ഗള്‍ഫ് രാഷ്ട്രങ്ങളും ഇസ്രയേലും : പുതിയ ബാന്ധവും പണ്ഡിത നിലപാടുകളും

യുഎഇയും ബഹറൈനും ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ തീരുമാനിക്കുകയും കരാറില്‍ ഒപ്പിടുകയും അതെ തുടര്‍ന്ന് പണ്ഡിതനിലപാടുകള്‍ പുറത്തു വരികയും ചെയ്തതോടെ ഇസ്ലാമിക ലോകത്ത് ഫത്‌വകള്‍ വീണ്ടും ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്.

മുസ്ലിം ലോകത്തെ അധിക പണ്ഡിതരും പണ്ഡിതസഭകളും ഇസ്രായേലുമായി ബന്ധം സാധാരണവത്കരിക്കുന്നതിന് എതിരെ നിലപാട് എടുത്തപ്പോള്‍ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില പണ്ഡിതരും സംഘടനകളും അതിനനുകൂലമായി രംഗത്ത് വന്നിരിക്കുന്നു.

വിവിധ ആശയ ധാരകളിലുള്ള പണ്ഡിതന്മാര്‍ അടങ്ങുന്ന അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ, ഫലസ്തീന്‍ പണ്ഡിത സംഘടനകള്‍, ഫലസ്തീന്‍ ഭരണകൂടം, പിഎല്‍ഒ, ഹമാസ് തുടങ്ങിയ ഫലസ്തീന്‍ വിഭാഗങ്ങള്‍, ഖുദ്‌സ് മുഫ്തിയും മസ്ജിദുല്‍ അഖ്‌സയിലെ ഖത്തീബുമായ ശൈഖ് മുഹമ്മദ് ഹുസൈന്‍, തുടങ്ങിയവരൊക്കെ ഇതിനെതിരെ ശക്തമായനിലപാടാണ് സ്വീകരിച്ചത്. നേരത്തെ ഖുദ്‌സ് സന്ദര്‍ശിക്കാന്‍ മുസ്ലിംകളോട് ആവശ്യപ്പെട്ട ശൈഖ് മുഹമ്മദ് ഹുസൈന്‍ ഒരുപടി കൂടി കടന്ന് ഈകരാറിന്റെ അടിസ്ഥാനത്തില്‍ യുഎഇയില്‍ നിന്നു ഇസ്രായിലിലേക്ക് പറന്നുയരുന്ന വിമാനത്തില്‍ മസ്ജിദുല്‍ അഖ്‌സ സന്ദര്‍ശിക്കുന്നതും അവിടെ നിസ്‌കരിക്കുന്നതും വരെ നിഷിദ്ധമാണെന്നും പറഞ്ഞുവെച്ചു.

സാധാരണ വത്കരണത്തെ അനുകൂലിച്ചു രംഗത്ത് വന്നത് പ്രധാനമായും രണ്ടു പേരാണ്. യുഎഇ ഫത്വ കൗണ്‍സില്‍ ചെയര്‍മാനും ഫോറം ഫോര്‍ പ്രൊമോട്ടിംഗ് ഓഫ് പീസ് ഇന്‍ മുസ്ലിം കമ്മ്യൂണിറ്റീസ് (മുന്‍തദ സില്‍മ്) പ്രസിഡണ്ടുമായ മൗറിത്താനിയന്‍ മാലികി പണ്ഡിതനായ ശൈഖ് അബ്ദുല്ല ബിന്‍ ബയ്യ, യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഥാബ ഫൗണ്ടേഷന്‍ മേധാവിയും യമനി വംശജനുമായ ഹബീബ് അലി ജിഫ്രി എന്നിവരാണ്.

ഫോറത്തിന്റെ പേരില്‍ പുറത്തുവന്ന യുഎഇ അനുകൂല പ്രസ്താവനയില്‍ ഫോറം ട്രസ്റ്റികളില്‍ പലരുടെയും പേര് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തന്റെ പേര്കൂടി ഉള്‍പ്പെടുത്തിയ പ്രസ്താവനയുമായി തനിക്ക് ബന്ധമില്ലെന്നും ‘മൗനം പാലിച്ചവരിലേക്ക് പ്രസ്താവനയെ ചേര്‍ക്കരുത്’ എന്ന ഇമാം ശാഫിയുടെ ഉദ്ധരണി ഓര്‍മപ്പെടുത്തി കാലിഫോര്‍ണിയയിലെ സൈത്തൂന ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ശൈഖ് ഹംസ യൂസുഫ് ഫേസ്ബുക്കില്‍ കുറിച്ചു. ഫോറം ട്രസ്റ്റികളായ കുവൈത്ത് അമീരി ദീവാന്‍ ഉപദേഷ്ടാവ് അബ്ദുല്ല അല്‍-മഅതൂഖ്, ജോര്‍ദാനിലെ മുന്‍ ചീഫ് ജസ്റ്റിസ് ശൈഖ് അഹ്മദ് ഹലീല്‍ എന്നിവരും സമാനമായി തങ്ങളിലേക്ക് ചേര്‍ക്കപ്പെട്ട പ്രസ്താവനയെ നിഷേധിച്ചു. അമേരിക്കക്കാരി ആഇശ അല്‍-അദവിയ്യ അത്തരമൊരു നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ട് ട്രസ്റ്റില്‍ നിന്നും രാജിവെച്ചു. ഫോറം അംഗമായ ഖുദ്‌സ് ചീഫ് മുഫ്തിയും ഫോറത്തില്‍ നിന്നു രാജിവെച്ചു. അതായത് പരമ്പരാഗത ഇസ്ലാമിക സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന പണ്ഡിതന്മാരിലധികവും പുതിയ ഇസ്രയേല്‍ ബന്ധത്തെ അനുകൂലിക്കാന്‍ തയ്യാറായിട്ടില്ലെന്നര്‍ത്ഥം.

ഇതോടൊപ്പം തന്നെ അല്‍-അസ്ഹറും അര്‍ത്ഥഗര്‍ഭമായ മൗനം പാലിച്ചു. ഇരു ഹറം കാര്യാലയ മേധാവി ശൈഖ് സുദൈസ് ഇതിനു അനൂകൂലമെന്നു വ്യാഖ്യാനിക്കാവുന്ന രീതിയില്‍ ചില പരാമര്‍ശങ്ങള്‍ വെള്ളിയാഴ്ച ഖുത്ബയില്‍ സൂചിപ്പിച്ചിരുന്നുവെങ്കിലും പൊതുവേ സഊദിയിലെ സലഫി പണ്ഡിതരും മൗനത്തിലൂടെ വാചലാരായി.

അതായത് ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗമായ ചെറിയ ന്യൂനപക്ഷം പണ്ഡിതന്മാര്‍ പുതിയ ബാന്ധവത്തിനു പച്ചക്കൊടികാണിച്ചപ്പോള്‍ ബഹുഭൂരിപക്ഷവും അതിനെ എതിര്‍ക്കുകയോ മൗനംപാലിക്കുകയോ ചെയ്തുവെന്നതാണ് യാഥാര്‍ത്ഥ്യം.

നിലപാടുകള്‍ക്ക് പിന്നിലെ ഫിഖ്ഹ്

ഫലസ്തീന്‍ വിഷയത്തിലെ കഴിഞ്ഞ കാലങ്ങളിലെ വിവിധ ഫത്‌വകള്‍ പരിശോധിച്ചാല്‍ പ്രധാനമായും നാലു കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇവയുടെ കര്‍മ്മശാസ്ത്രം വിശകലനവിധേയമാവുന്നതെന്ന് കാണാം.

1. മുസ്ലിം സമൂഹത്തോട് ശത്രുതപുലര്‍ത്തുകയും അവരോടു യുദ്ധം ചെയ്യുകയും ചെയ്യുന്ന ശത്രുവിനോട് കൂറും സ്‌നേഹവും പുലര്‍ത്തുന്നത് (മുവാലാത്ത്) നിഷിദ്ധമാണ്. ഇസ്രയേലുമായുള്ള ബന്ധം സാധാരണവത്കരിക്കുന്നതിലൂടെ അത്തരമൊരു മുവാലാത്ത് സംഭവിക്കുന്നുണ്ടോ എന്നതാണ് ഇവിടെ അപ്പോള്‍ ആലോചിക്കപ്പെടേണ്ടത്. സലഫികളില്‍ ഒരു വിഭാഗത്തെ തീവ്ര നിലപാടുകളിലേക്കും ഭീകരവാദത്തിലേക്കും നയിച്ച ഒരു കാരാണം മുവാലാത്തിന്റെ തെറ്റായ വ്യാഖ്യാനമായിരുന്നു. ശത്രുവുമായി വെടിനിറുത്തല്‍ കരാറോ താല്‍ക്കാലിക സന്ധികളോ ഉണ്ടാക്കുന്നത് മുവാലാത്തായി സലഫികള്‍ അടക്കം ആരും പരിഗണിക്കുന്നില്ല. എന്നാല്‍ ബന്ധം സാധാരണനിലയിലാക്കുന്നതോടെ ഇസ്രയേല്‍ എന്ന രാജ്യത്തെ പൂര്‍ണ്ണമായും അംഗീകരിക്കുകയും ഫലസ്തീന്‍ പ്രദേശങ്ങളില്‍ നടത്തിയ അധിനിവേശത്തിനു ഒപ്പ് ചാര്‍ത്തുകയും ചെയ്യുന്നതിനുതുല്യമായ നിലപാടാണെന്ന് അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭ അഭിപ്രായപ്പെടുന്നു.

2. ഇസ്രയേല്‍ ഫലസ്തീന്‍ ഭൂമി നിയമവിരുദ്ധമായും അനധികൃതമായും പിടിച്ചടക്കിയതാണ്. അത് കൊണ്ട് അവരെ സഹായിക്കുന്ന എന്ത് നിലപാടും ആ അതിക്രമത്തിനുള്ള പ്രോത്സാഹനമാണ്. നേരത്തെ സൂചിപ്പിചത് പോലെ 1965-ലെ അല്‍ അസ്ഹര്‍ ഫത്വ ഈ നിലപാട് അടിസ്ഥാനമാക്കിയുള്ളതാണ്. ഇതടിസ്ഥാനത്തില്‍ പിടിച്ചെടുത്ത ഭൂമി തിരിച്ചുനല്‍കുന്നത് വരെ ഇസ്രയേലുമായി ഒരു വിധ അനുരജ്ഞവും സാധ്യമല്ല.

3. മുസ്ലിം സമൂഹത്തിന്റെ പൊതുതാത്പര്യത്തിനു (മസ്ലഹത്ത്) അനുഗുണമെങ്കില്‍ ഇസ്രായേലുമായി അനുരഞ്ജനമാകാം. ഈജിപ്തിലെ മുന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് ഹസന്‍ മഅമൂന്‍, ശൈഖുല്‍ അസ്ഹര്‍ ജാദുല്‍ ഹഖിന്റെ ആദ്യകാല ഫത്‌വ, ശൈഖ് ഇബ്‌നു ബാസ് എന്നിവരുടെ ഫത്വ ഇതിനുദാഹരണമാണ്. കൂടുതല്‍ വലിയ നഷ്ടങ്ങള്‍ ഒഴിവാക്കാനും മുസ്ലിം സമൂഹത്തിന്റെ ശക്തിക്ഷയം കാരണവും ആവശ്യമായ രൂപത്തില്‍ പൊതുതാല്‍പര്യം മുന്‍ നിറുത്തി ഇസ്രയേലുമായി സന്ധിയാകാമെന്നതാണ് ഈ ഫത്വകളുടെ കാതല്‍.

ഇത്തരമൊരു നിലപാടിന് പൂര്‍ണ്ണമായും എതിരായിരുന്നു യൂസുഫ് ഖര്‍ദാവിയുടെ വാദം. ശത്രു അനുരജ്ഞത്തിനു തയ്യാറായിവന്നാല്‍ മാത്രമേ അതിനു മുസ്ലിം പക്ഷം വഴങ്ങാവൂ എന്ന നിലപാടാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. എന്നാല്‍ പൊതു താല്‍പര്യത്തിനു വേണ്ടി അനുരരജ്ഞ കരാറിന് മുസ്ലിംകള്‍ക്ക് മുന്‍ കൈ എടുക്കാമെന്നാണ് ശൈഖ് ജാദുല്‍ ഹഖ് സ്വീകരിച്ച നിലപാട്. പക്ഷേ പിന്നീട് ഫലസ്തീന്‍ രാഷ്ട്രം സാധ്യമാക്കുമെങ്കില്‍ 1948-ലെ അതിര്‍ത്തിക്കനുസരിച്ച് ഇസ്രയേലിനെ അംഗീകരിക്കാമെന്ന് 2007-ല്‍ നടന്ന ഖുദ്‌സ് സമ്മേളനത്തില്‍ ഖര്‍ദാവി അഭിപ്രായപ്പെട്ടു. ഇസ്രയേലിനെ ഒരുവിധത്തിലും അംഗീകരിക്കാത്ത ഹമാസ് 2017-ല്‍ പുറത്തിറക്കിയ പുതിയ നയരേഖയില്‍ 1967-ലെ അതിര്‍ത്തിക്കനുസരിച്ചു ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് സ്വീകരിക്കാന്‍ തയ്യാറായിട്ടുമുണ്ട്. അതായത് മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുതിയ നിലപാടുകള്‍ സ്വീകരിക്കാന്‍ ഭരണകൂടങ്ങളും പണ്ഡിതരും തയ്യാറായി എന്നതാണ് യാഥാര്‍ഥ്യം.

4. യുദ്ധം, സന്ധി പോലുള്ള കാര്യങ്ങള്‍ പൂര്‍ണ്ണമായും ഭരണാധികാരിയുടെ പ്രത്യേകാധികാരത്തില്‍പെട്ടതാണ്. സാഹചര്യത്തിനനുസരിച്ച് ഭരണാധികാരി എടുക്കുന്ന നിലപാടുകളെ അംഗീകരിക്കണമെന്നതാണ് ഈ വാദം മുന്നോട്ട് വെക്കുന്നത്. യുഎഇ-ഇസ്രയേല്‍ ബാന്ധവത്തില്‍ ശൈഖ് ഇബ്‌നു ബയ്യയും ഹബീബ് അലി ജിഫ്രിയും ഉന്നയിക്കുന്നത് ഈ വാദമുഖമാണ്.

”ഈ തീരുമാനം ഭരണാധികാരിയുടെ പ്രത്യേകവും പരമവുമായ അധികാരങ്ങളിലൊന്നാണ്” എന്ന ഇബ്‌നുബയ്യയുടെയും ‘അനുരഞ്ജനമോ സന്ധിയോയാകട്ടെ ശത്രുക്കളുമായുള്ള ഉടമ്പടികളില്‍ ഒപ്പുവെക്കുന്നത് ഭരണാധികാരിക്ക് അദ്ദേഹത്തിന്റെ ബോധ്യത്തിനനുസരിച്ചു ചെയ്യാവുന്നതാണെന്ന” അലി ജിഫ്രിയുടെയും പ്രസ്താവന അവരുടെ ഈ നിലപാടിന് അടിവരയിടുന്നു.

നാലാമത്തെ വാദമുഖമനുസരിച്ച് പൊതു താത്പര്യം എന്തെന്ന് നിശ്ചയിക്കാനുള്ള പൂര്‍ണ്ണ അധികാരം ഭരണാധികാരിയുടെതാണ്. അതില്‍ മറ്റാര്‍ക്കും കൈകടത്താന്‍ സാധ്യമല്ല. അപ്പോള്‍ സ്വാവിഭാകമായും ഒട്ടേറെ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. പൗരാണിക ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തുന്ന ഭരണാധികാരിയാണോ ഇന്നത്തെ രാഷ്ട്രതലവന്മാര്‍? ഭരണാധികാരിക്ക് വേണ്ട കര്‍മ്മശാസ്ത്ര നിബന്ധനകള്‍ പൂര്‍ണ്ണമല്ലാത്ത ഭരാണിധികാരികള്‍ക്ക് ഇസ്ലാമിക ഭരാണിധികാരിയുടെ എല്ലാ അധികാരങ്ങളും വകവെച്ചു കൊടുക്കാന്‍ കഴിയുമോ? മതവിഷയങ്ങളില്‍ ഇജ്തിഹാദ് പോയിട്ട് അടിസ്ഥാന വിവരം പോലുമില്ലാത്ത ഭരാണിധികാരികള്‍ക്ക് ശരീഅത്തിനു അനുസൃതമായ പൊതു താത്പര്യം ഒറ്റക്ക് തീരുമാനിക്കാന്‍ കഴിയുമോ? പൊതു താത്പര്യം പരിഗണിക്കുമ്പോള്‍ കേവലം തങ്ങളുടെ രാജ്യത്തിന്റെ താത്പര്യമാണോ പരിഗണിക്കേണ്ടത് അതല്ല മുസ്ലിം സമൂഹത്തിന്റെ പൊതുവായ താത്പര്യമാണോ? ഇസ്രയേല്‍ ബാന്ധവ വിഷയത്തില്‍ ഫലസ്തീനിന്റെ താത്പര്യങ്ങള്‍ക്കല്ലേ മുന്‍ഗണന നല്‍കേണ്ടത് തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ ഇവിടെ പ്രസക്തമാണ്.

ശത്രുപക്ഷവുമായി സ്ഥിരമായ അനുരജ്ഞകരാറിന്റെ കാര്യത്തിലും വ്യതസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം കരാറുകള്‍ താല്‍ക്കാലികമോ (പത്ത് വര്‍ഷം വരെയെന്നാണ് ശാഫിഈ മദ്ഹബ്) അല്ലെങ്കില്‍ ആവശ്യമെങ്കില്‍ പിന്മാറാന്‍ കഴിയുന്ന രീതിയിലോ ആവണമെന്നതാണ് പൊതുവായ വീക്ഷണം. ശത്രു രാജ്യവുമായുള്ള കരാറുകള്‍ക്ക് ഒട്ടേറെ നിബന്ധനകള്‍ ഫിഖ്ഹ് മുന്നോട്ട് വെക്കുന്നതായി കാണാന്‍ കഴിയും. അത്തരം കരാറിന് തീരുമാനം എടുക്കാനുള്ള അധികാരമുള്ളത് കൊണ്ടു മാത്രം ഏത് തരത്തിലും കരാറുണ്ടാക്കാന്‍ ഫിഖ്ഹ് അനുവദിക്കുന്നില്ല. അനുവദിനീയമല്ലാത്ത കരാറിന് ഭരണാധികാരി മുതിര്‍ന്നാല്‍ അതിനു പ്രാബല്യമില്ലെന്ന് ഇമാം ശാഫിയും(അല്‍-ഹാവി) ശരീഅത്തിന്റെ കാഴ്ചപ്പാടില്‍ സാധുവല്ലാത്ത നിബന്ധനകള്‍ ഇത്തരം കരാറുകളെ നിയമവിരുദ്ധമാക്കി മാറ്റുമെന്ന് ഇമാം നവവിയും (റൗളത്തു ത്വാലിബീന്‍) പറഞ്ഞത് ഇവിടെ പ്രസക്തമാണ്.

ചുരുക്കത്തില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി എടുക്കുന്ന തീരുമാനങ്ങള്‍ക്ക് മതത്തിന്റെ കയ്യൊപ്പ് ചാര്‍ത്തുന്നത് തെറ്റായ സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നതെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter