അന്താരാഷ്ട്ര പ്രതിഷേധം; യു.എന്‍ അസംബ്ലിയില്‍ നിന്ന് സൂക്കി പിന്മാറി

റോഹിന്‍ങ്ക്യന്‍ മുസ്ലിംകളെ വേട്ടയാടുന്നതിന്റെ പേരില്‍ അന്താരാഷ്ട്രതലത്തില്‍ കനത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂകി ഈമാസം 20ന് നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കില്ല. സമാധാന നൊബേല്‍ പുരസ്‌കാര ജേതാവായ സൂകി ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന സമ്മേളനത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി(എന്‍.എല്‍.ഡി) വക്താവ് അറിയിച്ചു.
പിന്മാറ്റത്തിന്റെ കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. റാഖൈന്‍ സ്‌റ്റേറ്റില്‍ റോഹിന്‍ഗ്യ മുസ്്‌ലിംകളെ മ്യാന്മര്‍ സേന കൂട്ടക്കൊല ചെയ്യുന്നതിന്റെ പേരില്‍ ഭരണാധികാരിയെന്ന നിലയില്‍ രൂക്ഷ വിമര്‍ശനമാണ് സൂകി നേരിട്ടുകൊണ്ടിരിക്കുന്നത്. ആഗസ്റ്റ് 25ന് അക്രമങ്ങള്‍ തുടങ്ങിയ ശേഷം 370,000 റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ട്. വിമര്‍ശനം നേരിടാന്‍ ഭയമുള്ളതുകൊണ്ടോ മറ്റേതെങ്കിലും പ്രശ്‌നങ്ങളുള്ളതുകൊണ്ടോ അല്ല സൂകി ജനറല്‍ അസംബ്ലിയില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് വക്താവ് വ്യക്തമാക്കി. ഒരുപക്ഷെ, മ്യാന്മറില്‍ തന്നെ കൂടുതല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവശേഷിക്കുന്നതുകൊണ്ട് ജോലിത്തിരക്കായിരിക്കാം അവരെ പിന്തിരിപ്പിച്ചതെന്ന് വക്താവ് പറഞ്ഞു. മ്യാന്മറിനുവേണ്ടി സൂകിക്കു പകരം വൈസ് പ്രസിഡന്റ് യു ഹെന്റി വാന്‍ തിയോ പങ്കെടുത്തേക്കുമെന്ന് സിന്‍ഹു വാര്‍ത്താ ഏജന്‍സി അറിയിച്ചു.
മ്യാന്മറിന്റെ ഭരണാധികാരിയായി ചുമതലയേറ്റെടുത്ത ശേഷം സൂകി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് റോഹിന്‍ഗ്യ പ്രതിസന്ധി.
കൂട്ടക്കുരുതിയും അഭയാര്‍ത്ഥി പ്രവാഹവും തടയാതെ സൈന്യത്തെ ന്യായീകരിക്കുന്ന സൂകിയില്‍നിന്ന് നൊബേല്‍ പുരസ്‌കാരം തിരിച്ചുവാങ്ങണമെന്ന് വിമര്‍ശകര്‍ ആവശ്യപ്പെടുന്നുണ്ട്. മ്യാന്മറില്‍ മുസ്്‌ലിം ന്യൂനപക്ഷത്തിനുനേരെ സംഘടിതമായി നടക്കുന്ന ആക്രമങ്ങള്‍ വംശീയ ഉന്മൂലനമാണെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആരോപിച്ചിരുന്നു. മുസ്്‌ലിംകളെ കൊലപ്പെടുത്തുകയും ആട്ടിയോടിക്കുകയും ചെയ്ത ശേഷം വീടുകള്‍ക്ക് തീവെച്ചത് അന്താരാഷ്ട്ര രോഷം ആളിക്കത്തിച്ചിട്ടുണ്ട്. കുട്ടികളെപ്പോലും ജീവനോടെ ചുട്ടുകൊല്ലുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം റോഹിന്‍ഗ്യ മുസ്്‌ലിംകളെ തിരിച്ചെടുക്കണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം മ്യാന്മര്‍ സൈനിക മേധാവി ജനറല്‍ മിന്‍ ആങ് തള്ളി. ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരായ അവരെ അംഗീകരിക്കാനോ സ്വീകരിക്കാനോ രാജ്യത്തിന് സാധിക്കില്ല. പൂര്‍വപിതാക്കളുടെ കാലം മുതല്‍ റാഖൈനില്‍ ജീവിച്ചുപോരുന്ന ബുദ്ധമതക്കാരെയാണ് തങ്ങള്‍ തദ്ദേശീയരായി കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter