റോഹിങ്ക്യന്‍  വിഷയത്തിലെ ഇന്ത്യന്‍ നിലപാടിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

 

ഇന്ത്യയിലെ റോഹിങ്ക്യന്‍ മുസ്‌ലിം അഭയാര്‍ത്ഥികളുടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്.
 മാനുഷികമായ പരിഗണനകള്‍ വെച്ച് റോഹിങ്ക്യന്‍ മുസ് ലിംകളെ തിരിച്ചയക്കരുതെന്ന് കമ്മീഷന്‍ ചെയര്‍മാനും മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായ എച്ച്.എല്‍ ദത്തു പറഞ്ഞു. ' മനുഷ്യാവകാശ പ്രശ്‌നമെന്ന നിലയില്‍ കമ്മീഷന്‍ ഇതില്‍ ഇടപെടും. ഇവരെ തിരിച്ചയക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്'  ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദത്തു വ്യക്തമാക്കി. അഭയാര്‍ത്ഥികള്‍ക്ക് അനുകൂലമായല്ല കേന്ദ്രത്തിന്റെ സത്യവാങ്മൂലമെങ്കില്‍ അതിനെ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ തിങ്കളാഴ്ചയാണ് കേന്ദ്രം സുപ്രീം കോടതിയില്‍ അന്തിമ സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്.
നേരത്തെ, യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലും ഇന്ത്യയുടെ തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ എതിര്‍നിലപാട് സ്വീകരിച്ചതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. റോഹിങ്ക്യകള്‍ അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്നവരാണെന്നും ഇവര്‍ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. നയപരമായ കാര്യത്തില്‍ കോടതി ഇടപെടരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

നാടുകടത്തുന്നതിനെതിരെ യു.എന്‍.എച്ച്.സി.ആറില്‍ രജിസ്റ്റര്‍ ചെയ്ത മുഹമ്മദ് സലീമുള്ള, മുഹമ്മദ് ഷാകിര്‍ എന്നീ രണ്ടു പേരാണ് പരമോന്നത കോടതിയെ സമീപിച്ചിരുന്നത്. തങ്ങളുടെ സമുദായത്തിനെതിരെയുള്ള വിവേചനം, അക്രമം, രക്തച്ചൊരിച്ചില്‍ തുടങ്ങിയവ മൂലമാണ് മ്യാന്മര്‍ വിട്ടതെന്ന് ഇവര്‍ സമര്‍പ്പിച്ച ഹര്‍ജി പറയുന്നു. തങ്ങളില്‍ ഒരാള്‍ പോലും ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ അഡ്വക്കറ്റ് കോളിന്‍ ഗോണ്‍സാവല്‍സ് എന്നിവരാണ് അഭയാര്‍ത്ഥികള്‍ക്കു വേണ്ടി ഹാജരാകുന്നത്.
ജമ്മു, ഹൈദരാബാദ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹിഎന്‍.സി.ആര്‍ എന്നിവിടങ്ങളിലായി നാല്‍പ്പതിനായിരത്തോളം റോഹിങ്ക്യകളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ പതിനാലായിരത്തിലേറെ പേര്‍ക്ക് യു.എന്നിന്റെ അഭയാര്‍ത്ഥി രേഖയുണ്ട്. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ചക്മ, ഹജോങ് വിഭാഗക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്രതീരുമാനത്തിന്റെ സാഹചര്യത്തിലാണ് റോഹിങ്ക്യകളെ നാടുകടത്തുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter