ഇബ്റാഹീമുബ്നു അദ്ഹമും ഇബ്‍ലീസും
(സൂഫീ കഥ – 39)
ഇബ്റാഹീമുബ്നു അദ്ഹം (റ) കഥ പറയുന്നു.
ഞാൻ ഒഴിഞ്ഞ മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോൾ, വൃദ്ധനായ ഒരാൾ എന്‍റെയടുത്തേക്ക് വന്നു. എന്നോടു പറഞ്ഞു: “ഇബ്റാഹീം, നിങ്ങളീ നടക്കുന്ന സ്ഥലമേതെന്നു നിങ്ങൾക്കറിയാമോ? ഭക്ഷണവും വാഹനവുമില്ലാതെ നടക്കുന്നത് ഇതിലൂടെയാണോ?”
ഈ വർത്തമാനം കേട്ടപ്പോൾ തന്നെ എനിക്കു മനസ്സിലായി ഇത് ശൈഥാനാണെന്ന്. എന്‍റെയടുത്ത് ചില്ലറ കാശായി നാലു ദാനിഖുകളുണ്ടായിരുന്നു. കൂഫയിൽ ഒരു വട്ടി വിറ്റു കിട്ടിയ പണമായിരുന്നു അത്. ഞാനത് എന്‍റെ കീശയിൽ നിന്നെടുത്ത് ദൂരേക്ക് വലിച്ചെറിഞ്ഞു. ഓരോ മൈൽ സഞ്ചരിച്ചു തീരുമ്പോഴേക്കും 400 റക്അത് വീതം സുന്നത്ത് നിസ്കരിക്കാൻ ഞാൻ നേർച്ചയാക്കുകയും ചെയ്തു. അങ്ങനെ ഞാൻ ആ മരുഭൂമിയിൽ നാലു വർഷം കഴിച്ചു കൂട്ടി. പടച്ചവൻ ആവശ്യമുള്ളപ്പോൾ എനിക്കു വേണ്ട ഭക്ഷണം എത്തിച്ചു തരുമായിരുന്നു. എനിക്ക് അതിനു വേണ്ടി ഒന്നും പ്രയാസപ്പെടേണ്ടി വന്നില്ല. ആ സമയത്താണ് എനിക്ക് ഖിദ്റ് നബി (അ)യെ കാണാനായത്. അവരെനിക്ക് അല്ലാഹുവിന്‍റെ ഇസ്മുൽഅഅ്സം പഠിപ്പിച്ചു തന്നു. അങ്ങനെ എന്‍റെ ഹൃദയം അല്ലാഹു അല്ലാത്ത എല്ലാ അന്യങ്ങളിൽ നിന്നും ശുദ്ധമായി.
കശ്ഫ് – 316