വീട്ടില്‍ ഭാര്യ ചെയ്യുന്ന പണി നിങ്ങള്‍ ഒരു ദിവസം ചെയ്തുനോക്കിയിട്ടുണ്ടോ?
പതിനെട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ ഞാനും സഫിയും ഏറ്റവും കൂടുതല്‍ തല്ലുകൂടിയിട്ടുള്ളത് എവിടെയെങ്കിലും പോകാന്‍ ഒരുങ്ങുമ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങാത്തതിന് വേണ്ടിയാണ്.
പാര്‍ട്ടിക്കോ, കുട്ടികളുടെ സ്‌കൂളിലെ പരിപാടിക്കോ, ആരുടെയെങ്കിലും ബര്‍ത്ത് ഡേയ്ക്കോ, എന്തിനായാലും കുറച്ച് പോലും വൈകി എത്തിയാല്‍ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. ഒരുതരം ചമ്മല്‍. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും റെഡി ആവാന്‍ അധികം സമയം വേണ്ട, പക്ഷെ സഫി റെഡി ആയിക്കഴിഞ്ഞും വീട്ടില്‍ നിന്നിറങ്ങുന്നതിന് കുറെ സമയം എടുക്കുക്കും.
കഴിഞ്ഞ മാസം അവള്‍ അവളുടെ കൂട്ടുകാരുടെ കൂടെ ഒരു കല്ല്യാണത്തിന് പോയപ്പോള്‍ വീട് നോക്കുന്ന മുഴുവന്‍ ചുമതല എന്റേതായിരുന്നു. സമയത്തിന് ഭക്ഷണം കൊടുത്ത്, കുട്ടികളെ കൃത്യ സമയത്ത് സ്‌കൂളില്‍ വിട്ട് നല്ല സമയ നിഷ്ഠ പാലിക്കുന്ന ഒരാഴ്ച ഞാന്‍ മനസ്സില്‍ കണ്ടു.
വൈകുന്നേരം മോനെ മ്യൂസിക് സ്‌കൂളില്‍ കൊണ്ടുപോകാന്‍ ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് തുണി അലക്കാന്‍ ഇട്ട കാര്യം ഓര്‍ത്തത്. അതൊന്നു ഉണക്കാന്‍ വേണ്ടി ഡ്രയറില്‍ ഇട്ടിട്ടു അടുത്ത സെറ്റ് വാഷിംഗ് മെഷീനില്‍ ഇട്ടാല്‍ ക്ലാസ് കഴിഞ്ഞു വരുമ്പോഴേക്കും ഒരു അടുത്ത സെറ്റ് തുണി ഇടാന്‍ റെഡി ആയിരിക്കും എന്നോര്‍ത്തത്.
മോനെ ഒരു മിനിറ്റ് വെയിറ്റ് ചെയ്യൂ എന്ന് പറഞ്ഞു നനഞ്ഞ തുണികള്‍ ഡ്രയറില്‍ കയറ്റി ഒരു ലോഡ് വാഷിംഗ് മെഷീനിലും കയറ്റി ഓണ്‍ ചെയ്തു വരുമ്പോള്‍ മൂത്തവന്‍ മാറ്റി ഇട്ട സോക്‌സ് തറയില്‍ കിടക്കുന്നു. സോക്‌സ് എല്ലാം ഒരുമിച്ച് വാഷിംഗ് മെഷീനില്‍ ഇട്ടതെ ഉള്ളൂ, ഓടിപോയി മെഷീന്‍ തുറന്നു ഈ സോക്സും കൂടി തിരുകി കയറ്റുമ്പോഴേക്കും മോന്‍ വാതില്‍ക്കല്‍ നിന്ന് വൈകും എന്നും പറഞ്ഞു നിലവിളി തുടങ്ങി.
ഓടി അടുക്കള വഴി പുറത്തേക്ക് ഇറങ്ങാന്‍ നോക്കുമ്പോള്‍ ദോശ മാവു കുഴച്ച പാത്രം കഴുകാന്‍ ആയി സിങ്കില്‍ ഇരിപ്പുണ്ട്. കുറച്ചു വെള്ളം നിറച്ചു വച്ചാല്‍ അത് കുതിര്‍ന്നിരിക്കും, രാത്രി കഴുകാന്‍ എളുപ്പമായിരിക്കും. ഒരു മിനിറ്റിന്റെ കാര്യമേയുള്ളൂ. മോനോട് ഒരു മിനിറ്റ് കൂടെ എന്ന് വിളിച്ചു പറഞ്ഞു പത്രവും നനച്ചു വച്ചു ഓടി വന്നു കാറില്‍ കയറി. അതിനിടയ്ക്ക് ഷൂ റാക്കില്‍ നിന്ന് താഴെ വീണു കിടന്ന് രണ്ടു ഷൂ എടുത്തു നേരെ വയ്ക്കുകയും ചെയ്തു.
സ്റ്റാര്‍ട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു സന്ദേഹം, മീന്‍ കറി അടുപ്പത്തു വച്ചത് ഓഫ് ചെയ്തുവോ ആവോ? പിന്നെയും ഇറങ്ങി അടുക്കളയിലേക്ക് ഓടി സ്റ്റവ് ഓഫ് ചെയ്തു എന്നുറപ്പു വരുത്തി. വെറുതെ ഫയര്‍ ഡിപ്പാര്‍ട്‌മെന്റിന് പണി ഉണ്ടാക്കി വയ്ക്കണ്ടലോ?
സഫി ഉള്ളപ്പോള്‍ എന്നും കറക്റ്റ് സമയത്ത് കുട്ടികളെ മ്യൂസിക് ക്ലാസ്സില്‍ വിടുന്ന ഞാന്‍ അന്ന് അഞ്ചു മിനിറ്റ് വൈകിയെത്തി.
ഇപ്പോള്‍ ഞാന്‍ അവളോട് എന്തിനാണ് വീടിനു പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഇത്ര സമയമെടുക്കുന്നത് എന്ന് ചോദിക്കാറേ ഇല്ല. കാരണം ആണുങ്ങള്‍ പുറത്തേക്ക് ഇറങ്ങുന്ന പോലെയേ അല്ല പെണ്ണുങ്ങള്‍ വീടിനു പുറത്തേക്ക് ഇറങ്ങുന്നത് എന്ന് ആ ഒരാഴ്ച കൊണ്ട് ഞാന്‍ പഠിച്ചിരുന്നു.
പെണ്ണുങ്ങള്‍ അവരുടെ ആത്മാവിന്റെ ഒരംശം വീടിനുള്ളില്‍ തൂക്കിയിട്ടിട്ടാണ് പുറത്തേക്ക് ഇറങ്ങുന്നത് എന്നും, ഇറങ്ങുന്നതിനു മുന്‍പ് ആയിരം കൊച്ചു കൊച്ചു കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാറുണ്ട് എന്നും എനിക്ക് ഇപ്പോള്‍ നന്നായി അറിയാം!
ഇതുവരെ ഞാന്‍ കാണാതെ പോയ ആയിരം കാര്യങ്ങള്‍... ഇതുവരെ ഞാന്‍ കാണാതെ പോയ ആയിരം കാര്യങ്ങള്‍....
Leave A Comment