ഇസ്‍ലാം കൂടുതല്‍ വളരുകയേ ഉള്ളൂ: നൂര്‍ അരിസാ മര്‍യം
വര്‍ഷങ്ങളോളം ജപ്പാനിലെ ബുദ്ധിസ്റ്റ് മഠങ്ങളിൽ ജോലി ചെയ്ത്, ശേഷം ഇസ്‍ലാമിന്റെ സുന്ദര തീരത്തേക്ക് കടന്നു വന്ന നൂർ അരിസ മർയവുമായി നടത്തിയ അഭിമുഖത്തിന്റെ മൊഴിമാറ്റം.
താങ്കളുടെ പശ്ചാത്തലം ചുരുക്കി വിവരിക്കാമോ?
ഞാൻ നൂർ അരിസ മർയം, ജപ്പാനിലെ ടോക്യോയിൽ ജനിച്ച് അവിടെ തന്നെ ഇപ്പോൾ ജീവിക്കുന്നു. എന്റേതായ ഇസ്‍ലാമിക അനുഭവങ്ങൾ കോർത്തിണക്കി സമൂഹ മാധ്യമങ്ങളിൽ കൺടെന്റ് നിർമ്മിക്കലാണ് ഇപ്പോൾ പ്രധാന ഹോബി.
കുടുംബ പശ്ചാത്തലവും ചെറുപ്പകാലവും എങ്ങനെയായിരുന്നു?
എന്റെ മാതാവും പിതാവും നിരീശ്വര വാദികളായിരുന്നു. സാമ്പത്തികമായി വളരെ ഉയർന്ന കുടുംബത്തിലായിരുന്നു ഞാൻ ജനിച്ചത്. എന്നാൽ പിതാവിന്റെ വഴിവിട്ട ജീവിതം എന്റെ കുടുംബത്തെ ശിഥിലമാക്കി എന്ന് തന്നെ പറയാം. മാതാവ് പിതാവിൽ നിന്ന് വിവാഹ മോചിതയായതിനു ശേഷം മാതാവിന്റെ കൂടെയായിരുന്നു എന്റെ ശിഷ്ട കാലം. ഞങ്ങൾ അങ്ങനെ സ്വസ്ഥമായി ജീവിക്കുന്നതിനിടയിലാണ് മാതാവ് അസുഖ ബാധിതയാകുന്നത്.
വിദഗ്‌ദ്ധർ കാൻസർ രോഗമാണെന്ന് വിധിയെഴുതി. ഞാൻ ഒരുപാട് ദുഃഖിച്ചു കരഞ്ഞ ദിന രാത്രങ്ങൾ ആയിരുന്നു പിന്നീട്. മാതാവ് പോയാൽ എനിക്ക് ആര് കൂട്ട് ഉണ്ടാവും, ഞാൻ എങ്ങോട്ട് പോവും എന്നുള്ള ആവലാതികൾ എന്നെ വിടാതെ പിന്തുടർന്നു. എന്നാൽ ആ നിമിഷങ്ങളിൽ എനിക്ക് എന്റെ കൂടെ എന്തോ ഒന്ന് കൂട്ടിന് ഉള്ളതായി തോന്നി. ദൈവത്തെ കുറിച്ച് ഉള്ള എന്റെ ആദ്യത്തെ അനുഭവമായിരുന്നു അത്.
നിങ്ങളുടെ ജീവിതത്തിൽ മത വിശ്വാസങ്ങൾ അല്ലെങ്കില്‍ ചിന്തകള്‍ തുടങ്ങുന്നത് എന്ന് മുതലായിരുന്നു?
ഞാൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്ത് ആണ് മതങ്ങളെ കുറിച്ച് അറിയാനും മനസ്സിലാക്കാനും തുടങ്ങുന്നത്. ആദ്യമായി ബുദ്ധ മതത്തിന്റെ ആശയങ്ങളായിരുന്നു എന്നെ കൂടുതൽ സ്വാധീനിച്ചത്. ബുദ്ധിസ്റ്റ് മഠങ്ങളിൽ ഞാൻ ജോലി ചെയ്തിരുന്നു. ബുദ്ധ മതവിശ്വാസികൾ ദൈവത്തിന് വേണ്ടി ഒരുപാട് ഭക്ഷണ സാധനങ്ങളും സമ്പത്തും മഠങ്ങളിൽ കൊണ്ട് വന്നു നിക്ഷേപിക്കുന്നത് കണ്ടിട്ട് ഞാൻ ആശ്ചര്യപെട്ടിട്ടുണ്ട്. വിശ്വാസികൾ കൊണ്ട് വരുന്ന ആ സമ്പത്ത് ഉപയോഗിച്ച് മഠത്തിലെ ജീവനക്കാർ അവർക്ക് ഇഷ്ടമുള്ള വസ്തുക്കളെല്ലാം വാങ്ങൽ പതിവായിരുന്നു. ആ സമയത്ത് ഞാനും അങ്ങനെ ഒക്കെ ചെയ്തിരുന്നു. ദൈവത്തിന് വേണ്ടി ജനങ്ങൾ സമർപ്പിക്കുന്ന ഈ സമ്പത്തെല്ലാം ദൈവത്തിന് ആവശ്യമുണ്ടോ? ഇതിനു ഏറ്റവും അർഹർ നമ്മൾ അല്ലെ? എന്നീ ചോദ്യങ്ങൾ ആയിരുന്നു എന്നെ അത്തരം ചെയ്തികളിലേക്കെത്തിച്ചത്.
എങ്ങനെയായിരുന്നു ഇസ്‍ലാമിലേക്ക് ആകൃഷ്ടയായത്?
ഒറ്റപ്പെടലുകളും സങ്കടങ്ങളും നിറഞ്ഞ എന്റെ ജീവിതത്തിൽ സമാധാനം കണ്ടെത്താൻ ഞാൻ ഒരുപാട് ശ്രമിച്ചു. മത വിശ്വാസം അതിനുള്ള പരിഹാരമാണെന്ന് ഞാൻ തിരിച്ചറിയുകയും തദനുസരണം ലോകത്തുള്ള വ്യത്യസ്ത മതങ്ങളെ കുറിച്ച് പഠിക്കാൻ ആരംഭിക്കുകയും ചെയ്തു. അങ്ങനെയാണ് ഇസ്‍ലാം മതത്തെ അറിയുന്നത്. ഇസ്‍ലാമിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയപ്പോൾ ഞാൻ എന്താണോ അന്വേഷിക്കുന്നത് അത് ഇസ്‍ലാം മതത്തിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞു.
അതിനിടെയായിരുന്നു ഞാൻ എന്റെ മലേഷ്യൻ മുസ്‍ലിം സുഹൃത്തുക്കളുമൊത്ത് പള്ളിയിൽ പോയത്. അവരുടെ നിസ്കാരവും അതിന്റെ രീതിയും എന്നെ അത്ഭുതപ്പെടുത്തി. ഞാൻ അവരിൽ നിന്ന് കൂടുതൽ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചു. അവർ ഇസ്‍ലാമിലെ ആരാധനാ കർമ്മങ്ങളെ പറ്റി വിശദമായി പഠിപ്പിച്ചു തന്നു.
ഇസ്‍ലാം നിങ്ങളെ കൂടുതൽ സ്വാധീനിക്കാൻ ഉണ്ടായ കാരണങ്ങൾ എന്തൊക്കെയാണ്?
ഒരിക്കൽ എന്റെ ഒരു മുസ്‍ലിം സുഹൃത്ത് എന്നെ ഡിന്നറിനു ക്ഷണിച്ചു. നല്ല സുഭിക്ഷമായ ഭക്ഷണം ഞങ്ങൾ റെസ്റ്റോറന്റിൽ നിന്ന് കഴിച്ചതിനു ശേഷം ബില്ലിന്റെ ഫുൾ പേമെന്റ് അദ്ദേഹം തന്നെയായിരുന്നു നൽകിയത്. അതിനു ശേഷം അദ്ദേഹം സന്തോഷത്തോടെ എന്നോട് ഒരുപാട് സംസാരിച്ചിരുന്നു. ഈ സംഭവത്തിൽ ഞാൻ ശരിക്കും അത്ഭുതപ്പെട്ടിരുന്നു. കാരണം ഞാൻ പരിചയിച്ച എന്റെ സുഹൃത്തുക്കളുടെ ഒപ്പം ഭക്ഷണം കഴിക്കാൻ പോവുകയാണെങ്കിൽ തന്നെയും ബില്ലിന്റെ പകുതിയോ, അല്ലെങ്കിൽ പരസ്പരം വിഭജിച്ചോ ആയിരിക്കും ഞങ്ങൾ ബില്ല് അടക്കുക. ഇത്തരം ഒരു സംഭവം ഇസ്‌ലാമിനെ കൂടുതൽ മനസ്സിലാക്കാൻ എന്നെ പ്രേരിപ്പിച്ചു. അദ്ദേഹം തന്നെ എന്റെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകി. അയാളിൽ നിന്ന് ഇസ്‍ലാമിനെ ഒരുപാട് മനസ്സിലാക്കി.
ഞാൻ മുസ്‍ലിമാവുന്നതിൽ ഖുർആനും ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. പള്ളിയിൽ നിന്ന് ഖുർആൻ ഓതുന്നത് കേട്ടപ്പോൾ തന്നെ എനിക്കൊരു ഉൾവിളിയുണ്ടായി. എന്ത് കൊണ്ട് ഞാൻ ഇസ്‍ലാം സ്വീകരിക്കാതെയിരിക്കണം എന്ന് ഞാൻ സ്വയം ചോദിച്ചു. എന്റെ മുസ്‍ലിം സുഹൃത്തുക്കൾ തന്നെയാണ് എനിക്ക് ശഹാദത് കലിമ ചൊല്ലി തന്നത്. ഞാൻ അതേറ്റു ചൊല്ലുമ്പോൾ ഒരുപാട് കരയുന്നുണ്ടായിരുന്നു.
ഇസ്‍ലാം മതം സ്വീകരിച്ചതിനു ശേഷം വീട്ടിലുള്ളവരുടെ പ്രതികരണം എങ്ങനെയായിരുന്നു?
എന്റെ മാതാവ് ഒഴികെ വീട്ടിലുള്ള എല്ലാവരും എന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയായിരുന്നു. മാതാവിന് ഇസ്‍ലാം സ്വീകരിച്ചത് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. അതോടെ, എന്നോട് സംസാരിക്കാതെയായി, എന്തിനേറെ ഞാൻ അവരുടെ മകൾ അല്ല എന്ന് വരെ പറഞ്ഞു. പക്ഷെ ഞാൻ എന്റെ വിശ്വാസ ധാരയിൽ നിന്ന് പിന്മാറാൻ തയ്യാറായിരുന്നില്ല.
എന്നാൽ എന്റെ സഹോദരി ഞാൻ മുസ്‍ലിമായതിൽ ഒരുപാട് സന്തോഷിക്കുകയാണ് ചെയ്തത്. വൈകാതെ എന്നെ പിന്തുടർന്ന് അവളും ഇസ്‍ലാം മതം സ്വീകരിച്ചു. ശേഷം അവള്‍ എന്റെ മാതാവിന് ഇസ്‌ലാമിനെ കുറിച്ച് പരിചയപ്പെടുത്തുകയും അവരും ഇസ്‍ലാം മതത്തിലേക്ക് വരികയും എന്നോട് ദേഷ്യപ്പെട്ടതിനെല്ലാം എന്നോട് ക്ഷമാപണം നടത്തുകയും ചെയ്തു. ഞാൻ ഇപ്പോൾ ഒരുപാട് സന്തുഷ്ടയാണ്. പ്രതേകിച്ചു ഹിജാബ് ധരിക്കുമ്പോൾ വല്ലാത്തൊരു സുരക്ഷ അനുഭവപ്പെടാറുണ്ട്. മുസ്‍ലിം ആയി ജീവിക്കുന്നതിൽ ഒത്തിരി അഭിമാനം തോന്നുന്നു.
നിലവിലെ ഇസ്‍ലാമിക ലോകത്തുള്ള പ്രശ്നങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
നിലവിലെ ഏറ്റവും വലിയ പ്രശ്നം എന്ന് വെച്ചാൽ ഫലസ്തീൻ ഇസ്രായേൽ സംഘർഷം ആണല്ലോ. ഫലസ്തീൻ ജനതയ്ക്ക് നീതി ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഇസ്‌ലാമിനെ തകർക്കാൻ വേണ്ടി മുസ്‍ലിം വിരുദ്ധർ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ ഇസ്‍ലാം കൂടുതൽ വളരാനേ സഹായിക്കൂ. ഫലസ്തീൻ വിഷയം മനസ്സിലാക്കി തന്നെ ഭാവിയിൽ ഒരുപാട് പേർ ഇസ്‍ലാം മതം സ്വീകരിക്കും. വിശിഷ്യാ ജപ്പാനിൽ യുവ തലമുറയിൽ തന്നെ ഇസ്‍ലാം വലിയ രീതിയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. കുറച്ചു കാലം കൂടി കഴിയുമ്പോൾ ജപ്പാനിൽ ഇസ്‍ലാം മത വിശ്വാസികളുടെ എണ്ണത്തിൽ കാര്യമായ വര്‍ദ്ധനവുണ്ടാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
Leave A Comment