പ്രാര്‍ത്ഥനാ പാരായണങ്ങളില്‍ രാവുകളുണരട്ടെ
അല്ലാഹുവിന്റെ അടിമകളെ, അതിപ്രധാനമായൊരു സമയമാണ് രാവ്. കരുണാമയനായ അല്ലാഹുവിന്റെ സ്നേഹവായ്പുകള്‍ പെയ്തിറങ്ങുന്ന നേരമാണത്. അമ്പിയാമുര്‍സലുകളുടെയും ഇസ്‌ലാമിന്റെയും ചരിത്രത്തിലെ ഒട്ടനേകം സുപ്രധാന സംഭവങ്ങള്‍ക്കും അല്ലാഹു തിരഞ്ഞെടുത്തത് രാത്രിയാണ്. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചതും, ആകാശ സീമകളെല്ലാം ഭേദിച്ചു റബ്ബിന്റെ തിരുസന്നിധിയിലേക്കു തിരുനബി (സ്വ) യെ ആനയിക്കപ്പെട്ടതും, മൂസാ (അ) യോട് അല്ലാഹു നേരിട്ട് സംസാരിച്ചതും അവയില്‍ ചില ഉദാഹരണങ്ങള്‍ മാത്രം. അതുകൊണ്ടുതന്നെ, രാത്രിയെ പൂര്‍ണ്ണമായും അവഗണിക്കുകയും പുലരുവോളം കിടന്നുറങ്ങുകയും ചെയ്യുന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം കരണീയമല്ല.
ജനങ്ങളെല്ലാം സുഖസുഷുപ്തിയില്‍ പൂണ്ടു കിടക്കുമ്പോള്‍, ഇരുളിന്റെ മറയില്‍ ആരോരുമറിയാതെ നാഥനായ അല്ലാഹുവിനോട് അടക്കം പറയാന്‍ പറ്റിയ ഉത്തമ സമയമാണ്. ആ സമയത്ത് അല്ലാഹുവിനോട് നമ്മുടെ സന്തോഷങ്ങള്‍ പറഞ്ഞറിയിക്കുകയും സങ്കടങ്ങള്‍ ബോധിപ്പിക്കുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന ആത്മസുഖം ഒന്ന് വേറെത്തന്നെയാണ്. മാത്രമല്ല, ആത്മീയമായ ശാക്തീകരണത്തിന്നാവശ്യമായ ആയുധങ്ങളില്‍ അതിപ്രധാനമാണ് രാത്രി പ്രാര്‍ത്ഥന. ആത്മീയമായ കരുത്തില്ലാത്തവര്‍ക്കു ദിവ്യജ്ഞാനത്തിന്റെ കിരണങ്ങള്‍ സ്വീകരിക്കാന്‍ സാധ്യമല്ല. ദിവ്യവെളിച്ചത്തിന് പാത്രീഭവിച്ചവരെല്ലാം പാതിരാക്കു ശേഷം പ്രാര്‍ത്ഥനകളില്‍ മുഴുകിയിരുന്നവരായിരുന്നു. അതുകൊണ്ടാണ് ദിവ്യവെളിപാട് സ്വീകരിക്കാന്‍ മാത്രം ശക്തി നേടിയെടുക്കാന്‍ വേണ്ടി, ഉറക്കമുണര്‍ന്നു നിസ്കാര നിരതനാകാന്‍ തിരുനബി (സ്വ) യെ അല്ലാഹു നിര്‍ബന്ധിച്ചത്. ഏറെ ഭാരമുള്ളതാണ് വഹു്യ്. പര്‍വ്വതങ്ങള്‍ പോലും സ്വീകരിക്കാന്‍ മടിച്ചതാണത്. അതിശക്തനായ ജിബ്‌രീല്‍(അ) ആണ് അത് കൊണ്ടുവരുന്നത്. വിശാലമായ അര്‍ത്ഥതലങ്ങലുള്ള ഖുര്‍ആന്‍ അതിന്റെ സകലമാന അര്‍ത്ഥങ്ങളോടും കൂടി തിരുനബി (സ്വ)യുടെ ഹൃദയം സ്വീകരിക്കുകയും വേണം.
അതു സ്വീകരിക്കണമെങ്കില്‍ തദനുസ്രുതമായ ശക്തി തിരുനബി(സ്വ)ക്കും ഉണ്ടാകേണ്ടതുണ്ട്. അതിനുവേണ്ട വ്യായമങ്ങളിലേര്‍പ്പെടാനാണ് തിരുനബി (സ്വ) യോട് അല്ലാഹു പറഞ്ഞത്. “ഹേ, വസ്ത്രം കൊണ്ട് മൂടിയവരേ (നബിയേ,) രാത്രി അല്‍പസമയം ഒഴിച്ച് (ബാക്കി) എഴുന്നേറ്റ് (നമസ്കരിച്ചു)കൊള്ളുക. അതായത് അതിന്റെ പകുതി സമയം. അല്ലെങ്കില്‍ അതില്‍ നിന്ന് അല്‍പം ചുരുക്കുകയോ അതിനേക്കാള്‍ വര്‍ധിപ്പിക്കുകയോ ചെയ്യുക. ഖുര്‍ആന്‍ നിറുത്തിനിറുത്തി സാവകാശത്തില്‍ ഓതുകയും ചെയ്യുക. നിശ്ചയമായും ഭാരമുള്ള വചനം താങ്കള്‍ക്ക് നാം അവതരിപ്പിച്ചു തരാന്‍ പോകുന്നു. രാത്രി (നമസ്കാരത്തിന്) ഉണര്‍ന്നെഴുന്നേല്‍ക്കുക എന്നത്, അത് (കാതും ഹൃദയവും തമ്മില്‍) കൂടുതല്‍ യോജിപ്പുണ്ടാക്കുന്നതും (ഖുര്‍ആന്‍) പാരായണം കൂടുതല്‍ സ്പഷ്ടമാകുന്നതും തന്നെയാണ്. (മുസ്സമ്മില്‍ 1-6) അതുപോലെത്തന്നെ, അത്യുന്നതമായ സ്ഥാനമാനങ്ങളിലേക്ക് ഉയര്‍ന്നുയര്‍ന്നു പോകണമെങ്കില്‍ അതിനും ആവശ്യമാണീ രാത്രി പ്രാര്‍ത്ഥന.
Also Read:ഇനി ഖുനൂതിന്റെ കൂടി നാളുകള്‍.. ആര്‍ദ്രമായ ആ പ്രാര്‍ത്ഥന വന്ന വഴി..
മഹ്ശറയില്‍ തിരുനബി(സ്വ)ക്കൊരു സ്ഥാനമുണ്ട്. സകലരാലും സ്തുതിക്കപ്പെടുന്നൊരു സ്ഥാനം. മഖാമുല്‍ മഹ്മൂദ്! അതിന്റെ പശ്ചാത്തലം അതിഭീകരമാണ്. അല്ലാഹു കോപാകുലനാണ്. തലയ്ക്കു മുകളില്‍ ഒരു ചാണ്‍ വ്യത്യാസത്തിലാണ് സൂര്യന്‍നിന്നു കത്തുന്നത്. സ്വര്‍ഗ്ഗത്തിലേക്കാണോ നരകത്തിലേക്കാണോ എന്നറിയാത്ത പരിഭ്രാന്തി. അങ്ങനെ ജനങ്ങളെല്ലാവരും ചേര്‍ന്ന് ആദം, നൂഹ്, ഇബ്റാഹീം, മൂസാ, ഈസാ (അലൈഹിമുസ്സലാം) തുടങ്ങിയവരെ ശിപാര്‍ശക്കായി സമീപിക്കും. അതിന് ആളല്ല എന്നു പറഞ്ഞ് അവരെല്ലാവരും അവരെ കയ്യൊഴിയും. അവസാനം തിരുനബി(സ്വ)യാണാ ദൗത്യം ഏറ്റെടുക്കുന്നത്. സാഷ്ടാംഗം കിടന്ന് അല്ലാഹുവിനെ വാഴ്ത്തി വാഴ്ത്തി കാര്യം സാധിക്കും. ജനങ്ങള്‍ക്കു വേണ്ടി ശിപാര്‍ശ ചെയ്യുകയും വിചാരണ തുടങ്ങുകയും ചെയ്യും. അപ്പോഴാണ് വിശ്വാസികളും അവിശ്വാസികളും സജ്ജനങ്ങളും ദുര്‍ജനങ്ങളും തിരുനബി(സ്വ)യെ സ്തുതിക്കുന്നത്. അതാണ് സ്തുതിക്കപ്പെടുന്ന മഖാമുല്‍ മഹ്മൂദ്. ആ സ്ഥാനം ലഭിക്കാനും തിരുനബി(സ്വ)യെ അല്ലാഹു ഉപദേശിച്ചത് രാത്രിയില്‍ ഉറക്കമുണര്‍ന്ന് നമസ്ക്കരിക്കാനാണ്. “രാത്രിയില്‍ താങ്കള്‍ ഖുര്‍ആന്‍ പാരായണം ചെയ്തു തഹജ്ജുദ് നമസ്കരിക്കുക. അതു താങ്കള്‍ക്കുള്ളൊരു പാരിതോഷികമാണ്. താങ്കളുടെ നാഥന്‍ താങ്കളെ സ്തുതിക്കപ്പെടുന്നൊരു സ്ഥാനത്തേക്ക് ഉയര്‍ത്തിയേക്കാം” (ഇസ്റാഅ 79) തിരുനബി(സ്വ) ആ കല്പനകളെ ശിരസ്സാവഹിക്കുകയും മറ്റുള്ളവര്‍ നിദ്രാമഗ്നരായിക്കിടക്കുമ്പോള്‍ ആരാധനകളിലേക്ക് ഉണരുകയും ചെയ്തു. അബ്ദുല്ലാഹി ബിനു റവാഹ (റ) യുടെ വരി ഇങ്ങനെയാണ്:
يبيت يجافي جنبه عن فراشه اذا استثقلت بالمشركين المضاجع
“സത്യനിഷേധികള്‍ക്ക് ഉറക്കം കനക്കും നേരം ദേഹം വിരിപ്പിലുറക്കാതെ പ്രാര്‍ത്ഥനാ നിരതനായി രാവ് തീര്‍ക്കും - ആ തിരുനബി (സ്വ)”. ഹുദൈഫ (റ) പറയുകയാണ്. ഞാനൊരിക്കല്‍ തിരുനബി(സ്വ)യുടെ പിന്നില്‍ നമസ്കരിച്ചു. ഫാതിഹക്കു ശേഷം തിരുനബി (സ്വ) അല്‍-ബഖറ സൂറത്ത് ഓതാന്‍ തുടങ്ങി. നൂറ് ആയത്തായാല്‍ റുകൂഇലേക്കു നീങ്ങുമെന്ന് ഞാന്‍ കരുതി. തിരുനബി (സ്വ) പിന്നെയും ഓതി. അപ്പോള്‍, അല്‍-ബഖറ കഴിഞ്ഞാല്‍ നിറുത്തുമെന്ന് ഞാന്‍ നിനച്ചു. പിന്നെയും തുടര്‍ന്നു. ആലു ഇമ്രാനും നിസാഉം ഓതിത്തീര്‍ന്നിട്ടേ റുകൂഇലേക്കു നീങ്ങിയുള്ളൂ. തസ്ബീഹിനെ പറയുന്നിടത്ത് തസ്ബീഹ് ചൊല്ലിയും, വല്ലതും ചോദിക്കേണ്ടിടത്തു അല്ലാഹുവിനോടത് ചോദിച്ചും, കാവല്‍ തേടേണ്ടിടത്ത് കാവല്‍ തേടിയും സാവധാനമായിരുന്നു തിരുനബി (സ്വ) പാരായണം ചെയ്തിരുന്നത്. അങ്ങനെ റുകൂഅ് ചെയ്ത് "സുബ്ഹാന റബ്ബിയല്‍ അളീം......"എന്ന് പറയാന്‍ തുടങ്ങി. ഏകദേശം നിറുത്തത്തിന്റെ അത്രതന്നെയുണ്ടായിരുന്നു റുകൂഇന്റെ നീളം. അവിടെനിന്നെണീറ്റു നിന്ന് "റബ്ബനാ ലകല്‍ ഹംദ്....." എന്ന് ചൊല്ലാന്‍ തുടങ്ങി. അതിന്റെ നീളം ഏകദേശം റുകൂഇനോളം ഉണ്ടായിരുന്നു. പിന്നെ സുജൂദ് ചെയ്ത് "സുബ്ഹാന റബ്ബിയല്‍ അഅലാ....." എന്ന് പറയാന്‍ തുടങ്ങി.
ഏകദേശം ആദ്യത്തെ നിറുത്തത്തിന്റെ അത്രയുണ്ടായിരുന്നു സുജൂദിന്റെയും നീളം. (മുസ്‌ലിം). തിരുനബി(സ്വ) നമസ്കരിച്ച് നമസ്കരിച്ച് കാലിന് നീര് കെട്ടി, ചോദിച്ചപ്പോള്‍ "ഞാന്‍ നന്ദിയുള്ളൊരു അടിമയാകേണ്ടേ?" എന്ന് പറഞ്ഞ സംഭവം സുവിദിതമാണ്. ഇതാണ് സാധാരണ സ്ഥിതിയെങ്കില്‍ റമദാനിലെ “അവസാന പത്തായാല്‍ തിരുനബി(സ്വ) അരമുറുക്കുകയും രാത്രി ഉറങ്ങാതെ ആരാധനകളാല്‍ സജീവമാക്കുകയും കുടുംബത്തെ ഉണര്‍ത്തുകയും ചെയ്യുമായിരുന്നു.” (മുസ്‌ലിം) നമുക്കും സജീവമാക്കാം, റമദാനിലെ ഇനിയുള്ള രാത്രികളെ. വിശ്വാസികളെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് നോക്കൂ. "അവരുടെ പാര്‍ശ്വങ്ങള്‍ വിരിപ്പിലുറക്കുകയില്ല. ഭയപ്പാടോടെയും പ്രതീക്ഷയോടെയും അവര്‍ അവരുടെ രക്ഷിതാവിനെ വിളിക്കുകയാണ്. (സജദ)
തയ്യാറാക്കിയത്: അബ്ദുല്‍ വാജിദ് റഹ്മാനി
ദുബൈ സത്വവ മാലിക് ബിന്‍ അനസ് മസ്ജിദ് ഇമാമും ഖത്തീബുമായ അബ്ദുസ്സലാം ബാഖവിയുടെ ജുമുഅ ഖുതുബയില്‍ നിന്ന് -(2013 ല്‍ പ്രസിദ്ധീകരിച്ചത് പുനപ്രസിദ്ധീകരിക്കുന്നു)
Leave A Comment