മതവും യുക്തിചിന്തയും: ചില വിപരീത ചിന്തകള്‍

യുഗങ്ങളായി മനുഷ്യചേതനയെ ഉജ്ജീവിപ്പിക്കുകയും മനുഷ്യജീവിതത്തെ സ്വാധീനിക്കുകയും ചെയ്ത ശക്തി വിശേഷമാണ് മതം. മനുഷ്യസമൂഹത്തിന്റെ മാനസികവും നാഗരികവുമായ വളര്‍ച്ചയില്‍ മതം അത്യഗാധമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാനുഷിക ബുദ്ധിയുടെ പ്രവൃദ്ധമായ വികാസത്തിനൊപ്പം മനുഷ്യത്വത്തെ വളര്‍ത്തിയെടുക്കുന്നതില്‍ മതം കൂടെനിന്നതായി കാണാം. മതത്തിന്റെ യഥാര്‍ത്ഥ അധ്യാപനങ്ങളില്‍ നിന്ന് സമൂഹം വ്യതിചലിക്കാനുണ്ടായ ഘട്ടങ്ങളില്‍ പോലും വിശ്വാസത്തെ പൂര്‍ണമായി ധിക്കരിക്കാനുള്ള ധാര്‍ഷ്ട്യം സമൂഹത്തിനുണ്ടായിരുന്നില്ല. അതിനാല്‍ സംസ്‌കാരത്തിന്റെ മാതാവാണ് മതബോധമെന്നു പറയാം.

മതത്തിന്റെ അന്തഃസത്ത മഹത്തായ ചില സദുപദേശങ്ങളും മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളുമാകുന്നു. മതം മനുഷ്യനില്‍ നന്‍മ വളര്‍ത്താന്‍ സ്വീകരിച്ച ഉപാധി ദൈവത്തിലും കര്‍മ്മ ഫലത്തിലുമുള്ള വിശ്വാസമാണ്. തന്നെ സൃഷ്ടിച്ചു സംരക്ഷിക്കുന്ന അത്യുദാരനായ ഒരു മഹാ ശക്തിയുണ്ടെന്നും ആ ശക്തിയുടെ നിയമ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കുന്നതിലാണ് തന്റെ ഇഹപര ജീവിതത്തിന്റെ സൗഭാഗ്യം നിലകൊള്ളുന്നതെന്നും ഒരു മുസ്‌ലിം വിശ്വസിക്കുന്നു. ഈ വ്യവസ്ഥയെ ലംഘിക്കാന്‍ ജനശൂന്യമായ കാന്താര മദ്ധ്യത്തിലും പാതിരാവിന്റെ മറവില്‍ പോലും അവന്ന് സാധ്യമാകില്ല. ഉഗ്ര പ്രതാപിയായ സ്രഷ്ടാവിന്റെ രോഷത്തെ സംബന്ധിച്ച ഭീതി അവനെ ആ ഉദ്യമത്തില്‍ ഉറച്ച് നില്‍ക്കാന്‍ നിര്‍ബന്ധിക്കുന്നു.
മതത്തോട് ആധുനിക യുഗം പുലര്‍ത്തുന്ന ശത്രുതക്ക് കാരണം മതവും ശാസ്ത്രവും പരസ്പരം വിരുദ്ധമാണെന്ന വിശ്വാസമാണ്. ലോകം ഇത്രയൊക്കെ പുരോഗമിച്ചിട്ടും മതത്തിന്റെ പൊങ്ങച്ചംപാടി നടക്കുന്നതെന്തിനാണെന്നാണ് ആധുനിക മനുഷ്യന്റെ ചോദ്യം.
മതത്തിന്റെയും ശാസ്ത്രത്തിന്റെയും വിഹാരരംഗങ്ങള്‍  വിഭിന്നമാണ്. പരീക്ഷണത്തിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ടതാണ് ശാസ്ത്രം. പദാര്‍ത്ഥവുമായാണ് അതിനു ബന്ധം. എന്നാല്‍ ജീവിതത്തിന്റെ മാര്‍ഗദര്‍ശനത്തിനായി അവതീര്‍ണമായ വിശ്വാസ പ്രമാണങ്ങളുടെയും അനുഷ്ഠാന മുറകളുടെയും സമുച്ചയമാകുന്നു മതം. ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളുടെ ആധാരം ഗവേഷണവും അനുഭവവുമാണെങ്കില്‍ മത തത്വങ്ങളുടെയും പ്രമാണങ്ങളുടെയും അടിസ്ഥാനം ദിവ്യബോധനമാണ്.
ശാസ്ത്രത്തിന്റെ മാസ്മര ശക്തി അത്ഭുതാ വഹമാണെന്നതില്‍ സംശയമില്ല. അതോടൊപ്പം അതിന്റെ പരിമിതികള്‍ മറന്നുകൂടാ. ശാസ്ത്രത്തിന്റെ നിഗമനങ്ങള്‍ സമ്പൂര്‍ണമല്ല. ശാസ്ത്രീയ ചിന്തയുടെ ചരിത്രത്തില്‍ അപാകതകളുടെയും വൈകല്യങ്ങളു ടെയും പരമ്പര തന്നെ കാണാവുന്ന താണ്. പുതിയ ഗവേഷണങ്ങ ള്‍ക്കൊത്തു മാറിക്കൊണ്ടിരിക്കുന്ന തത്വങ്ങളും സിദ്ധാന്തങ്ങളും അവതരിപ്പിക്കുക ശാസ്ത്രത്തിന്റെ സ്വഭാവമാണ്.  ഇന്നലെത്തെ ശാസ്ത്രം ഇന്നത്തെ കെട്ടുകഥയായും ഇന്നത്തെ ശാസ്ത്രം നാളത്തെ പുരാണമായും മാറുന്നത് അസാധാരണമല്ല. ന്യൂട്ടന്റെയും ഗലീലിയോവിന്റെയും സിദ്ധാന്തങ്ങള്‍ വരെ പില്‍കാലത്ത് മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എന്നാല്‍, മതതത്വങ്ങള്‍ ഇന്നും കാലത്തോടൊപ്പം അജയ്യമായി സഞ്ചരിക്കുന്നുവെന്നുള്ളത് അത്ഭുതാ വഹം തന്നെയാണ്.
യുക്തിവാദം
ദൈവത്തിലുള്ള വിശ്വാസമാണ് മതത്തിന്റെ പ്രാരംഭ ബിന്ദു. അതുകൊണ്ടുതന്നെ ഭൗതികവാദികള്‍ ഒന്നാമതായി കത്തിവെക്കാന്‍ ശ്രമിക്കുന്നതും ഈ വിശ്വാസത്തെയാണ്. ശാസ്ത്രത്തിന്റെ പിന്തുണ അവകാശപ്പെട്ടുകൊണ്ടാണ് അവന്‍ ഈ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നത്. അജ്ഞരായ പൂര്‍വ്വിക മനുഷ്യരുടെ മിഥ്യാസങ്കല്‍പമാണ് ദൈവമെന്നും ശാസ്ത്രീയ ഗവേഷണങ്ങള്‍ പ്രപഞ്ച ഘടനയില്‍ ഒരു ദൈവത്തിന്റെ ആവശ്യകതയെ നിഷേധിക്കുന്നുവെന്നും അവര്‍ വാദിക്കുന്നു. മതങ്ങളെ കുറിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ചിന്തിച്ചു അനുമാനത്തിലെത്തിക്കഴിഞ്ഞിട്ടുണ്ടെന്നും ഒരു പുനഃപരിശോധന ആവശ്യമില്ലാത്തവിധം അതിന്റെ അയുക്തികത തെളിയിക്കപ്പെട്ടിട്ടു ണ്ടെന്നുമാണ് അവരുടെ വിശ്വാസം. തന്‍മൂലം ദൈവത്തെക്കുറിച്ചും മതത്തെക്കുറിച്ചും തങ്ങളുടെ മനസ്സില്‍ രൂഢമൂലമായ ധാരണകളും മുന്‍വിധികളും അകറ്റി നിര്‍ത്തി മതത്തെ സമീപിക്കാന്‍ അവര്‍ക്ക് സാധ്യമാകുന്നില്ല. മതത്തെ കയ്യൊഴിച്ച് യുക്തിവാദം ആശ്ലേഷിക്കുന്നതിലൂടെ ജീവിതം സദ്ഗുണങ്ങളുടെ കതിരണയുമെന്നാണ് യുക്തിചിന്ത. യുക്തിവാദം  മതത്തിന് പകരമാക്കാവുന്ന ഒരു ജീവിത രീതിയല്ലെന്ന് വ്യക്തമാണ്.
ആധുനിക യുക്തിവാദികള്‍ ഗവേഷണത്തിനും പ്രകൃതി ശാസ്ത്ര പഠനത്തിനും സഹായിക്കുന്ന ബുദ്ധിയെ മാത്രമാണ് യുക്തിയായി കൊട്ടിഘോഷിക്കുന്നത്. മനസ്സിന്റെ മറ്റു സവിശേഷതകള്‍ ഇവര്‍ വിസ്മരിച്ചു കളയുന്നു. പദാര്‍ത്ഥനിഷ്ഠമായ സ്ഥൂല സംഭവങ്ങളെയും അവയുടെ പരസ്പര ബന്ധങ്ങളെയും സംബന്ധിച്ചു പഠിക്കുവാന്‍ മാത്രമേ യുക്തികൊണ്ട് സാധ്യമാവൂ. ജീവിതത്തിന്റെ മാര്‍ഗദര്‍ശനത്തിന് ബുദ്ധിയെ മാത്രം അവലംബിച്ചുകൂടാ. കാരണം അത് പരിവര്‍ത്തനോന്‍മുഖവും വികസ്വരവുമാണ്. പ്രായത്തിന്റെയും കാലത്തിന്റെയും വളര്‍ച്ചക്കൊത്ത് ബുദ്ധി അപക്വതയില്‍നിന്നും പക്വതയിലേക്കു പുരോഗമിച്ചുകൊണ്ടിരിക്കും. ബുദ്ധിയെ സംബന്ധിച്ച് അടുത്ത കാലം വരെ പുലര്‍ത്തപ്പെട്ടി രുന്ന ധാരണകള്‍ അപൂര്‍ണമായിരുന്നുവെന്ന് പുതിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
യഥാര്‍ത്ഥ ജ്ഞാനത്തിന്റെ അടിസ്ഥാനമായി ശാസ്ത്രലോകം പൊതുവെ അംഗീകരിക്കുന്നത് ഗവേഷണ പരീക്ഷണങ്ങളെയാണ്. പരീക്ഷണങ്ങളി ലൂടെ അനുഭവിച്ചറിയാന്‍ കഴിയാത്തത് സങ്കല്‍പമായതിനാല്‍ അസ്വീകാര്യമാണെന്നാണ് സിദ്ധാന്തിക്കപ്പെടുന്നത്. ജ്ഞാനസമ്പാദനത്തിന് ശാസ്ത്രീയ ഗവേഷണങ്ങളും ബുദ്ധിയും മാത്രമാണ് അവലംബമെന്നു പറയുമ്പോള്‍ സ്വാഭാവികമായും ബുദ്ധിയും പഞ്ചേന്ദ്രിയങ്ങളും മുഖേന വ്യക്തമായ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്നും യാഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കുവാനുള്ള കഴിവ്, പൂര്‍ണമായും അവയ്ക്കുണ്ടെന്നും വരുന്നു. കാരണം, ബുദ്ധിക്ക് അപ്രാപ്യമായ യാഥാര്‍ത്ഥ്യങ്ങളുണ്ടെന്ന് സമ്മതിക്കുന്നപക്ഷം അത് ഗ്രഹിക്കുവാന്‍ മൂന്നാമതൊരു മാധ്യമം ആവശ്യമാണെന്നും അംഗീകരിക്കേണ്ടി വരും. ഇത് മാനുഷിക കഴിവുകളുടെ അപ്രമാദിത്വത്തിലേക്കും സ്വയം പര്യാപ്തതയിലേക്കും എത്തിക്കുന്ന അവകാശവാദമാണ്.
ഇന്ന് ശാസ്ത്രം മനുഷ്യേന്ദ്രിങ്ങളിലൂടെയും അവയുടെ പര്യാപ്ത സീമ വര്‍ദ്ധനവിന് മാത്രം പറ്റുന്ന യന്ത്രങ്ങളിലൂടെയും കണ്ടെത്തിയിരിക്കുന്ന സത്യം കൂടുതല്‍ ഇന്ദ്രിയങ്ങളുള്ള ഒരപൂര്‍വ്വ ജീവിക്ക് കണ്ടെത്താന്‍ കഴിയുന്ന സത്യത്തേക്കാള്‍ എത്രയോ വിപുലമായ അപൂര്‍ണ സത്യമാവാതെ തരമില്ല. ശാസ്ത്രം ഭാഗിക സത്യത്തെ മാത്രമേ ദര്‍ശിക്കുന്നുള്ളൂവെന്ന് ജയിംസ് ജീന്‍സും, എഡിംഗ്ടനും പണ്ടേ പറഞ്ഞതാണ്.
വിമര്‍ശനങ്ങള്‍
''പരസ്പര വിരുദ്ധങ്ങളായ മതങ്ങളും ഉപമതങ്ങളും ജനതകളിലും രാഷ്ട്രങ്ങളിലും സ്വാധീനം ചെലുത്തുന്ന കാലത്തോളം ലോകത്ത് സമാധാനമുണ്ടാവുകയില്ല; യഥാര്‍ത്ഥ സദാചാര ബോധം പ്രചരിക്കുകയുമില്ല. എന്റെ മതം മാത്രമാണ് സത്യം, മറ്റു മതങ്ങളെല്ലാം അസത്യങ്ങളോ അര്‍ദ്ധസത്യങ്ങളോ ആണ് എന്നുള്ള എല്ലാ മതക്കാരുടെയും അയവില്ലാത്ത മനോബാധയാണ് ലോകസമാധാനത്തിനു പണ്ടത്തെപ്പോലെ ഇന്നും വിഘാതമായി നില്‍ക്കുന്നത്.''
യുക്തിവാദികള്‍ മതത്തിനെതിരെ ആഞ്ഞടിക്കാനു പയോഗിക്കുന്ന വാക്കുകളാണ് മുകളില്‍ വായിച്ചത്. യഥാര്‍ത്ഥത്തില്‍ മതങ്ങളൊന്നും തന്നെ വിദ്വേഷത്തിനോ പരസ്പര നശീകരണത്തിനോ പ്രേരിപ്പിക്കുന്നില്ല. എല്ലാ മതങ്ങളിലും ദൈവികാംശം ഉള്‍ക്കൊള്ളുന്നതിനാല്‍ ശാന്തിയും സമാധാനവും പരസ്പരസ്‌നേഹവും ആണ് അവലംബിക്കുന്നത്. ആദര്‍ശപരമായ വിയോ ജിപ്പുള്ളവരോടു പോലും സഹിഷ്ണുതയോടും സൗമനസ്യത്തോടും വര്‍ത്തിക്കാന്‍ മതങ്ങള്‍ പഠിപ്പിക്കുന്നു. മനുഷ്യനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചതു തന്നെ മതമാണ്. വിദ്വേഷത്തിന്റെ പാടുകള്‍ മനസ്സിനെ കളങ്കപ്പെടുത്താതിരിക്കാനാണ് അവയത്രയും ശ്രമിക്കുന്നത്. ഒരു മതവും ഇതില്‍നിന്ന് വ്യത്യസ്തമല്ല. എന്നാല്‍ ചിലരുടെ സ്ഥാപിത താത്പര്യങ്ങള്‍ മതചിന്തകളുമായി സമന്വയിക്കുമ്പോള്‍ അതില്‍നിന്ന് വിദ്വേഷത്തി ന്റെ സ്ഫുരണങ്ങള്‍ ഉളവാകുന്നു. അവര്‍ ഈ ആശയത്തെ സമുദായത്തിന്റേതെന്ന് വരുത്തിത്തീര്‍ ക്കുന്നതോടെ കാര്യങ്ങള്‍ തടികം മറിയുന്നു. നീവ്രവാദ നിലപാടുകള്‍ ഇവിടെയാണ് ഉരുത്തിരിയുന്നത്. ഇതിന് മതം ഉത്തരവാദിയല്ല.
''ഒരു ജനതയോടുള്ള ശത്രുത അവരോട് അനീതി കാണിക്കുന്നതിന് നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നിങ്ങള്‍ നീതിപാലിക്കുക തന്നെ ചെയ്യുക'' എന്നാണല്ലോ ഖുര്‍ആനികാധ്യാപനം.
പക്ഷേ, ലോകത്തിന്നേവരെ സംഭവിച്ച രക്തച്ചൊരിച്ചി ലുകളുടെയും കൂട്ടക്കൊലകളുടെയും ചരിത്രമെ ന്താണ്? പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ നടന്ന യുദ്ധങ്ങളില്‍ ഒരു കോടിയിലധികം മനുഷ്യര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ലോക മഹായുദ്ധങ്ങളില്‍ എത്ര മനുഷ്യജീവനുകളാണ് കുരുതിയര്‍പ്പിച്ചത്. വര്‍ണ മേധാവിത്വത്തിന്റെയും ജാതി ഗോത്ര മേധാവിത്വങ്ങളുടെയും പേരില്‍ പല നാടുകളിലും കൂട്ടക്കൊലകള്‍ നടക്കുന്നു. മദ്ധ്യ പൗരസ്ത്യ ദേശങ്ങളിലെല്ലാം യുദ്ധം കത്തിയെരി ഞ്ഞുകൊണ്ടിരിക്കുന്നു. സാമ്രാജ്യം കീഴടക്കുവാനു ള്ള ഹുങ്കാരത്തില്‍ വിനാശകരമായ ആയുധങ്ങള്‍ സംഭരിച്ചുവെക്കുകയും മാനവ ജനതക്കുമേല്‍ അവ പ്രയോഗിക്കുകയും ചെയ്യുന്നു. മതമാണോ അവയ്‌ക്കെല്ലാം കാരണം?
മത ശാസ്ത്ര രമ്യത
മതം ശാസ്ത്രത്തിനെതിരു നില്‍ക്കുന്നുവെന്നതാണ് യുക്തിവാദികളുടെ മുഖ്യമായ ആരോപണം.  എന്നാല്‍ ശാസ്ത്രീയ ചിന്തയെയും ഗവേഷണ നിരീക്ഷണങ്ങളെയും തികച്ചും സ്വതന്ത്രമാക്കി നിര്‍ത്തി പുരോഗമനോന്‍മുഖമായ മഹത്തായ ഒരു നാഗരികത വളര്‍ത്തിയെടുത്ത ഒരു ചരിത്രമാണ് ഇസ്‌ലാമിനുള്ളത്. ആധുനിക യൂറോപ്പിനു പോലും വെളിച്ചം നല്‍കിയത് ഇസ്‌ലാമിന്റെ ശീതളഛായ യില്‍ വളര്‍ന്നുവന്ന നാഗരികതയാണെന്നത് അനിഷേധ്യമാണ്.
ശാസ്ത്ര ലോകത്തിന് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ അനര്‍ഘമാണ്. ഇസ്‌ലാമിന്റെ ആവിര്‍ഭാവം തന്നെ വൈജ്ഞാനികമായ ഒരു ഉണര്‍വിനുള്ള ആഹ്വാനത്തോടെയായിരുന്നു. ആധുനിക ശാസ്ത്ര ശാഖകളായ വൈദ്യം, ഗണിതം, ജ്യോതിഷം, രസതന്ത്രം, ഊര്‍ജ്ജതന്ത്രം തുടങ്ങിയവയുടെ ഉപജ്ഞാതാക്കള്‍ മദ്ധ്യകാലഘട്ടത്തിലെ പ്രതിഭാശാലികളായ മുസ്‌ലിം ചിന്തകന്‍മാരായിരുന്നു. ഇബ്‌നു ഇസ്ഹാഖ്, അല്‍ബിറൂനി, റഷീദുദ്ദീന്‍, ഇബ്‌നുഖല്‍ദൂന്‍, ഫറാബി, ഗസ്സാലി, ഇബ്‌നുസീന തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.
ആധുനിക നാഗരികതയ്ക്ക് പരിചയമുള്ള മിക്ക ശാസ്ത്ര ശാഖകളിലും മുസ്‌ലിംകള്‍ വ്യുല്‍പത്തി നേടുകയും പ്രാമാണിക ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. വിശ്വാസം ശാസ്ത്രീയ പുരോഗതിക്ക് വിഘാതമാകില്ലെന്നു മാത്രമല്ല, അത് ശാസ്ത്രകൗതുകത്തില്‍ നിര്‍ബാധമായ പ്രോത്‌സാഹനമായി ഭവിക്കുകയും ചെയ്തു എന്നുള്ളതിന്റെ ഉദാഹരണം നമുക്കിവിടെ കാണാനാവുന്നു. വൈജ്ഞാനികമായ പുരോഗതിക്ക് നേരെ മതം പ്രതിലോമപരമായ നിലപാടനുവര്‍ത്തിച്ചിരുന്നെങ്കില്‍ വിശ്വാസികളായ പൂര്‍വകാല മുസ്‌ലിംകള്‍ക്ക് ഈ പുരോഗതി കൈവരിക്കാന്‍ സാധ്യമാകുമായിരുന്നില്ല. വിശുദ്ധ ഖുര്‍ആനിന്റെ ചിന്താപരമായ പ്രോത്‌സാഹനമാണ് യഥാര്‍ത്ഥത്തില്‍ അവരെ കലാ-ശാസ്ത്ര വിജ്ഞാന മണ്ഡലങ്ങളില്‍ ഉജ്ജ്വല പ്രതിഭാസങ്ങളാക്കി മാറ്റിയത്. യൂറോപ്പ് ഇരുട്ടിലാണ്ടു കിടക്കുമ്പോള്‍ ഉജ്ജ്വലവും പുരോഗമേനാന്‍മുഖവുമായ ഒരു നാഗരികത വളര്‍ത്തിയെടുക്കാന്‍ വിശ്വാസികളായ മുസ്‌ലിംകള്‍ക്ക് കഴിഞ്ഞുവെന്നത് 'മതം പുരോഗതിക്കെതിര്' എന്ന് കൊട്ടിഘോഷിക്കുന്നവര്‍ക്കുള്ള യുക്തമായ മറുപടിയാണ്.
മതവും ശാസ്ത്രവും തമ്മില്‍ രമ്യതയിലും മമതയിലും സഹവര്‍ത്തിച്ചു പോകുന്നതിനെ ആശ്രയിച്ചിരിക്കുന്നു മനുഷ്യന്റെ ഭാവി ഭാഗധേയം. എന്നാല്‍ നമ്മുടെ യുക്തിവാദികള്‍ ആണയിടുന്നു, മതം ശാസ്ത്രവിരുദ്ധമാണെന്നും മാനവ പുരോഗതിക്കു വിലങ്ങുതടിയാണെന്നും. മതം ശാസ്ത്രത്തിന്റെ ശത്രുവല്ല, ശാസ്ത്രം മതത്തിനെതിരുമല്ല. പ്രമുഖ ശാസ്ത്രകാരന്‍മാരില്‍ പലരും മതവാദികളും ദൈവവിശ്വാസികളുമത്രെ. മഹാനായ ബെയ്ക്കണ്‍ പറഞ്ഞതാണ് വാസ്തവം: ''ശാസ്ത്രത്തെക്കുറിച്ചുള്ള അല്‍പജ്ഞാനം മനുഷ്യനെ നിരീശ്വരവാദിയാക്കും. അതിന്റെ അഗാധതയിലേക്കിറങ്ങിച്ചെല്ലുമ്പോഴോ മനുഷ്യന്‍ തികഞ്ഞ മത ഭക്തനായി മടങ്ങുകയും ചെയ്യും.''

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter