ജൂലിയാന്‍ കാസ്ലീനില്‍ നിന്ന് നൂറഅല്‍സമാനിലേക്കുള്ള യാത്ര

അമേരിക്കക്കാരിയായ വനിതയാണ് ജൂലിയാന്‍ കാസ്ലീന്‍. കന്യാസ്ത്രീയാവാനുള്ള പഠനത്തിന്റെ ഭാഗമായാണ് അവര്‍ ഇതര മതങ്ങളെ കുറിച്ച് പഠിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ആ പഠനം എത്തിനിന്നത് ഇസ്‍ലാമിന്റെ തീരത്തായിരുന്നു. അവസാനം അവര്‍ നൂറഅല്‍സമാനിലെത്തിയ ആ കഥ പങ്കുവെക്കുകയാണ് ഇവിടെ.
എന്റെ മാതാവ് ഡിറ്റോറിയറ്റില്‍ ജനിച്ച ഒരു സിറിയക്കാരിയാണ്. പിതാവ് പോളിക്/ സ്‌ളോവാക്ക് ദമ്പതികളുടെ മകനും. ഞാനും ജനിച്ചത് ഡിറ്റോറിയറ്റ് മിഷിഗണിലാണ്. എന്റെ മുത്തശ്ശിയുടെ പേര് മറോണിറ്റ് എന്നാണ്. അമ്മയും അച്ഛനും മുത്തശ്ശിയുമെല്ലാം കത്തോലിക്കരാണ്. പതിനഞ്ച് വയസ്സായപ്പോള്‍ കന്യാസ്ത്രീയാവണമെന്ന മോഹം എന്നതായിരുന്നു എന്റെ മോഹം. സ്‌ക്കൂളില്‍ ഹിസ്റ്ററി ക്ലാസില്‍ ലോകത്തിലെ പ്രമുഖ മതങ്ങളെക്കുറിച്ചെല്ലാം പഠിക്കാനുണ്ടായിരുന്നു. പഠനം ഇസ്‍ലാമിനെ കുറിച്ചായപ്പോള്‍ ഞാന്‍ വളരെ കുതുകിയായിത്തീര്‍ന്നു. ക്ലാസില്‍ എനിക്കൊരു ഈജിപ്ഷ്യന്‍ സുഹൃത്തുണ്ടായിരുന്നു. ഇസ്‍ലാമിനെ കുറിച്ചുള്ള ക്ലാസില്‍ ടീച്ചര്‍ക്ക് തെറ്റ്പറ്റുമ്പോഴൊക്കെ അവന്‍ തിരുത്തിയിരുന്നു. ഇങ്ങനെയൊക്കെ തിരുത്തണമെങ്കില്‍ അവന്‍ നല്ലൊരു വിശ്വാസിയായിരിക്കുമെന്ന് എനിക്ക് തോന്നി. തുടര്‍ന്ന് പുതു മുസ്‍ലിംകളുടെ അനുഭവങ്ങളിലും അറബിയിലും എനിക്ക് തോന്നിയ താല്‍പര്യമാണ് എന്നെ ഇസ്‍ലാമിലേക്കെത്തിച്ചത്. ഇസ്‍ലാം ഞായറാഴ്ച മാത്രം അനുഭവിക്കാനുള്ളതല്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പലയിടങ്ങളിലായി ഇസ്‍ലാമിനെ ചെറുക്കാനായിരുന്നു ഞാന്‍ ശിക്ഷണം ചെയ്യപ്പെട്ടിരുന്നത്.
മുസ്‍ലിമാവണമെന്ന തീരുമാനമെടുക്കാന്‍ പിന്നെ വൈകിയില്ല, ആദ്യപടിയായി ഞാന്‍ ഈജിപ്ഷ്യന്‍ സുഹൃത്തിനോട് ചോദിച്ചു,
എന്താണ് ഇസ്‍ലാമും കത്തോലിക്ക്‌സും തമ്മിലുള്ള വ്യത്യാസം?
അവന്‍ പറഞ്ഞു. കാര്യമായി ഒന്നുമില്ല.
പക്ഷെ ആ മറുപടിയില്‍ ഞാന്‍ സംതൃപതനായില്ല. രണ്ടും രണ്ടാണെന്നും അവ തമ്മില്‍ കാര്യമായ പല വ്യത്യാസങ്ങളുണ്ടെന്നും ഞാന്‍ അതിനകം തന്നെ മനസ്സിലാക്കിയിരുന്നു.
ഞാന്‍ അവന്റെ ഉമ്മയോട് ഖുര്‍ആന്റെ ഒരു ഇംഗ്ലീഷ് കോപ്പി ചോദിച്ചു വാങ്ങി. അത് വായിച്ചു തുടങ്ങിയതോടെ ഞാനതില്‍ മുഴുകിപ്പോയി. അതിലെ ദൈവികത ഞാന്‍ നേരിട്ടനുഭവിച്ചുതുടങ്ങി. കവിതകളോട് എനിക്ക് വല്ലാത്ത പ്രേമമായിരുന്നു, പതുക്കെ അത് ഖുര്‍ആനിലേക്ക് വഴിമാറി. അപ്പോഴേക്കും ഞാന്‍ ഉള്ളില്‍ മുസ്‍ലിമായിത്തീര്‍ന്നിരുന്നു, അല്‍ഹംദുലില്ലാഹ്.
അതോടെ കുടുംബത്തില്‍നിന്നും പുറത്ത്നിന്നും പ്രയാസങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങി. ഞാന്‍ നിസ്‌ക്കരിക്കാനും നോമ്പ് പിടിക്കാനും തുടങ്ങിയതോടെ അമ്മയെന്നോട് കൂടുതല്‍ പരുഷ സ്വഭാവക്കാരിയായി. എന്റെ ഈ മാറ്റവും അനുഷ്ഠാനങ്ങളും കാണുമ്പോള്‍, അവരും എന്നെപ്പോലെ ഇസ്‍ലാം സ്വീകരിക്കുമെന്നായിരുന്നു എന്റെ കൌമാരബുദ്ധി എന്നോട് പറഞ്ഞിരുന്നത്. പക്ഷെ എന്റെ കണക്കുക്കൂട്ടലുകള്‍ തെറ്റായിരുന്നു. അവര്‍ എന്റെ നിസ്‌കാരക്കുപ്പായവും ഹിജാബും ഖുര്‍ആനും പഠനോപകരണങ്ങളും ഇടക്കിടെ എടുത്തുകൊണ്ട് പോകും, പലപ്പോഴും അവയൊക്കെ ഞാന്‍ ഒളിപ്പിച്ച് വെക്കുകയായിരുന്നു. മുസ്‍ലിം സുഹൃത്തുക്കളോട് കൂട്ടുചേരുന്നതില്‍ നീരസം തോന്നിയ അമ്മ അവരെയും അവരുടെ രക്ഷിതാക്കളെയും വിളിച്ച് ഇസ്‍ലാമിനെ കുറിച്ച് ആരും എന്നോട് സംസാരിക്കരുതെന്ന താക്കീത് വരെ നല്കി.
എന്നെ അമ്മ മുടങ്ങാതെ ചര്‍ച്ചിലേക്ക് കൊണ്ട്‌പോയി. പക്ഷെ ഞാന്‍, ഇവരെല്ലാം എത്ര ഹതഭാഗ്യര്‍ എന്ന ചിന്തയില്‍ അവിടെ അല്‍പ നേരം ഇരിക്കുക മാത്രം ചെയ്തു. ഒരു ദിവസം എന്റെ അമ്മ പാതിരിയുമായി കൂടിക്കാഴ്ച ഒരുക്കി. ഞാന്‍ ഇസ്‍ലാമിനെ സ്‌നേഹിക്കുന്നുവെന്നും ഒരു സുന്ദര മത ദര്‍ശനത്തെ നിങ്ങള്‍ എന്തിനു എതിര്‍ക്കുന്നുവെന്നും ചോദിക്കണമെന്ന് ഞാന്‍ ആലോചിച്ചു. പക്ഷേ, അത് ചോദിച്ചാല്‍ എവിടെയും സ്പര്‍ശിക്കാത്ത ചില മറുപടികളും മുസ്‍ലിംകള്‍ ചെയ്ത്കൂട്ടുന്ന ഭീകരപ്രവര്‍ത്തനങ്ങളും പിന്നെകുറച്ചു ബൈബിള്‍ വചനങ്ങളുമാവും മറുപടിയെന്ന് അറിയാമായിരുന്നതിനാല്‍ ശേഷം ഞാനത് വേണ്ടെന്ന് വെച്ചു.
എനിക്കിപ്പോള്‍ ആകെയുള്ളത് ഒരു സ്വപ്‌നമാണ്, ഏതെങ്കിലുമൊരു മുസ്‍ലിം രാജ്യത്തിലേക്ക് യാത്ര ചെയ്യുക. സ്വതന്ത്രമായി ആരെയും പേടിക്കാതെ ഹിജാബ് ധരിച്ച് ഇസ്‍ലാമിന്റെ അനുഷ്ഠാന കര്‍മ്മങ്ങളെല്ലാം നിര്‍വ്വഹിച്ച് അവിടെ ജീവിക്കുക. ഇതറിഞ്ഞ പാതിരി, അത് സാത്താന്റെ പ്രലോഭനമാണെന്നും ദൈവത്തില്‍ അഭയം പ്രാപിക്കണമെന്നും എന്നെ ഉപദേശിച്ചു. ഇത് പറഞ്ഞപ്പോള്‍ അയാളുടെ ഉള്ളില്‍ കുടികൊള്ളുന്നതാണ് സാത്താനെന്നാണ് എനിക്ക് തോന്നിയത്.
അയാളുടെ മുഖത്തേക്ക് നോക്കിയത് എനിക്കിപ്പോഴും മറക്കാനാവുന്നില്ല. എന്നോട് പൊറുക്കണേയെന്ന് ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു.
ഇടക്കിടെ ബീഫാണെന്ന് പറഞ്ഞ് അമ്മ പന്നി മാംസം പാചകം ചെയ്തു തരും, പക്ഷെ ഞാന്‍ പന്നിയിറച്ചിയെന്ന് പറഞ്ഞ് തള്ളിക്കളയും.
ഒരു ദിവസം അച്ഛന്‍ എന്നോട് പറഞ്ഞു, ഒന്നുകില്‍ നീ കത്തോലിക്കക്കാരിയാവണം, അല്ലെങ്കില്‍ വീടു വിട്ടിറങ്ങണം.
കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി എന്റെ റൂമിന്റെ പൂട്ട് പോലും അവരുടെ കൈയ്യിലായി. അതോടെ നിസ്‌കാരം പോലും ഏറെ പ്രയാസകരമായി. നിസ്‌കാരത്തിന്റെ പേരില്‍ അവര്‍ ഒന്നടങ്കം പരിഹസിച്ച് ചിരിക്കാനും തുടങ്ങി.
ഒരു ചെറിയ പ്രാര്‍ത്ഥന പുസ്തകം നോക്കി ഞാന്‍ പ്രാര്‍ത്ഥനകളൊക്കെ അറബിയില്‍ തന്നെ പഠിച്ചു. എന്റെ മാതാപിതാക്കള്‍ എന്നോടും ഇസ്‍ലാമിനോടും സ്വീകരിച്ച ഈ വൃത്തികെട്ട സമീപനം എന്നെ ഏറെ സങ്കടപ്പെടുത്തിക്കളഞ്ഞു.
ഞാന്‍ എന്റെ അനിയത്തിയോട് ഇസ്‍ലാമിനെക്കുറിച്ച് പറയാന്‍ തുടങ്ങി, ഇത് അച്ഛനും അമ്മയും അറിഞ്ഞു. നീ ഇത് നിര്‍ത്തിയില്ലെങ്കില്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞപ്പോള്‍ അവസാനം ഗതിയില്ലാതെ എനിക്ക് നിര്‍ത്തേണ്ടി വന്നു.
എങ്കിലും ഞാന്‍ അവളോട് അതിനകം തന്നെ ഒത്തിരി കാര്യങ്ങള്‍ പറഞ്ഞിരുന്നു, അത് അവളിലും മാറ്റങ്ങളുണ്ടാക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. എന്തിനാണ് കുമ്പസാരവും മറ്റുമെല്ലാം? നേരെ ദൈവത്തോട് പ്രാര്‍ത്ഥിച്ചാല്‍ പോരെ? തുടങ്ങി അവളും ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.
വീട്ടുകാരുടെ ശക്തമായ നിയന്ത്രണത്തെതുടര്‍ന്ന് കുറച്ച് ദിവസത്തേക്ക് എനിക്ക് നിസ്‌കാരം പോലും നിര്‍ത്തേണ്ടിവന്നു, അല്ലാഹു അതെനിക്ക് പൊറുത്തുതരട്ടെ... എന്റെ സുഹൃത്തുക്കളുടെ മാതാപിതാക്കളല്ലാതെ എന്നെ പിന്തുണക്കാനോ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കുവാനോ മറ്റാരുമുണ്ടായിരുന്നില്ല. എന്തൊക്കെ സംഭവിക്കുമെന്ന് അവര്‍ക്കും അറിയില്ലായിരുന്നു. എന്റെ സുഹൃത്തുക്കളാവട്ടെ എന്നെ പഠിപ്പിക്കുവാനോ എന്റെ സംശയം തീര്‍ക്കുവാനോ മാത്രം അറിവുള്ളവരും ആയിരുന്നില്ല.
എന്റെ ഇരുപതാം വയസ്സില്‍ ഒരു ദിവസം, എനിക്ക് ഖുര്‍ആന്‍ തന്ന ആ കൂട്ടുകാരന്റെ ഉമ്മയോട് പുതിയ പള്ളിയെക്കുറിച്ച് തിരക്കാന്‍ ഞാന്‍ ഫോണ്‍ചെയ്തു. അവര്‍ ഭക്ഷണം കഴിക്കുകയായിരുന്നു. പള്ളി എവിടെയാണെന്നറിഞ്ഞ ഞാന്‍ നേരെ പള്ളിയിലേക്ക് പോയി . ബാങ്ക് കേട്ടപ്പോള്‍ സന്തോഷം കൊണ്ട് ഞാന്‍ കരഞ്ഞു. ശഹാദത്കലിമ ഞാന്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു. എന്റെ വിശ്വാസത്തില്‍ അചഞ്ചലയാവുമെന്നും എതിര്‍ പ്രതികരണങ്ങള്‍ ഒരിക്കലും വകവെക്കില്ലെന്നും അവിടെ വെച്ച് ശപഥം ചെയ്തു. മല്‍സ്യത്തിന്റെ വയറ്റില്‍ അകപ്പെട്ട യൂനുസ് നബിയുമായി ഞാന്‍ എന്നെ താരതമ്യപ്പെടുത്തി. ഞാന്‍ തീരുമാനമുറപ്പിച്ചു, ദുഷിച്ച കൂട്ടുകെട്ടുകളും ചുറ്റുപാടുകളും ഉപേക്ഷിച്ച് ദിനചര്യകള്‍ മുസ്‍ലിംകള്‍ക്കൊപ്പം മാത്രമായിത്തുടങ്ങി, സ്ഥിരമായി ഞാന്‍ ഹിജാബ് ധരിക്കാന്‍ തുടങ്ങി. മാതാപിതാക്കള്‍ നീരസം പ്രകടിപ്പിച്ചുവെങ്കിലും ഞാനതുപേക്ഷിക്കുവാന്‍ തയ്യാറായില്ല. അമ്മ എപ്പോഴും പറയും, ഇസ്‍ലാം പറയുന്നത് മാതാപിതാക്കളെ അനുസരിക്കണമെന്നാണ്, അത് കൊണ്ട് നീ ഞങ്ങള്‍ പറയുന്നത് അനുസരിക്കണം, ഹിജാബൊക്കെ വലിച്ചെറിഞ്ഞ് കൂടുതല്‍ സ്റ്റൈലിഷാവണമെന്നും ഹിജാബിട്ട നീ പടു വൃദ്ധയാണെന്നും അമ്മ നിരന്തരം പരിഹസിക്കുകയും ചെയ്തു. അപ്പോഴെല്ലാം എനിക്കവരോട്, ഈ സത്യമാര്‍ഗ്ഗം ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവുന്നില്ലല്ലോ എന്ന സഹതാപവും അനുകമ്പയുമാണ് തോന്നിയത്.
ഒരിക്കല്‍ എന്റെ സഹോദരിയുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വന്നപ്പോള്‍ ഹിജാബ് ധരിച്ച് അവരെ കാണാനെത്തിയത് അമ്മക്ക് ഇഷ്ടപ്പെട്ടില്ല. സഹോദരിയും അമ്മയും ചേര്‍ന്ന് ഹിജാബ് വലിച്ചൂരാന്‍ ശ്രമിച്ചു. പ്രതിരോധ ശ്രമത്തിനിടയില്‍ എനിക്ക് അമ്മയെ അടിക്കേണ്ടിവന്നു, ആ ചെയ്തത് പൊറുത്തുതരാന്‍ ഞാന്‍‍ അല്ലാഹുവിനോട് ഇപ്പോഴും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കയാണ്.
എന്റെ മുത്തശ്ശനും മുത്തശ്ശിയും എന്നോട് മിണ്ടാതെയായി. അമ്മ എന്നോട് പോയി തുലയാന്‍ പറഞ്ഞു. ഞാന്‍ ബഹളമുണ്ടാക്കിയപ്പോള്‍ അമ്മ എന്നെയും കൂട്ടി ഒരു സൈക്യാട്രിസ്റ്റിനെ കാണാന്‍ പോയി. അയാള്‍ തന്ന മരുന്നുകള്‍ ഞാന്‍ ബാസ്‌ക്കറ്റിലേക്ക് വലിച്ചെറിഞ്ഞു. ഇതേ സാഹചര്യത്തില്‍ സ്‌കൂള്‍ പഠനം ഏറെ ക്ലേശകരമായി തോന്നി. ഞാന്‍ ഇസ്‍ലാമിനെ കുറിച്ച് പഠിക്കാനും പണ്ഡിതയാവാനും തീരുമാനിച്ചു. അത്‌കൊണ്ട് തന്നെ വിവാഹമാണ് ഒരു പരിഹാരമായി എനിക്ക് തോന്നിയത്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സിറിയക്കാരനായ ഒരു നല്ല മുസ്‍ലിമിനെ കണ്ടെത്താന്‍ എനിക്കായി. ഞങ്ങള്‍ വിവാഹിതരായി.
ശേഷം അറ്റ്‌ലാന്റയില്‍ നിന്ന് ഹൂസ്റ്റണിലേക്ക് യാത്ര തിരിച്ചു. ഒരു വര്‍ഷത്തിന് ശേഷം ഞങ്ങള്‍ക്കൊരു കുഞ്ഞ് ജനിച്ചു, യൂസുഫ് എന്ന് അവന്ന് ഞങ്ങള്‍ പേരിട്ടു. അല്‍ഹംദുലില്ലാഹ്, ഞാന്‍ ഇന്ന് വളരെ സന്തുഷ്ടയാണ്. മക്കയിലും മദീനയിലും പോവണമെന്നതാണ് ഇനി എന്റെ ആഗ്രഹം, അത് സഫലമാവാന്‍ നിങ്ങളൊക്കെ പ്രാര്‍ത്ഥിക്കണമെന്നാണ് എന്റെ അപേക്ഷ. ഈയിടെ ഞാനൊരു ജോര്‍ജിയന്‍ സഹോദരിയെ കണ്ടുമുട്ടി, അവരും എന്നെപ്പോലെ നിരവധി പ്രയാസങ്ങള്‍ സഹിച്ച് ഇസ്‍ലാമിലെത്തിയതാണ്. സത്യമാര്‍ഗത്തിലേക്ക് എനിക്ക് വഴിയൊരുക്കിയ അല്ലാഹുവിന് സ്തുതി. മരണം വരെ ഇതില്‍തന്നെ ഉറപ്പിച്ച് നിര്‍ത്തണേ എന്ന് അവനോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

അവലംബം- onislam.net
വിവര്‍ത്തനം- 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter