സംവരണ അട്ടിമറി: പത്തു ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹരജി സമസ്ത മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

സംവരണ അട്ടിമറിക്കെതിരേ പത്തു ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹരജി സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ എല്ലാ മേഖകളിലും മുസ്‌ലിംകള്‍ക്ക് 12 ശതമാനം സംവരണം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, റിസര്‍വേഷന്‍ ബാക്ക് ലോഗ് നികത്തുക, പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി സംവരണമേര്‍പ്പെടുത്തുക, റിസര്‍വേഷന്‍ റൊട്ടേഷന്‍ സിസ്റ്റം കുറ്റമറ്റതാക്കുക, സംവരണാനുപാതം പുനര്‍ നിര്‍ണയിക്കുന്നതിന് വേണ്ടി 1993 മുതല്‍ നടത്തേണ്ടിയിരുന്ന സര്‍വെ യഥാവിധി നടത്തി സംവരണ ക്വാട്ട പുനര്‍ഃനിര്‍ണയം നടത്തുക, സംവരണ വിഷയത്തില്‍ സമുദായങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണ നീക്കുന്നതിന് നിലവിലെ ഉദ്യോഗ, വിദ്യാഭ്യാസ പ്രാതിനിധ്യത്തിന്റെ ധവളപത്രം പുറത്തിറക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഭീമ ഹര്‍ജിയില്‍ ഉന്നയിച്ചത്.

മന്ത്രി കെ.ടി ജലീലിന്റെ സാനിധ്യത്തില്‍ സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമസ്തയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും പിന്നോക്ക കമ്മിഷന് ഇത് സംബന്ധമായ നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സമസ്ത സംവരണ സംരക്ഷണ സമിതി ചെയര്‍മാന്‍ ഡോ. എന്‍.എ.എം അബ്ദുള്‍ ഖാദര്‍ ഹര്‍ജി മുഖ്യമന്ത്രിക്ക് കൈമാറി.

സംവരണ സംരക്ഷണ സമിതി നേതാക്കളായ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍, ഒ.പി അഷ്‌റഫ്, അഡ്വ. ത്വയ്യിബ് ഹുദവി, സി.പി ഇഖ്ബാല്‍, ആലംകോട് ഹസന്‍, കണിയാപുരം ഹലീം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter