ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിൽ എഴുതിച്ചേര്‍ത്ത വീരോതിഹാസമാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജി- കെഇഎൻ
ജിദ്ദ: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ഇടറാത്ത വരികളാല്‍ എഴുതിച്ചേര്‍ത്ത വീരോതിഹാസമാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെയും മലബാര്‍ സമരത്തിന്‍റെയുമെന്ന് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനും സാഹിത്യ വിമര്‍ശകനുമായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും വാരിയന്‍ കുന്നനും എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വെബിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു കെ.ഇ.എന്‍.

സാമ്രാജ്യത്വ ശക്തികള്‍ക്കും ജന്മിത്വത്തിനും സവര്‍ണമേല്‍ക്കോയ്മക്കുമെതിരെ മലബാറില്‍ നടന്ന തുല്യതയില്ലാത്ത സമരമാണ് ഖിലാഫത്ത് പോരാട്ടം. ഇതിനെ വര്‍ഗീയ വേര്‍തിരിവുണ്ടാക്കി ഹിന്ദു മുസ്‌ലിം കലാപമായി ചിത്രീകരിക്കാന്‍ അക്കാലം മുതല്‍ക്കേ ചില ശക്തികള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ 1919 -ല്‍ നടന്ന ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെ വിശേഷിപ്പിക്കുന്ന തരത്തില്‍ രേഖപ്പെടുത്തേണ്ട ഭീകരവും നടുക്കമുളവാക്കുന്നതുമായ കൂട്ടക്കൊലയാണ് വാഗണ്‍ ട്രാജഡി എന്ന് പറയപ്പെടുന്ന വാഗണ്‍ കൂട്ടക്കൊല. എന്നാല്‍ മുന്‍ ധാരണയോടെയും വ്യക്തമായ വര്‍ഗീയ വിവേചനത്തോടെയും ചരിത്രത്തെ വളച്ചൊടിക്കാന്‍ മടിക്കാത്തവരാണ് ബ്രിട്ടീഷുകാരും അവരുടെ പാദസേവകരായി രാജ്യത്തിന്‍റെ ഭരണത്തിലേറിയവരും.

ബ്രിട്ടീഷ് കിരാത വാഴ്ചക്കെതിരെ പോരാടാന്‍ രംഗത്തിറങ്ങിയ പണ്ഡിത നേതൃത്വമായിരുന്നു ആലി മുസ്‌ലിയാരും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയും. അവരോടൊപ്പം സമര രംഗത്ത് പതറാത്ത മനസോടെ ഒത്തൊരുമിച്ചു നിന്ന് സമരത്തിന് നേതൃത്വം നല്‍കിയ എം.പി നാരായണമേനോന്‍, മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നന്പൂതിരിപ്പാട് തുടങ്ങി നിരവധി ഹൈന്ദവ വിശ്വസികളായ നേതാക്കളുടെയും ചരിത്രം അവിസ്മരണീയമാണ്, അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് അധിനിവേശ ഭൂമിയില്‍ ചുരുങ്ങിയ കാലത്തേക്കെങ്കിലും മലയാള രാജ്യമെന്ന പേരില്‍ ഭരണം സ്ഥാപിക്കുകയും സാധാരണ ജനങ്ങള്‍ക്ക് നീതിപൂര്‍വകമായ ജീവിത സാഹചര്യം ഒരുക്കുകയും ചെയ്ത വ്യക്തിയാണ് വാരിയന്‍കുന്നതു കുഞ്ഞഹമ്മദാജിയെന്ന് വ്യക്തമാക്കിയ കെഇഎൻ, അഗാധമായ മാനവിക കാഴ്ചപ്പാടുള്ള ഭരണ നിപുണനായ വാരിയന്‍ കുന്നന്‍ തക്ബീര്‍ മുഴക്കിയ മലയാളി ചെഗുവേരയാണെന്നും വിശേഷിപ്പിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter