കേരളത്തിലും വിജയകുമാറുമാര്‍ ജനിക്കുന്നതും ജയിക്കുന്നതും...
harmonyഉമ്മാ ഞാന്‍പുവ്വാ... മോനേ ഉപ്പാനോട് സലാം പറഞ്ഞിട്ട് പോ.. ഉപ്പാ ഞാന്‍പോകാ.... അസ്സലാമുഅലൈകും.. മോനേ ശ്രദ്ധിച്ച് പോണംട്ടോ...രണ്ട് വശവും നോക്കിയേ റോഡ് മുറിച്ച് കടക്കാവൂ... മോളൂ ഇവനെ ശ്രദ്ധിച്ച് കൊണ്ട് പോണംട്ടോ... ഇങ്ങനെ ഒരു സംഭാഷണം കഴിഞ്ഞ ഒമ്പതാം തീയതി വ്യാഴാഴ്ച രാവിലെ കാഞ്ഞങ്ങാട് കല്ല്യോത്ത് അമ്പലത്തറ കണ്ണോത്തെ അബ്ബാസിന്റെ വീട്ടില്‍ നടാന്നോ എന്നത് കൃത്യമായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും സമാനമായ ഒരു സംഭാഷണം നടിന്നിട്ടുണ്ട് എന്നതില്‍ സംശയമില്ല. കാരണം മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്കുള്ള സ്വാഭാവിക ശ്രദ്ധയേ ഈ പറഞ്ഞ വാക്കുകളിലുള്ളൂ.... കാലിന് ചെറിയ സ്വാധീനക്കുറവുള്ള ആ മോന്റെ കാര്യത്തില്‍തീര്‍ച്ചയായും ഇതിലപ്പുറം ശ്രദ്ധ ആ മാതാപിതാക്കള്‍കാണിച്ചിട്ടുണ്ടാവണം. പക്ഷേ, അന്നേദിവസം അസ്വാഭാവികമായി ചിലതു സംഭവിച്ചു. യാത്ര പറഞ്ഞു പോയ ആ മകന്‍ പിന്നീട് ആ മുറ്റത്തേക്ക് തിരിച്ചുവന്നത്, ചലനമറ്റ ശരീരമായാണ്. വര്‍ഗീയ കോമരത്തിന്റെ മൂര്‍ച്ചയുള്ള ആയുധത്തിനു മുന്നില്‍ ജീവന്‍നഷ്പ്പെട്ട അടുത്ത കേരളീയന്‍എന്നതിനപ്പുറം ഒരുപാട് അര്‍ഥങ്ങളടങ്ങിയിട്ടുണ്ട് ഈ കൊലപാതകത്തില്‍. അവയില്‍ വേദനിപ്പിക്കുന്നതും ആശങ്കയിലകപ്പെടുത്തുന്നതും അരിശപ്പെടുത്തുതും അതിലെല്ലാമുപരി ഭീതിപ്പെടുത്തുന്നതുമുണ്ടെന്നതാണ് വസ്തുത. മത സൗഹാര്‍ദ്ദത്തിന് കേളികേട്ട കേരളത്തില്‍ ഭൂരിപക്ഷ മൃദുല-സഹൃദയ ഹിന്ദുക്കളോട് പുലബന്ധം പോലും പുലര്‍ത്തുന്നില്ല എന്നു മാത്രമല്ല, അവരുടെ ഇഷ്ടങ്ങളെ കാണാതെ പോകുന്ന ന്യൂനാല്‍ ന്യൂനപക്ഷമായ ആര്‍ എസ് എസിന്റെ നേതൃത്വത്തിലുള്ള ചില തീപ്പൊരിപ്രസംഗങ്ങളില്‍ പ്രചോദനമുള്‍ക്കൊണ്ട് സാധാരണക്കാരന്റെ ജീവനെടുക്കാനിറങ്ങിയ ചരിത്രത്തിന് ചെറുതല്ലാത്ത പഴക്കമുണ്ടെന്ന് തന്നെ പറയേണ്ടിവരും. പക്ഷേ ഈയടുത്ത് കാസര്‍കോഡ് പിഴുതെറിയപ്പെട്ട ചെറുചെടിയുടെ കാര്യത്തില്‍ നാം കുറച്ച് കൂടി ആഴത്തില്‍ ചിന്തിക്കന്നത് നന്നായിരിക്കും. ഈ കൊലപാതകത്തില്‍ വേറിട്ടു നില്‍ക്കുന്ന ചില വസ്തുതകള്‍ ആദ്യം തന്നെ സൂചിപ്പിക്കാം. 1. ഒറ്റ നോട്ടത്തില്‍ തീവ്ര ഹിന്ദു നിലപാടിന്റെ ഏറ്റവും ക്രൂരമായ സമീപനത്തിന് ഇരയാകേണ്ടി വന്നു ഫഹദിന്. ലോകം എന്തെന്ന് തിരിച്ചറിയുന്നതിനു മുമ്പേ താനറിയാത്ത ഒരു കാരണത്തിന് വേണ്ടി ലോകത്തോട് പിരിയേണ്ടി വന്നു. 2. കൊലപാതകി വിജയകുമാര്‍ ഇതിനു മുമ്പും തീവ്രഹിന്ദുത്വത്തിനു വേണ്ടി പ്രവര്‍ത്തിച്ചു എന്നറിഞ്ഞിട്ടും മാനസികരോഗിയാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ചിലര്‍ നടത്തിയ ഇടപെടലുകള്‍ സമൂഹത്തില്‍ മുഴച്ചുനിന്നു. 3. ഒറ്റപ്പെട്ടതെങ്കിലും ചില ശബ്ദങ്ങള്‍ വിജയകുമാറിന് അനുകൂലമായി വന്നു. കേരളീയ സാഹചര്യത്തില്‍ അത് അപകടകമായ ഒരു പ്രവണത തന്നെയാണ്. 4. വിജയകുമാര്‍ തീവ്ര ഹിന്ദു പ്രസംഗങ്ങളില്‍ ആകൃഷ്ടനായിരുന്നു എന്ന് അയാളുടെ സുഹൃത്തുത്തുക്കളുടെ മൊഴി. ഇവ ഇങ്ങനെ അക്കമിട്ട് നിരത്താന്‍കാരണം ഒരു സമാന്തര കുറ്റപത്രം നിര്‍മ്മിക്കുക എന്നതൊന്നുമല്ല. മറിച്ച് കേരളത്തില്‍ ഇത് വരെ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത, നാം സ്വപ്‌നത്തില്‍ പോലും ഈ നാട്ടില്‍ ഉണ്ടാവരുതേ എന്ന് പ്രാര്‍ഥിക്കന്ന പല സംഭവങ്ങളും നേരെ കണ്‍മുന്നില്‍ അതും അധികാരികളുടെ ഒത്താശയോടെ നടക്കുമ്പോള്‍, ഒരു സ്വാഭാവിക മുസ്‌ലിമിന്റെ സാധാരണ ആശങ്കയായി മാത്രം ഇതിനെ കണ്ടാല്‍ മതി. പക്ഷേ ഇതിനെല്ലാമപ്പുറം ചിന്തിക്കേണ്ട വസ്തുത മറ്റൊന്നാണ്. പാര്‍ട്ടിയും വ്യക്തിയും കുടുംബവും എന്നല്ല, മതം പോലും മാറ്റിവെക്കാം, പക്ഷേ അതിനേക്കാളേറെ ഭീഷണി ഉയരുന്നത് മനുഷ്യത്വത്തിന് നേരയല്ലേ എന്നതാണ് ഏറ്റവും വലിയ ആശങ്ക. ലോകത്തെകുറിച്ച് ഒന്നാം ക്ലാസിലെ അദബിനും പറ പനക്കും അപ്പുറം ഒന്നും തന്നെ അറിയാത്ത കുട്ടിയുടെ കഴുത്തില്‍ പന്ത്രണ്ടിഞ്ച് കത്തിയിറക്കി ജീവനെടുക്കണമെങ്കില്‍ അതിന് സാമാന്യ മാനസിക രോഗമൊന്നും മതിയാവില്ല എന്നതല്ലേ ശരി. അതിന് കാലങ്ങളായി ചില ദേശീയ ഭ്രാന്തന്‍മാര്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭ്രാന്ത് തന്നെ പിടിപെടേണ്ടിവരും. നമ്മുടെ പൂര്‍വികര്‍ എന്നോ ചെയ്ത ഏതോ പുണ്യകര്‍മത്തിന്റെ ബലം കൊണ്ട് അവക്ക് കേരളത്തിലിതുവരെ ഒരു ഭ്രാന്താലയം തുടങ്ങാനായിരുന്നില്ലെന്നത് നേര്. എന്നാല്‍സംസ്ഥാനത്തെ അത്തരം ആദ്യ ഭ്രാന്താലയത്തിന്റെ ശിലാസ്ഥാപനമല്ല ഇതെന്ന് ഉറപ്പിച്ചങ്ങ് പറയാന്‍ഇനിയും നമുക്കാവുമോ എന്ന് ന്യായമായും സംശയിക്കേണ്ടിവരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter