സി.കെ.എം സ്വാദിഖ് മുസ്‌ലിയാർ: അഞ്ചര പതിറ്റാണ്ട് നീണ്ട സേവന ഗാഥ
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സമുന്നതനായ നേതാവ് ചെരടക്കുരിക്കള്‍ മുഹമ്മദ് സ്വാദിഖ് മുസ്‌ലിയാർ എന്ന സി.കെ.എം സ്വാദിഖ് മുസ്‌ലിയാർ വിട പറഞ്ഞിരിക്കുകയാണ്. പാലക്കാട്ടെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ട്രഷറർ പദവി വരെ എത്തിയ ആ മഹാമനീഷി സമസ്തയുടെ പഴയ തലമുറയുടെ ഒടുവിലെ കണ്ണിയായാണ് കണക്കാക്കപ്പെടുന്നത്. 1941 ല്‍ പാലക്കാട് ജില്ലയിലെ കുമരംപുത്തൂരില്‍ സൂപ്പി-ആമിന ദമ്പതികളുടെ മകനായാണ് ജനനം. പിതാവ് കച്ചവടക്കാരനും ഉമ്മ ഓത്തുപള്ളിയിലെ അധ്യാപികയുമായിരുന്നു.
അധ്യയന കാലം
പ്രാഥമിക പഠനത്തിന് ശേഷം സമസ്തയുടെ സ്ഥാപകനേതാവായിരുന്ന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാർ സ്ഥാപിച്ച മണ്ണാര്‍ക്കാട്ടെ ദർസില്‍ അദ്ദേഹം ചേർന്നു. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‍ലിയാരുടെ ശിഷ്യനായ ഖാളി കുഞ്ഞഹമദ് മുസ്‌ലിയാരായിരുന്നു മുദരിസ്. പി.കെ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ രണ്ടാം മുദരിസും. 10 വര്‍ഷത്തെ പഠനത്തിന് ശേഷം മഅ്ഖൂലാത്തില്‍ (ബൗദ്ധിക വിജ്ഞാനീയങ്ങള്‍) കൂടുതല്‍ അവഗാഹം നേടാന്‍ കുമരംപുത്തൂരില്‍ താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാരുടെ ദര്‍സില്‍ ചേർന്ന് 2വര്‍ഷം പഠിച്ചു. പിന്നീട് പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ കോട്ടുമല ഉസ്താദിന്റെ ദര്‍സില്‍ 2 മാസവും പഠനം നടത്തിയിട്ടുണ്ട്.
ജാമിഅ നൂരിയ്യയിൽ
12 വർഷം നീണ്ടുനിന്ന ദർസ് പഠനത്തിന് ശേഷം ഉന്നത പഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ ചേർന്നു. ശംസുല്‍ ഉലമയും കോട്ടുമല ഉസ്താദും കെസി ജമാലുദ്ദീൻ മുസ്‌ലിയാരുമൊക്കെയായിരുന്നു അന്നത്തെ ജാമിഅയിലെ പ്രഗല്‍ഭരായ ഉസ്താദുമാര്‍. പഠനത്തിലെ കഴിവ് കണ്ട് ഉസ്താദുമാരുടെ ഇഷ്ടം സമ്പാദിക്കാന്‍ അദ്ദേഹത്തിന് വളരെ പെട്ടെന്ന് തന്നെ സാധിച്ചു. ഏറെ വൈകാതെ ശംസുല്‍ ഉലമയുടെ ഖാദിമാവുകയും ചെയ്തു. പല വഅളുകള്‍ക്കും തന്റെ പകരം ശംസുല്‍ ഉലമ അദ്ദേഹത്തെ പറഞ്ഞയക്കാറുണ്ടായിരുന്നു. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, കാരന്തൂര്‍ മര്‍കസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി, ടി.എസ് ഇബ്രാഹീം മുസ്‌ലിയാര്‍ ചൊക്ലി, എരമംഗലം കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ പിതാവ് ഹസന്‍ കുഞ്ഞിക്കോയ തങ്ങള്‍ തുടങ്ങിയ പ്രഗത്ഭർ ജാമിഅയിലെ അദ്ദേഹത്തിന്‍റെ സഹപാഠികളായിരുന്നു.
1968 ലാണ് ജാമിഅയില്‍ നിന്ന് പഠനം പൂർത്തിയാക്കി ബിരുദം കരസ്ഥമാക്കുന്നത്. ശംസുല്‍ ഉലമയുടെ അനുഗ്രഹം വാങ്ങാന്‍ ചെന്നപ്പോള്‍ ഉടന്‍ ദർസ് ഏറ്റെടുക്കാനായിരുന്നു നിർദേശം. തനിക്കതിന് സാധിക്കില്ലെന്ന് പറഞ്ഞപ്പോള്‍ സാധിക്കുമെന്ന് തിരുത്തി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാനും ശംസുല്‍ ഉലമ നിർദേശിച്ചു.
അധ്യാപന കാലഘട്ടം
ജാമിഅയില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ പാലക്കാട് ജന്നത്തുല്‍ ഉലൂമില്‍ അധ്യാപകനാവാന്‍ ക്ഷണം ലഭിച്ചു. ഇ.കെ. ഹസന്‍ മുസ്‌ലിയാരായിരുന്നു സ്ഥാപനത്തിലെ പ്രധാന അധ്യാപകന്‍. ഹസന്‍ മുസ്‌ലിയാര്‍ സംഘടനാ പ്രവര്‍ത്തനങ്ങളിലും ആദര്‍ശ പോരാട്ടങ്ങളിലും വ്യാപൃതനായിരുന്നതിനാല്‍, അദ്ദേഹം നടത്തിയിരുന്ന ക്ലാസുകള്‍ കൂടി സ്വാദിഖ് മുസ്‌ലിയാരായിരുന്നു നിർവഹിച്ചിരുന്നത്. 1967 മുതല്‍ 78വരെയാണ് അദ്ദേഹം ജന്നത്തുല്‍ ഉലൂമില്‍ സേവനം ചെയ്തത്. ശേഷം മണ്ണാര്‍ക്കാട് ദാറുന്നജാത്തില്‍ പത്തുവര്‍ഷം പ്രിന്‍സിപ്പളായി സേവനം ചെയ്തു. പിന്നീട് ഒരു വര്‍ഷം കുളപ്പറമ്പിലും 15 വര്‍ഷം പട്ടാമ്പി വലിയ ജുമുഅത്ത് പള്ളിയിലും മുദരിസായി. ശേഷം ആറ് വര്‍ഷം പെരുമ്പടപ്പ് പുത്തന്‍പള്ളി മഖാമിന് കീഴിലുള്ള അശ്റഫിയ്യ അറബികോളേജില്‍ പ്രിന്‍സിപ്പളായി സേവനം ചെയ്തു.
സംഘടനാ രംഗത്തേക്ക്
പാലക്കാട് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ടായിട്ടാണ് അദ്ദേഹം സംഘടനാ രംഗത്തെത്തുന്നത്. 1971 ലാണ് സമസ്ത പാലക്കാട് ജില്ല ഘടകം രൂപീകരിക്കുന്നത്. ഏറെ വൈകാതെ കേന്ദ്ര മുശാവറ ജില്ലാ ഘടകത്തിനു അംഗീകാരം നല്‍കി.
വല്ലപ്പുഴ എന്‍.കെ അബ്ദുല്ല മുസ്‌ലിയാരായിരുന്നു സ്ഥാപക പ്രസിഡണ്ട്. സ്വാദിഖ് മുസ്‌ലിയാർ ജനറല്‍ സെക്രട്ടറിയായും ഇ.കെ ഹസന്‍ മുസ്‌ലിയാർ ട്രഷററായും നിയോഗിക്കപ്പെട്ടു. 1979 ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രതിനിധിയായി വിദ്യാഭ്യാസ ബോര്‍ഡിലും എത്തി. 1976 ല്‍ ഹസന്‍ മുസ്ലിയാരുടെ ശുപാർശയില്‍ സമസ്തയുടെ കേന്ദ്ര മുശാവറ അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
2005 ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ട് പദവിയും അദ്ദേഹത്തെ തേടിയെത്തി. നവോത്ഥാനം, നവോല്‍ക്കർഷം, നറു വിജ്ഞാനത്തിലൂടെ എന്ന പ്രമേയത്തില്‍ 2009 ഫെബ്രുവരി 1 മുതല്‍ 2010 ഫെബ്രുവരി 1 വരെ നടന്ന സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സുവർണ ജൂബിലി സമ്മേളനം അദ്ദേഹത്തിന്‍റെ ഈ സേവനകാലയളവിലെ സുവർണ ഏടുകളിലൊന്നാണ്.
2017ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷററായിരുന്ന ജിഫ്രിമുത്തുകോയ തങ്ങള്‍ പ്രസിഡണ്ടായതോടെ അദ്ദേഹം സമസ്തയുടെ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് ജില്ല സമസ്ത ജനറല്‍ സെക്രട്ടറി, പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളേജ് ജനറല്‍ സെക്രട്ടറി, ജാമിഅ:നൂരിയ്യ, നന്തി ദാറുസ്സലാം, പട്ടിക്കാട് എം.ഇ.എ ഭരണസമിതി അംഗം, മണ്ണാര്‍ക്കാട് ദാറുന്നജാത്ത്, പാലക്കാട് ജന്നത്തുല്‍ ഉലൂം എന്നിവയുടെ വൈസ് പ്രസിഡണ്ട്, കുടംബം, കുരുന്നുകള്‍ മാസികകളുടെ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ എന്നിവയാണ് മറ്റു പദവികള്‍. അദ്ദേഹം അലങ്കരിച്ചിരുന്ന ഈ പദവികള്‍ തന്നെ, അദ്ദേഹം ചെയ്ത മഹത്തായ സേവനങ്ങള്‍ വിളിച്ചറിയിക്കുന്നതാണ്.
ഒരു പുരുഷായുസ്സ് കൊണ്ട് ദീനിനും സമുദായത്തിനും ആവുന്നതൊക്കെ ചെയ്ത് വെച്ചാണ് ആ പണ്ഡിതകേസരി വിട പറഞ്ഞിരിക്കുന്നത്. ആ സേവനങ്ങളെല്ലാം സ്വീകരിച്ച് നാഥന്‍ അര്‍ഹമായ പ്രതിഫലം നല്‍കുമാറാവട്ടെ, ആമീന്‍.
Leave A Comment