രാജ്യത്ത് നീതി തടവിലാവുന്നത് എന്തുകൊണ്ട്?
പൗരന്‍മാരുടെ മാനുഷികമായ അവകാശങ്ങള്‍ക്ക് അതീവശ്രദ്ധയും പ്രത്യേകമായ സംരക്ഷണവുമുള്ള നമ്മുടെ ഇന്ത്യാമഹാരാജ്യത്തും ഇന്ന് മനുഷ്യാവകാശങ്ങള്‍ നഗ്‌നമായി ലംഘിക്കപ്പെടുന്നുവെന്നു പറയുന്നത് അതീവ ദുഃഖകരമാണ്. മനുഷ്യാവകാശങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത് മൗലികാവകാശങ്ങളാണല്ലോ.
1986ലെ മനുഷ്യാവകാശ നിയമം മനുഷ്യാവകാശത്തെ ഇങ്ങനെയാണ് നിര്‍വചിക്കുന്നത്: ''മനുഷ്യാവകാശങ്ങള്‍ എന്നാല്‍ ജീവന്‍, സ്വാതന്ത്ര്യം, സമത്വം, അന്തസ് എന്നിവയെ സംബന്ധിച്ച് ഓരോ മനുഷ്യനും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍, അഥവാ ഇന്ത്യയിലെ കോടതികള്‍ക്ക് നടപ്പാക്കാവുന്ന അന്താരാഷ്ട്ര കരാറുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന അവകാശങ്ങള്‍ എന്നാണര്‍ത്ഥം.'' നമ്മുടെ മഹത്തായ ഇന്ത്യന്‍ ഭരണഘടനയുടെ 21ാം അനുച്ഛേദം ജീവിക്കാനുള്ള മൗലികാവകാശം ഓരോ പൗരനും ഉറപ്പുനല്‍കുന്നുണ്ട്. മൗലികമായ അവകാശം എന്നതിനപ്പുറം പൗരന്റെ ജീവിക്കാനുള്ള അവകാശം, വിശാലമായ മനുഷ്യാവകാശങ്ങള്‍ കൂടി ഉള്‍പ്പെട്ട മേഖലയാണ്. അതുപോലെത്തന്നെ സ്വാതന്ത്ര്യം, സമത്വം, ചൂഷണത്തില്‍നിന്നുള്ള സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം, ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്കുള്ള അവകാശം തുടങ്ങിയവയെല്ലാം തന്നെ മനുഷ്യാവകാശങ്ങളുമാണെന്നാണ് പറഞ്ഞുവരുന്നത്.
എന്നാല്‍, നമ്മുടെ വര്‍ത്തമാനകാല ഇന്ത്യന്‍ പരിസരങ്ങളില്‍ പൗരന്റെ മനുഷ്യാവകാശങ്ങളായ മൗലികാവകാശങ്ങള്‍ പോലും ഹനിക്കപ്പെടുന്ന ഒരു ദയനീയ പരിതസ്ഥിതിയാണ് സംജാതമായിട്ടുള്ളതെന്ന ഭീതിതമായ വര്‍ത്തമാനം ജനാധിപത്യ-മതേതര ഇന്ത്യയുടെ ഭാവി അപകടപ്പെടുത്തുന്നതാണെന്ന കാര്യം അവിതര്‍ക്കിതമാണ്. മനുഷ്യാവകാശങ്ങള്‍ക്കും മൗലികാവകാശങ്ങള്‍ക്കും സജീവ ശ്രദ്ധയും കരുതലുമുള്ള നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് മനുഷ്യാവകാശത്തിന്റെ നിര്‍വചനങ്ങളില്‍ ഇരട്ടമുഖങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് ഈ ദുരന്തവര്‍ത്തമാനത്തെ ബോധ്യപ്പെടുത്തുന്നു. 'അഫ്‌സ്പ' എന്ന മനുഷ്യാവകാശങ്ങള്‍ കാര്‍ന്നുതിന്നുന്ന നിയമം മുഖേന രാജ്യത്തെ നിരപരാധികളായ സാധാരണക്കാരുടെ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുമ്പോഴും ഛത്തീസ്ഗഡിലെ ബിനായക് സെന്‍, മണിപ്പൂരിലെ ഇറോം ശര്‍മിള ചാനു, കേരളത്തിലെ അബ്ദുന്നാസര്‍ മഅ്ദനി തുടങ്ങിയവരുടെ മാനുഷിക പരിഗണനകള്‍ എടുത്തുമാറ്റപ്പെടുമ്പോഴും ശിവസേന തലവന്‍ ബാല്‍ തക്കറെയുടെ മരണദിനം ബന്ദ് നടത്തിയത് ചോദ്യം ചെയ്ത രണ്ട് പെണ്‍കൊടികളെ അറസ്റ്റ് ചെയ്തപ്പോഴും പുറത്തുചാടിയത് മനുഷ്യാവകാശങ്ങളിലെ ഇരട്ട മുഖങ്ങളാണ്. പൗരന്റെ അന്തസാര്‍ന്ന ജീവിതത്തിനു വിഘ്‌നം സൃഷ്ടിക്കുമ്പോഴാണ് മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നതെന്ന ചിന്ത ഈയവസരത്തില്‍ ഭരണകൂടത്തിന് അത്യന്താപേക്ഷിതമാണ്.
സ്ത്രീകള്‍ക്കു നേരെയുള്ള വേട്ടയും ഇവിടെ പരാമര്‍ശങ്ങള്‍ക്കു വിധേയമാകേണ്ടതുണ്ട്. അഫ്‌സ്പയുടെ മറവില്‍ സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും അവരുടെ നേര്‍ക്ക് കുതിരകയറുകയും ചെയ്ത സായുധസൈനികരുടെ ദയയറ്റ കഥകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. മണിപ്പൂരിലെ താംഗ്ജം മനോരമ ദേവിയും ജമ്മു കാശ്മീരിലെ ഫാത്തിമ ബീഗവുമെല്ലാം ഇവരുടെ ബലിയാടുകളില്‍ പ്രധാനപ്പെട്ടവര്‍ മാത്രം. ഡല്‍ഹി പീഡനവും ഇതിനോടു കൂട്ടിവായിക്കേണ്ടതുണ്ട്. സ്ത്രീ സമൂഹത്തെ ഓഫീസിലും ഇടവഴികളിലും സ്വന്തംവീടുകളില്‍ പോലും കാമവെറിക്ക് ഇരയാക്കപ്പെടുന്ന ഇന്ത്യയുടെ പുതിയ വര്‍ത്തമാനങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങളുടെ ബാക്കിപത്രങ്ങളാണ്.
ഇന്ത്യയുടെ പൊതു ഇടങ്ങളിലെല്ലാം തുടര്‍ക്കഥകളായ മനുഷ്യവകാശ ലംഘനങ്ങള്‍ വാര്‍ത്തകളും കോളിളക്കമുണ്ടാക്കുന്നവയുമായ സ്ഥിതിക്ക്, ജനാധിപത്യത്തിന്റെ ശുദ്ധവായുവിലാണ് മനുഷ്യാവകാശത്തിന്റെ സുനിശ്ചിതമായ നിലനില്‍പ്പെന്ന് ഭരണകേന്ദ്രങ്ങളും പൗരസമൂഹവും തിരിച്ചറിയുന്നത് നന്ന്. അഫ്‌സ്പ പോലുള്ള മനുഷ്യാവകാശ ധ്വംസക നിയമങ്ങള്‍ വേലിചാടിക്കാത്ത കാലത്തോളം ഇവിടുത്തെ മനുഷ്യാവകാശങ്ങള്‍ക്ക് പൂര്‍ണ സുരക്ഷിതത്വമുണ്ടാവില്ലെന്നത് ഭരണം കൈയാളുന്നവര്‍ ഉള്‍ക്കൊള്ളേണ്ട യാഥാര്‍ത്ഥ്യമാണ്. അഫ്‌സ്പ നിയമം പൂര്‍ണമായി എടുത്തുകളഞ്ഞാലേ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അര്‍ത്ഥവിശാലതയും വ്യാപ്തിയും പരിപൂര്‍ണമാവൂ എന്നു തന്നെ പറയേണ്ടിവരുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍ കഥകളടക്കമുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ ഇതാണ് ഓരോ ഇന്ത്യക്കാരനെയും വിചാരപ്പെടുത്തുന്നതെന്ന കാര്യത്തില്‍ പക്ഷാന്തരമുണ്ടാവാനിടയില്ല.
രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും തുല്യനീതിയെന്നത് പഴയ സങ്കല്‍പം മാത്രമായി ചുരുങ്ങിയ അവസ്ഥയുണ്ട്. അഫ്‌സ്പ നിയമം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അടക്കമുള്ള പിന്നാക്ക വിഭാഗത്തിന് എല്ലാ അര്‍ത്ഥത്തിലും നീതിയുടെ കിരണം അന്യമാവുന്നു. അഫ്‌സ്പ നിലവിലുള്ള നോര്‍ത്ത് ഈസ്റ്റിലെയും ജമ്മുവിലെയും സ്ഥിതിവിശേഷങ്ങള്‍ ഇതാണ് ഓരോരുത്തരേയും ബോധ്യപ്പെടുത്തുന്നത്.
ന്യൂനപക്ഷ വേട്ട:
മതവും രാഷ്ട്രീയവും
നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന്റെ വിശാല ജനാധിപത്യത്തില്‍ ഇന്ത്യക്കാര്‍ ഓരോരുത്തരും അഭിമാനിക്കുന്നു. വിശാല വീക്ഷണമുള്ള നമ്മുടെ ഭരണഘടനയും സ്വതന്ത്രവും നിഷ്പക്ഷവുമായ നിലപാടുകളുമുള്ള നീതിന്യായ സംവിധാനങ്ങളും ഇന്ത്യക്കാരെ ലോകത്തിനു മുന്നില്‍ അഭിമാനബോധമുള്ളവരാക്കുന്നു. എന്നാല്‍, ഇടക്കിടെയുള്ള ചില ആശങ്കകള്‍ നമ്മെ അലോസരപ്പെടുത്തുന്നുമുണ്ട്. ഈയവസരത്തില്‍, ചിലര്‍ നമ്മുടെ രാഷ്ട്രീയ സംവിധാനത്തെ സംശയാസ്പദമായിക്കാണുന്നു. ഇവരെ നമുക്ക് കുറ്റം പറയാനാവില്ല. കാരണം, തത്വത്തില്‍ ഒന്നും പ്രയോഗത്തില്‍ മറ്റൊന്നുമാവുമ്പോള്‍ സംശയങ്ങളും ആശങ്കകളുമുണ്ടാവുന്നത് സ്വാഭാവികം മാത്രം.
നമ്മുടെ രാജ്യത്ത് ന്യൂനപക്ഷ വേട്ട എന്ന പദം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. മുസ്‌ലിങ്ങളടക്കമുള്ള രാജ്യത്തെ ദലിത്-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ പല രീതിയിലും ബലിയാടുകളാവുന്ന ദുരന്ത വര്‍ത്തമാനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹത്തില്‍ നിന്നാണ് ഈ പദത്തിന്റെ ആവിര്‍ഭാവമെന്നത് സുവിദിതമാണ്.
മതപരവും സാംസ്‌കാരികപരവും ഭാഷാപരവും പ്രാദേശികപരവുമായ വൈപരീത്യങ്ങളില്‍ ന്യൂനപക്ഷ വിഭാഗമായി വസിക്കുന്നവരാണല്ലോ രാജ്യത്തെ മുസ്‌ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങള്‍. ഇതില്‍പ്പെട്ട സിംഹഭാഗവും ഇന്ന് ഭീകരവേട്ടയിലും ഭരണകൂട വേട്ടയിലും ബലിയാടുകളാവുന്ന ദയനീയാവസ്ഥയാണല്ലോ നമുക്ക് ഇന്ത്യയിലെ എല്ലാ ഭാഗത്തും കാണാനാവുന്നത്. ഇത് രാജ്യത്തിന്റെ ന്യൂനപക്ഷങ്ങളെയും അധസ്ഥിത വിഭാഗത്തെയും ആകുലപ്പെടുത്തുന്നുണ്ടെന്നതൊരു വസ്തുതയാണ്. മതം നോക്കി പ്രതിപ്പട്ടികയും ഭീകരവാദിപ്പട്ടികയും നിര്‍മിക്കുന്ന ഒരു സ്ഥിതിവിശേഷം നമ്മുടെ ഇന്ത്യന്‍ പരിസരങ്ങളില്‍ ഇന്ന് നിലനില്‍ക്കുന്നുണ്ടെന്നര്‍ത്ഥം.
നമുക്ക് മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവസ്ഥ പരിശോധിക്കാം. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഏറ്റവും വലിയ വിഭാഗമാണല്ലോ മുസ്‌ലിങ്ങള്‍. രാജ്യത്ത് മൊത്തമായി ഇന്ന് 13.4 ശതമാനം മുസ്‌ലിങ്ങളാണ് ജീവിക്കുന്നതെന്നാണ് കണക്കുകള്‍. എന്നാല്‍, ഖേദകരമെന്നു പറയട്ടെ, രാജ്യത്ത് അരങ്ങേറുന്ന വംശീയ കലാപങ്ങളില്‍ ഇരയാക്കപ്പെടുന്നവരില്‍ 90 ശതമാനവും മുസ്‌ലിങ്ങളാണ്.
നാനാത്വത്തില്‍ ഏകത്വം
( ഡിശ്യേ ശി റശ്‌ലൃശെ്യേ) എന്ന തത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാജ്യത്താണ് ഈ വൈരുദ്ധ്യങ്ങളെന്ന് പ്രത്യേകം മനസ്സിലാക്കണം. നമ്മുടെ മാഗ്നാകാര്‍ട്ടയെന്ന് അറിയപ്പെടുന്ന ഭരണഘടനയുടെ പീഠികയില്‍ തന്നെ ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ഭരണകൂടത്തോട് ആഹ്വാനം ചെയ്യുന്നുണ്ട്. എന്നാല്‍, ഇന്ന് എല്ലാ ഭാഗത്തും മുസ്‌ലിം വേട്ടകളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
2002ല്‍ ഗുജ്‌റാത്ത് സംസ്ഥാനത്ത് നടന്ന സ്‌പോന്‍സേഴ്‌സ് കൂട്ടക്കൊല ഏകദേശം ആയിരത്തിലധികം മുസ്‌ലിങ്ങളെ കൊന്നൊടുക്കിയെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. നരേന്ദ്ര മോഡിയെന്ന വര്‍ഗീയ രാക്ഷസന്‍ നടത്തിയ ഗുജ്‌റാത്ത് കലാപം വരുത്തിയ മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ലായെന്നത് രാജ്യത്തെ മതേതര വിശ്വാസികളെ ഛിദ്രതയിലാഴ്ത്തുന്നു. അതേസമയം, മുസ്‌ലിങ്ങളെ വംശവിഛേദനം നടത്തലിലൂടെ കുപ്രസിദ്ധി നേടിയ നരേന്ദ്ര മോഡി വികസനത്തിന്റെ കള്ളക്കുപ്പായമിട്ട് പ്രധാനമന്ത്രി പദത്തിലേക്ക് വലിഞ്ഞുകയറുന്നുവെന്നത് ഇന്ത്യയെ ഒന്നടങ്കം അരക്ഷിതമാക്കുകയാണ്. വര്‍ഗീയത ആളിക്കത്തിക്കുന്ന നരേന്ദ്ര മോഡി തന്നെയാണ് ഗുജ്‌റാത്തിനെ ഇന്നും ഭരിക്കുന്നതെന്നത് രാജ്യത്തെ മുസ്‌ലിം അരക്ഷിതാവസ്ഥയുടെ പ്രകടമായ തെളിവാണ്.
ഭരണകൂട ഭീകരതയാണ് മുസ്‌ലിങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. മതവും വര്‍ഗവും നോക്കി പ്രതികളെ നിശ്ചയിക്കുന്ന ഒരു ഏര്‍പ്പാടാണ് ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ ഭരണകൂടങ്ങളില്‍ നിന്നും നിയമപാലകരില്‍ നിന്നുമുണ്ടാവുന്നത്. രാജ്യത്തെ മിക്ക മുസ്‌ലിങ്ങളെയും ഭീകരപ്പട്ടികയില്‍ ഉള്‍ക്കൊള്ളിക്കുന്ന ഭരണകൂട ഭീകരതയാണ് നിലനില്‍ക്കുന്നതെന്നര്‍ത്ഥം. ഇന്ത്യയില്‍ അടിക്കടി ആവര്‍ത്തിക്കുന്ന സ്‌ഫോടനങ്ങളിലും ഭീകരാക്രമണങ്ങളിലും നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരടക്കമുള്ളവര്‍ പ്രതികളാവുന്ന ഒട്ടനേകം സംഭവങ്ങളുടെ യഥാര്‍ത്ഥ വസ്തുതകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതോടൊപ്പം, ആയിരക്കണക്കിന് വരുന്ന മുസ്‌ലിങ്ങള്‍ വിചാരണത്തടവുകാരായി നിയമവ്യവസ്ഥയ്ക്ക് തന്നെ അപമാനമായി ജയിലില്‍ കഴിയുന്നുമുണ്ട്. മതത്തിന്റെയോ ജാതിയുടെയോ പേരില്‍ വിവേചനം അരുതെന്നു പറയുന്ന ഭരണഘടന നിലവിലുള്ള രാജ്യത്താണ് ഈയവസ്ഥയെന്ന് ചിന്തിക്കണം. ന്യൂനപക്ഷ മുസ്‌ലിങ്ങളെ പ്രാന്തവത്ക്കരിക്കാന്‍ ശ്രമിക്കുന്ന ഭരണകൂടം, നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ അന്യായമായി അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ഭീതിതാന്തരീക്ഷത്തിലാണ് ഇന്ത്യ നിലകൊള്ളുന്നതെന്നത് മതേതരത്വം പുനര്‍വായിക്കുന്നതിലേക്ക് പോലും കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നു. ഹൈദരാബാദ്, ഡല്‍ഹി, കര്‍ണാടക, ഉത്തര്‍പ്രദേശ്, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ തിരഞ്ഞുപിടിച്ച ്ഭീകരത ചുമത്തുന്ന പോലീസ് നാടകങ്ങള്‍/വാഴ്ചകള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് അരക്ഷിതത്വബോധമുണ്ടാക്കുകയാണെന്നത് സുതരാം വ്യക്തമാണ്. വിചാരണത്തടവുകാരായ മുസ്‌ലിം ചെറുപ്പക്കാരുടെ അവസ്ഥയും തഥൈവ. അതേസമയം, വിചാരണത്തടവുകാരായ രാജ്യത്തെ മുസ്‌ലിം ചെറുപ്പക്കാരുടെ 'തീവ്രവാദ' കേസുകള്‍ അന്വേഷിക്കാനും അവ കൈകാര്യം ചെയ്യാനുമായി അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കെ.എ. റഹ്മാന്‍ ഖാന്റെ പ്രസ്താവന ശുഭോദര്‍ക്കമാണ്. 2012 സപ്തംബറില്‍ പ്രസിദ്ധീകരിച്ച നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 2011ല്‍ രാജ്യത്തെ മൊത്തം 1382 ജയിലുകളില്‍ 3,72,926 പേരാണുള്ളത്. ഇതില്‍ 75,053 പേരും മുസ്‌ലിങ്ങളാണ്. 22,943(17. 8 ശതമാനം) മാത്രമാണ് ഇതില്‍ കോടതി ശിക്ഷ വിധിച്ചവര്‍. 51,206 മുസ്‌ലിങ്ങളും വിചാരണത്തടവുകാരായി കഴിയുന്നു(ഏകദേശം 21.2 ശതമാനം പേര്‍.) മൊത്തം മുസ്‌ലിം തടവുകാരില്‍ 60 ശതമാനത്തിലേറെ പേര്‍ ഇപ്പോഴും വിചാരണ കൂടാതെയോ വിചാരണക്കാലയളവിലോ ജയിലില്‍ കിടക്കുന്നവരാണെന്നര്‍ത്ഥം. മൊത്തം സംസ്ഥാനങ്ങളിലെ 2,31,017 വിചാരണ തടവുകാരില്‍ 48,918 പേര്‍ മുസ്‌ലിങ്ങളാണ്. കേന്ദ്ര ഭരണ പ്രദേശങ്ങള്‍ കൂടി പരിഗണിച്ചാല്‍ 2,41,200 വിചാരണത്തടവുകാരില്‍ 51,206 പേരും മുസ്‌ലിങ്ങളാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ നാലു സംസ്ഥാനങ്ങളിലാണ് വിചാരണത്തടവുകാര്‍ കൂടുതലുള്ളത്. ഭരണകൂടം അടിച്ചേല്‍പ്പിക്കുന്ന 'അപരാധം' കൊണ്ട് വിചാരണത്തടവുകാരായി കഴിയേണ്ടിവരുന്ന മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അരക്ഷിതബോധം ഭരണകൂടം കണ്ടില്ലെന്നു നടിക്കുകയാണെങ്കില്‍ ക്ഷേമരാഷ്ട്രമെന്ന ഇന്ത്യയുടെ മുദ്രണം പീഡനരാഷ്ട്രം എന്നായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
തീവ്രവാദത്തെ മതത്തിന്റെ കണ്ണാടിയിലൂടെ നോക്കിക്കണ്ടതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് അബ്ദുന്നാസര്‍ മഅ്ദനി എന്ന വയോധികന്‍. മുസ്‌ലിമായി എന്ന ഒറ്റക്കാരണത്താല്‍ മാനുഷിക പരിഗണന പോലും ലഭിക്കാതെ ക്രൂശിക്കപ്പെടുന്ന മഅ്ദനിയുടെ കദനങ്ങള്‍ അയവിറക്കുമ്പോള്‍ മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദന്റെ ശ്രേഷ്ഠമായ വരികള്‍ ഓര്‍മവരികയാണ്.
''ഒരു നാളുണര്‍ന്നു നോക്കുമ്പോള്‍
സ്വരൂപമാകെ മാറിയിരിക്കുന്നു
തൊപ്പിക്കു പകരം 'കുഫിയ്യ'
കത്തിനു പകരം തോക്ക്
കളം നിറയെ ചോര
ഖല്‍ബിരുന്നിടത്ത് മിടിക്കുന്ന ബോംബ്
കുടിക്കുന്നത് 'ഖഹ്‌വ'
വായിക്കുന്നത് ഇടത്തോട്ട്
പുതിയ ചെല്ലപേര്: 'ഭീകരവാദി'
ഇന്നാട്ടില്‍ പിറന്നുപോയി, ഖബ്‌റ്
ഇവിടെത്തന്നെയെന്നുറപ്പിച്ചിരുന്നു
ഇപ്പോള്‍ വീട് കിട്ടാത്ത യത്തീം
ഏറ്റുമുട്ടലിലെന്ന് പാടിക്കൊല്ലാം
തെളിവൊന്നുമതി: എന്റെ പേര്''
പ്രകോപനമുണ്ടാക്കിയെന്നു പറയുന്ന പ്രസംഗം മൂലം ചെയ്ത തെറ്റിന് മഅ്ദനി പരസ്യമായി മാപ്പു പറഞ്ഞിരുന്നു. എന്നിട്ടും മുസ്‌ലിം എന്ന നിലയില്‍ 'തീവ്രവാദി'യായി മാറി. ഇവിടെ കുറിപ്പുകാരന്‍ അപരാധങ്ങളോടു കൂട്ടുനില്‍ക്കുകയല്ല. തെറ്റ് ആരുടെ ഭാഗത്തുനിന്നുണ്ടായാലും അര്‍ഹമായ രീതിയില്‍ ശിക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. പക്ഷേ, അപരാധങ്ങളെ മതവല്‍ക്കരിക്കുന്നതും സാമുദായിവല്‍ക്കരിക്കുന്നതും ഇന്ത്യ പോലോത്ത, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാജ്യത്തിന് അഭിലഷണീയമായ പ്രവണതയാണോ എന്ന് എല്ലാ കോണിലുള്ളവരും ചിന്തിക്കുന്നത് ഭാവി ഇന്ത്യയുടെ ഭാസുരതയ്ക്ക് അനുപേക്ഷണീയമായിരിക്കും. മുംബൈ നഗരത്തെയും മഹാരാഷ്ട്ര സംസ്ഥാനത്തെ തന്നെയും വര്‍ഗീയതയില്‍ ആളിക്കത്തിച്ച തെക്കെ ഇന്ത്യക്കാര്‍ക്കെതിരേ ചോരതുപ്പി കലാപമുണ്ടാക്കിയ ശിവസേന നായകന്‍ ബാല്‍താക്കറെ ഏവര്‍ക്കും വീരപുത്രന്‍. വി.എച്ച്.പി അമരക്കാരായ അശോക് സിംഗാളിനും ബാല്‍താക്കറെയ്ക്കുമെല്ലാം പ്രകോപനപരമായ എന്തും വിളിച്ചുകൂവാം. അവരെയൊന്നും ആരും തീവ്രവാദിയെന്നോ ഭീകരവാദിയെന്നോ വിളിക്കരുത്! അതേസമയം, മഅ്ദനിയും അസ്ഹറുദ്ദീന്‍ ഉവൈസിയുമൊക്കെ രാജ്യദ്രോഹിയും തീവ്രവാദിയും. ഇത് എന്തൊരു നീതിയാ...?
അരക്ഷിത ബോധത്തില്‍ തളച്ചിടപ്പെട്ട ഇന്ത്യന്‍ മുസ്‌ലിമിനെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വോട്ടുബാങ്കിനുള്ള ആയുധമാക്കുന്ന സ്ഥിതിവിശേഷമാണ് നിലവില്‍ രാജ്യത്തിന്റെ മുഴുവന്‍ ഇടങ്ങളിലും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിശേഷിച്ചും. അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയമായും മതപരമായും സാമൂഹികമായും അന്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ മുസ്‌ലിം പിന്നാക്കാവസ്ഥ പഠിക്കാന്‍ നിരവധി കമ്മീഷനുകളെ നിയമിച്ചെങ്കിലും സര്‍ക്കാരുകള്‍ അവരുടെ നിര്‍ദേശങ്ങളും ശിപാര്‍ശകളുമെല്ലാം അപ്പാടെ തള്ളിക്കളഞ്ഞുനടപ്പാക്കിയ ശിപാര്‍ശകളും പദ്ധതികളും തന്നെ കേവലം ഉപരിപ്ലവം മാത്രമായി ചുരുക്കുകയുമായിരുന്നു.
മുസ്‌ലിം ന്യൂനപക്ഷത്തെ കൂടി ഉള്‍ക്കൊള്ളുന്ന വികസനം കൊണ്ടും ജനകീയ പദ്ധതികള്‍ കൊണ്ടും മാത്രമേ ക്ഷേമരാഷ്ട്രമെന്ന ഇന്ത്യയുടെ സ്വപ്നത്തിനും വളര്‍ച്ചയ്ക്കും പുരോഗതിയിലേക്കു കുതിക്കാനാവൂയെന്ന് രാജ്യം ഭരിക്കുന്ന ഭരണകേന്ദ്രങ്ങളും രാഷ്ട്രീയ നേതാക്കളും തിരിച്ചറിയേണ്ടതായിട്ടുണ്ട്. ഒറ്റപ്പെടുകയും അന്യവല്‍ക്കരിക്കുകയും ചെയ്ത മുസ്‌ലിം ന്യൂനപക്ഷത്തിന് സുരക്ഷിതത്വവും നിര്‍ഭയത്വവും കൈവന്നാലല്ലാതെ ഇന്ത്യയുടെ വിശാല ജനാധിപത്യം സാര്‍ത്ഥകമാവില്ലെന്ന് ഭരണകൂടങ്ങള്‍ മനസ്സിലാക്കുന്നത് നന്ന്. ആയതിനാല്‍, ഈ വിഷയത്തില്‍ ഭരണം കൈയാളുന്നവര്‍ ഇച്ഛാശക്തി കാണിക്കണം. മുസ്‌ലിം പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം സംവരണവും തുല്യനീതിയുമാണ്. രാജ്യത്തെ മുസ്‌ലിം പിന്നാക്കാവസ്ഥ പഠിച്ച ജസ്റ്റിസ് രവീന്ദ്ര സച്ചാര്‍ കമ്മീഷനും രംഗനാഥ മിശ്ര കമ്മീഷനും ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്. രാഷ്ട്രീയ രംഗത്തും ഉദ്യോഗ രംഗത്തും പ്രാതിനിധ്യം നല്‍കാതെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സാമൂഹിക-സാമ്പത്തിക രംഗത്ത് മാറ്റം വരാന്‍ ഇടയില്ല.
രാഷ്ട്രത്തെ സാമൂഹിക സുരക്ഷിതത്വത്തെ കുറിച്ച് മുസ്‌ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ ആശങ്കാകുലരാകുമ്പോഴും അവകാശ നിഷേധങ്ങളെ കുറിച്ചും സംസാരിക്കുമ്പോഴും ലഭ്യമായ അവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും അവബോധമുള്ളവരായിരിക്കണം. നിയമത്തിന്റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അവകാശങ്ങളും ആനുകൂല്യങ്ങളും കരഗതമാക്കാന്‍ മുസ്‌ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ എല്ലായുപ്പോഴും ബദ്ധശ്രദ്ധമാവുകയും വേണം.
മുഴുവന്‍ പൗരന്‍മാര്‍ക്കും തുല്യനീതി വിഭാവനം ചെയ്യുന്ന ഇന്ത്യാ മഹാരാജ്യത്ത് ഈയടുത്ത കാലത്തായി ഇരട്ട നിയമം പ്രത്യക്ഷമായത് രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്ക് മൊത്തത്തില്‍ ഭീതി സൃഷ്ടിക്കുന്നു എന്ന നിഗമനത്തില്‍ തെറ്റില്ല. വിഭിന്ന വിഭാഗത്തില്‍പ്പെടുന്നവര്‍ ഐക്യമത്ത്യത്തോടെ 'ഒരൊറ്റ ഇന്ത്യ' എന്ന വികാരത്തില്‍ ജീവിക്കുന്ന എല്ലാ പൗരന്‍മാര്‍ക്കും തുല്യനിയമവും തുല്യനീതിയും ഭരണഘടനാപരമായി പ്രയോഗവല്‍ക്കരിക്കുന്ന നമ്മുടെ രാജ്യത്ത്, അസ്വസ്ഥതകളും 'സൈനിക വേട്ട'യും ന്യൂപക്ഷ വേട്ടകളും മനുഷ്യാവകാശലംഘനങ്ങളും അരങ്ങുതകര്‍ക്കുന്നത് ശുഭകരമല്ല. തുല്യനീതി സമവാക്യം കേവലം ഏടുകളില്‍ മാത്രം ഒതുങ്ങിപ്പോവുകയും പ്രയോഗത്തില്‍ ഇരട്ടനീതി പ്രകടമാവുകയും ചെയ്യുമ്പോള്‍ തകരുന്നത് നമ്മുടെ പവിത്രമായ ജനാധിപത്യത്തിന്റെ ആന്തരികതയാണെന്നത് രാജ്യത്തെ ഭരണകൂടങ്ങളും നിയമപീഠങ്ങളും നിയമപാലന സംഘവും സാധാരണക്കാരടക്കമുള്ള പൗരസമൂഹവും വിസ്മരിക്കരുത്. വ്യത്യസ്ത മേഖലകളിലും വിഭിന്ന സാഹചര്യങ്ങളിലും ജീവിക്കുന്ന, രാഷ്ട്രത്തെ എല്ലാ പൗരന്‍മാര്‍ക്കും തുല്യനിയമവും നീതിസമത്വവും ഉണ്ടാവാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചാലേ വൈവിധ്യങ്ങളില്‍ ഏകത്വം കാണുന്ന ഒരൊറ്റ ഇന്ത്യ പൂര്‍ണാര്‍ത്ഥത്തില്‍ പുലരുകയുള്ളൂ എന്ന് തിരിച്ചറിയപ്പെടാതെ പോവരുത്.
Leave A Comment