ഹാഗിയ സോഫിയക്കിത് കാത്തു കാത്തിരുന്ന വിശുദ്ധ മാസം
അള്ളാഹുമ്മ സല്ലി അലാ... സയ്യിദിനാ മുഹമ്മദിന്‍... അല്‍ഹാദിയ്യി ഉമ്മിയ്യി... വ അലാ ആലിഹി... വസ്വഹ്ബിഹി... വസല്ലിം..
തറാവീഹ് നിസ്കാരത്തിനിടയിലെ, തുര്‍കികളുടെ ഈ പ്രത്യേക സ്വലാതിന്റെ ഈരടികള്‍ ഹാഗിയ സോഫിയയുടെ നടുത്തളങ്ങളില്‍ വീണ്ടും അലയടിക്കുകയാണ്. നൂറ്റാണ്ടുകളോളം റമദാനില്‍ ആസ്വദിച്ച ഈ മന്ത്രധ്വനികള്‍ കഴിഞ്ഞ 88 വര്‍ഷമായി, അന്യമായിരുന്നു, ഇസ്താംബൂളിലെ ഈ പള്ളി മിനാരങ്ങള്‍ക്ക്.
കഴിഞ്ഞ 30 വർഷമായി ഈ നഗരത്തിൽ താമസിക്കുന്ന പലരും ആദ്യമായാണ് ഈ കെട്ടിടത്തിലേക്ക് തറാവീഹ് നിസ്കാരത്തിന് വേണ്ടി കാലെടുത്തുവയ്ക്കുന്നത്. ബൈസന്റൈന്‍ ചക്രവര്‍ത്തിമാരുടെ കാലം മുതല്‍ കാലാകാലങ്ങളിലെ, സംഘട്ടനങ്ങളുടെയും യുദ്ധങ്ങളുടെയും ഇരയാവേണ്ടിവന്നത് ഹാഗിയാ സോഫിയക്കായിരുന്നു. അത് കൊണ്ട് തന്നെ, കത്രീഡലും പള്ളിയും മ്യൂസിയവുമെല്ലാമായി വിവിധ വേഷങ്ങള്‍ കെട്ടാനായിരുന്നു അതിന്റെ വിധി. 2020-ൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ പ്രഖ്യാപനത്തോടെയാണ് വീണ്ടും ഇത് പള്ളിയായിരിക്കുന്നത്.
Also Read:ആയാ സോഫിയ: വീണ്ടെടുപ്പിന്റെ ചരിത്രം
അതിന് ശേഷം വരുന്ന രണ്ടാം റമദാന്‍ ആണ് ഇതെങ്കിലും, മഹാമാരി കാരണം ആദ്യറമദാനെ യഥോചിതം വരവേല്‍ക്കാന്‍ ഈ പള്ളിക്കായിരുന്നില്ല. ഈ വര്‍ഷം അത് രാജകീയമായി തന്നെ അത് നിര്‍വ്വഹിക്കുകയും ചെയ്യുന്നു. എവിടെ നോക്കിയാലും റമദാനിന്റെ വിശുദ്ധിയും ആത്മീയനിറവും തെളിഞ്ഞ് കാണാവുന്നതാണ്.
പള്ളിയിലെ മൊസൈക്കുകൾ വെളുത്ത ഷീറ്റുകൾ കൊണ്ട് മൂടിയിരിക്കുന്നു, ഇസ്‍ലാമിക ചിഹ്നങ്ങൾ അകത്തും പുറത്തും തൂങ്ങിക്കിടക്കുന്നു, സ്വർണ്ണ നിലവിളക്കുകൾ പൂര്‍വ്വോപരി പ്രകാശം പരത്തുന്നു, കൂടാതെ തറാവീഹ് നിസ്കാരത്തിനായി ഒരു പുതിയ പരവതാനി തന്നെ വിരിക്കപ്പെടുന്നു.
Also Read:തുര്‍ക്കിയിലൂടെ ഒരു യാത്ര
ഓട്ടോമൻ പ്രതാപത്തിന്റെ സ്മാരകം പുനഃസ്ഥാപിക്കുന്നതിലൂടെ, തുര്‍കി പഴയ പ്രതാപത്തിലേക്ക് തിരിച്ച് നടക്കുന്നതായാണ് പലരും അഭിപ്രായപ്പെടുന്നത്. ഹാഗിയ സോഫിയയോട് ചേര്‍ന്നുള്ള അല്‍ഫാത്തിഹ് മദ്രസയും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. മുഹമ്മദ് രണ്ടാമന്‍ സ്ഥാപിച്ച ഇത്, ഹാഗിയ സോഫിയയുടെ പരിസരത്തെ ആദ്യ മദ്റസയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഈ നഗരത്തില്‍നിന്ന് മനഃപൂർവ്വം തുടച്ചുനീക്കപ്പെട്ട പ്രതാപത്തെ, തിരിച്ച് കൊണ്ട് വരുന്നതില്‍ തന്റെ സർക്കാർ സന്തുഷ്ടരാണെന്നാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രസിഡണ്ട് ഉര്‍ദുഗാന്‍ അഭിപ്രായപ്പെട്ടത്.