അഞ്ചേക്കർ ഭൂമി സുന്നി വഖഫ്​ ബോർഡ് സ്വീകരിക്കരുത് -ജമാഅത്ത്​ ഉലമ-ഇ-ഹിന്ദ്​
ന്യൂഡൽഹി: ബാബരി മസ്​ജിദ്​ നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയും മുസ്ലിം വിഭാഗത്തിന് മസ്ജിദ് നിർമിക്കാൻ മറ്റൊരിടത്ത് അഞ്ചേക്കർ ഭൂമി അനുവദിച്ചും സുപ്രീംകോടതി നടത്തിയ വിധിയിൽ പ്രതികരണവുമായി പ്രമുഖ മുസ്ലിം മത പണ്ഡിത കൂട്ടായ്മയായ ജമാഅത്ത്​ ഉലമ-ഇ-ഹിന്ദ്​. ഉത്തർപ്രദേശ്​ സുന്നി വഖഫ്​ ബോർഡിന്​ സുപ്രീംകോടതി നൽകാൻ ഉത്തരവിട്ട അഞ്ചേക്കർ ഭൂമി സ്വീകരിക്കരുതെന്ന്​ ആവശ്യപ്പെട്ട് ജമാഅത്ത്​ ഉലമ-ഇ-ഹിന്ദ്​ തലവൻ മൗലാന അർഷാദ്​ മദനി രംഗത്തെത്തി. അഞ്ചേക്കർ ഭൂമിക്ക്​ വേണ്ടിയല്ല 70 വർഷം മുസ്‌ലിം വിഭാഗം കേസ്​ നടത്തിയതെന്നും മറിച്ച് മുസ്‌ലിംകളുടെ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകണോയെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ സംഘടനയുടെ വർക്കിങ്​ കമ്മിറ്റി തീരുമാനമെടുക്കും. ഇത്​ തങ്ങളുടെ മാത്രം പ്രശ്​ന​മല്ലെന്നും മുസ്​ലിം സമുദായത്തെ മൊത്തത്തിൽ ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ്​ ഇത്തരമൊരു വിധി വന്നതെന്ന്​ മനസിലാകുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ഇത് തന്റെ മാത്രം അഭിപ്രായമല്ലെന്നും മറ്റു പല ജഡ്ജിമാരുടെയും അഭിപ്രായമാണെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്ഷേത്രം തകർത്തല്ല ബാബർ പള്ളി നനിർമ്മിച്ചതെന്നും ബാബരി പള്ളി തകർത്തത്​ അനധികൃതവും നിയമവിരുദ്ധവുമാണെന്നും അവർ  കുറ്റകൃത്യം ചെയ്​തുവെന്നും വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടും തർക്കസ്ഥലം ഹിന്ദുകൾക്കാണ്​ നൽകിയതിന്റെ വിരോധാഭാസവും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter