ഹജ്ജ് 2020 അപേക്ഷകർക്ക് പാസ്‌പോര്‍ട്ടുകള്‍ ആഗസ്ത് മുതല്‍ അയച്ചു തുടങ്ങും- ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍
കരിപ്പൂര്‍: ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും തീർഥാടകരെ സ്വീകരിക്കുന്നതിൽ നിന്ന് മാറി രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും മാത്രം അനുമതി നൽകി ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് സംഘടിപ്പിക്കാൻ സൗദി അറേബ്യ തീരുമാനിച്ചതോടെ കേരളത്തിലെ ഹജ്ജ് അപേക്ഷകർക്ക് പാസ്‌പോര്‍ട്ടുകള്‍ ആഗസ്ത് മുതല്‍ അയച്ചുതുടങ്ങുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അറിയിച്ചു.

മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസില്‍നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിലെത്തിച്ചത് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം തരംതിരിച്ച്‌ പ്രത്യേകമായ രീതിയില്‍ ക്രമീകരിച്ച്‌ ഹാജിമാര്‍ക്കെത്തിക്കുന്നതിനുള്ള നടപടികള്‍ ഹജ്ജ് കമ്മിറ്റി ആരംഭിച്ചു. പാസ്‌പോര്‍ട്ടുകള്‍ അയക്കുന്നതിനനുസരിച്ച്‌ ആ വിവരം അതത് ഹാജിമാരെ യഥാസമയം അറിയിക്കും. കൊവിഡ് കാരണം ഈവര്‍ഷത്തെ ഹജ്ജ് യാത്ര മുടങ്ങിയ സാഹചര്യത്തില്‍ അറഫാ ദിനത്തില്‍ വ്രതമെടുക്കാനും പ്രത്യേകം പ്രാര്‍ത്ഥന നടത്താനും ഹാജിമാരോട് ഹജ്ജ് കമ്മിറ്റി ആഹ്വാനംചെയ്തു. ഹജ്ജ് യാത്ര റദ്ദായത് കാരണം ഓരോ ഹാജിയും അടച്ചിട്ടുള്ള 2,01,000 രൂപ മുഖ്യ അപേക്ഷകന്റെ (കവര്‍ ഹെഡ്) ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി തിരികെ നിക്ഷേപിച്ചുവരികയാണ്.

ഒരുമാസത്തിനകം എല്ലാവര്‍ക്കും പണം തിരികെലഭിച്ചിരിക്കുമെന്നും ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റിങ്ങ് അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter