ദിവ്യവെളിച്ചം പകർന്ന പുതുജീവനുമായൊരാൾ
നിമിഷാർദ്ധത്തിന്റെ ആയുസ്സുള്ള ഒരു വെളിച്ചക്കീറായിരിക്കും പലപ്പോഴും ജീവിതത്തോളം പഴക്കമുള്ള ഇരുളുകളെ നമ്മിൽ നിന്ന് അശേഷം ഇല്ലാതാക്കുക. മരണത്തിന്റെ മുൾമുനയിൽ നിന്ന് ജീവിതങ്ങളെ ഈ അലൗകിക വെളിച്ചം അവിശ്വസിനീയമാം വിധം കൈപിടിച്ച് കൊണ്ടുവരുന്ന പല കഥകളും നാം കേട്ട് കാണും. അത്തരമൊരു അവിശ്വസിനീയതയുടെ കഥയാണ് ആരോൺ ഡേവിഡ് സിൻഡർ എന്ന അമേരിക്കൻ പൗരന്റെ ജീവിതവും പറയുന്നത്.
53 കാരനായ സിൻഡർ രണ്ട് വർഷം മുമ്പാണ് ജോലിയാവശ്യാർത്ഥം യു.എ.ഇയിലെത്തുന്നത്. അമിതമായ മദ്യാസക്തി വളരെ വേഗം സിൻഡറിന്റെ ജീവിതതാളം തെറ്റിക്കാൻ തുടങ്ങി. മദ്യമില്ലാതെ ഒരു നിമിഷം പോലും പറ്റില്ലെന്നായി അവസ്ഥ. നഷ്ടങ്ങളോടെയുള്ള ഈ മദ്യയാത്ര ഒടുക്കം സിൻഡറിനെ കൊണ്ടെത്തിച്ചത് ആത്മഹത്യയുടെ വക്കിൽ. തന്റെ അപ്പാർട്മെന്റിന്റെ പത്തൊമ്പതാം നിലയിൽ നിന്നും താഴേക്ക് ചാടി സ്വയം മരണം വരിക്കാനുള്ള തീരുമാനമെടുത്ത അവസാന നിമിഷത്തിലാണ് ദൈവ സ്പർശമുള്ള ആ വെളിച്ചം സിൻഡറിനെ തലോടുന്നത്. ഞാൻ നിന്നിലേക്ക് വരികയാണ് ദൈവമേ എന്നാക്രോശിച്ച് ഒരു വേള ആകാശത്തേക്ക് കണ്ണയച്ച സിൻഡർ കണ്ടത് തന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്ന മൂന്ന് മിന്നൽ പിണരുകളാണ്. അത്ര നാൾ കണ്ടിട്ടില്ലാത്ത ആ വെളിച്ചത്തിന്റെ മാസ്മരികതയിൽ മരണം പോലും മറന്നു പോയി അയാൾ. മിന്നൽ അതിവേഗതയിൽ മാഞ്ഞെങ്കിലും അതിന്റെ വെളിച്ചം തനിക്ക് ചുറ്റും തങ്ങി നിൽക്കുന്ന പോലെ. ഒരു പുതു ജീവിതത്തിലേക്കാണ് ആ വെളിച്ചത്തിന്റെ കരുത്തിൽ സിൻഡർ പിന്നെ നടന്ന് കയറിയത്.
അത്ര നാൾ തന്നെ തന്റെ സഹഗാമിയായിരുന്ന മദ്യം അയാൾക്ക് ഒട്ടും സഹ്യമല്ലാതായി മാറി. അകം തൊട്ട ആ അവർണ്ണനീയമായ അനുഭൂതിക്ക് പിന്നാലെയായി സിൻഡറിന്റെ പിന്നീടുള്ള അലച്ചിലുകൾ.
ബാങ്കും വിശുദ്ധ ഖുർആൻ പാരായണവും കേൾക്കുമ്പോൾ തന്റെ മനസ്സ് കൂടുതൽ ശാന്തമാവുന്നതായി അയാൾക്ക് തോന്നിത്തുടങ്ങി. ഇസ്‌ലാമിനെ കുറിച്ചുള്ള അന്വേഷണങ്ങളിലായി തുടർന്നുള്ള ദിവസങ്ങൾ. അവസാനം, കഴിഞ്ഞ ഫെബ്രുവരിയിൽ ഏതാനും സംശയങ്ങൾ നിവാരണം ചെയ്യാനായി സായിദ് ഹൗസ് ഫോർ ഇസ്‍ലാമിക് കൾച്ചറിലേക്ക് വിളിച്ച സിൻഡറിനോട് മറുതലക്കലുള്ള സ്ത്രീ ചോദിച്ചു. "നിങ്ങൾക്ക് ലഭിച്ച മറുപടി തൃപ്തികരമാണെങ്കിൽ പൂർണ്ണ മനസ്സോടെ സത്യസാക്ഷ്യം ഉരുവിടാൻ നിങ്ങൾ തയ്യാറാണോ".
Also Read:എന്റെ പേര് ഐഷ റോസലി, ഇത് എന്റെ ഇസ്‌ലാം ആശ്ലേഷണത്തിന്റെ കഥയാണ്-
നാളുകൾക്ക് മുമ്പ് കണ്ട ആ വെളിച്ചം വീണ്ടും ദൃശ്യമാവുന്ന പോലെ തോന്നി സിൻഡറിന് ഇപ്പോള്‍. ഉള്ളിൽ അണപൊട്ടിയ ആനന്ദാതിരേകം പതിയെ കണ്ണീരിന് വഴിമാറി. ഒരുവേള നഷ്ടപെട്ട സ്വബോധം വീണ്ടെടുത്ത് അയാൾ രണ്ട് തവണ ഉറക്കെ ഷഹാദ ഉരുവിട്ട് ഇസ്‍ലാം സ്വീകരിച്ചു. ഹാറൂൺ എന്ന പുതിയ പേര് സ്വീകരിച്ച് അദ്ദേഹം പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുകയായിരുന്നു അതോടെ. ഇത്രയും നാൾ അനുഭവിക്കാത്ത ശാന്തതയാണ് ഓരോ ദിനവും തനിക്ക് ഇപ്പോള്‍ പകരുന്നതെന്ന് പറയുമ്പോള്‍, ആ ആത്മസംതൃപ്തി അദ്ദേഹത്തിന്റെ കണ്ണുകളില്‍നിന്ന് തന്നെ നമുക്ക് വായിച്ചെടുക്കാനാവും.
ഹാറൂൺ ആയ ശേഷമുള്ള ആദ്യ നോമ്പ് കാലമാണിത്. നോമ്പ് കാലം ആദ്യം മുതൽക്കേ യു. എ. ഇയിൽ ചിലവഴിക്കാനുള്ള തീരുമാനത്തോടെയാണ് അതിന് മുമ്പേ തന്റെ കുടുംബത്തെ സന്ദർശിക്കാൻ അദ്ദേഹം അമേരിക്കയിൽ പോയത്. യു. എ. ഇയിലേക്കുള്ള തിരിച്ച് പോക്ക് പോലും ആദ്യനോമ്പ് ആസ്വദിക്കാന്‍ വേണ്ടിയായിരുന്നു എന്ന് പറയുന്നതാവും ശരി. പക്ഷേ, റമദാന്റെ ആദ്യദിനത്തിലായിരുന്നു യാത്ര എന്നതിനാല്‍ നോമ്പ് പ്രയാസമാവുമോ എന്ന് സംശയിക്കാതിരുന്നില്ല. യാത്രക്കാരന് നോമ്പ് ഒഴിവാക്കാനുള്ള ആനുകൂല്യമുണ്ടെന്ന് പലരും പറഞ്ഞു. വിശിഷ്യാ, 22 മണിക്കൂർ നീണ്ട് നില്‍ക്കുന്ന യാത്രയുമാണല്ലോ.
എന്നാൽ ജീവിതത്തിലെ ആദ്യ റമദാൻ ഒട്ടും നഷ്ടപ്പെടുത്താൻ അദ്ദേഹത്തിന്റെ മനസ്സനുവദിച്ചില്ല. ശരീരത്തെ ദൈവത്തിൽ സമർപ്പിച്ച് ആ 22 മണിക്കൂർ യജ്‌ഞം അദ്ദേഹം വിജയകരമായി പൂർത്തിയാക്കി. ഇപ്പോൾ യു. എ.ഇയിൽ തന്റെ ആദ്യ റമദാൻ ആരാധനകളിലൂടെ ആസ്വദിക്കുകയാണ് ഹാറൂൺ.
"ശാന്തപൂർണ്ണമായ അനുഭൂതികളിലൂടെയാണ് ഇസ്‍ലാം എന്നെ വഴി നടത്തിക്കൊണ്ടിരിക്കുന്നത്. എന്റെ ഭാര്യയും കുട്ടികളും ഇതുവരെയും ഇസ്‍ലാം ആശ്ളേഷിച്ചിട്ടില്ല. ഞാൻ അവരോട് ഈ മതത്തെയും ഞാൻ കടന്ന് പോയ കാലത്തേയും കുറിച്ച് സംസാരിച്ച് കൂടെയിരിക്കാറുണ്ട്. തീർച്ചയായും അവർക്കും ഇസ്‍ലാം അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടാവുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഞാൻ കണ്ട ഏറ്റവും നല്ല മനുഷ്യരാണ് മുസ്‍ലിംകൾ. മറ്റുള്ളവരെ കൂടി ഇസ്‌ലാമിലേക്ക് ആകർഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യണമെന്നാണ് എന്റെ ജീവിതത്തിലൂടെ മുസ്‍ലിം സഹോദരരോട് എനിക്ക് പറയാനുള്ളത്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൂടെയാണ് ഞാൻ പൊയ്ക്കൊണ്ടിരിക്കുന്നത്. ഭാവി എന്തായിരിക്കുമെന്ന് എനിക്ക് നിശ്ചയമില്ല. ഏറ്റവും നല്ല ജീവിതം തന്നെയാകുമെന്നാണ് എന്റെ പ്രതീക്ഷ" പറഞ്ഞു നിര്‍ത്തുമ്പോള്‍, സംതൃപ്തിയുടെയും അനുഭൂതിയുടെയും ഒരായിരം പൂത്തിരികള്‍ ആ മുഖത്ത് ഒന്നിച്ച് കത്തുന്നത് കാണാമായിരുന്നു.
www.khaleejtimes.com ല്‍ വന്നതിന്‍റെ സ്വതന്ത്ര്യ പരിഭാഷ
Leave A Comment