അല്ലാഹുവിൽ നിന്ന് അല്ലാഹുവിലേക്ക് അല്ലാഹുവിനു വേണ്ടി
(സൂഫീ കഥ – 37)
ദുന്നൂനിൽ മിസ്‍റി പറയുന്നു.
ഞാൻ ബൈതുൽ മഖ്ദിസിൽ നിന്ന് വരികയായിരുന്നു. വഴിയിൽ അകലെയൊരു വലിയ ശൈഖിനെ കണ്ടു. അദ്ദേഹത്തോടെന്തെങ്കിലും ചോദിക്കാമെന്ന് മനസ്സിൽ വിചാരിച്ചു. അടുത്തെത്തിയപ്പോൾ അതൊരു വൃദ്ധയായ സ്ത്രീ ആയിരുന്നു. അവുടെ കൈയിൽ ഒരു വടിയുമുണ്ട്. അവർ രോമം കൊണ്ടുണ്ടാക്കിയ ഒരു ജുബ്ബയും ധരിച്ചിട്ടുണ്ട്.
ഞാൻ ചോദിച്ചു: “എങ്ങോട്ട്?”
വൃദ്ധ: “അല്ലാഹുവിലേക്ക്”
ഞാൻ: “എവിടെ നിന്ന്?”
വൃദ്ധ: “അല്ലാഹുവിൽ നിന്ന്”
എന്‍റെ കൈയിൽ ഒരു ദീനാറുണ്ടായിരുന്നു. അവർക്ക് നൽകാനായി ഞാനത് പുറത്തെടുത്തു. ഇതു കണ്ട ആ വൃദ്ധ എന്‍റെ മുഖത്ത് അടിച്ചു. എന്നിട്ടവർ പറഞ്ഞു: “ഹലോ ദുന്നൂൻ, നിങ്ങളെന്നെ കുറിച്ച് ഇപ്പോൾ മനസ്സിലാക്കിയ ആ രൂപമുണ്ടല്ലോ, അത് നിങ്ങളുടെ ബുദ്ധിമോശം കൊണ്ടാണ്. ഞാൻ അല്ലാഹുവിനു വേണ്ടി കർമ്മം ചെയ്യുന്നു. അവനിൽ നിന്നല്ലാതെ ഒന്നും ഞാൻ സ്വീകരിക്കുകയില്ല. ഞാൻ അവനെ മാത്രം ആരാധിക്കുന്നതു പോലെ അവനിൽ നിന്നുമാത്രമേ ഞാൻ എന്തെങ്കിലും സ്വീകരിക്കുകയുള്ളൂ.”
കശ്ഫ് – 313