ദാവുല്‍ജുകളുടെ കൊട്ട് കേട്ടുണരുന്ന ഇസ്താംബൂളിലെ നോമ്പുകാലം

വ്രതാനുഷ്ഠാനത്തിന്റെയും ആരാധനകളുടെയും പരിശുദ്ധ ഖുർആനിന്റെയും മാസമാണ് റമദാൻ.  അന്നപാനീയങ്ങളിൽ നിന്ന് വിട്ടു നിന്ന് മനസ്സിനെ സംസ്കരിക്കാനും നിയന്ത്രിക്കാനും അല്ലാഹുവിലേക്ക് ശ്രദ്ധ തിരിച്ചുവിടാനുമുള്ള അവസരമാണത്.   

ഒട്ടുമിക്ക മുസ്‍ലിംകളുടെയും ജീവിതശൈലിയിൽ അടിമുടി മാറ്റം വരുന്ന സമയമാണ് റമദാൻ മാസം. ഇസ്താംബൂളിലെ ജനങ്ങളുടെ കാര്യത്തിലും ഇപ്രകാരം തന്നെയാണ് റമദാനിന്റെ ആഗമനത്തോടെ സംഭവിക്കുന്നത്. പതിനഞ്ച് ദശലക്ഷത്തോളം  ആളുകൾ അധിവസിക്കുന്ന ഈ നഗരത്തിലെ ഓട്ടോമൻ വേരുകളെ    പുനര്‍ ജീവിപ്പിക്കും വിധമാണ്, ഓരോ വർഷവും വിശുദ്ദ മാസം ഇസ്താംബൂളിൽ വിരുന്നെത്തുന്നത്.

ഇസ്താംബൂളിലെ റമദാൻ കാലം ആസ്വദിക്കാൻ ഭാഗ്യം ലഭിച്ച ആർക്കും പറയാനുള്ളത് അവിടത്തെ ഇഫ്താർ വിരുന്നുകളെ കുറിച്ചും,  തിരക്കുപിടിച്ച രാത്രി ജീവിതത്തെ കുറിച്ചും,    പ്രകാശപൂരിതമായി അലങ്കരിക്കപ്പെട്ട പള്ളികളെ കുറിച്ചുമൊക്കെയാകും. എന്നാൽ കുറച്ചു കൂടി ആഴത്തിൽ അന്വേഷിക്കുന്നവർക്കായി ഏതാനും ചില പ്രത്യേക ആചാരങ്ങള്‍ കൂടി കാണാനാവും.

ഇസ്താംബൂളിൽ റമദാൻ എന്നത് വളരെ  സാമൂഹികമായ ഒരു കാര്യമാണ്. റമദാനിന്റെ കടന്നുവരവോടെ നഗരത്തിലെ പൊതു ഇടങ്ങൾ, പാർക്കുകൾ, പള്ളിമുറ്റങ്ങൾ എന്നിവിടങ്ങൾ പ്രദേശവാസികളാൽ തിങ്ങിനിറയും. പ്രത്യേകിച്ച് വൈകുന്നേര സമയമാകുമ്പോൾ ഇവിടങ്ങളിൽ കൂടുതൽ തിരക്ക് അനുഭവപ്പെടും. സുലൈമാനിയ മോസ്ഖ്, ബ്ലു മോസ്ഖ് തുടങ്ങിയ വിശിഷ്ട കേന്ദ്രങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ജനകീയ ഇഫ്താർ വിരുന്നുകളിൽ ആയിരക്കണക്കിന് ആളുകൾ ഒരുമിച്ചു കൂടുന്നു. ചെറുപയർ ചേർത്ത് ഉണ്ടാക്കിയ അരി കൊണ്ടുള്ള ഒരു തരം ടർക്കിഷ് വിഭവം, അല്പം ഇറച്ചി, അയ്റാൻ (തുർക്കിയിൽ മിക്ക ഭക്ഷണങ്ങളോടൊപ്പവും സേവിക്കപ്പെടുന്ന ഒരുതരം പാനീയം), റമദാൻ പൈഡ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു പ്രത്യേകതരം ബ്രഡ് തുടങ്ങിയവയെല്ലാം അവിടങ്ങളിലെ ഇഫ്താറിലെ വിഭവങ്ങളാണ്. തുർക്കിക്കാരുടെ ആതിഥ്യ മര്യാദയും ഔദാര്യവും വിളിച്ചറിയിക്കും വിധമുള്ള ഇഫ്താർ വിരുന്നുകൾ നഗരത്തിലെ മറ്റു പ്രദേശങ്ങളിലും അനുഭവിക്കാനാകും.

ഇശാ നമസ്കാര സമയം പ്രവേശിക്കുമ്പോഴേക്കും  നഗരത്തിലെ പള്ളികളിലെല്ലാം അസാധാരണമായ ജനസാന്നിധ്യമായിരിക്കും. റമദാനിലെ പ്രഥമ രാത്രിയിൽ   ഫാത്തിഹ് മോസ്ക് പോലോത്ത പ്രധാന പള്ളികൾ സന്ദർശിക്കുകയാണെങ്കിൽ, സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി, വലുപ്പ ചെറുപ്പ വ്യത്യാസങ്ങളൊന്നുമില്ലാതെ പതിനായിരക്കണക്കിന് ആളുകളോടൊപ്പം അണിചേരാൻ നിങ്ങൾക്കും കഴിയും. മഹ്‍യ എന്ന പേരിൽ അറിയപ്പെടുന്ന ഒരു പുരാതന ഓട്ടോമൻ പാരമ്പര്യത്തിന്റെ തുടർച്ച എന്നോണം പള്ളി മിനാരങ്ങളെല്ലാം പ്രകാശപൂരിതമാവുകയും, തറാവീഹ് നമസ്കാരം തുടങ്ങുന്നതോടെ തികച്ചും സവിശേഷമായ ഒരു അന്തരീക്ഷം നഗരത്തിലുടനീളം കൈവരികയും ചെയ്യും.

മിക്ക മുസ്‍ലിം രാജ്യങ്ങളിലും റമദാനിലെ രാത്രികൾ മുഴുവൻ ആരാധനക്ക് വേണ്ടി ചെലവഴിക്കപ്പെടുകയും അതിൽ ഒരു പ്രധാന പങ്കും തറാവീഹ് നമസ്കാരത്തിനായി നൽകപ്പെടുന്നതും കണ്ട് ശീലിച്ച് തുർക്കിലേക്ക് കടന്നുവരുന്ന നവയാത്രികർ ഒരുപക്ഷേ അത്ഭുതപ്പെടുകയും നിരാശരാവുകയും ചെയ്തേക്കാം.  കാരണം തുർക്കിയിലെ തറാവീഹ് നമസ്കാരങ്ങൾ വളരെ ലളിതമായിട്ടാണ് നടത്തപ്പെടാറുള്ളത്. ഇരുപത് റക്അതുള്ള തറാവീഹ് നമസ്കാരം മിക്കയിടങ്ങളിലും അരമണിക്കൂറിൽ കുറഞ്ഞ നേരം മാത്രമാണ് നീണ്ടു നിൽക്കുന്നത്. പൊതുജനങ്ങൾക്ക് പ്രയാസം ഉണ്ടാകാതിരിക്കുക എന്നതാണ് ഇതിനു പിന്നിലെ ഉദ്ദേശ്യം. എങ്കിലും തറാവീഹ് നമസ്കാരത്തിൽ ഒരു മാസം കൊണ്ട് ഖുർആൻ ഖത്മ് തീർക്കുന്ന പള്ളികളും ചിലയിടങ്ങളിൽ നിലനിൽക്കുന്നുണ്ട്.

തറാവീഹ് കഴിഞ്ഞാൽ പിന്നെ കടകൾ, ഹോട്ടലുകൾ മറ്റു ലഘു ഭക്ഷണ ശാലകൾ  തുടങ്ങിയവയെല്ലാം സജീവമാവുകയും വിവിധയിനം ഭക്ഷണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തുകൊണ്ട് അതിരാവിലെ വരെ തുറന്നു പ്രവർത്തിക്കുകയും ചെയ്യും. ചില പ്രദേശങ്ങളിൽ അത്താഴസമയത്ത് വിശ്വാസികളെ ഉണർത്താനായി ചെണ്ട കൊട്ടി നടക്കുന്ന "ദാവുൽജു"കളെ കാണാം. ഓട്ടോമൻ കാലഘട്ടത്തിൽ നിന്നുള്ള മറ്റൊരു പാരമ്പര്യമാണിത്. ഈയൊരു ശബ്ദം ഒരിക്കല്‍ കേട്ടാല്‍, അതിന്റെ പ്രതിധ്വനികൾ ഓർമ്മകളിൽ വളരെ കാലം നിലനിൽക്കും.

പ്രവാചകൻ മുഹമ്മദ് നബി (സ്വ) തങ്ങളിലേക്ക് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന മറ്റു ചില റമദാൻ പാരമ്പര്യങ്ങളും ആത്മീയ പ്രവർത്തനങ്ങളും ഇസ്താംബൂളിൽ അനുഷ്ടിക്കപ്പെടുന്നുണ്ട്.  പരിശുദ്ധ മാസത്തിലുടനീളം, നബി തങ്ങളുടെ തിരുകേശം പ്രദർശിപ്പിക്കപ്പെടുകയും പൊതുജനങ്ങൾക്ക് അതിന്റെ ബർക്കത്ത് എടുക്കാനുള്ള അപൂർവ്വ അവസരം നൽകപ്പെടുകയും ചെയ്യും. പതിനാറാം നൂറ്റാണ്ടിൽ ബാഗ്ദാദിൽ നിന്ന് ഇസ്താംബൂളിലേക്ക് ഖിലാഫത് മാറിയപ്പോൾ സുൽത്താന്മാരുടെ അനന്തരമായി ലഭിച്ചതാണ് ഈ തിരുശേഷിപ്പുകൾ. ഓരോന്നിനും അതിന്റെ ആധികാരികത അറിയിക്കും വിധമുള്ള കൃത്യമായ സനദുകളുമുണ്ട്. പരമാവധി ആളുകൾക്ക് പരിശുദ്ധ കേശത്തിൽ സ്പർശിക്കാനുള്ള അവസരം നൽകുന്നതിനായി അവയെ ഒരു പള്ളിയിൽ നിന്ന് മറ്റൊന്നിലേക്ക് കൈമാറി കൊണ്ടിരിക്കുന്നതും റമദാനിലെ ഇവിടത്തെ പ്രത്യേകതയാണ്.

നബി തങ്ങളിലേക്ക് തന്നെ ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരു പാരമ്പര്യമാണ് അവിടുത്തെ മേൽ കുപ്പായം പ്രദർശിപ്പിക്കുക എന്നത്. സ്വഹാബി വര്യൻ ഉവൈസുൽ ഖർനിയുടെ പിൻഗാമികളാണ് റമളാൻ മാസം മുഴുവൻ പൊതുജനങ്ങൾക്കായി ഇത്തരത്തിൽ ഒരു സംവിധാനം ഒരുക്കുന്നത്. റമദാനിന്റെ അനുഗ്രഹം തേടുന്നവരെ സംബന്ധിച്ചിടത്തോളം, ഇത്തരം അവിസ്മരണീയമായ അനുഭവങ്ങൾ അവരെ നിരാശപ്പെടുത്തില്ല എന്നത് തീർച്ചയാണ്. ഇതുകൊണ്ടൊക്കെ തന്നെയാണ് റമദാനിലെ  ഇസ്താംബൂൾ സന്ദർശനം ഏറെ മനോഹരമാകുന്നത്.

തുർക്കി ഒരു മതേതര റിപ്പബ്ലിക് രാജ്യമായതിനാൽ തന്നെ, പകൽ സമയങ്ങളിൽ റസ്റ്റോറന്റുകളും കഫേകളും തുറന്നു പ്രവർത്തിക്കുകയും പ്രദേശവാസികൾ പുകവലിക്കുകയും ചെയ്യുന്നത് കണ്ട് നിങ്ങൾ ആശ്ചര്യപ്പെടേണ്ടതില്ല. എന്നാൽ ഇസ്താംബൂളിലെ റമദാൻ കാലം ശരിക്ക് ഉൾക്കൊള്ളുകയും പരിശുദ്ധ മാസത്തിൽ അവിടെ നടത്തപ്പെടുന്ന ആത്മീയ പാരമ്പര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്യുന്നവർക്ക് ഇതൊന്നും ഒരു തടസ്സമാവില്ലെന്ന് മാത്രമല്ല, വിശുദ്ധ മാസത്തെ അതിന്റെ പൂര്‍ണ്ണ വിശുദ്ധിയോടെ തന്നെ ആസ്വദിക്കാനുമാവും, തീര്‍ച്ച.

വിവർത്തനം: അർഷദ് കാരായ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter