ദർവീശിന്‍റെ അനിവാര്യതകൾ

അലി ബ്നു ഉസ്മാൻ അൽ ഹുജ്‍വീരീ (റ) എന്നവർ പറഞ്ഞ കഥയാണിത്.

ഞാൻ ഥൂസിൽ വെച്ച് അബുൽ ഖാസിം ജുർജാനിയോടു ചോദിച്ചു:

“ഒരു ദർവീശിന് ആ പേര് അന്വർത്ഥമാക്കാൻ ഏറ്റവും ചുരുങ്ങിയത് എന്തെല്ലാം ആവശ്യമാണ്?”

ജുർജാനി: മൂന്നു കാര്യങ്ങൾ. അതിൽ കുറയില്ല.

ഒന്നാമതായി - കരിമ്പുടം ശരിയായ രീതിയിൽ അതിൽ കഷ്ണം തുന്നിപ്പിടിപ്പിക്കാനറിയണം.

രണ്ടാമതായി - ശ്രാവ്യങ്ങളെ ശരിയായി ആസ്വദിക്കാനറിയണം.

മൂന്നാമതായി - ഭൂമിയിലൂടെ യാത്ര ചെയ്യുമ്പോൾ, ശരിയായ നിലക്ക് പാദങ്ങൾ വെക്കാനറിയണം.

ഇത് പറയുമ്പോൾ ഒരു കൂട്ടം ദർവീശുകൾ അവിടെയുണ്ടായിരുന്നു. ഞങ്ങൾ അവിടെ നിന്ന് ദുവൈറയിലേക്ക് മടങ്ങുമ്പോൾ ഇതായിരുന്നു പ്രധാന ചർച്ച. ഓരോരുത്തരും അവനവന്‍റെ അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.

ഒരു കൂട്ടർ ഇതിനെ തെറ്റായ രീതിയിലാണ് മനസ്സിലാക്കിയത്. അവർ ധരിച്ചുവശായത് ഇത് തന്നെയാണ് യഥാർത്ഥത്തിൽ ദർവീശിനു വേണ്ട ഗുണങ്ങളെന്നാണ്. എന്നിട്ടവരിൽ പലരും കരിമ്പുടം തുന്നികൂട്ടുന്നത് ശരിയാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവർ ഭൂമിയിലൂടെ നടത്തം ശരിപ്പെടുത്തുന്നു. അവരെല്ലാവരും വിശ്വസിച്ചു വെച്ചിരിക്കുന്നത് അവർക്കെല്ലാം നന്നായി കേട്ടാസ്വദിക്കാനുള്ള കഴിവുണ്ടെന്നാണ്.

എനിക്കീ ശൈഖിനോട് വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്‍റെ വാക്കുകൾ പാഴായി പോകുന്നത് എനിക്ക് സഹിക്കാനായില്ല. ഞാനെല്ലാവരെയും വിളിച്ചു വരുത്തി ഒരുമിച്ചു കൂട്ടിയിട്ട് പറഞ്ഞു:

“വരൂ. നമുക്ക് ശൈഖ് ജുർജാനിയുടെ വാക്കിനെ കുറിച്ചൊന്ന് കൂട്ടായി ചർച്ച ചെയ്യാം. ഓരോരുത്തരായി അതിനെ കുറിച്ചുള്ള തങ്ങളുടെ അഭിപ്രായം വിശദമാക്കട്ടെ.”

അങ്ങനെ ഓരോരുത്തരും അവർക്ക് തോന്നിയ കാര്യങ്ങൾ അവിടെ അവതരിപ്പിച്ചു. എന്‍റെ ഊഴമെത്തിയപ്പോൾ ഞാൻ പറഞ്ഞു:

“ശരിയായ തുന്നലു കൊണ്ടുദ്ദേശിക്കുന്നത് ദർവീശായിരിക്കാനെന്ന ഉദ്ദേശത്തോടെ തുന്നിപ്പിടിപ്പിക്കലാണ്. അത് ഭംഗിക്കു വേണ്ടിയാകരുത്. ദർവീശായതു കാരണത്താൽ തുന്നേണ്ടിവരുമ്പോൾ അത് അതിന്‍റെ ശരിയായ രീതി സ്വീകരിക്കുന്നു. അല്ലെങ്കിലോ അതിൽ വക്രതയുണ്ടാകും.”

“ശ്രാവ്യങ്ങളുടെ ശരിയായ ആസ്വാദനം കൊണ്ടുദ്ദേശിക്കുന്നത് അത് ദിവ്യജ്ഞാനത്തിന്‍റെ അനൂഭൂതിയുടെ അവസ്ഥാന്തരങ്ങളിൽ ആസ്വദിക്കുന്നതാണ്. അതല്ലാതെ, ദേഹേഛയെ ശമിപ്പിക്കുന്നതല്ല. അവിടെ എല്ലാം ഗൌരവതരമായിരിക്കും. തമാശകൾക്കും നേരമ്പോക്കിനും സ്ഥാനമുണ്ടാകില്ല. ആത്മാവു കൊണ്ടായിരിക്കും അത് ഉൾക്കൊള്ളുക. ബുദ്ധി കൊണ്ടല്ല.”

“ശരീയായ രീതിയിൽ പാദങ്ങളൂന്നി നടക്കുകയെന്നതിനർത്ഥം ദിവ്യ പ്രേമത്തിന്‍റെ പ്രേരണയാൽ സഞ്ചരിക്കുന്നതാണ്. വിനോദങ്ങൾക്കോ പ്രകടനങ്ങൾക്കോ വേണ്ടിയുള്ളതല്ല.”

ചിലർ എന്‍റെ ഈ വിശദീകരണം അപ്പടി ശൈഖിന്‍റെയടുത്ത് ചെന്നവതരിപ്പിച്ചു. ശൈഖ് പറഞ്ഞു: “അലി പറഞ്ഞതാണ് ശരി. അല്ലാഹു അദ്ദേഹത്തിനു ഖൈർ പ്രദാനം ചെയ്യട്ടെ.”

കശ്ഫ് - 247

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter