ഷഹ്സാദ് അലി പ്രതിഷേധക്കാരിൽ ഒരാൾ മാത്രം: ഷഹീന്‍ബാഗ് സമരനായകൻ ബിജെപിയിൽ ചേർന്നെന്ന വാർത്തക്കെതിരെ ഷഹീന്‍ബാഗ് വനിതാ നേതാക്കൾ
ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് സമരത്തില്‍ പങ്കെടുത്ത 'പ്രമുഖ നേതാക്കളെന്ന ലേബലിൽ ഷഹ്‌സാദ് അലി, ഡോ. മെഹ്‌റീന്‍, സും ഹുസൈന്‍ എന്നിവർ ബി.ജെ.പിയില്‍ ചേര്‍ന്ന വാര്‍ത്തക്കെതിരെ പ്രതികരണവുമായി സമരത്തില്‍ പങ്കെടുത്ത വനിതാനേതാക്കള്‍. മാധ്യമങ്ങള്‍ ഷഹീന്‍ബാഗ് സമരത്തിലെ നായകര്‍ എന്ന നിലയില്‍ വിശേഷിപ്പിക്കുന്ന ഷഹ്സാദ് അലിയെ സമരപന്തലില്‍ വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണ് കണ്ടിട്ടുള്ളതെന്ന് പ്രതിഷേധത്തില്‍ എല്ലാദിവസവും പങ്കെടുത്ത വനിതാ വളന്റിയര്‍മാര്‍ പറയുന്നു.

'പ്രതിഷേധത്തില്‍ ഭാഗമായ നിരവധി പേരില്‍ ഒരാള്‍ മാത്രമാണ് ഷഹ്സാദ് അലി', സമരത്തിൽ തുടക്കം മുതല്‍ അവസാനം വരെയുണ്ടായിരുന്ന വനിതാ വളന്റിയറായ കെഹ്കാഷ പറഞ്ഞു. ഷഹ്സാദിനെ എല്ലാവര്‍ക്കും അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. "സാധാരണക്കാരായ സ്ത്രീകള്‍ മുന്നോട്ടുവന്ന് നടത്തിയ സമരമാണ് ഷഹിന്‍ബാഗിലേത്, അതിന് നേതാവില്ലായിരുന്നു. കുറച്ചുപേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത വന്നാല്‍ ഞങ്ങളെല്ലാവരും നിലപാട് മാറ്റി എന്നല്ല അര്‍ത്ഥം". അവര്‍ പറഞ്ഞു.

'അദ്ദേഹത്തെ ആര്‍ക്കുമറിയില്ല. ചില ദിവസങ്ങളില്‍ സമരപന്തലില്‍ വന്നിരുന്നു. എന്നാല്‍ സ്റ്റേജിലേക്ക് വന്നിട്ടില്ല. ഇപ്പോള്‍ അദ്ദേഹത്തെ സമരത്തിലെ പ്രധാനി എന്നാണ് വിളിക്കുന്നത്. സമരം നടത്തിയത് പ്രധാനമായും സ്ത്രീകളാണ്. ഒരാള്‍ കുറച്ചുദിവസം പ്രതിഷേധ പന്തലില്‍ വരികയും പിന്നീട് ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരുന്നതും വലിയ കാര്യമാകുന്നതെങ്ങനെയാണ്', സ്റ്റേജിന്റെ ചുമതലയുണ്ടായിരുന്ന റിതു കൗഷിക് പറയുന്നു. ഷഹ്സാദ് ഒരുതരത്തിലും ഷഹിന്‍ബാഗ് സമരം നയിച്ചിട്ടില്ലെന്നാണ് സമരവളന്റിയര്‍മാര്‍ പറയുന്നത്. ഷഹ്സാദിന്റെ പേര് പോലും കേട്ട് പരിചയമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter