യുഎഇ-ഇസ്രായേൽ നയതന്ത്ര ബന്ധം: വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് നെതന്യാഹു
തെൽ അവീവ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ യുഎഇയുമായുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന് തൊട്ട് പിന്നാലെ വെസ്റ്റ് ബാങ്ക് അധിനിവേശ പദ്ധതിയെ കുറിച്ച് നയം വ്യക്തമാക്കി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്. വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കുന്ന അജണ്ട ഇസ്രായേല്‍ മാറ്റിവെച്ചിട്ടില്ലെന്ന് നെതന്യാഹു പറഞ്ഞു. പുതിയ നയതന്ത്ര ബന്ധം വഴി ഫലസ്തീന് മേലുളള നടപടികള്‍ ഇസ്രായേൽ അവസാനിപ്പിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം ബെഞ്ചമിന്‍ നെതന്യാഹുവും യുഎഇ സർക്കാർ വക്താവും പറഞ്ഞിരുന്നത്. പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പിക്കാനുള്ള ചരിത്ര കരാറാണിതെന്നും യുഎഇയുടെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെസ്റ്റ് ബാങ്കിലെയടക്കം അധിനിവേശ പദ്ധതി മാറ്റി വെച്ചിട്ടില്ലെന്നും ഇനിയും പുതിയ ഭാഗങ്ങള്‍ ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കുമെന്നും നെതന്യാഹു പ്രതികരിച്ചത്. ടെലിവിഷന്‍ പ്രസംഗത്തിനിടെയാണ് നെതന്യാഹു മുന്‍ നിലപാട് ആവര്‍ത്തിച്ചത്. ഇക്കാര്യത്തില്‍ കാലതാമസം വരുത്താന്‍ മാത്രമേ സമ്മതിച്ചിട്ടുള്ളൂ, ഞങ്ങളുടെ ഭൂമിയുടെ അവകാശങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കില്ല. അദ്ദേഹം പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെ വെട്ടിലായിരിക്കുകയാണ് യുഎഇ. ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുമെന്ന നിബന്ധന ഉണ്ടായതിനാലാണ് യുഎഇക്കെതിരെ അൽപമെങ്കിലും പ്രതികരണം തണുത്തിരുന്നത്. പുതിയ പ്രസ്താവനയോടെ ശക്തമായ വിമർശനം ഉയരുമെന്നാണ് കരുതുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter