ബീഹാർ സർക്കാരിൻറെ സത്യവാങ്മൂലത്തിൽ തകർന്ന് വീണത്
സത്യാനന്തര കാലത്ത് ഒരു പെരുംനുണ കൂടി പൊളിയുകയാണ്. മലയാളത്തിലെ കാവിക്കൊടി നാട്ടിയ ന്യൂസ് ഡെസ്‌കുകളിൽ ചുട്ടെടുത്ത വലിയ വിവാദമായിരുന്നു കേരളത്തിലെ യത്തീംഖാനകളിലേക്ക് ബിഹാറിൽനിന്ന് മനുഷ്യക്കടത്ത് നടത്തുന്നു എന്ന കോളിളക്കമുണ്ടാക്കിയ വാർത്ത. ദിവസങ്ങളോളം അന്തിച്ചർച്ചകൾ നടന്നു. മാതൃഭൂമി പോലുള്ള മാധ്യമങ്ങൾ ബിഹാറിലേക്ക് ആളെ വിട്ട് എക്‌സ്‌ക്ലൂസീവുകൾ പടച്ചു. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് ഇപ്പോഴിതാ ബിഹാർ സർക്കാർ സുപ്രിംകോടതിയോട് പറഞ്ഞിരിക്കുന്നു. അവർ പഠിക്കാൻ പോയതാണെന്നാണ് സത്യവാങ്മൂലം. ഈ ആഘോഷക്കമ്മിറ്റിക്കാരുടെ പത്രങ്ങളോ ചാനലുകളോ നോക്കിയിട്ട് ഈ വാർത്ത കാണുന്നുമില്ല. കേരള പൊലീസിന്റെ വാദമൊക്കെ അവർ തള്ളി. 2014 മെയ് 24ന് ഉച്ചയ്ക്ക് 2.10നെത്തിയ പട്‌ന-കൊച്ചി എക്‌സ്പ്രസിൽ ബിഹാറിലെ ഭാഗൽപൂർ, ഝാർഖണ്ഡിൽ ബിഹാറിനോട് തൊട്ടുകിടക്കുന്ന ഗോദ്ദ എന്നിവിടങ്ങളിലെ 456 കുട്ടികളാണ് ഒലവക്കോട്ടെത്തിയത്. 25ന് രാത്രി പത്തരക്ക് ഗോഹട്ടി-എറണാകുളം എക്‌സ്പ്രസിൽ 123 പേരുള്ള രണ്ടാം സംഘമെത്തി. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികളായിരുന്നു ഈ 123 പേർ. മലപ്പുറം വെട്ടത്തൂരിലെ അൻവാറുൽ ഹുദാ യതീംഖാന, കോഴിക്കോട്ടെ മുക്കത്തുള്ള മുസ്‌ലിം ഓർഫനേജ് എന്നീ സ്ഥാപനങ്ങളിലേക്ക് പഠനത്തിനു വേണ്ടി വരുന്നവരായിരുന്നു ഈ കുട്ടികൾ. അവർക്കൊപ്പം ദാരിദ്ര്യം നിഴലിക്കുന്ന കണ്ണുകളുമായി ചില രക്ഷിതാക്കളും കേരളത്തിലെത്തി. മുക്കം മുസ്്‌ലിം ഓർഫനേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന, സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡുള്ള 156 കുട്ടികളും ഇതിൽ ഉണ്ടായിരുന്നു. യതീംഖാനയിലെ സുരക്ഷിത ജീവിതവും നല്ല ഭാവിയും സ്വപ്‌നം കണ്ട് വന്നവരായിരുന്നു ബാക്കിയുള്ളവർ. പാലക്കാട് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഉർദു ഗാനാലാപനത്തിൽ എ ഗ്രേഡ് നേടിയ, മുക്കം യതീംഖാനയിലെ ഒമ്പതാം ക്ലാസുകാരൻ മുഹമ്മദ് റിസ്‌വാനും കൂട്ടത്തിലുണ്ടായിരുന്നു. കൊണ്ടുവരുന്ന ആളുകളുടെ പിടിപ്പുകേടു കൊണ്ട് കുട്ടികളിൽ ചിലർക്ക് ടിക്കറ്റില്ലായിരുന്നു എന്നത് സത്യമാണ്. മറ്റു സംസ്ഥാനങ്ങളിൽ പഠിക്കാൻ പോകുമ്പോൾ ഉറപ്പുവരുത്തേണ്ട നിയമപരമായ രേഖകളും ചിലരുടെ കൈവശമുണ്ടായിരുന്നില്ല. ഇതാണ് പ്രശ്‌നങ്ങൾക്ക് വഴിവെച്ചത്. ഈ സാങ്കേതികമായ വിഷയത്തെ പെരുപ്പിച്ചുകൊണ്ടാണ് കുട്ടികളെ കൊണ്ടുവന്ന ഉസ്താദുമാരിൽ എട്ടു പേർക്കെതിരെ 14 വർഷം വരെ തടവു ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷാനിയമം 370(5) പ്രകാരം മനുഷ്യക്കടത്തു കുറ്റം ചാർത്തി കേസെടുത്തത്. അധികൃതരുടെ ക്രൂരത അത് പട്ടിണിയുടെ മൊഹല്ലകളിൽനിന്ന് കാരുണ്യം കവിഞ്ഞൊഴുകുന്ന കേരള മഹല്ലത്തുകളുടെ മടിത്തട്ടിലേക്ക് പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി കടന്നുവന്ന നൂറുകണക്കിനാളുകളെയാണ് നിയമത്തിന്റെ നൂലാമാലകൾ ചൂണ്ടിക്കാണ്ടി ഭരണകൂടം കണ്ണുരുട്ടിയത്. ആ കുഞ്ഞുങ്ങൾക്ക് സ്വന്തം കൈ കൊണ്ട് ഒരു പിടി ചോറു കൊടുക്കാൻ കഴിയാത്തവരാണ് കൊടുക്കുന്നവരുടെ കൈകളിൽ വലങ്ങണിയിക്കാൻ വെമ്പൽ കൊണ്ടത്. മനുഷ്യക്കടത്ത്, മാംസവ്യാപാരം തുടങ്ങിയ ഹീനപദങ്ങളുപയോഗിച്ച് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കേരളത്തിലെ യതീംഖാന പ്രസ്ഥാനത്തെ കരിവാരിത്തേച്ചവർ മറുപടി പറഞ്ഞേ പറ്റൂ. പൊലീസും റെയിൽവെയും ശിശുക്ഷേമ വകുപ്പും കൂടി മെനഞ്ഞുണ്ടാക്കിയ നുണക്കഥയായിരുന്നു അത്. ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പോലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുൻവിധിയോടെയാണ് ഈ കേസിൽ വിധി പറഞ്ഞത്. മാധ്യമങ്ങളോടും മാധ്യമ പ്രവർത്തകരോടുമാണ്. ഒരു നുണയെ ആഘോഷിക്കുമ്പോഴുള്ള ആവേശം അത് പൊളിയുമ്പോൾ കാണാത്തത് എന്തുകൊണ്ടാണ്! ഈ വാർത്തയുടെ ഫോളോഅപ്പുകൾക്കു വേണ്ടി നിങ്ങൾ പിന്നീടെപ്പോഴെങ്കിലും യത്തീംഖാനകളോ ഈ കുട്ടികളുടെ നാടുകളോ പോയി കണ്ടിട്ടുണ്ടോ? അങ്ങനെയൊരു അസൈൻമെന്റ് നിങ്ങൾക്ക് ലഭിക്കാത്തതെന്താണ്! -ഷെരീഫ് സാഗർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter