അല്ലാഹു എല്ലാ സൃഷ്ടികളെയും പടച്ചു. സൃഷ്ടികര്‍മ്മത്തില്‍ നിന്ന് വിരമിച്ചയുടനെ കുടുംബബന്ധം എഴുന്നേറ്റു പറഞ്ഞു: അല്ലാഹുവേ! എന്നെ വിഛേദിച്ചുകളയുന്നതില്‍ നിന്ന് നിന്നോട് അഭയം ചോദിക്കുന്ന സന്ദര്‍ഭമാണല്ലോ ഇത്? അല്ലാഹു പറഞ്ഞു: അതെ! നിന്നെ ചേര്‍ക്കുന്നവരെ ഞാനും ചേര്‍ക്കും, വിഛേദിക്കുന്നവരെ ഞാനും വിഛേദിക്കും. നിനക്ക് തൃപ്തിയായില്ലേ?'' ''അതെ, ഞാന്‍ തൃപ്തിപ്പെടുന്നു'' എന്ന് കുടുംബബന്ധം പറഞ്ഞു.
അല്ലാഹു പ്രതിവചിച്ചു: ''എന്നാല്‍ ആ കാര്യം നിനക്ക് നല്‍കിയിരിക്കുന്നു.'' (ബുഖാരി-മുസ്‌ലിം)
മറ്റൊരു തിരുവാക്യം ശ്രദ്ധിക്കുക: പ്രവാചകര്‍(സ) പറഞ്ഞു: ''കുടുംബബന്ധം അര്‍ശിനോട് ബന്ധിക്കപ്പെട്ട തലവളഞ്ഞ ഇരുമ്പ് കൊക്കയാണ്. സ്ഫുടമായ ഭാഷയില്‍ അത് സംസാരിക്കുന്നു. അല്ലാഹുവേ! എന്നോട് ബന്ധപ്പെടുന്നവരോട് നീയും ബന്ധം പുലര്‍ത്തേണമേ. എന്നെ മുറിച്ചുകളയുന്നവരെ നീയും മുറിച്ചുകളയണേ. അപ്പോള്‍ അല്ലാഹു പറയും: ഞാന്‍ റഹ്മാനും റഹീമുമാണ്. എന്റെ നാമത്തില്‍നിന്ന് ഒരു നാമം ഞാന്‍ കുടുംബത്തിന് പകുത്ത് നല്‍കിയിരിക്കുന്നു (റഹിമ് എന്ന പേര്). അതിനോട് ബന്ധപ്പെടുന്നവരോട് ഞാനും ബന്ധപ്പെടും. മുറിച്ചുകളയുന്നവനോട് ഞാനും ബന്ധം മുറിക്കും.'' (ബസ്സാര്‍)
കുടുംബ ബന്ധം സ്ഥാപിക്കുന്നവന്‍ അല്ലാഹുവിനോടുള്ള ബന്ധം നിലനിര്‍ത്തുന്നവനും അത് മുറിച്ചുകളയുന്നവന്‍ അല്ലാഹുവിനോടുള്ള ബന്ധമാണ് വിഛേദിക്കുന്നതെന്നും ഉദ്ധൃതവാക്യങ്ങളില്‍ നിന്ന് സുതരാം വ്യക്തമാകുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ബന്ധം സ്ഥാപിക്കുന്ന അടിമക്ക് ദീര്‍ഘായുസ്സ്, ജീവിതസുഭിക്ഷത, ദുര്‍മണരത്തില്‍ നിന്നുള്ള സുരക്ഷ എന്നിവ നല്‍കി അല്ലാഹു അനുഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാം.
കുടുംബബന്ധ വിഛേദനം അത്യന്തം അപകടകരമായ അപരാധമാണെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. കുടുംബബന്ധം വിഛേദിക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.(ബുഖാരി-മുസ്‌ലിം)
Leave A Comment