പ്രവാസികളുടെ സുരക്ഷ: ദുബൈ ഭരണാധികാരികള്‍ക്ക്   ഹൈദരലി തങ്ങള്‍ കത്തയച്ചു
മലപ്പുറം: ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരായ പ്രവാസികളെ നാട്ടിൽ എത്തിക്കുന്നത് സംബന്ധിച്ച് രാജ്യത്ത് വിവിധ ഭാഗങ്ങളിൽ നിന്ന് ശക്തമായ സമ്മർദ്ദം ഉയരുന്നതിനിടെ ദുബൈയിലെ പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നന്ദി അറിയിച്ചും കെ.എം.സി.സിയുടെ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തും ദുബൈ അധികാരികള്‍ക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കത്തയച്ചു.

ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയരക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ഖിതാമി, ദുബൈ പൊലിസ് മേധാവി ലെഫ്. ജനറല്‍ അബ്ദുള്ള ഖലീഫ അല്‍മര്‍റി, ദുബൈ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റ് ഡയരക്ടര്‍ ജനറല്‍ തലാല്‍ ഹുമൈദ് ബെല്‍ഹൂല്‍, ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂമിന്റെ സാബീല്‍ പാലസ് ഡയരക്ടര്‍ ഹാരിബ് ബിന്‍ സുബൈഹ് എന്നിവര്‍ക്കാണ് കത്തയച്ചത്.

ഗൾഫിലുടനീളം കൊറോണ ചെറുതല്ലാത്ത രീതിയിൽ പടർന്നു പിടിക്കുമ്പോൾ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തി യു.എ.ഇ ഗവണ്‍മെന്റ് നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങളില്‍ തങ്ങള്‍ സന്തുഷ്ടി അറിയിച്ചു. ദുബൈ ഭരണകൂടവും ആരോഗ്യമന്ത്രാലയും നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അങ്ങേയറ്റം പ്രശംസിച്ച തങ്ങൾ, എല്ലാ ആരോഗ്യ, സുരക്ഷാ പ്രവര്‍ത്തനങ്ങളോടും സഹകരിക്കാന്‍ കെ.എം.സി.സി തയ്യാറാണെന്നും വ്യക്തമാക്കി. അവരില്‍നിന്ന് ആവശ്യമായ ഏതു സഹായവും ഗവണ്‍മെന്റിന് ഉണ്ടാകുമെന്നും ഹൈദരലി തങ്ങള്‍ ഉറപ്പു നല്‍കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter