മലേഷ്യയിലെ റമദാന്‍
60 ശതമാനത്തിലേറെ മുസ്ലിംകള്‍ അധിവസിക്കുന്ന, മുസ്ലിം രാഷ്ട്രമാണ് മലേഷ്യ. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഏറെ കൃത്യത പുലര്ത്തുന്നവരാണ് മലേഷ്യയിലെ മുസ്ലിംകള്‍. റമദാനിനെ വരവേല്ക്കാനുള്ള മുന്നൊരുക്കള്‍ മലേഷ്യയിലും പ്രകടമായി കാണാം. ശഅ്ബാനിലെ അവസാനരാത്രിയില്‍ മാസപ്പിറവി വീക്ഷിക്കാനായി പോകുന്നവരില്‍ മലേഷ്യയിലെ മതകാര്യമന്ത്രിയും ഉണ്ടാവാറുണ്ട്.
മാസപ്പിറവി സ്ഥിരപ്പെടുന്നതോടെ ഔദ്യോഗിക വാര്ത്താവിനിമയ മാധ്യമങ്ങളെല്ലാം അത് പുറത്തുവിടുന്നു. റമദാന്‍ പിറന്ന വാര്ത്ത വരുന്നതോടെ മലേഷ്യയിലെ മുന്സിപ്പാലിറ്റികള്‍ സജീവമാകുന്നു. റോഡുകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കുന്നതും പൊതുവഴികളില്‍ അലങ്കാരവിളക്കുകള്‍ സ്ഥാപിക്കുന്നതും അവരുടെ ജോലിയുടെ ഭാഗമാണ്. ഷോപ്പുകളിലെല്ലാം റമദാനെ വരവേല്ക്കുന്ന, ആശംസകള്‍ കൈമാറുന്ന ബോഡുകള്‍ സ്ഥാപിതമാവുന്നു. ഗ്രാമങ്ങളില്‍ റമദാന്‍റെ വരവറിയിക്കുന്നത് വലിയ ചെണ്ടകളുടെ ശബ്ദങ്ങളാണ്. റമദാന്‍ മുഴുവനും മലേഷ്യയിലെ പള്ളികള്‍ തുറന്ന് തന്നെ കിടക്കുന്നു. ഇഫ്താറിനായി പള്ളികളില്‍ ഒരുമിച്ചുകൂടുന്നതും മലേഷ്യയിലെ നിത്യകാഴ്ചയാണ്.
പള്ളികളില്‍ സദാസുഗന്ധം പരത്താനും പുകപ്പിക്കാനും അവിടത്തെ മുതലാളിമാര്‍ പ്രത്യേകം ശ്രദ്ദിക്കുന്നു. ഇശാഉം തറാവീഹും കഴിഞ്ഞാല്‍ ഖിയാമുല്ലൈലിനായി പള്ളിയില്‍ ഒരുമിച്ചുകൂടുന്നതും അവിടത്തെ പതിവാണ്. ഈ സമയത്ത് മധുരപലഹാരങ്ങളും ലഘു ഭക്ഷണപദാര്ത്ഥങ്ങളും പങ്കുവെക്കുന്നതും ഏറെ സന്തോഷത്തോടെയാണ്. ഖുര്‍ആന്‍ പാരായണത്തിന് പ്രത്യേക പരിഗണനയാണ് റമദാനില്‍ അവിടത്തുകാര്‍ നല്‍കുന്നത്. സര്ക്കാര്‍ തന്നെ മുന്കൈയ്യെടുത്ത് റമദാന്‍ സജീവമാക്കാനായി പ്രത്യേക പരിപാടികളും മല്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഇസ്ലാമിക വിജ്ഞാനങ്ങള്‍ ഉള്ക്കൊള്ളുന്ന പ്രത്യേക പരിപാടികള്‍ സംപ്രേഷണം ചെയ്യാനും സര്ക്കാര്‍ ശ്രദ്ധിക്കാറുണ്ട്.
കുടുംബങ്ങള്‍ പരസ്പരം സമ്മാനങ്ങളും ഭക്ഷണപദാര്ത്ഥങ്ങളും കൈമാറുന്നതും മലേഷ്യയില്‍ റമദാനിലെ പ്രത്യേകതയാണ്. എ്ലലാ നിസ്കാരങ്ങള്ക്കും വിശിഷ്യാ ഇശാഇനും സുബ്ഹിക്കും മലേഷ്യയിലെ പള്ളികള്‍ നിറയാറുണ്ട്. സുബ്ഹിക്ക് ശേഷം സുര്യോദയം വരെ വൈജ്ഞാനിക ക്ലാസുകളും മറ്റുമായാണ് അവിടത്തുകാര്‍ ചെലവഴിക്കാറ്. ജോലിയുള്ളവര്‍ അത് കഴിഞ്ഞ് നേരെ ജോലിസ്ഥലത്തേക്ക് പുറപ്പെടുന്നതിനാല്‍, മലേഷ്യയിലെ യുവാക്കള്ക്ക് റമദാനില്‍ സുബ്ഹിക്ക് ശേഷമുള്ള ഉറക്കം പരിചയമില്ലെന്ന് പറയാം. തറാവീഹ് നിസ്കാരത്തില്‍ ഭൂരിഭാഗം പേരും പങ്കെടുക്കാറുണ്ടെന്നതും ശ്രദ്ദേയമത്രെ. ഭൂരിഭാഗം പള്ളികളിലും ഇരുപത് റക്അതാണ് നിസ്കരിക്കാറുള്ളത്. നോമ്പ് തുറക്കാന്‍ വിവിധതരം ഭക്ഷണങ്ങള്‍ ഒരുക്കാറുണ്ടെങ്കിലും അരിഭക്ഷണം തന്നെയാണ് പ്രധാനം.
അത്താഴത്തിന് ജനങ്ങളെ ഉണര്ത്താനായി വീടുകള്‍ തോറും കയറിയിറങ്ങുന്ന മുസഹിറാതികള്‍ മലേഷ്യയിലെ റമദാന്കാഴ്ചയാണ്. അത്താഴം കഴിച്ച ശേഷം ദാഹം വരാതിരിക്കാനായി മലേഷ്യക്കാര്‍ കുടിക്കുന്ന പാനീയമാണ് കോലാക്. അത് പ്രത്യേക ഊര്ജ്ജവും ശക്തിയും നല്കുന്നത് കൂടിയാണ്. മതകാര്യമന്ത്രാലയത്തിന്റെ മേല്നോട്ടത്തില്തന്നെ റമദാനില്‍ പ്രത്യേക മല്‍സരങ്ങളും കോഴ്സുകളും മലേഷ്യയില്‍ സംഘടിപ്പിക്കാറുണ്ട്. മലേഷ്യയിലെ അമുസ്ലിം സുഹൃത്തുക്കള്‍ റമദാനിന്‍റെ പവിത്രത പാലിച്ച് പകല്സമയങ്ങളില്‍ പരസ്യമായി ഭക്ഷണം കഴിക്കാറില്ല.
മാത്രമല്ല, പല മല്സര പരിപാടികളിലും അവരും പങ്കെടുക്കാറുമുണ്ട്. ഇസ്ലാമിനെക്കുറിച്ച് അറിയാനും പരിചയപ്പെടാനും അത് പലപ്പോഴും കാരണമാവാറുണ്ടെന്ന് അവിടത്തുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. റമദാന്‍ അവസാനത്തിലേക്ക് നീങ്ങുന്നതോടെ, സംഘടിത സകാത് വിതരണവും പുതുവസ്ത്ര വിതരണവും പള്ളികളില്‍ സജീവമാകുന്നു. വിശ്വാസത്തിന്റെ സത്തയില്‍ ചാലിച്ചെടുത്ത ഇത്തരം സാമൂഹ്യവും ജീവകാരുണ്യപരവുമായ അനേകപ്രവര്ത്തനങ്ങളിലൂടെ മലേഷ്യയുടെ അന്തരീക്ഷം പോലും ആത്മീയത മുറ്റിയതായി മാറുകയാണ് റമദാനില്‍ അവിടത്തെ രീതി.
Leave A Comment