പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കാനൊരുങ്ങി തെലങ്കാനയും
തെലങ്കാന: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കുന്ന ബിജെപി ഇതര സർക്കാരുകളുടെ വഴിയേ തെലങ്കാന സർക്കാരും. തെലുങ്കാന സംസ്ഥാന നിയമസഭയും പൗരത്വ ബില്ലിനെതിരെ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ അധ്യക്ഷതയിൽ നടന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഞായറാഴ്ച രാത്രിയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. കേരളം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളുടെ മാതൃകയില്‍ പ്രമേയം പാസാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ വസതിയായ പ്രഗതി ഭവനില്‍ ഏഴു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മാര്‍ച്ച്‌ ആദ്യ വാരം നടക്കാനിരിക്കുന്ന നിയമസഭയുടെ ബജറ്റ് സെഷനില്‍ പ്രമേയം പാസാക്കും. ഇന്ത്യന്‍ പൗരത്വം നല്‍കുന്നതില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കരുതെന്നും നിയമത്തിന് മുന്നില്‍ എല്ലാ മതങ്ങളെയും തുല്യമായി കാണണമെന്നും മന്ത്രിസഭ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. 2019 ലെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് മന്ത്രിസഭ ആവശ്യപ്പെട്ടു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുമ്പോള്‍ അത് വിവേചനത്തിന് ഇടയാകുമെന്നും അത് ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുള്ള മതേതരത്വം അപകടത്തിലാക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ പാര്‍ലമെന്റില്‍ വോട്ട് ചെയ്ത് ആദ്യമേ നിലപാട് വ്യക്തമാക്കിയ പാർട്ടിയാണ് തെലങ്കാന രാഷ്ട്രസമിതി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter