മഹാമാരികളുടെ ഇന്നലെകള്‍, ഒരു കണക്കെടുപ്പ്

ഹിജ്റ എട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ മനുഷ്യകുലത്തെ പിടിച്ചുകുലുക്കിയ ഒരു മഹാമാരിയുണ്ടായി. അത് ഒരു തലമുറയെതന്നെ ഇല്ലാതാക്കി എന്ന് പറയുന്നതാവും ശരി. മനുഷ്യര്‍ കൂട്ടംകൂട്ടമായി മരിച്ചുവീണു. പട്ടണങ്ങളിലും നഗരങ്ങളിലും ആളില്ലാതെ അക്ഷരാര്‍ത്ഥത്തില്‍ ശ്മശാനസമാനമായി മാറി. വഴികളെല്ലാം ഒഴിഞ്ഞുകിടന്നു. വീടുകളും വാസസ്ഥലങ്ങളുമെല്ലാം പ്രേതാലയങ്ങളായി മാറി. വലിയ വലിയ രാഷ്ട്രങ്ങള്‍ പോലും ഒന്നും ചെയ്യാനാവാതെ നിസ്സഹായരായി നോക്കിനില്ക്കേണ്ടിവന്നു. പ്രകൃതി തന്നെ, മനുഷ്യകുലം ഇനി മതിയെന്ന് പറയുന്നത് പോലെ തോന്നി. ശേഷമുണ്ടായത് പുതിയൊരു ലോകത്തിന്റെയും സൃഷ്ടിയുടെയും തുടക്കമായിരുന്നു എന്ന് പറയുന്നത് പോലും അതിശയോക്തിയല്ല.

ഇബ്നുഖല്‍ദൂന്‍ തന്റെ മുഖദ്ദിമയില്‍ ഹിജ്റ എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലുണ്ടായ ഒരു മഹാമാരിയെ കുറിച്ച് പരാമര്‍ശിക്കുന്ന വരികളാണ് ഇവ. മഹാമാരികള്‍ പലതും മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. പ്രകൃതിയുടെ ഒരു നിയമമെന്നോണം അത് ഇടക്കിടെ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. 

ചരിത്രത്തിലെ മഹാമാരികളെ കുറിച്ച് മാത്രം ഒട്ടേറെ രചനകള്‍ നടന്നിട്ടുണ്ട്. ഇവ്വിഷയകമായി എഴുതപ്പെട്ട എഴുപതിലേറെ ഗ്രന്ഥങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. ചരിത്രത്തിലെ പ്രധാന മഹാമാരികളെ നമുക്ക് പരിചയപ്പെടാം.

ഇസ്റാഈല്യരിലെ മഹാമാരി

ഇസ്‍ലാമിക ഗ്രന്ഥങ്ങള്‍ പരാമര്‍ശിക്കുന്ന ആദ്യ മഹാമാരി ബനൂഇസ്റാഈല്യരിലുണ്ടായതാണെന്നാണ് മനസ്സിലാകുന്നത്. അക്രമം പ്രവര്‍ത്തിച്ചവരുടെ മേല്‍ ആകാശത്ത് നിന്ന് തീവ്രമായ ശിക്ഷ ഇറക്കി എന്ന് പറയുന്ന സൂറതുല്‍ബഖറ, 59-ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ത്വബ്‍രി അടക്കമുള്ള മുഫസ്സിറുകള്‍, മഹാമാരിയിലൂടെ അവരെ അല്ലാഹു നശിപ്പിച്ചു എന്ന് പറയുന്നുണ്ട്. ഇമാം ബുഖാരി ഉദ്ധരിക്കുന്ന പ്രസിദ്ധ ഹദീസും ഇതിന് ശക്തി പകരുന്നു. അതിങ്ങനെ വായിക്കാം. ഉസാമതുബ്നു സൈദ് (റ) നബി തങ്ങളോട് പ്ലേഗിനെ കുറിച്ച് ചോദിച്ചു. അവിടുന്ന് പറഞ്ഞു, നിങ്ങളുടെ മുമ്പുണ്ടായിരുന്ന, ബനൂഇസ്‍റാഈല്യരിലെ ഒരു വിഭാഗത്തിന് ഇറക്കിയ ശിക്ഷയായിരുന്നു അത്. അതിനാല്‍, ഒരു ദേശത്ത് അത് ഉണ്ടെന്ന് കേട്ടാല്‍ നിങ്ങള്‍ അങ്ങോട്ട് പോകരുത്. നിങ്ങളുള്ള ദേശത്ത് അത് ഇറങ്ങിയാല്‍ നിങ്ങള്‍ അവിടം വിട്ട് പോകുകയും അരുത്. 

പേര്‍ഷ്യയിലെ മഹാമാരി

പ്രവാചകരുടെ കാലത്ത്, പേര്‍ഷ്യയില്‍ ഒരു മഹാമാരി ഉണ്ടായതായി ചരിത്രം രേഖപ്പെടുത്തുന്നു. ഹിജ്റ ആറില്‍ ഉണ്ടായ അത്, അന്നത്തെ പേര്‍ഷ്യന്‍ രാജാവായിരുന്ന ഷേറവൈഹിയുടെ പേരിലാണ് അറിയപ്പെടുന്നത്. 

ശേഷം ഹിജ്റ 16ലും മറ്റൊരു മഹാമാരി പേര്‍ഷ്യയെ ബാധിച്ചതായി പറയപ്പെടുന്നു. രണ്ടാം ഖലീഫ ഉമര്‍(റ)ന്റെ കാലത്ത്, മുസ്‍ലിംകള്‍ പേര്‍ഷ്യ ജയിച്ചടക്കാന്‍ പദ്ധതി തയ്യാറാക്കുന്ന സമയമായിരുന്നു അത്. ആ മഹാമാരി മുസ്‍ലിം വിജയത്തിന് ആക്കം കൂട്ടി എന്നും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. 

ഖിലാഫത് കാലത്തെ മഹാമാരികള്‍

ഹിജ്റ 18ലുണ്ടായ അംവാസ് മഹാമാരിയാണ് മുസ്‍ലിം ലോകത്തെ ആദ്യ മഹാമാരിയെന്ന് പറയാം. യാഫയില്‍നിന്ന് 28 കിലോമീറ്റര്‍ ദൂരെയുള്ള, ഫലസ്തീനിലെ ഒരു ഗ്രാമമായിരുന്നു അംവാസ്. ജൂതന്മാര്‍ ആ ഗ്രാമം അധിനിവേശം നടത്തി നശിപ്പിച്ച് കളഞ്ഞിരുന്നു. അതിന് തൊട്ട് പിന്നാലെയാണ് മഹാമാരിയും കടന്ന് വരുന്നത്. ഇരുപത്തി അയ്യായിരം ആളുകള്‍ അതില്‍ മരണമടഞ്ഞു എന്നാണ് ചരിത്രം. അബൂഉബൈദ (റ), മുആദുബ്നുജബല്‍ (റ), ശുറഹ്ബീല്‍ ബിന്‍ ഹസന (റ), യസീദ് ബിന്‍ അബീസുഫ്‍യാന്‍ (റ) തുടങ്ങിയ സ്വഹാബി പ്രമുഖരും അക്കൂട്ടത്തിലുണ്ടായിരുന്നു. 

അവസാനം, പ്രദേശത്തെ ഗവര്‍ണ്ണറായിരുന്ന അംറുബ്നുല്‍ ആസ് (റ) മഹാമാരി ബാധിച്ച ആ നാട്ടുകാരോടെല്ലാം പരിസരത്തുള്ള മലയിലേക്ക് പോകാന്‍ ഉത്തരവിടുകയും പല കൂട്ടങ്ങളായി അവര്‍ ചിതറി താമസിക്കുകയും ചെയ്തു. ഇന്നത്തെ ക്വാരന്റൈന്‍ സങ്കല്‍പത്തിന്റെ ആദ്യരൂപമായി ഇതിനെ കാണാവുന്നതാണ്. അതോടെ, മഹാമാരിയുടെ വ്യാപനത്തിന് ശമനം വന്നുവെന്നാണ് ചരിത്രം. 

ഹിജ്റ 24ല്‍ ഈജിപ്തില്‍ മറ്റൊരു മഹാമാരി പടര്‍ന്നതായും ചില അറബീ കവിതകളില്‍ സൂചനയുണ്ട്. പ്രമുഖ അറബി കവിയായ അബൂദുഐബില്‍ ഹുദലിയുടെ 5 മക്കളും ആ മഹാമാരിയില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം രചിച്ച, മരണത്തിനി എന്ത് വേദനയാണുള്ളത് എന്ന് തുടങ്ങുന്ന വിലാപ കാവ്യം ഏറെ പ്രസിദ്ധമാണ്. 
സിറിയയിലെ ദാബ് ഗ്രാമമായിരുന്നു ഇതിന്റെ ഉല്‍ഭവ കേന്ദ്രമെന്നും അതേ തുടര്‍ന്ന് ആ പ്രദേശത്തെ കാര്യങ്ങള്‍ നോക്കിയിരുന്ന മുആവിയ(റ) അന്നാട്ടുകാരെ മുഴുവന്‍ നാട് കടത്താന്‍ ഉദ്ദേശിച്ചുവെന്നും അബുദ്ദര്‍ദാഅ്(റ) അടക്കമുള്ള പ്രമുഖ സ്വഹാബിവര്യരുടെ എതിര്‍പ്പ് മാനിച്ച് അത് വേണ്ടെന്ന് വെച്ചുവെന്നും ചില ഗ്രന്ഥങ്ങളില്‍ കാണാം. ശേഷം ആ മഹാമാരി ഹിംസ്, ഡമസ്കസ് എന്നിവിടങ്ങളിലൂടെ ഈജിപ്തിലെത്തുകയായിരുന്നുവത്രെ. 

അമവീ കാലഘട്ടത്തിലെ മഹാമാരികള്‍

അമവീ ഭരണകാലം ഇസ്‍ലാമിക ലോകത്ത് മഹാമാരികളുടെ പ്രളയമായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ഇരുപതോളം മഹാമാരികള്‍ ഇക്കാലത്ത് ഉണ്ടായതായി പറയപ്പെടുന്നു. ശരാശരി ഓരോ നാലര വര്‍ഷത്തിലും ഓരോ മഹാമാരി വീതം പിടി പെട്ടിരുന്നു എന്നര്‍ത്ഥം. അമവീ ഭരണത്തിന്റെ തകര്‍ച്ചക്ക് പോലും ഇത് കാരണമായിട്ടുണ്ടെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്.

ഭരണ കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന പല പ്രമുഖരും ഇത്തരം മഹാമാരികളിലാണത്രെ വിട പറഞ്ഞത്. കൂഫയിലെ അമീറായിരുന്ന മുഗീറതുബ്നുശുഅ്ബ(റ), ഇറാഖ് അമീറായിരുന്ന സിയാദുബ്നുഅബീഹ് തുടങ്ങിയവര്‍ ഉദാഹരണം. ഹിജ്റ 65ല്‍ ബസ്വറയിലുണ്ടായ മഹാമാരിയില്‍ മരണനിരക്ക് ക്രമാതീതമായി ഉയരുകയും ഒരു ദിവസം തന്നെ ആയിരക്കണക്കിന് പേര്‍ മരണപ്പെടുകയും അതേ തുടര്‍ന്ന് മയ്യിതുകള്‍ സംസ്കരിക്കാന്‍ പോലും ആളില്ലാതെ വരികയും ചെയ്തുവത്രെ. ഇതേ കുറിച്ച് ചരിത്രകാരനായ ഇബ്നുഅസീര്‍, ഇതിന് സാക്ഷ്യം വഹിച്ച ഒരാള്‍ ഇങ്ങനെ പറയുന്നതായി ഉദ്ധരിച്ചിട്ടുണ്ട്, ഞങ്ങള്‍ മയ്യിതുകള്‍ സംസ്കരിച്ച് സംസ്കരിച്ച് കുഴങ്ങിയിരുന്നു. പല വീടുകളും തുറന്ന് നോക്കുമ്പോള്‍ അതിലെ താമസക്കാര്‍ മുഴുവനും മരിച്ച് കിടക്കുന്ന കാഴ്ചകളായിരുന്നു. വീടിന്റെ വാതിലടച്ച് തിരിച്ച് നടക്കുകയല്ലാതെ ഞങ്ങള്‍ക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നു. 

ഹിജ്റ 72ല്‍ ബസ്വറയില്‍ മറ്റൊരു മഹാമാരി പൊട്ടിപ്പുറപ്പെടുകയും ഇറാഖ്, സിറിയ എന്നിവിടങ്ങളിലെല്ലാം വ്യാപിക്കുകയും ചെയ്തു. മുസ്‍അബുബ്നു ഉമൈര്‍(റ) ആയിരുന്നു ആ സമയത്തെ ബസ്വറയിലെ ഗവര്‍ണ്ണര്‍. ഈ മഹാമാരിയില്‍ ഒരു ദിവസം തന്നെ എഴുപതിനായിരം ആളുകള്‍ മരണത്തിന് കീഴടങ്ങിയതായി സ്വഹീഹ് മുസ്‍ലിം ഉദ്ധരിക്കുന്നുണ്ട്. അക്കാലത്ത് ഒരു ജുമുഅ ദിവസം പള്ളിയിലെത്തിയത് കേവലം എട്ട് പേരായിരുന്നുവത്രെ. ആളുകളൊക്കെ എവിടെയെന്ന് ചോദ്യത്തിന്, എല്ലാവരും മണ്ണിനടിയിലായല്ലോ എന്നായിരുന്നുവത്രെ ഇമാമിന്റെ മറുപടി. 

ഈ അവസരം മുതലെടുത്ത് റോമക്കാര്‍ മുസ്‍ലിം രാജ്യങ്ങളെ അക്രമിക്കാന്‍ ശ്രമിക്കുകയും ഗത്യന്തരമില്ലാതെ, ഭരണാധിപനായിരുന്ന അബ്ദുല്‍മലിക് ബിന്‍മര്‍വാന്‍ പ്രതിവാരം ആയിരം ദീനാര്‍ ജിസ്‍യ ആയി നല്കാമെന്ന നിബന്ധനയില്‍ അവരുമായി സന്ധിയാവുകയും ചെയ്തു. 
ഹിജ്റ 85ല്‍ ഈജിപ്തിലും 86ല്‍ ബസ്വറയിലും വീണ്ടും മഹാമാരികള്‍ കടന്നുവന്നു. 87ല്‍ സിറിയയില്‍ തുടക്കം കുറിച്ച മഹാമാരി, ചില യുവതികളിലാണ് ആദ്യം പ്രകടമായത് എന്നതിനാല്‍ ത്വാഊനുല്‍ ഫതയാത് (യുവതികളുടെ മഹാമാരി) എന്ന പേരിലാണ് അറിയപ്പെടുന്നത്. മരണം ഉറപ്പാണെന്ന് മനസ്സിലാക്കി പലരും സ്വയം ഖബ്റ് കുഴിച്ച് വെച്ചത് അതിന് ചാരത്തിരുന്ന് ഖുര്‍ആന്‍ പാരായണം നടത്തിയിരുന്നുവത്രെ. താബിഈ പ്രമുഖനായ ബശീര്‍ബിന്‍കഅ്ബ് (റ) ഇങ്ങനെ ചെയ്യുകയും അവസാനം മരണം വരിച്ച് ആ ഖബ്റില്‍തന്നെ സംസ്കരിക്കപ്പെടുകയും ചെയ്തതായി കാണാം. ഹിജ്റ 114-119 നിടയിലും 125ലും ബസ്വറയിലും സിറിയയിലും മഹാമാരികള്‍ താണ്ഡവമാടിയതായി കാണാം. 

ഹിജ്റ 127ലെ ഗുറാബ് മഹാമാരിയും 131ലെ മുസ്‍ലിമുബ്നുഖുതൈബ മഹാമാരിയും ഉണ്ടായതോടെ, അമവീ ഭരണം പൂര്‍ണ്ണമായി തകരുകയും അബ്ബാസികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്തു. ദിവസവും ആയിരക്കണക്കിന് പേര്‍ മരണമടയുകയും ബസ്വറ നഗരം തന്നെ ജനവാസമില്ലാതെ ശ്മശാനമൂകമാവുകയും ചെയ്തു. 

ഒരു ഭരണകൂടം മാത്രമല്ല മഹാമാരിയോടൊപ്പം തകര്‍ന്നത്. ചരിത്രത്തില്‍ അറിയപ്പെട്ട പല പ്രമുഖരുടെയും സന്താനപരമ്പരയിലുള്ളവരെല്ലാം മരണമടഞ്ഞ് അവരുടെ വംശം തന്നെ നാമാവശേഷമായതും പ്രസ്താവ്യമാണ്. പ്രമുഖ സ്വഹാബി വര്യനായ ഖാലിദുബ്നുല്‍വലീദിന്റെ സന്താനപരമ്പര ഏറെ വളര്‍ന്നിരുന്നുവെങ്കിലും അവരെല്ലാം സിറിയയില്‍ താമസമാക്കിയിരുന്നതിനാല്‍ ഈ മഹാമാരികളില്‍ എല്ലാവരും മരണമടയുകയും ശേഷം അവകാശികളായി ആരുമില്ലാതെ ആ വംശം തന്നെ ഇല്ലാതാവുകയും ചെയ്തത് ഉദാഹരണം. 
അമവീ ഖലീഫമാര്‍ മഹാമാരിയില്‍നിന്ന് രക്ഷ നേടാനായി പട്ടണപ്രദേശങ്ങള്‍ വിട്ട്, ശുദ്ധവായു വേണ്ടത്രയുള്ള ഗ്രാമ പ്രദേശങ്ങളിലേക്ക് പോവുക പതിവായിരുന്നു. അമവീ ഖലീഫ ഹിശാം ബിന്‍അബ്ദില്‍മലിക് തന്റെ രാജ്യതലസ്ഥാനം തന്നെ ഡമസ്കസില്‍നിന്ന് റുസ്വാഫയിലേക്ക് മാറ്റിയത് പോലും ഇതിന്റെ ഭാഗമായിരുന്നുവത്രെ. 

ബസ്വറയായിരുന്നു പലപ്പോഴും ഈ മഹാമാരികളുടെയെല്ലാം പ്രഭവകേന്ദ്രം. ഇന്ത്യ, ചൈന അടക്കമുള്ള രാഷ്ട്രങ്ങളുമായുള്ള കപ്പല്‍ വ്യാപാര ബന്ധമായിരുന്നു ഇതിന് കാരണമായതെന്നും നിരീക്ഷിക്കപ്പെടുന്നത്. വേണ്ടത്ര വൃത്തിയില്ലാതെ വരുന്ന ചരക്കുകളും പലപ്പോഴും ചരക്കുകളുടെ കൂടെ വന്നിരുന്ന അതത് നാട്ടുകാരുമാണ്, ഇത്തരം മഹാമാരികള്‍ ബസ്വറയിലേക്ക് എത്തിച്ചതെന്നാണ് അനുമാനം. 
(തുടരും)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter