പരിഹാസങ്ങൾക്കിടയിലും പ്രസന്നനായി ഹുജ്‍വീരീ
(സൂഫീ കഥ - 21)
ഹുജ്‍വീരീ സ്വന്തം കഥ പറയുന്നു:
ദിവ്യ സാമീപ്യത്തിന്‍റെ അതുല്യാനുഭവം ഒരിക്കൽ എനിക്കനുഭവവേദ്യമായിരുന്നു. വീണ്ടും അങ്ങനെയൊരു സുന്ദര നിമിഷത്തിനായി കൊതിച്ചു. ആ ആഗ്രഹ പൂർത്തീകരണത്തിനായി ഒട്ടേറെ കഠിന കർമ്മങ്ങൾ ചെയ്തു. പക്ഷേ, ഫലം നാസ്തി.
അവസാനം അബൂ യസീദിന്‍റെ മഖ്ബറയിലേക്ക് യാത്ര ചെയ്തു. പണ്ടൊരിക്കൽ എനിക്കങ്ങനെയൊരു അനുഭവമുണ്ടായെന്നു നേരത്തേ പറഞ്ഞുവല്ലോ. അത് ഇവിടെ വെച്ചായിരുന്നു. ബിസ്ഥാമിയുടെ മഖ്ബറക്കരികിൽ മൂന്നു മാസം കഴിച്ചു കൂട്ടി. എല്ലാ ദിവസവും മൂന്നു പ്രാവശ്യം കുളിച്ചു വൃത്തിയാകുമായിരുന്നു. മുപ്പതു പ്രാവശ്യം അംഗസ്നാനം ചെയ്യും. എല്ലാ ശ്രമങ്ങളും ആ അസുലഭ അനുഭവം ഒന്നുകൂടി വന്നെത്താനായിരുന്നു. പക്ഷേ, അതുണ്ടായതേയില്ല.
ഞാനവിടെ നിന്നെഴുന്നേറ്റ് നേരെ ഖുറാസാനിലേക്ക് യാത്ര തിരിച്ചു. യാത്രക്കിടെ ഒരു രാത്രി കുമിഷ് മേഖലയിലെ ഒരു ഗ്രാമത്തിൽ ചെന്നു പെട്ടു. അവിടെ ഒരു ഖാൻഖാഹും ഒരു കൂട്ടം സൂഫികളുമുണ്ടായിരുന്നു. എന്‍റെ വേഷമാണെങ്കിൽ പരുപരുത്ത തുന്നികൂട്ടിയ കരിമ്പുടമായിരുന്നു. അതാണല്ലോ തുടർന്നു പോരുന്ന ആചാരവും. സൂഫീ വേഷം കെട്ടുന്നവരുടെയടുത്തുണ്ടാകുന്ന പ്രകടന വസ്തുക്കളൊന്നും എന്‍റെയടുത്തുണ്ടായിരുന്നില്ല. ഒരു വടിയും ചെറിയൊരു പാന പാത്രവും മാത്രമാണുണ്ടായിരുന്നത്.
ആ സൂഫിക്കൂട്ടത്തിന്‍റെ കണ്ണുകൾക്ക് എന്നെ തീരെ പിടിച്ചില്ല. ഞാൻ വളരെ മോശക്കാരനായിരുന്നു അവർക്ക്. അവർക്കാക്കും എന്നെ മനസ്സിലായില്ല.
ഞാൻ അവരിൽ പെട്ടവനല്ലെന്ന് അവർ പരസ്പരം പറയുന്നുണ്ടായിരുന്നു. അതു തന്നെയാണ് സത്യവും. അവരെപ്പോലെ വെറും വേഷം കെട്ടുകാരനായിരുന്നില്ല ഞാൻ.
എന്നെ സംബന്ധിച്ചിടത്തോളം ആ രാത്രി അവിടെ തങ്ങുകയേ നിർവ്വാഹമുള്ളൂ. ആ രാത്രി അവരെന്നോട് താഴേ നിലയിലിരിക്കാൻ പറഞ്ഞു. അവർ അതും പറഞ്ഞ് നേരെ മുകളിലേ തട്ടിലേക്കു പോയി. ഞാനിപ്പോളിരിക്കുന്നത് വരണ്ട നിലത്താണ്. അവർ കൊണ്ടു വന്നു വച്ച ഒരു പഴകിയ റൊട്ടിയുണ്ട് എന്‍റെ മുന്നിൽ. അവർ മുകളിൽ കഴിച്ചു കൊണ്ടിരിക്കുന്ന കറിയുടെ ഗന്ധം എന്‍റെ മൂക്കിലെത്തുന്നുണ്ട്. അവർ മുകളിലിരുന്ന് എന്നെ പുഛിക്കുന്നതും പരിഹസിച്ച് ചിരിക്കുന്നതും എനിക്ക് കേൾക്കാനാകുന്നുണ്ട്. അവർ അത്താഴം കഴിച്ചു കഴിഞ്ഞപ്പോൾ പപ്പായ തിന്നാൻ തുടങ്ങി. അതിൽ ഒതുക്കാതെ അതിന്‍റെ തൊലി എന്‍റെ തലയിലേക്കെറിഞ്ഞ് അവർ രസിക്കുകയും പരിഹസിക്കുകയും ചെയ്തു കൊണ്ടിരുന്നു.
അവരുടെ എല്ലാ പരിഹാസങ്ങളും ഞാൻ സഹിക്കുകയായിരുന്നു. അതിലൊന്നും എനിക്ക് ഒരു പരാതിയും പരിതാപവും എനിക്കുണ്ടായിരുന്നില്ല. ഞാൻ അല്ലാഹുവിനോടു പ്രാർത്ഥിച്ചു: “അവർ നിന്‍റെ ഇഷ്ട ദാസന്മാരുടെ വേഷം സ്വീകരിച്ചിട്ടുണ്ടായിരുന്നില്ലെങ്കിൽ ഇതൊന്നും ഇപ്രകാരം ഞാൻ സഹിക്കുമായിരുന്നില്ല തമ്പുരാനേ”
അവരുടെ പരിഹാസങ്ങളും അവജ്ഞകളും അവമതിക്കലുകളും കൂടി കൂടി വന്നു. അതിനനുസരിച്ച് എന്‍റെ മനസ്സിന്‍റെ സന്തോഷവും വർദ്ധിച്ചു കൊണ്ടേയിരുന്നു. അവസാനം ആ അനുഭൂതി - ദിവ്യസാമീപ്യത്തിന്‍റെ പരമാനന്ദം എനിക്കനുഭവപെട്ടു. നമ്മുടെ മശാഇഖുമാർ ഇത്തരം വിവരദോഷികൾക്ക് അവർക്കിടയിൽ കഴിയാൻ അവസരം നൽകുന്നതും അവരിൽ നിന്നേൽക്കേണ്ടി വരുന്ന സകല പ്രയാസങ്ങളും ക്ഷമയോടെ സഹിക്കുകയും ചെയ്യുന്നതിന്‍റെ പൊരുൾ ഇപ്പോഴാണെനിക്ക് മനസ്സിലായത്.
കശ്ഫ് - 266
Leave A Comment