ഡൽഹി പോലീസിന്റെ നടപടി ജാലിയൻവാലാബാഗിന് സമാനമെന്ന്  ഉദ്ധവ് താക്കറെ
മുംബൈ: പൗരത്വ ഭേദഗതി ബില്ലിനെതിരെ ജാമിയ മില്ലിയ്യയിൽ പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാർത്ഥികളെ നിഷ്ഠൂരമായി തല്ലിച്ചതച്ച പൊലീസ്‌ നടപടി ബ്രിട്ടീഷ് പട്ടാളം ജാലിയന്‍ വാലാബാഗിൽ നടത്തിയ ക്രൂര നടപടിക്ക് സമാനമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് തക്കറെ. വിദ്യാര്‍ത്ഥികള്‍ യുവ ബോംബുകളാണെന്ന് കേന്ദ്ര സർക്കാരിന് ഓർമ്മപ്പെടുത്തിയ താക്കറെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. 'ജാമിയ മില്ലിയ സര്‍വകലാശാലയില്‍ നടന്ന പൊലീസ് അതിക്രമം കാണുമ്പോള്‍ എനിക്കോര്‍മ വരുന്നത് ജാലിയന്‍ വാലാബാഗിലെ വെടിവെപ്പാണ്. യുവശക്തി എന്നത് ഒരു ബോംബാണ്. അത് നിര്‍വീര്യമാക്കാന്‍ കഴിയില്ല.'- മഹാരാഷ്ട്ര നിയമസഭയിലെ പ്രസംഗത്തില്‍ ഉദ്ധവ് താക്കറെ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ബിജെപി നയത്തെ താക്കറെ വിമര്‍ശിച്ചു. അതേസമയം പൗരത്വനിയമഭേദഗതി വിഷയത്തില്‍ രാഷ്ട്രപതിയെ കാണാന്‍ തീരുമാനിച്ച പ്രതിപക്ഷ സംയുക്ത സമിതിയിൽ ശിവസേന പങ്കെടുത്തില്ല. പ്രതിപക്ഷ സര്‍വകക്ഷിസംഘത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ശിവസേന തീരുമാനമെടുത്തത്. പൗരത്വനിയമഭേദഗതി നിയമത്തില്‍ വ്യത്യസ്ത അഭിപ്രായം ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മേൽ മേൽ കോൺഗ്രസ് ശക്തമായ സമ്മർദം ചെലുത്തിയിരുന്നെങ്കിലും വഴങ്ങാൻ സേന തയ്യാറായിരുന്നില്ല. ഈ വിഷയം സഖ്യത്തിൽ കല്ലുകടിയായിരിക്കുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter