സമാധാന ചർച്ചയിൽ നിന്ന് യുഎസ് പിൻവാങ്ങി: താലിബാൻ റഷ്യയുമായി ചർച്ചക്ക്
മോസ്കോ: അഫ്ഗാൻ വിഷയത്തിൽ ചർച്ചയിൽ നിന്ന് പിന്മാറുന്നുവെന്ന് അമേരിക്ക ഏകപക്ഷീയമായി പ്രഖ്യാപിച്ചതോടെ താലിബാന്‍ പ്രതിനിധികള്‍ മോസ്കോയിലെത്തി റഷ്യയുമായി ചര്‍ച്ച നടത്തി. താലിബാന്‍ പ്രതിനിധി സുഹൈള്‍ ശഹീനാണ് റഷ്യയുമായി താലിബാന്‍ ചര്‍ച്ച നടത്തിയ വിവരം സ്ഥിരീകരിച്ചത്. റഷ്യയുടെ അഫ്ഗാന്‍ പ്രതിനിധി സാമിര്‍ കബുലോവുമായാണ് താലിബാന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. അമേരിക്കയും താലിബാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ട ആവശ്യകത തന്നെയാണ് റഷ്യയും ഊന്നിപ്പറഞ്ഞതെന്നാണ് സൂചന. അമേരിക്കയുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ താലിബാന്‍ സന്നദ്ധത അറിയിച്ചതായും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 2001 സെപ്റ്റംബർ 11വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം ഉസാമ ബിൻ ലാദനെ തെരഞ്ഞ് അഫ്ഗാനിസ്ഥാനിൽ എത്തിയ അമേരിക്കൻ സൈന്യം രണ്ടു പതിറ്റാണ്ടായി രാജ്യത്ത് തന്നെ തുടർന്നു. കലുഷിതമായ ഈ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനാണ് കഴിഞ്ഞ മാസം ഖത്തറിൽ അമേരിക്കയും താലിബാനും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചത്. കഴിഞ്ഞയാഴ്ച കാബൂളില്‍ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തതോടെയാണ് മേരിലാൻഡിൽ താലിബാൻ നേതാക്കളുമായുള്ള രഹസ്യചർച്ച ട്രംപ് റദ്ദാക്കിയത്. യു.എസ് സൈനികൻ അടക്കം 11 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇത്തരം ആക്രമണങ്ങൾ നടത്തുക വഴി സമാധാന ചര്‍ച്ചകൾ ഫലം ചെയ്യില്ലെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് ചർച്ചയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. അതേസമയം ആദ്യം സമാധാന ചർച്ചകൾ നടക്കുമ്പോഴും അമേരിക്കൻ സൈന്യവും അഫ്ഗാനിസ്ഥാനിൽ ആക്രമണം അഴിച്ചു വിട്ടു കൊണ്ടിരിക്കുകയാണെന്ന് താലിബാൻ ആരോപിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter